വെപ്പാട്ടി: ഭാഗം 18

രചന: അഭിരാമി ആമി
നാൻസി പറയുന്നത് കേട്ട് നിൽക്കുമ്പോൾ റേച്ചലിന്റെയും സോണിയയുടെയും മുഖം മങ്ങി. അവർ ആശങ്കയോടെ പരസ്പരം നോക്കി. " അന്നേരമിപ്പോ എന്നാ വേണമെന്ന മോള് പറയുന്നേ....??? '' റേച്ചൽ വിമ്മിഷ്ടത്തോടെ തന്നെ ചോദിച്ചു. " ഞാൻ പോകാം മമ്മി.... ഇല്ലെങ്കിൽ ആകെയുള്ള ആ ബന്ധവും മുറിയും. മാത്രമല്ല നാട്ടുനടപ്പിനെക്കുറിച്ച് അവര് പറഞ്ഞതും നേരല്ലേ..... ഞാനിപ്പോ പോയാൽ ഈ നാട്ടുകാരിങ്ങനെ അതുമിതും പറയുന്നതും നിർത്തുമല്ലോ. സണ്ണിച്ചനോട് പറഞ്ഞപ്പോ എതിർപ്പൊന്നും പറഞ്ഞില്ല.. എന്നേ കൊണ്ടുപോകാൻ അങ്കിൾ വരണ്ട നാളെ തന്നെ കൊണ്ടാക്കാമെന്നും പറഞ്ഞു..... " " എന്തായാലും ഇത്രയൊക്കെയായി ഇനി പോണോ ചേച്ചി.... എത്രേം പെട്ടന്ന് കല്യാണമങ്ങ് നടത്തിയാൽ പോരെ....??? " സോണിയ ചോദിച്ചു. " എത്ര പെട്ടന്നെന്ന് പറഞ്ഞാലും ഇവിടുത്തെ അപ്പച്ചൻ മരിച്ചിട്ട് ഒരാണ്ട് പോലും കഴിയാതെ കല്യാണം നടത്താൻ പറ്റുമോ മോളേ.... അതുവരെ ഞാനിങ്ങനെ ഇവിടെ നിൽക്കുന്നതിലും ഭേദമല്ലേ മോളേ അവര് പറയുന്നത് കേൾക്കുന്നത്.
ഞാൻ വേറെങ്ങോട്ടുമല്ലല്ലോ പോണത് എന്റെ വീട്ടിലേക്കല്ലേ..... കല്യാണം കഴിഞ്ഞാൽ തിരിച്ചിവിടേക്ക് വരികേം ചെയ്യില്ലേ.... " നാൻസിയവളെ അനുനയിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു. " എന്നാലും ചേച്ചി..... " " സോണി..... " പെട്ടന്ന് സണ്ണിയുടെ ഒച്ച കേട്ടതും എന്തോ പറയാൻ വന്ന സോണിയ തിരിഞ്ഞുനോക്കി. അവർ പറഞ്ഞതെല്ലാം കേട്ടുകൊണ്ട് സണ്ണി പിന്നിൽ നിൽക്കുന്നുണ്ടായിരുന്നു അപ്പോൾ. " കല്യാണം കഴിയും മുൻപ് നാൻസിയുടെ കാര്യത്തിൽ തീരുമാനങ്ങളെടുക്കാൻ നമുക്ക് പരിമിതികളുണ്ട്. അത് മാത്രമല്ല കല്യാണത്തിന് മുൻപ് ഇവിടിങ്ങനെ നിൽക്കുന്നതിൽ അവൾക്കും വിഷമമുണ്ട്. അതുകൊണ്ട് നാൻസി തിരിച്ചു പോട്ടെ.... പിന്നെല്ലാം നാട്ടുനടപ്പനുസരിച്ച് നടത്തി നമുക്കവളെ ഇങ്ങോട്ട് തന്നെ കൊണ്ടുവരാമല്ലോ..... " അവൻ കൂടെ അങ്ങനെ പറഞ്ഞപ്പോൾ അവരെല്ലാം തീരുമാനിച്ചു കഴിഞ്ഞു ഇനി തങ്ങളൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് റേച്ചലിന് മനസിലായി. അവർ പിന്നീടൊന്നും മിണ്ടിയില്ല.
സോണിയയെ അനുനയിപ്പിക്കാനായി അവളോട് കുറെ നേരം കൂടി എന്തൊക്കെയൊ സംസാരിച്ചിരുന്നിട്ട് കുറച്ചു കഴിഞ്ഞപ്പോൾ നാൻസി തന്റെ സാധനങ്ങളൊക്കെ അടുക്കി വെക്കാനായി മുറിയിലേക്ക് പോയി. പിറ്റേദിവസം രാവിലെ തന്നെ വയനാട്ടിലേക്ക് പോകാൻ നാൻസിയും അവളെ കൊണ്ട് ചെന്നാക്കാൻ സണ്ണിയും റെഡിയായിരുന്നു. " പോയിട്ട് വരാം മമ്മി.... " സണ്ണി അവളുടെ സാധനങ്ങളൊക്കെ വണ്ടിയിൽ കൊണ്ട് വച്ച് കഴിഞ്ഞപ്പോൾ ഒരുങ്ങി വന്ന നാൻസി റേച്ചലിന്റെ അടുത്ത് ചെന്ന് പറഞ്ഞു. " പോണോ ചേച്ചി..... " അവസാനനിമിഷമെങ്കിലും അവൾ തീരുമാനം മാറ്റിയാലോ എന്ന പ്രതീക്ഷയോടെ സോണിയ ചോദിച്ചു. " ഇങ്ങനെ വിഷമിക്കുന്നതെന്തിനാ മോളേ..... ഇപ്പൊ പോയാലും ഞാനിങ്ങോട്ട് തന്നല്ലേ തിരിച്ചു വരുന്നത്. കല്യാണം കഴിയാതെ ഇവിടിങ്ങനെ താമസിക്കാതിരിക്കുന്നത് തന്നെയാ മോളേ നല്ലത്. അതുകൊണ്ട് ഇപ്പൊ നല്ല കുട്ടിയായിട്ട് എന്നേ പറഞ്ഞ് വിടണം നീ.... ചേച്ചി പോയിട്ട് വരാട്ടോ.... "
നാൻസിയവളെ ആശ്വസിപ്പിക്കാൻ പറഞ്ഞിട്ട് അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. എന്നിട്ടും സോണിയയുടെയോ റേച്ചലിന്റെയോ മുഖം തെളിഞ്ഞതേയില്ല. താനുമായി ഇത്ര ചെറിയൊരു അകലം പോലും അവരേ വേദനിപ്പിക്കുന്നെങ്കിൽ താനിനി ഒരിക്കലും അവരുടെ ജീവിതത്തിലേക്ക് വരില്ല എന്നറിയുമ്പോൾ അവരെത്ര മാത്രം സങ്കടപ്പെടുമെന്നോർത്തിട്ട് നാൻസിക്കും കരച്ചിൽ വരുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും പുറത്ത് കാണിക്കാതെ അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. " പോയിട്ട് വരാം മമ്മി.... " റേച്ചലിനോട് ഒരിക്കൽ കൂടി യാത്ര പറഞ്ഞ് പുറത്തേക്ക് നടക്കുമ്പോൾ വീണ്ടും അനാഥത്വമെന്ന പടുകുഴിയിലേക്കാണ് താനിനിയും ചെന്ന് വീഴാൻ പോകുന്നതെന്ന തിരിച്ചറിവിൽ നാൻസിയുടെ നെഞ്ച് പിടഞ്ഞു. പക്ഷേ ആരൊക്കെ ഉണ്ടെങ്കിലും തന്നേ സ്വീകരിക്കേണ്ടവൻ അതിന് തയ്യാറാകാത്ത പക്ഷം ഇവിടെ കടിച്ചുതൂങ്ങുന്നതിൽ അർഥമില്ലെന്ന് സ്വയം ആശ്വസിപ്പിച്ചുകൊണ്ട് അവൾ ചെന്ന് വണ്ടിയിൽ കയറി.
അവൾ കയറിയതും സണ്ണി വണ്ടി മുന്നോട്ടെടുത്തു. നാൻസി അവസാനമായി റേച്ചലിനെയും സോണിയയെയും നോക്കി കൈ വീശിക്കാട്ടി. വണ്ടി റോഡിലേക്കിറങ്ങി ഓടി മറഞ്ഞു. സണ്ണിയും നാൻസിയും പോയതിന് ശേഷം ആ വീട്ടിലാകമാനമൊരു നിശബ്ദത തളം കെട്ടിക്കിടന്നു. ജോലികളൊന്നും ചെയ്യാൻ പോലും കഴിയാതെ റേച്ചലും സോണിയും മൂകമായി അവിടവിടങ്ങനെയിരുന്നു. കാരണം നാൻസിയുടെ മടങ്ങിപ്പോക്ക് അവരേ അത്രമേൽ വിഷമിപ്പിച്ചിരുന്നു. വയനാട്ടിലേക്കുള്ള യാത്രയിലുടനീളം സണ്ണിയോ നാൻസിയൊ പരസ്പരം ഒന്നും സംസാരിച്ചതേയില്ല. സണ്ണിയുടെ സ്ഥായീഭാവം അതായിരുന്നുവെങ്കിലും അപ്പോൾ എന്തൊക്കെയൊ അവളോടവന് പറയണമെന്നുണ്ടായിരുന്നു. പക്ഷേ എന്തുകൊണ്ടോ അവനും അതിന് മുതിർന്നില്ല. അവളെന്നായാലും പോകേണ്ടത് തന്നെയാണ്. അതിത്തിരി നേരത്തെ ആയെന്നെയുള്ളെന്ന് അവൻ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷേ അതൊന്നും മനസിലാക്കാൻ കൂട്ടാക്കാതെ ഹൃദയം പിടയുന്നത് സണ്ണിയറിയുന്നുണ്ടായിരുന്നു.
ഒന്നും മിണ്ടാതെയും പറയാതെയുമുള്ള യാത്രയായത് കൊണ്ടാവാം വണ്ടിയിൽ കയറി കുറച്ച് കഴിഞ്ഞതോടെ നാൻസി സീറ്റിലേക്ക് ചാരിക്കിടന്നുറങ്ങിയിരുന്നു. അതുകൊണ്ട് തന്നെ സണ്ണി ഇടയ്ക്കിടെ അവളെ നോക്കുന്നതൊന്നും അവളറിഞ്ഞതേയില്ല. അവനാണെങ്കിൽ ഒരു പാവകുഞ്ഞിനെപ്പോലെ ഉറങ്ങിക്കിടക്കുന്ന അവളെയങ്ങനെ നോക്കിയിരിക്കുമ്പോൾ പലപ്പോഴും സ്വയം നഷ്ടമാകുമോ എന്ന് പോലും ഭയന്ന് പോയിരുന്നു. പല കാരണങ്ങൾ കൊണ്ടും അവളുടെ ഇഷ്ടത്തെ കണ്ടില്ലെന്ന് നടിച്ചിരുന്നെങ്കിലും ഇപ്പൊ അവളെ കൈവിട്ട് കളയാൻ വയ്യല്ലോ എന്ന് മനസ്സിലിരുന്നാരോ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അവളെയൊന്ന് ചേർത്ത് പിടിച്ച് നീയെങ്ങും പോകണ്ട നാൻസിന്ന് പറയാൻ അവന്റെ ഉള്ളം തുടികൊട്ടി. പക്ഷേ എന്നിട്ടും ഉള്ളിലെ അപകർഷതാ ബോധം അവനെ അതിൽ നിന്നും പിന്നിലേക്ക് വലിച്ചുകൊണ്ടുമിരുന്നു.
ഹോളി ഏയ്ഞ്ചൽ ഓർഫനേജ് എന്നാ ബോർഡിൽ കാറിന്റെ വെളിച്ചം തട്ടിയപ്പോൾ നാൻസിയിൽ നിന്നുമൊരേങ്ങലുയർന്നത് പോലെ തോന്നിയ സണ്ണി പൊടുന്നനെ അവളെ നോക്കി. അവൾ പക്ഷേ പഴയത് പോലെ തന്നെ പ്രത്യേകിച്ച് ഭാവഭേദമൊന്നും കൂടാതെ ഇരിക്കുകയായിരുന്നു. എല്ലാവരും ഉറക്കത്തെ പുൽകിയ നേരമായിരുന്നുവെങ്കിലും മുൻവശത്തെ വലിയ ബൾബ് പ്രകാശിച്ചുകൊണ്ടേയിരുന്നു. " ഈ നേരത്തിനി വിളിക്കണോ..... എല്ലാരും നല്ല ഉറക്കമായിരിക്കും. " വണ്ടി ഓഫ് ചെയ്തുകൊണ്ട് സണ്ണി പറഞ്ഞു. നാൻസി അതിനെന്തെങ്കിലും മറുപടി പറയും മുൻപ് തന്നെ വാതിൽ തുറക്കുന്ന ഒച്ച കേട്ടു. അവരങ്ങോട്ട് നോക്കുമ്പോൾ പ്രായം ചെന്നൊരു സിസ്റ്റർ പുറത്തേക്ക് ഇറങ്ങി വന്നു. അവരേ കണ്ടപ്പോൾ സണ്ണി ഓർത്തത് ദിവസങ്ങൾക്ക് മുൻപ് നാൻസിയെക്കുറിച്ച് കണ്ട ആ സ്വപ്നത്തെക്കുറിച്ചായിരുന്നു. നാൻസി അപ്പോഴേക്കും വണ്ടിയിൽ നിന്നിറങ്ങി അവർക്കരികിലേക്ക് ചെന്നിരുന്നു. " ഇവർക്ക് കിടന്നുറങ്ങിക്കൂടെ... ഈ രാത്രി കൂടെങ്കിലും അവളൊപ്പമുണ്ടാകുമല്ലോന്ന് സമാധാനിച്ചതായിരുന്നു.
" മനസിലെ ചിന്ത പുറത്തുകാട്ടാതെ സണ്ണിയും അങ്ങോട്ട് ചെന്നു. " നിന്റമ്മ നിന്റപ്പന്റെ കയ്യും പിടിച്ച് ഈ പടിയിറങ്ങുമ്പോൾ ഞാനൊത്തിരി സന്തോഷിച്ചു. പക്ഷേ ഇങ്ങനെ ഒരവസ്ഥയിൽ അവളുടെ സ്ഥാനത്ത് നിന്നെയും ഞാൻ സ്വീകരിക്കേണ്ടി വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല കുഞ്ഞേ.... " നാൻസിയെ ചേർത്ത് പിടിച്ച് വിതുമ്പിക്കൊണ്ട് സിസ്റ്റർ ജോസഫൈൻ പറഞ്ഞു. നെഞ്ചുരുക്കുന്ന നൊമ്പരമുള്ളിൽ പേറിയിരുന്നത് കൊണ്ടൊ എന്തോ നാൻസി പക്ഷേ മറുപടിയൊന്നും പറയാതെ അവരുടെ നെഞ്ചോടൊട്ടി നിന്നതേയുള്ളു. " ഇവിടെല്ലാരും ഉറങ്ങി.... നിങ്ങളെത്തുമെന്ന് പറഞ്ഞിരുന്നത് കൊണ്ട് എനിക്കുറക്കം വന്നില്ല.... അതുകൊണ്ട് ഇവിടത്തന്നങ്ങിരുന്നു. " സിസ്റ്റർ സണ്ണിയെ നോക്കി പറഞ്ഞു. അവൻ പതിയെ ഒന്ന് പുഞ്ചിരിച്ചു. " ഞാൻ സണ്ണി.... നാൻസി ഇതുവരെ എന്റെ വീട്ടിലായിരുന്നു. "
" മ്മ്ഹ് മോള് പറഞ്ഞറിയാം.... എന്റെ പേര് സിസ്റ്റർ ജോസഫൈൻ.... സണ്ണിക്കിനി ഈ രാത്രി പോകാൻ സാധിക്കില്ലല്ലോ. വിരോധമില്ലെങ്കിൽ ഇവിടെ സെക്യൂരിറ്റി റൂമിൽ തങ്ങാം.... " " അയ്യോ വേണ്ട സിസ്റ്റർ..... എനിക്കിവിടെ എസ്റ്റേറ്റ് ഉണ്ട്. ഞാൻ ഇന്നവിടെ തങ്ങിക്കോളാം. " " എന്നാൽ അങ്ങനെയാവട്ടെ.... ഞാൻ ഹോളിലുണ്ടാകും. മോള് സണ്ണിയെ യാത്രയാക്കിട്ട് വാ.... " അവർക്കെന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെന്ന് കരുതി അകത്തേക്ക് പോകാൻ തുടങ്ങുമ്പോൾ സിസ്റ്റർ പറഞ്ഞു. നാൻസി സമ്മതഭാവത്തിൽ മൂളിയതും അവരകത്തേക്ക് പോയി.....കാത്തിരിക്കൂ.........
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.