വെപ്പാട്ടി: ഭാഗം 13

veppatti

രചന: അഭിരാമി ആമി

ഇനിയുമങ്ങനെ നിന്നിട്ട് കാര്യമില്ലല്ലോ എന്നോർത്തപ്പോൾ നാൻസി പെട്ടന്ന് അടുക്കളയിലേക്ക് ചെന്ന് കുറച്ച് ഐസ് വാട്ടർ എടുത്തുകൊണ്ട് വന്ന് ഒരു ചെറിയ തുണി നനച്ച് അവന്റെ നെറ്റിയിൽ ഇട്ടുകൊടുത്തു. നിസാരമായൊരു പാരസെറ്റാമോൾ പോലും അത്യാവശ്യനേരത്ത് കയ്യിലില്ലല്ലോ എന്നോർത്തിട്ട് അവൾക്ക് വല്ലാത്ത വിഷമം തോന്നി. അതിനിടയിൽ സണ്ണിയെ നോക്കുമ്പോൾ അവന്റെ മുഖം ഇടയ്ക്കിടെ ചുളിയുന്നതും അവൻ വല്ലാതെ ഞരങ്ങുന്നതും അവൾ ശ്രദ്ധിച്ചു. പതിയെ അവന്റെ കൈകളിലും മറ്റും തൊട്ടുനോക്കിയപ്പോൾ അവന്റെ ഉടലാകെ തണുത്തിരിക്കുകയാണെന്നവൾക്ക് മനസിലായി. വേഗം ചെന്ന് ഫാൻ ഓഫാക്കി പുതപ്പ് വലിച്ചവനെ നന്നായി പുതപ്പിച്ചു. എന്നിട്ടവന്റെ കാൽപാദങ്ങൾ ഇരുകൈകൊണ്ടും നന്നായി തടവി ചൂടാക്കിക്കൊണ്ടിരുന്നു. അതിനൊപ്പം തന്നെ തുണി നനച്ചവന്റെ നെറ്റിയിലും വച്ചുകൊണ്ടിരുന്നു. അർധരാത്രിയെപ്പോഴോ സണ്ണി ഉണരുമ്പോഴും നാൻസി അവന്റെ കാൽച്ചുവട്ടിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.

ക്ഷീണം കാരണം തൂങ്ങിപ്പോയിരുന്ന കണ്ണുകൾ കഷ്ടപ്പെട്ട് വലിച്ചുതുറന്ന് അവൻ അവളെ നോക്കി. " അത്.... തണുത്തു വിറച്ചിരിക്കുവായിരുന്നു അതാ ഞാൻ...." സണ്ണി പക്ഷേ മറുപടിയൊന്നും പറയാതെ എണീറ്റിരിക്കാനുള്ളൊരു ശ്രമത്തിലായിരുന്നു അപ്പോൾ. അവനെക്കൊണ്ട് ഒറ്റയ്ക്ക് സാധിക്കില്ല എന്നുറപ്പായപ്പോൾ നാൻസി ചെന്നവനെ താങ്ങിപ്പിടിച്ചിരുത്തി. " എനിക്കിത്തിരി കാപ്പി ഇട്ടു തരുമോ....??? " ഇരുന്നുകഴിഞ്ഞപ്പോൾ അവൻ പതിയെ ചോദിച്ചു. " മ്മ്.... ഞാനിപ്പോ കൊണ്ടുവരാം. സണ്ണിച്ചനിവിടിരിക്ക്.... " അവൾ വേഗത്തിൽ അടുക്കളയിലേക്ക് ചെന്ന് കട്ടൻ കാപ്പി ഇട്ടോണ്ട് വന്നവന് കൊടുത്തു. " ഹോ ചൂട് കട്ടൻ ചെന്നപ്പോൾ ഒരു സുഖം.... " സണ്ണി പുഞ്ചിരിയോടെ പറഞ്ഞപ്പോൾ നാൻസിയും പതിയെ ചിരിച്ചു. " തന്റങ്കിളിന്റെയാ വാലാട്ടി പട്ടിയില്ലേ സോബി... അവനാദ്യമെന്നെ നന്നായിട്ടൊന്ന് പെരുമാറി. അത് ശെരിക്കേറ്റു. എനിക്ക് പണ്ടേ എനിക്കിങ്ങനാ ദേഹം നൊന്താൽ പനി വരും. " അവൻ കാപ്പി ഊതിക്കുടിക്കുന്നതിനിടയിൽ പറയുന്നതൊക്കെ നാൻസി മൂളിക്കേട്ടുകൊണ്ടിരുന്നു.

" ഇനിയിതുപോലെ വഴക്കിനൊന്നും പോകണ്ട സണ്ണിച്ചാ.... " " ഹ ഞാൻ വഴക്കിന് പോയതാണോ നാൻസി.... ഞാൻ ഫുഡ് വാങ്ങാൻ തന്നെ പോയത്. കവലേൽ ചെന്നപ്പഴല്ലേ കുര്യച്ചൻ വിളവെടുപ്പ് തുടങ്ങിയ കാര്യമറിഞ്ഞത്. അപ്പഴാ ഞാനങ്ങോട്ടു വച്ച് പിടിച്ചത്..... " " അതൊക്കെ ശെരിയാ പക്ഷേ ഇനിയീ സ്വത്തിനും പണത്തിനുമൊന്നും വേണ്ടി ഒരു ജീവനും പൊലിയാൻ പാടില്ല സണ്ണിച്ചാ. പ്രത്യേകിച്ച് സണ്ണിച്ചന്റെ....." പറഞ്ഞിട്ട് അവളവനെയൊന്ന് പാളി നോക്കി. " അതെന്താടോ എനിക്കൊരു പ്രത്യേകത. ??? " സണ്ണിയൊരു പ്രത്യേക ഭാവത്തിൽ പുഞ്ചിരിയോടെ ചോദിച്ചു. " അയ്യോ വേറൊന്നുമല്ല സണ്ണിച്ചാ.... കുര്യച്ചനും സലോമിയും കൂടി എന്റമ്മച്ചിയേം അനിയത്തിമാരേം കൊന്നത് ഈ സ്വത്തുക്കൾക്കൊക്കെ അവർ കൂടി അവകാശി ആയോണ്ടാ.... ഇനി ബാക്കിയുള്ളത് ഞാനാ.... ഞാൻ കൂടി തീർന്നാൽ എല്ലാം അവർക്ക് സ്വന്തമാകും. അത് ഞങ്ങളുടെ വിധി. പക്ഷേ സണ്ണിച്ചന്റെ കാര്യം അങ്ങനല്ല.... ഇതിലൊന്നും പെടാത്ത , എന്റെ ആരോരുമല്ലാത്ത സണ്ണിച്ചനെന്തിനാ അവരുടെ ശത്രുത വലിച്ചു വെക്കുന്നത്.

എല്ലാരും നഷ്ടപ്പെട്ടപ്പോൾ എനിക്ക് അഭയം തരുകയെന്നൊരു തെറ്റ് മാത്രേ സണ്ണിച്ചൻ ചെയ്തിട്ടുള്ളു. അതിന്റെ പേരിൽ ഇനിയും സണ്ണിച്ചൻ ഒരാപത്തിലേക്കും ചെന്ന് ചാടാൻ പാടില്ല. അല്ലേലും എനിക്കിതൊന്നും വേണ്ട.... പക്ഷേ എന്റെ കുടുംബത്തെ തന്നെ ഇല്ലാതാക്കിയ അയാൾക്ക് ഇതൊന്നും ഞാൻ കൊടുക്കില്ല. ഇതൊക്കെ ഏതെങ്കിലും അനാഥാലയത്തിന് എഴുതി വച്ചിട്ട് എവിടെയെങ്കിലും പോയി സ്വസ്ഥമായി ജീവിക്കണമെന്നേയെനിക്കിപ്പഴൊള്ളു. " പറഞ്ഞിട്ട് താൻ കുടിച്ച ഗ്ലാസുമെടുത്ത് പുറത്തേക്ക് പോകുന്നവളെ നോക്കി സണ്ണിയങ്ങനെയിരുന്നു. താനവളുടെ ആരുമല്ലെന്ന് നാൻസി പറഞ്ഞപ്പോൾ എന്തുകൊണ്ടോ അവന്റെ മനസൊന്ന് തളർന്നു. ചിലപ്പോഴൊക്കെ പ്രശ്നങ്ങളൊക്കെ അടങ്ങി നാൻസി തന്നെ വിട്ട് അവളുടെ ജീവിതത്തിലേക്ക് തിരികെ പോകുന്ന കാര്യത്തേക്കുറിച്ച് ചിന്തിക്കാറുള്ളത് അവൻ വെറുതെയോർത്തു.

" അവളൊരിക്കൽ പോവുക തന്നെ ചെയ്യും.... അത് തടയാൻ കഴിയില്ല. അപ്പോൾ വീണ്ടും ഇതുവരെയുണ്ടായിരുന്ന ഒറ്റപ്പെടൽ തന്നേ വന്ന് മൂടും. അതറിയാവുന്നോണ്ടാ അവൾക്ക് തന്നേ ഇഷ്ടമാണെന്നറിഞ്ഞിട്ടും ആ ഇഷ്ടത്തിന് നേരെ മുഖം തിരിച്ചതും. " വിഷണ്ണമായ മനസോടെ അവനോർത്തു. " അതേ സണ്ണിച്ചാ..... " പെട്ടന്നായിരുന്നു നാൻസി പിന്നെയും മുറിയിലേക്ക് കേറി വന്നത്. അവളുടെ വരവ് കണ്ട് എന്താണെന്ന അർഥത്തിൽ അവനാ മുഖത്തേക്ക് നോക്കി. " നമുക്ക് നാളെയൊന്ന് ഹോസ്പിറ്റലിൽ പോയിട്ട് പോകാം തിരിച്ചു പോണവഴിക്ക്. " അവൻ മറുപടിയൊന്നും പറഞ്ഞില്ല. കാരണം ശരീരം തീരെ വയ്യാത്തത് കൊണ്ട് അത് വേണ്ടി വരുമെന്ന് അവനും തോന്നിയിരുന്നു. നാൻസി മുറിയിലേക്ക് പോയ ശേഷം സണ്ണി വീണ്ടും കിടക്കയിലേക്കമർന്ന് കിടന്നു. ©©©©©©©©©©©©©©©©©©©©© സണ്ണിയുടെ കറുത്ത ജീപ്പ് ചുരം കയറി പായുകയായിരുന്നു.

ഉള്ളിൽ ഡ്രൈവ് ചെയ്ത് കൊണ്ടിരുന്ന അവന്റെ മുഖവും കഴുത്തുമൊക്കെ വിയർപ്പിൽ കുതിർന്നിരുന്നു. കണ്ണുകൾ ഇടയ്ക്കിടെ അനുസരണയില്ലാതെ പൊട്ടിയൊഴുകിക്കൊണ്ടിരുന്നു. അത് വാശിയോടെ തുടച്ചുകൊണ്ട് അവൻ വണ്ടി കൂടുതൽ വേഗത്തിൽ മുന്നോട്ട് പായിച്ചു. ആ വണ്ടി ചെന്നുനിന്നത് ഒരു കുന്നിൻ ചെരുവിലായ് സ്ഥിതി ചെയ്തിരുന്ന ഒരു വലിയ പള്ളിയുടെ മുറ്റത്തായിരുന്നു. വണ്ടി മുറ്റത്തേക്ക് ചെന്ന് ബ്രേക്ക്‌ ചെയ്തതും ഉള്ളിൽ നിന്നും നാൻസിയുടെ നിലവിളി മുഴങ്ങിക്കേട്ടു. " സണ്ണിച്ചാ..... !!!!!!!!!!!!!!! " " നാൻസി..... " വിളിച്ചുകൊണ്ട് സണ്ണി പുറത്തേക്ക് ചാടിയിറങ്ങി. അവന്റെ ശബ്ദം കേട്ടതും പള്ളിക്കുള്ളിൽ നിന്നും നിലവിളിച്ചുകൊണ്ട് നാൻസി പുറത്തേക്കോടി വന്നു. " വിടരുതവളെ.... പിടിക്ക്..... " അവളെ പിടിക്കാനായി പിന്നാലെ ഓടി വന്ന ഒരു കൂട്ടം കന്യാസ്ത്രീകളുടെ ആക്രോശം അന്തരീക്ഷത്തിൽ മുഴങ്ങി.

ആ നേരം നാൻസിയുടെ രൂപം കണ്ട് സ്തംഭിച്ച് നിൽക്കുകയായിരുന്നു സണ്ണി. അവളെ പിടിക്കാൻ വന്ന കന്യാസ്ത്രീകളെപ്പോലെ തന്നെ അവളും തിരുവസ്ത്രമായിരുന്നു ധരിച്ചിരുന്നത്. കഴുത്തിലെ വലിയ കുരിശ് മാലയും തലയിലേ ശിരോവസ്ത്രവുമെല്ലാം പഴയ നാൻസിയെ പൂർണമായും എങ്ങോമറച്ച് കഴിഞ്ഞിരുന്നു. " സണ്ണിച്ചാ എന്നേ വിട്ട് കൊടുക്കല്ലേ..." നിലവിളിച്ചുകൊണ്ട് അവളോടിവന്നവനെ കെട്ടിപ്പിടിച്ചു. " നാൻസി.... " " പിടിച്ചോണ്ട് വാ അവളെ.... " കന്യാസ്ത്രീകൾ ആക്രോശിച്ചുകൊണ്ട് അവളെ തന്നിൽ നിന്നും പിടിച്ചുവലിച്ചകറ്റുന്നത് ഒരു ശിലപോലെ സണ്ണി നോക്കി നിന്നു. " സണ്ണിച്ചാ.... എന്നേ വിട്ടുകൊടുക്കല്ലേ.... " നാൻസിയവരുടെ കയ്യിൽ കിടന്നു പിടഞ്ഞുകൊണ്ട് വിളിച്ചു പറഞ്ഞു. പക്ഷേ ഉടലാകെ തളർന്നത് പോലെ നിൽക്കുകയായിരുന്നു സണ്ണിയപ്പോഴും. " സണ്ണിച്ചാ .... എന്താ ഇങ്ങനെ നിക്കുന്നേ....?? എന്നേ വേണ്ടേ സണ്ണിച്ചാ....??

" പള്ളിക്കുള്ളിലേക്ക് വലിച്ചിഴയ്ക്കപ്പെടുമ്പോൾ നാൻസി കണ്ണീരോടെ ചോദിച്ചു. പൊടുന്നനെ അവളെയും കൊണ്ട് അവരകത്തേക്ക് കയറി പള്ളിയുടെ വലിയ വാതിൽ കൊട്ടിയടച്ചു. " നാൻസി...... !!!!!!!!!!!!! " ഒരു നിലവിളിയോടെ സണ്ണി ഉറക്കത്തിൽ നിന്നും ഞെട്ടിയെണീറ്റു. വെപ്രാളത്തോടെ ചുറ്റും നോക്കുമ്പോൾ താൻ റൂമിലാണെന്നും കണ്ടത് സ്വപ്നമാണെന്നും മനസിലായതോടെ അവൻ സമാധാനത്തോടെയൊന്ന് നിശ്വസിച്ചു. അപ്പോഴേക്കും അവനാകെ വിയർത്ത് കുളിച്ചിരുന്നു. " എന്താ സണ്ണിച്ചാ.... എന്തുപറ്റി.... സണ്ണിച്ചൻ വിളിച്ചോ....??? " മുറിയിലേക്ക് കയറി വന്ന നാൻസിയുടെ ചോദ്യം കേട്ടപ്പോൾ സണ്ണി മുഖമുയർത്തി അവളെ തന്നെ നോക്കി. " ഞാൻ..... ഞാനൊരു സ്വപ്നം കണ്ടതാ.... " അവനവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു. " നന്നായി വിയർത്തല്ലോ. പനി വിട്ടു. " അവന്റെയരികിലേക്ക് വന്ന് നെറ്റിയിൽ തൊട്ടുനോക്കിക്കൊണ്ട് നാൻസി പറഞ്ഞതും അവളെയൊന്ന് ഇറുകെ കെട്ടിപ്പിടിച്ച് നിന്നേ ഞാനാർക്കും വിട്ടുകൊടുക്കില്ല നാൻസിയെന്ന് പറയാൻ സണ്ണിയുടെ മനസ് വെമ്പി. പക്ഷേ എന്തൊക്കെയൊ അവനെ പിന്നിലേക്ക് വലിച്ചു. മനസവൾക്ക് മുന്നിൽ കൈ വിട്ട് പോകുമെന്ന് തോന്നിയപ്പോൾ അവനെണീറ്റ് ഹാളിലേക്ക് പോയി......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story