വിരൽത്തുമ്പിൽ ആരോ : ഭാഗം 1

viralthumbil aro

രചന: ശിവാ എസ് നായർ

"ശ്രീയേട്ടാ ഞാൻ... ഞാൻ... പ്രെഗ്നന്റാണ്..." ഫോണിലൂടെ ഒഴുകിയെത്തിയ അർച്ചനയുടെ വാക്കുകൾ കേട്ട് ശ്രീഹരി ഞെട്ടിത്തരിച്ചു. "ആർ യു മാഡ്, നീയെന്താ പറയുന്നതെന്ന് നിനക്ക് വല്ല ബോധവുമുണ്ടോ." ക്ഷോഭത്തോടെയുള്ള അവന്റെ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങി. "സംശയം തോന്നിയപ്പോൾ പ്രെഗ്നൻസി കിറ്റ് വാങ്ങി ടെസ്റ്റ്‌ ചെയ്തിട്ടാ ഞാൻ പറയുന്നത്. ഇങ്ങനെയൊരു കാര്യം എനിക്ക് വെറുതെ പറയേണ്ട ആവശ്യമില്ല ശ്രീയേട്ടാ." "എന്റെ തലയിൽ തൂങ്ങാൻ വേണ്ടി നീ കെട്ടിച്ചമച്ച കള്ളകഥയല്ലേ ഈ വ്യാജഗർഭം. എന്റെ ഉള്ള മനസ്സമാധാനം കൂടെ കളയാനായിട്ട്." "ശ്രീയേട്ടാ പ്ലീസ്.... ഇങ്ങനെയൊന്നും എന്നോട് സംസാരിക്കരുത്." "പിന്നെ ഞാൻ എങ്ങനെ സംസാരിക്കണം? നീ പറയുന്നതൊക്കെ അതേപടി വിശ്വസിക്കാൻ ശ്രീഹരി ഒരു മണ്ടനല്ല..." "ഞാനിനി എന്താ ചെയ്യേണ്ടത്??" അവളുടെ ശബ്ദം ദുർബലമായി.

"എനിക്കിത് വിശ്വസിക്കാൻ കഴിയില്ല അർച്ചന. നീയെന്നെ ചതിക്കുകയാണ്. ഞാൻ നിന്നെ വിവാഹം ചെയ്യാൻ വേണ്ടി നീ കണ്ടുപിടിച്ച വഴി കൊള്ളാം. പക്ഷേ അതെന്നോട് വേണ്ട. ഇനി മേലിൽ നീയെന്നെ വിളിക്കരുത്. ഇത്രേം തരംതാഴാൻ നിനക്കെങ്ങനെ കഴിഞ്ഞു. ഛേ..." ശ്രീഹരിയുടെ വാക്കുകളിൽ വെറുപ്പ് കലർന്നിരുന്നു. "ശ്രീയേട്ടാ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ നിങ്ങളാണ്. നമ്മുടെ അശ്രദ്ധ കൊണ്ട് സംഭവിച്ച കാര്യം നിങ്ങളോടല്ലാതെ ഞാൻ വേറെയാരോടാ പറയ്യാ.? ഞാൻ പറയുന്നത് സത്യമാണ് ശ്രീയേട്ടാ. ശ്രീയേട്ടനെ വിവാഹം കഴിക്കാൻ വേണ്ടി കെട്ടിച്ചമച്ച വ്യാജ ഗർഭമൊന്നുമല്ല ഇത്. പീരിയഡ്‌സ് തെറ്റിയിട്ട് മൂന്നുമാസം കഴിഞ്ഞു. ഇടയ്ക്കൊക്കെ ഇങ്ങനെ ഒന്നോ രണ്ടോ മാസം തെറ്റി വരാറുള്ളത് കൊണ്ട് ഞാൻ അത്ര കാര്യമാക്കിയിരുന്നില്ല. പക്ഷേ ഈയിടെയായി ശരീരത്തിന് വല്ലാത്തൊരു ക്ഷീണവും അസ്വസ്ഥതയുമൊക്കെ തോന്നിയിട്ട് വെറുതെ ഒന്ന് സംശയം തീർക്കാനായി ടെസ്റ്റ്‌ ചെയ്തപ്പോഴാ പോസിറ്റീവ് ആണെന്ന് അറിയുന്നത്..."

അർച്ചനയുടെ സ്വരമിടറി. "ഒരൊറ്റ തവണ അറിയാതെ സംഭവിച്ചു പോയതാണ് നമുക്കിടയിൽ നടന്ന സ്വകാര്യ നിമിഷങ്ങൾ. ഒരിക്കൽ മാത്രം ബന്ധപ്പെട്ടെന്ന് കരുതി അതൊരു പ്രെഗ്നൻസിയിലേക്ക് പോകുമെന്ന് ഞാൻ വിശ്വസിക്കില്ല. അന്ന് നമുക്കിടയിൽ നടന്നത് ഒരവസരമായി കണ്ട് എന്റെ ജീവിതത്തിലേക്ക് വരാൻ നീ ശ്രമിക്കണ്ട. എനിക്ക് നിന്നെ വിശ്വാസമില്ല അർച്ചന... ഇനി നീയെന്നെ വിളിക്കരുത്." അത്രയും പറഞ്ഞതും അവളുടെയൊരു മറുപടിക്ക് പോലും കാത്തു നിൽക്കാതെ ശ്രീഹരി ഫോൺ കട്ട്‌ ചെയ്തു. അർച്ചന വീണ്ടും വീണ്ടും അവനെ വിളിച്ചു നോക്കിയെങ്കിലും ശ്രീഹരി ഒരു കാൾ പോലും അറ്റന്റ് ചെയ്തില്ല. അവസാനമായി വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് എന്ന മറുപടിയാണ് അവൾക്ക് ലഭിച്ചത്. സങ്കടം സഹിക്കാനാവാതെ അർച്ചന കൈപ്പത്തിയിൽ മുഖമമർത്തി പൊട്ടിക്കരഞ്ഞു. കുറെ സമയം അവൾ ആ ഇരിപ്പ് തുടർന്നു. കട്ടിലിൽ കിടക്കുന്ന പ്രെഗ്നൻസി കിറ്റിലേക്ക് നോക്കുമ്പോൾ വിതുമ്പലടക്കാൻ അർച്ചന നന്നേ പാടുപെട്ടു.

പ്രെഗ്നൻസി കിറ്റിൽ തെളിഞ്ഞു കാണുന്ന രണ്ട് പിങ്ക് വരകളിലേക്ക് തന്നെ തുറിച്ചുനോക്കി അവൾ ഇരുന്നു. ശ്രീഹരിയുടെ മുഖം മനസിലേക്ക് വന്നപ്പോൾ അവൾ ഫോൺ എടുത്ത് വാട്സാപ്പ് തുറന്ന് അവന്റെ ചാറ്റ് ഓപ്പൺ ചെയ്ത ശേഷം പ്രെഗ്നൻസി കിറ്റിന്റെ ഒരു ഫോട്ടോ എടുത്ത് അവനയച്ചു കൊടുത്തു. പിന്നെ ഫോൺ കട്ടിലിലേക്കിട്ട് തലയിണയിൽ മുഖം ചേർത്ത് അവൾ കിടന്നു. മുന്നോട്ടുള്ള തന്റെ ജീവിതം ഇനി എങ്ങനെയായിരിക്കുമെന്നറിയാതെ ഓരോന്നാലോചിച്ചു നിശബ്ദം കണ്ണീർ വാർക്കാനേ അവൾക്ക് കഴിഞ്ഞുള്ളു. ഇടയ്ക്കിടെ ഫോൺ എടുത്ത് അർച്ചന അവന്റെ ചാറ്റ് ഓപ്പൺ ചെയ്ത് നോക്കുന്നുണ്ടായിരുന്നു. അവളയച്ച ഫോട്ടോ ശ്രീഹരി കണ്ടിട്ടുണ്ടായിരുന്നില്ല. "ഇത് കണ്ടിട്ടെങ്കിലും ശ്രീയേട്ടൻ എന്നെ അവിശ്വസിക്കരുത്. എനിക്ക് കുറച്ചു കാര്യങ്ങൾ സീരിയസ് ആയി സംസാരിക്കാനുണ്ട്. അൽപ്പമെങ്കിലും എന്നെ വിശ്വസിക്കുന്നുണ്ടെങ്കിൽ ശ്രീയേട്ടൻ എന്നെ വിളിക്കണം. എനിക്ക് എന്താ പറയാനുള്ളതെന്ന് കേൾക്കാനുള്ള മനസ്സുണ്ടാവണം.... പ്ലീസ്..."

ടൈപ്പ് ചെയ്ത മെസ്സേജ് അവനയച്ച ശേഷം തളർച്ചയോടെ അർച്ചന കിടന്നു. കണ്ണുനീർ അവളുടെ കവിളുകളെ നനച്ചുകൊണ്ട് പെയ്തിറങ്ങി. കരഞ്ഞുതളർന്ന് എപ്പോഴാ അവളൊന്ന് മയങ്ങി. വാതിലിൽ നിർത്താതെയുള്ള മുട്ട് കേട്ട് ഉറക്കച്ചടവോടെ അർച്ചന കണ്ണുകൾ തുറന്നു. അമ്മയാണ് വാതിൽ മുട്ടി വിളിക്കുന്നത്. റൂമിനുള്ളിൽ ഇരുൾ വ്യാപിച്ചിരുന്നു. ഫാൻ ഓഫ് ആയിരുന്നതിനാൽ അവൾ നന്നായി വിയർത്തിരുന്നു. "മോളെ വാതില് തുറക്ക്... കതകടച്ചിരുന്ന് നീ ഇതിനുള്ളിൽ എന്തെടുക്കുവാ?" മുറിക്ക് പുറത്ത് നിന്ന് അമ്മ അനിതയുടെ ഉച്ചത്തിലുള്ള വിളി അവളെ അലോസരപ്പെടുത്തി. കൈപ്പത്തി കൊണ്ട് മുഖമമർത്തി തുടച്ച ശേഷം അഴിഞ്ഞുലഞ്ഞുകിടന്ന മുടി അലസമായി വാരിചുറ്റി അർച്ചന വാതിലിനു നേർക്ക് നടന്നു. ബോൾട്ട് നീക്കി വാതിൽ തുറന്നതും അവൾ കണ്ടു, തന്നെ രൂക്ഷമായി നോക്കി നിൽക്കുന്ന അമ്മയെ. "എന്താ അമ്മേ..?" മുഷിച്ചിലോടെ അവൾ ചോദിച്ചു. "വാതിലടച്ച് നീ ഇതിനുള്ളിൽ എന്തെടുക്കായിരുന്നു.?"

അർച്ചനയുടെ നിൽപ്പും ഭാവവും കണ്ട് അവർ ചോദിച്ചു. "ഞാൻ... ഞാൻ... ഉറങ്ങുവായിരുന്നു.." അടഞ്ഞ ശബ്ദത്തിൽ അവൾ മറുപടി പറഞ്ഞു. കരഞ്ഞ് കരഞ്ഞ് നീരുവന്ന് വീർത്ത അവളുടെ മുഖവും, ചുവന്നുകലങ്ങിയ കണ്ണുകളും കണ്ടപ്പോൾ അനിതയുടെ മനസ്സിൽ ചില സംശയങ്ങൾ നാമ്പിട്ടു. "മുൻവാതിലും തുറന്നിട്ട്‌ മുറി അടച്ചുപൂട്ടിയാണോ ഉറക്കം. നീയിന്ന് ക്ലാസ്സിൽ പോയില്ലേ??"അവളുടെ മുഖത്ത് നിന്നും കണ്ണുകളെടുക്കാതെ അനിത ചോദിച്ചു. സിറ്റിയിലുള്ളൊരു പി.എസ്.സി കോച്ചിങ് സെന്ററിൽ അർച്ചന പതിവായി ക്ലാസിനു പോകാറുണ്ട്. "ഇ... ഇല്ല... ഇന്ന് ക്ലാസ്സിൽ പോയില്ല.... രാവിലെ എണീറ്റപ്പോൾ.... നല്ല... നല്ല തലവേദനയായിരുന്നു." വിക്കി വിക്കി അർച്ചന പറഞ്ഞൊപ്പിച്ചു. സംശയത്തോടെയുള്ള അമ്മയുടെ നോട്ടത്തെ നേരിടാൻ കഴിയാനാവാതെ അവൾ മുഖം വെട്ടിച്ചുകൊണ്ടിരുന്നു.

"നിന്റെ മുഖത്തെന്താ ഒരു സങ്കടം പോലെ?? നീ കരഞ്ഞോ.?" "ഇ... ഇല്ലമ്മേ... നല്ല തലവേദനയുണ്ട്... കുറവില്ല." അവളുടെ മറുപടിയിൽ അനിതയ്ക്കത്ര വിശ്വാസം വന്നില്ല. "വന്ന് ചോറ് കഴിക്ക്... എന്നിട്ട് ഗുളിക കുടിച്ചിട്ട് കിടന്നോ. ഞാൻ ചോറ് വിളമ്പി വയ്ക്കാം." "ശരിയമ്മേ... ഞാനൊന്ന് മുഖം കഴുകി വരാം." അത് പറഞ്ഞുകൊണ്ട് അവൾ അമ്മയിൽ നിന്ന് ഒഴിഞ്ഞുമാറാനായി ബാത്‌റൂമിലേക്ക് നടന്നു. ബാത്‌റൂമിൽ കയറി ഡോർ അടച്ചശേഷം അർച്ചന പൈപ്പ് തുറന്നുവിട്ടു. കൈകുമ്പിൾ നിറയെ വെള്ളമെടുത്ത് അവൾ കുറെതവണ മുഖത്തേക്ക് തെറിപ്പിച്ചു. തെല്ലൊരു ആശ്വാസം തോന്നിയപ്പോൾ അർച്ചന പൈപ്പ് അടച്ച ശേഷം ടവൽ എടുത്ത് മുഖം പൊത്തികൊണ്ട് ബാത്‌റൂമിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി. അമ്മ വിളമ്പി വച്ച ആഹാരം കഴിച്ചെന്നു വരുത്തി അവൾ വേഗം മുറിയിലേക്ക് പോയി.

പതിവില്ലാതെയുള്ള മകളുടെ പരവേശവും വെപ്രാളവും അനിതയുടെ ഉള്ളിൽ സംശയത്തിന്റെ വിത്തുകൾ പാകി. തല്ക്കാലം അവളോടൊന്നും ചോദിക്കണ്ടെന്ന് കരുതി അവർ മൗനം പാലിച്ചു. മുറിയിൽ കയറി വാതിലടച്ച ശേഷം അർച്ചന വേഗം തന്റെ ഫോണെടുത്ത് വാട്സാപ്പ് തുറന്ന് ശ്രീഹരിയുടെ മെസ്സേജോ, കോളോ എന്തെങ്കിലും വന്നിട്ടുണ്ടോന്ന് നോക്കി. അർച്ചന അയച്ച മെസ്സേജ് അവൻ സീൻ ചെയ്‌തെന്ന് സൂചിപ്പിക്കുന്ന രണ്ട് ബ്ലൂടിക്കുകൾ വീണിരുന്നെങ്കിലും മറുപടിയായി ശ്രീഹരിയുടെ ഒരു മെസ്സേജോ കോളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ശ്രീഹരിയുടെ പ്രൊഫൈൽ ഫോട്ടോ ബ്ലാങ്ക് ആയി കിടക്കുന്നതും ലാസ്റ്റ് സീനും മറ്റ് ഡീറ്റെയിൽസ് ഒന്നും ഇപ്പോൾ കാണുന്നില്ല എന്നതും അർച്ചന ശ്രദ്ധിച്ചു. തന്നെ അവൻ ബ്ലോക്ക്‌ ചെയ്തിരിക്കുന്നുവെന്ന് വേദനയോടെ അവൾ തിരിച്ചറിഞ്ഞു. മുന്നോട്ടിനി എന്ത് ചെയ്യണമെന്നറിയാതെ ശൂന്യമായ മനസ്സോടെ ഇരുളിലേക്ക് തുറിച്ചുനോക്കി അവളിരുന്നു. അർച്ചനയുടെ കൈകൾ അവളറിയാതെ തന്നെ വയറ്റിലമർന്നു.

തന്റെ ഉദരത്തിൽ ജന്മം കൊണ്ട കുരുന്നുജീവനെ വയറ്റിൽ വച്ചുതന്നെ നശിപ്പിക്കണോ അതോ അച്ഛനില്ലാത്ത കുഞ്ഞിനെ പ്രസവിച്ചു വളർത്തണോ എന്ന ചോദ്യം അവളുടെയുള്ളിൽ ഉത്തരം കിട്ടാത്ത സമസ്യായി നിലകൊണ്ടു. തന്റെ ഇപ്പോഴത്തെ അവസ്ഥ അമ്മയറിഞ്ഞാൽ ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്ത്‌ ഓർത്തതും അർച്ചനയുടെ ഹൃദയത്തിൽ പെരുമ്പറ മുഴങ്ങി. അമ്മയ്ക്കിത് ഒരിക്കലും സഹിക്കാൻ കഴിയില്ലെന്ന് അവൾക്കറിയാം. അർച്ചനയ്ക്ക് രണ്ടുവയസ്സ് ഉള്ളപ്പോഴാണ് അവളുടെ അച്ഛൻ അസുഖബാധിതനായി മരിക്കുന്നത്. ഭർത്താവിന്റെ വിയോഗത്തിൽ ആകെ തകർന്നുപോയ അനിത രണ്ടുവയസ്സുള്ള മകളെയും കൊണ്ട് മുന്നോട്ട് ജീവിക്കാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു. വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്തതിനാൽ അനിത യ്ക്ക് ഉയർന്ന ശമ്പളമുള്ള ജോലിയൊന്നും ലഭിക്കുമായിരുന്നില്ല.

അതുകൊണ്ട് തന്നെ അവർ കിട്ടുന്ന ജോലിക്കെല്ലാം പോയി മകളെ പഠിപ്പിച്ചു. വീട്ടുജോലിക്കും, കെട്ടിടം പണിക്കും തൊഴിലുറപ്പിനും ഒക്കെ പോയിട്ടാണ് അനിത വീട്ടുകാര്യങ്ങൾ നോക്കിയിരുന്നത്. വാടക വീട്ടിൽ കഴിഞ്ഞിരുന്ന അവർ പഞ്ചായത്തിൽ അപേക്ഷ കൊടുത്ത് അധികം വൈകാതെ തന്നെ സ്വന്തമായി ഒരു ചെറിയ വീട് ഉണ്ടാക്കിയെടുത്തു. അമ്മയുടെ കഷ്ടപ്പാട് കണ്ടുവളർന്ന അർച്ചന പഠിത്തത്തിലൊന്നും ഉഴപ്പാതെ നന്നായി തന്നെ പഠിച്ചു. പ്ലസ്‌ടു വരെ നല്ല രീതിയിൽ തന്നെയായിരുന്നു അവളുടെ ജീവിതം പൊയ്ക്കൊണ്ടിരുന്നത്. പ്ലസ്‌ടു ഉയർന്ന മാർക്കോടെ പാസ്സായ അർച്ചനയ്ക്ക് ഡിഗ്രിക്ക് വീടിന്റെ അടുത്തുള്ള കോളേജിൽ തന്നെയാണ് അഡ്മിഷൻ കിട്ടിയത്. ഡിഗ്രിക്ക് ചേർന്നതോടൊപ്പം തന്നെ അർച്ചന കോളേജിന് അടുത്തുള്ള ട്യൂഷൻ ക്ലാസ്സിൽ രാവിലെയും വൈകുന്നേരവും ട്യൂഷ്യൻ പഠിപ്പിക്കാനും പോയിരുന്നു. അവിടെ വച്ചാണ് അവൾ ശ്രീഹരിയെ കണ്ടുമുട്ടുന്നത്. അവളെപ്പോലെ തന്നെ അവനും അവിടെ പഠിപ്പിക്കാൻ വരുന്ന മാഷായിരുന്നു.

അർച്ചനയെക്കാൾ അഞ്ചുവയസ്സിന് മൂത്തതായിരുന്നു ശ്രീഹരി. അധികം വൈകാതെ തന്നെ അർച്ചനയും ശ്രീഹരിയും തമ്മിൽ അടുപ്പത്തിലായി. പ്രണയത്തോടൊപ്പം തന്നെ പഠിത്തത്തിലും പിന്നിലാവാതിരിക്കാൻ അവൾ ശ്രദ്ധിച്ചു. എല്ലാകാര്യങ്ങളും അമ്മയോട് തുറന്നുസംസാരിച്ചിരുന്ന അർച്ചന ശ്രീഹരിയുടെ കാര്യം മാത്രം അമ്മയിൽ നിന്നും മറച്ചുവച്ചിരുന്നു. മൂന്നുവർഷക്കാലം വഴക്കോ, പിണക്കമോ, പ്രശ്നങ്ങളോ ഒന്നുമില്ലാതെ അവർ പരസ്പരം സ്നേഹിച്ചു. മൂന്നുവർഷങ്ങൾ കടന്നുപോയത് അവളറഞ്ഞില്ല. അർച്ചന ഡിഗ്രി പാസ്സായി കഴിഞ്ഞ ശേഷമാണ് അവർക്കിടയിൽ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. "ഒരിക്കൽ ഒരുപാട് വേദനകൾ സമ്മാനിച്ചു പിരിഞ്ഞുപോയ നിങ്ങളെ ഞാൻ വീണ്ടും കണ്ടുമുട്ടാൻ പാടില്ലായിരുന്നു ശ്രീയേട്ടാ. എപ്പോഴും നിങ്ങളെയോർത്ത് കരയാൻ മാത്രമാണല്ലോ എന്റെ വിധി..." ഹൃദയത്തിലേറ്റ മുറിവ് താങ്ങാൻ കഴിയാനാവാതെ അർച്ചന വിതുമ്പിക്കരഞ്ഞു. ശ്രീഹരിയെ ആദ്യമായി കണ്ടപ്പോൾ മുതലുള്ള കാര്യങ്ങൾ അവളുടെ മനസ്സിൽ ഒരു തിരശീലയിലെന്ന പോൽ കടന്നുപോയി. തുടരും ... മൂന്ന് ദിവസം കൂടുമ്പോഴായിരിക്കും നോവൽ പോസ്റ്റ് ചെയ്യുക...
 

Share this story