വിരൽത്തുമ്പിലാരോ : ഭാഗം 12

viralthumbil aro

രചന: ശിവാ എസ് നായർ

പതിയെ പതിയെ അർച്ചനയുടെയും ശ്രീഹരിയുടെയും ബന്ധം സെക്സ് ചാറ്റിലേക്കും വീഡിയോ കാളിലേക്കും വഴി മാറിത്തുടങ്ങി. ശ്രീഹരി ആവശ്യപ്പെട്ടപ്പോഴൊക്കെ തന്റെ നഗ്നചിത്രങ്ങൾ അവൾ അവന് അയച്ചുകൊടുത്തു. ആദ്യമൊക്കെ അങ്ങനെ ചെയ്യാൻ അവൾക്ക് തെല്ലൊരു ജാള്യതയും മടിയുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ ശ്രീഹരിയുടെ സ്നേഹപൂർവ്വമുള്ള സമീപനത്തിൽ അവൾ മറ്റെല്ലാം മറന്നു. ട്യൂഷൻ ക്ലാസ്സിൽ വച്ച് സ്ഥിരമായി കാണുമ്പോൾ ഇരുവരും കണ്ണുകൾ കൊണ്ട് കഥ പറഞ്ഞു. പുറത്ത് നിന്നുള്ള കൂടിക്കാഴ്ചകൾ ഒഴിവാക്കിയാണ് സംസാരം വീഡിയോ കാൾ വഴി തുടങ്ങിയത്. നിത്യയ്ക്ക് ഉണ്ടായ സംഭവം തനിക്ക് ഉണ്ടാകരുതെന്ന് കരുതിയാണ് അർച്ചന ശ്രീഹരിയോടൊപ്പം പുറത്ത് വച്ച് സംസാരിക്കാനോ ബൈക്കിൽ കറങ്ങി നടക്കാനോ പോകാതിരുന്നത്. ഇടയ്ക്ക് സമീറിക്ക കോട്ടയത്തേക്ക് പോകുമ്പോൾ ട്യൂഷൻ ക്ലാസ്സ്‌ നേരത്തെ തുറക്കുന്നത് അർച്ചനയെയാണ്. ആ ദിവസങ്ങൾക്കായി ശ്രീഹരിയും അർച്ചനയും ഒരുപോലെ കാത്തിരിക്കുമായിരുന്നു. താൻ ചെയ്യുന്നതൊക്കെ തെറ്റോ ശരിയോ എന്നൊന്നും അർച്ചന ചിന്തിക്കാൻ മിനക്കെട്ടിരുന്നില്ല.

പഠിച്ച് നല്ലൊരു ജോലി വാങ്ങി അമ്മയുടെ സമ്മതത്തോടെ ശ്രീഹരിയെ വിവാഹം ചെയ്യണമെന്ന് മാത്രം അവൾ ചിന്തിച്ചു. ശ്രീഹരിയോടൊപ്പമുള്ള നിമിഷങ്ങൾ തന്റെ മനസ്സും ആഗ്രഹിക്കുന്നത് കൊണ്ട് കിട്ടുന്ന അവസരങ്ങൾ വേണ്ടെന്ന് വയ്ക്കാൻ അർച്ചനയ്ക്കും തോന്നിയില്ല. മനസ്സ് കൊണ്ട് അവൾ അവനോട് കൂടുതൽ അടുക്കുമ്പോൾ ശ്രീഹരി അവളിൽ നിന്നും അകന്ന് തുടങ്ങുന്നത് അവൾ അറിഞ്ഞിരുന്നില്ല. അവനാവശ്യപ്പെട്ടാൽ എന്തും നൽകുമെന്ന ഒരു അവസ്ഥയിലാണ് അർച്ചനയിപ്പോൾ. ശ്രീഹരിയെ നഷ്ടപ്പെടാതിരിക്കാൻ എന്ത്‌ ചെയ്യാനും അവൾ തയ്യാറായിരുന്നു. പക്ഷേ അതിനുമുൻപ് തന്നെ ഇരുവരുടെയും ബന്ധത്തിൽ വിള്ളൽ വീഴാൻ തുടങ്ങിയിരുന്നു. നല്ല മാർക്കോടെ തന്നെ അർച്ചന ഡിഗ്രി പാസ്സായി. യൂണിവേഴ്സിറ്റി കോളേജിലാണ് അർച്ചനയ്ക്ക് പി.ജി ക്ക് അഡ്മിൻ കിട്ടിയത്. അതോടെ ട്യൂഷൻ ക്ലാസ്സിൽ പോയി പഠിപ്പിക്കുന്നത് അർച്ചനയ്ക്ക് നിർത്തേണ്ടി വന്നു. രാവിലെ ട്യൂഷൻ സെന്ററിൽ പോയിട്ട് ബസ് കയറി തിക്കിലും തിരക്കിലും പെട്ട് കോളേജിൽ എത്തുമ്പോൾ എങ്ങനെയായാലും ലേറ്റ് ആകും. അതുകൊണ്ട് അർച്ചന വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ തുടങ്ങി.

ട്യൂഷൻ സെന്റർ പോകാൻ പറ്റാതായതോടെ ശ്രീഹരിയെ കാണാനുള്ള വഴിയും അടഞ്ഞു. ഡിഗ്രി കഴിഞ്ഞതോടെ നിത്യയുമായും അർച്ചനയ്ക്ക് പിരിയേണ്ടി വന്നു. പി.ജി ക്ക് നിത്യയ്ക്ക് അവളുടെ വീടിനടുത്തുള്ള കോളേജിൽ അഡ്മിഷൻ കിട്ടിയതൊക്കെ അവളുടെ അമ്മയുടെ ഫോണിൽ വിളിച്ച് വിശേഷം തിരക്കുന്ന കൂട്ടത്തിൽ അർച്ചന അറിഞ്ഞു. അനീഷുമായുള്ള അഫയർ വീട്ടിൽ പിടിച്ചതിനുശേഷം നിത്യയ്ക്ക് അവളുടെ വീട്ടുകാർ ഫോൺ നിഷേധിച്ചിരുന്നത് കൊണ്ടുതന്നെ അവളുടെ അമ്മയുടെ ഫോണിൽ വിളിച്ചാൽ മാത്രേ നിത്യയോട്‌ സംസാരിക്കാൻ അർച്ചനയ്ക്ക് കഴിയുമായിരുന്നുള്ളു. അവളെ വിളിക്കുമ്പോഴൊക്കെ തൊട്ടടുത്ത് നിത്യയുടെ അമ്മയും ഉണ്ടാകും. അതുകൊണ്ട് മനസ്സ് തുറന്ന് അവളോടൊന്ന് സംസാരിക്കാനോ ശ്രീഹരി തന്നിൽ നിന്ന് അകന്ന് തുടങ്ങിയത് പറയാനോ അർച്ചനയ്ക്ക് സാധിച്ചില്ല. വിഷമങ്ങളെല്ലാം ഉള്ളിലടക്കാൻ അവൾ നന്നേ പാടുപെട്ടു. പരസ്പരമുള്ള കൂടിക്കാഴ്ചകൾ ഇല്ലാതായതോടെ ഫോൺ കാൾസിന്റെ എണ്ണവും കുറഞ്ഞു വരാൻ തുടങ്ങി.

അർച്ചന അയക്കുന്ന മെസ്സേജിനൊക്കെ ഒന്നോ രണ്ടോ വാക്കിൽ അവൻ മറുപടി പറഞ്ഞൊഴിഞ്ഞു. അങ്ങോട്ട്‌ വിളിച്ചാൽ ക്ലാസ്സുണ്ടെന്നും പഠിക്കാനുണ്ടെന്നുമൊക്കെ പറഞ്ഞ് ശ്രീഹരി ഒഴിഞ്ഞുമാറാൻ തുടങ്ങി. ശ്രീഹരിയിലുണ്ടായ മാറ്റങ്ങൾ ഉൾകൊള്ളാൻ മാത്രമുള്ള കെൽപ്പ് അർച്ചനയെന്ന സാധാരണ പെണ്ണിനുണ്ടായിരുന്നില്ല. ശ്രീഹരിയുടെ ഒഴിഞ്ഞുമാറ്റത്തിനുള്ള കാരണമെന്തെന്നറിയാതെ അവൾക്ക് സമാധാനം കിട്ടുന്നുണ്ടായിരുന്നില്ല. അർച്ചന വിളിക്കുമ്പോൾ കഴിവതും കാൾ അറ്റൻഡ് ചെയ്യാതെ അവൻ ഒഴിഞ്ഞുമാറി. ശ്രീഹരി കാൾ എടുക്കുന്നവരെ അർച്ചന വിളിച്ചുകൊണ്ടിരിക്കും. ഒടുവിൽ ശല്യം സഹിക്കാൻ കഴിയതെന്നോണം അവൻ കാൾ എടുക്കും. അർച്ചനയുടെ ചോദ്യങ്ങൾക്കൊന്നും കൃത്യമായൊരു മറുപടി പറയാതെ ശ്രീഹരി വേഗം കാൾ അവസാനിപ്പിക്കും. നേരിട്ട് കാണാൻ വിളിച്ചാലും തിരക്ക് പറഞ്ഞവൻ ഒഴിഞ്ഞുമാറും. അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു. ഉച്ചയ്ക്ക് ശേഷമുള്ള ക്ലാസ്സിൽ ഇരിക്കാൻ തോന്നാത്തത് കൊണ്ട് അർച്ചന ബാഗുമെടുത്ത് ക്യാന്റീനിൽ പോയി ഇരുന്നു.

കുറച്ചു നാളായി തുടരുന്ന ശ്രീഹരിയുടെ അകലച്ച അവളുടെ മനസ്സിനെ സാരമായി മുറിവേൽപ്പിച്ചിരുന്നു. പഠിത്തത്തിൽ നന്നായി ശ്രദ്ധിക്കാൻ പോലും അവൾക്കയില്ല. ശ്രീഹരിയുടെ മനസ്സിലെന്താണെങ്കിലും ഇന്ന് അത് ചോദിച്ചറിയണമെന്ന് അവൾ മനസ്സിലുറപ്പിച്ചു. ഒടുവിൽ രണ്ടും കല്പിച്ചവൾ ശ്രീഹരിയെ വിളിച്ചുനോക്കി. കാൾ എടുക്കുമെന്ന പ്രതീക്ഷയൊന്നും അവൾക്കുണ്ടായിരുന്നില്ല. പക്ഷേ റിംഗ് ചെയ്ത് തീരാറായപ്പോൾ ശ്രീഹരി കാൾ അറ്റൻഡ് ചെയ്തു. "ഹലോ.." അവന്റെ ശബ്ദം കാതിൽ പതിഞ്ഞതും അർച്ചനയുടെ മിഴികൾ ഈറനണിഞ്ഞു. "ശ്രീയേട്ടാ..." ഇടറിയ സ്വരത്തിൽ അവൾ വിളിച്ചു. "എന്താ പതിവില്ലാതെ ഈ സമയത്ത്. ക്ലാസ്സിൽ കയറിയില്ലേ.?" ശ്രീഹരി ചോദിച്ചു. "ഇല്ല.. ഇപ്പോൾ പഠിത്തത്തിൽ ഒന്നും പഴയ പോലെ ശ്രദ്ധിക്കാൻ പറ്റുന്നില്ല. എല്ലാത്തിനും കാരണം ശ്രീയേട്ടൻ തന്നെയാ. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ എന്നെയിങ്ങനെ ഒഴിവാക്കുന്നത്. ഇപ്പോൾ പഴയ പോലെ എന്നെ വിളിക്കാറില്ല, മെസ്സേജ് ഇല്ല, കാൾ ഇല്ല.

അങ്ങോട്ട്‌ വിളിച്ചാൽ എടുക്കുകയുമില്ല. എടുത്താലോ എന്തെങ്കിലും പറഞ്ഞ് വേഗം കാൾ കട്ട്‌ ചെയ്യും. ശ്രീയേട്ടന് എന്താ പറ്റിയത്? ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ മുൻപ്. ഒന്ന് നേരിട്ട് കണ്ടിട്ട് തന്നെ എത്ര മാസങ്ങളായി. ഒരു നോക്ക് കാണാൻ ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്ന് ശ്രീയേട്ടനറിയോ. ശ്രീയേട്ടൻ ഈ കാണിക്കുന്നതിന്റെയൊക്കെ അർത്ഥമെന്താ? എന്നോട് പറയാൻ പറ്റാത്ത എന്തെങ്കിലും പ്രശ്നമുണ്ടോ? എന്താണെങ്കിലും എന്നോടൊന്ന് പറയ്യ്. ശ്രീയേട്ടൻ ഇങ്ങനെ എന്നോട് അകൽച്ച കാണിക്കുന്നത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല. മരിക്കാൻ വരെ തോന്നിപോകാ." അർച്ചന പൊട്ടിക്കരഞ്ഞുപോയി. ഉച്ച കഴിഞ്ഞ സമയമായത് കൊണ്ട് കാന്റീനിൽ ഒന്നും അധികമാരും ഉണ്ടായിരുന്നില്ല. "അർച്ചന ഇങ്ങനെ കരയല്ലേ... ആദ്യം ആ കരച്ചിലൊന്ന് നിർത്തി ഞാൻ പറയുന്നതൊന്ന് ക്ഷമയോടെ കേൾക്ക്." ശ്രീഹരി അവളെ സമാധാനിപ്പിക്കാനെന്നോണം പറഞ്ഞു. "ശ്രീയേട്ടൻ പറഞ്ഞോ ഞാൻ കേൾക്കുന്നുണ്ട്." ഒഴുകിയിറങ്ങിയ കണ്ണുനീർ വലതുകയ്യാൽ തുടച്ചുകൊണ്ട് എങ്ങലടക്കി അവൾ കാതുകൾ കൂർപ്പിച്ചു. ഒന്ന് മുരടനക്കികൊണ്ട് ശ്രീഹരി പറഞ്ഞുതുടങ്ങി.

"അർച്ചനാ നമുക്കീ ബന്ധം ഇവിടെ വച്ച് അവസാനിപ്പിക്കാം. ഇതിങ്ങനെ മുന്നോട്ട് തുടർന്ന് പോയിട്ട് ഒരു കാര്യവുമില്ല. വരുന്ന എക്സാംസ് ഒക്കെ നന്നായി എഴുതിയിട്ടും ഒരു ജോലി പോലും ശരിയാകുന്നില്ല. ഈ അവസ്ഥയിൽ നല്ലൊരു ജോലി പോലുമില്ലാതെ നിന്നെ കൂടെകൂട്ടാനും എനിക്കാവില്ല. ഉറപ്പുള്ള ഒരു ജോലി പോലുമില്ലാത്തൊരു അവസ്ഥയിൽ നിന്റെ കാര്യം വീട്ടിൽ പറഞ്ഞ് വീട്ടുകാരെ സമ്മതം വാങ്ങി വിവാഹം കഴിക്കുന്നതൊന്നും നടക്കില്ല. അവർ സമ്മതിക്കില്ല. അവരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ച് ജീവിക്കാൻ നമുക്ക് കഴിയില്ല. ഈ വീട് പോലും ഇപ്പോഴും അച്ഛന്റെ പേരിലാണ്. അവരെ ധിക്കരിച്ചുകൊണ്ട് നിന്നെ വിവാഹം കഴിച്ച് ഇങ്ങോട്ട് കൊണ്ടുവരാനും കഴിയില്ല. ഒരു ജോലി എന്ന് ശരിയാകുമെന്നുപോലും ഉറപ്പില്ലാത്ത ഈ അവസ്ഥയിൽ നിന്റെ ജീവിതം ഞാൻ കാരണം നശിക്കാൻ പാടില്ല. അതുകൊണ്ട് ഞാൻ പറയുന്നത് നീ മനസിലാക്കണം. നമുക്ക് നല്ല സുഹൃത്തുക്കളായി കഴിയാം അർച്ചന. മറ്റെല്ലാം നീ മറന്നേക്ക്." ശ്രീഹരി പറഞ്ഞു നിർത്തി. അവൻ പറഞ്ഞതൊന്നും വിശ്വസിക്കാൻ കഴിയാനാവാതെ ഷോക്കേറ്റ പോലെ തരിച്ചിരിക്കുകയാണ് അർച്ചന.

വാക്കുകൾ അവളുടെ കണ്ഠത്തിൽ കുരുങ്ങിനിന്നു. കരയാൻ പോലും മറന്നവൾ ഫോൺ ചെവിയോട് ചേർത്ത് ശില പോലിരുന്നു. "അർച്ചനാ... നീ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ? നീ എന്താ ഒന്നും മിണ്ടാത്തെ?" അവളുടെ മറുപടിയൊന്നും കേൾക്കാതായപ്പോൾ പരിഭ്രമത്തോടെ ശ്രീഹരി ചോദിച്ചു. "ശ്രീയേട്ടനിപ്പോ എന്താ പറഞ്ഞെ... ഞാനെന്തൊക്കെയാ ഈ കേക്കണേ?" അർച്ചനയുടെ ശബ്ദം നേർത്തുപോയിരുന്നു. "നമുക്ക് ബ്രേക്ക്അപ്പ്‌ ആവാം അർച്ചന." "ഇതെന്റെ ശ്രീയേട്ടൻ തന്നെയാണോ? പെട്ടെന്നെന്താ ഇങ്ങനെയൊക്കെ പറയണേ. അതിനും മാത്രം എന്താ ഇപ്പൊ ഉണ്ടായേ." അവളുടെ ശബ്ദമിടറിയിരുന്നു. കണ്ണുകളിൽ നീർക്കണങ്ങൾ വന്നു മൂടി. കേട്ടതൊന്നും വിശ്വസിക്കാൻ സമ്മതിക്കാതെ ഹൃദയം അവളോട്‌ കലഹിച്ചു കൊണ്ടിരുന്നു. താൻ പറഞ്ഞതൊന്നും അർച്ചന കേട്ടതായി അവന് തോന്നിയില്ല. ഒരിക്കൽ കൂടി അവളെ കാര്യങ്ങൾ പറഞ്ഞു ധരിപ്പിക്കാൻ ശ്രീഹരി ശ്രമിച്ചു. "വെറുതെ ഈ റിലേഷൻ ഇങ്ങനെ മുന്നോട്ട് കൊണ്ടുപോയിട്ട് കാര്യമില്ല അർച്ചന. നമുക്ക് നല്ല ഫ്രണ്ട്‌സായി ഇരിക്കാം." "ശ്രീയേട്ടനെന്താ ഭ്രാന്ത് പിടിച്ചോ. ഇങ്ങനെയൊന്നും പറഞ്ഞാലൊന്നും ഞാൻ പോകുമെന്ന് വിചാരിക്കണ്ട.

ഞാൻ ആവശ്യപ്പെട്ടോ ജോലി വേണമെന്ന്. എനിക്കൊരു ജോലി കിട്ടിയാലും നമുക്ക് ജീവിച്ചൂടെ. ശ്രീയേട്ടന് ഒരു ജോലി കിട്ടുംവരെ വരെ ഞാൻ കാത്തിരിക്കാം. വിവാഹത്തിന് എനിക്ക് ധൃതിയൊന്നുമില്ലല്ലോ. പിന്നെന്താ ശ്രീയേട്ടന് പ്രശ്നം. നിസ്സാര പ്രശ്നങ്ങൾ പറഞ്ഞ് എന്നെ ഉപേക്ഷിച്ചു പോവല്ലേ ശ്രീയേട്ടാ. ശ്രീയേട്ടനില്ലാത്ത ഒരു ജീവിതത്തെ പറ്റി എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഇതിപ്പോ പരിഹാരം കണ്ടെത്താൻ പറ്റാത്ത പ്രശ്നമൊന്നുമല്ലല്ലോ. എന്നോട് ഇങ്ങനെയൊന്നും പറയല്ലേ... സഹിക്കാൻ പറ്റണില്ല." വിതുമ്പലടക്കാൻ കഷ്ടപ്പെട്ട് കൊണ്ട് അവൾ പറഞ്ഞു. "നീയെന്താ അർച്ചനാ എന്നെയൊന്ന് മനസിലാക്കാത്തത്. നല്ലൊരു ജോലി ഇല്ലാത്തതിന്റെ സങ്കടം നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. നിനക്ക് മാത്രമല്ല വിഷമങ്ങൾ ഉള്ളത്. എനിക്കും ഉണ്ട് പ്രശ്നങ്ങളും സങ്കടങ്ങളുമൊക്കെ." "ഇതൊക്കെ ഒരു റീസൺ ആണോ ശ്രീയേട്ടാ. എനിക്ക് പറ്റില്ല പിരിയാൻ. ശ്രീയേട്ടന് ഒരു ജോലി കിട്ടിയ ശേഷം മതി വിവാഹം. അതുവരെ ഞാൻ കാത്തിരുന്നോളാം." "ഒരുറപ്പുമില്ലാത്ത കാര്യമാണ് അത്. എനിക്ക് വേണ്ടി കാത്തിരുന്ന് നിന്റെ ഭാവി ഇല്ലാതാക്കരുത്. ഒരു ജോലി കിട്ടുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല. അതുകൊണ്ടാ ഞാൻ പറയുന്നത്." "ഞാൻ ശ്രീയേട്ടന്റെ കാലുപിടിക്കാം. പിരിയുന്നതിനെ പറ്റി മാത്രം എന്നോട് പറയല്ലേ ശ്രീയേട്ടാ. എന്നെകൊണ്ട് കഴിയില്ല."

അർച്ചനയുടെ ഏങ്ങലടികൾ ഒന്നുംതന്നെ അവന്റെ കാതുകളിൽ പതിക്കുന്നുണ്ടായിരുന്നില്ല. "ഞാൻ കുറച്ചു തിരക്കിലാ... ഇനി ഇതേപറ്റി ഒരു സംസാരം വേണ്ട അർച്ചന. നമുക്കീ ടോപിക് വിടാം. എല്ലാം മറക്കാൻ സമയമെടുക്കും. കുറച്ചു പ്രാക്ടിക്കൽ ആയി ചിന്തിക്ക് നീ." അത്രയും പറഞ്ഞശേഷം അവളുടെ മറുപടിക്കായി കാത്തുനിൽക്കാതെ ശ്രീഹരി കാൾ കട്ട്‌ ചെയ്തു. ഫോൺ ചെവിയോട് ചേർത്തുവച്ച് നിമിഷങ്ങളോളം അർച്ചന അനങ്ങാതിരുന്നു. ശ്രീഹരി പറഞ്ഞതൊന്നും വിശ്വസിക്കാൻ അവൾക്കായില്ല. അവനില്ലാത്തൊരു ജീവിതത്തെ പറ്റി ചിന്തിക്കാൻ പോലും അർച്ചനയ്ക്കാവില്ല. കുറച്ചുനാളായിട്ടുള്ള ശ്രീഹരിയുടെ അവഗണന തന്നെ സഹിക്കാൻ കഴിയാതിരിക്കുമ്പോഴാണ് എടുത്തടിച്ചത് പോലുള്ള അവന്റെയീ തുറന്നുപറച്ചിൽ. മിഴികളിൽ നിന്നും ഒഴുകിയിറങ്ങിയ കണ്ണുനീർ ഷാളിന്റെ തുമ്പ് കൊണ്ട് തുടച്ച ശേഷം ബാഗുമെടുത്ത് അർച്ചന കാന്റീന് പുറത്തേക്ക് നടന്നു. എത്രയും പെട്ടന്ന് വീട്ടിലെത്തി മനസ്സ് തുറന്നൊന്ന് ആർത്തുകരയാൻ അവളുടെ ഹൃദയം വെമ്പൽ കൊണ്ടു. അർച്ചന വീട്ടിലെത്തുമ്പോൾ സമയം മൂന്നുമണി കഴിഞ്ഞതേയുണ്ടായിരുന്നുള്ളു. അനിത വരാൻ ഇനിയും സമയമേറെയുണ്ട്.

വന്നപാടെ ബാഗ് മുറിയുടെ ഒരു കോണിലേക്ക് വലിച്ചെറിഞ്ഞ് ബെഡിലേക്ക് വീണവൾ തലയിണയിൽ മുഖമമർത്തി പൊട്ടിക്കരഞ്ഞു. കരഞ്ഞു കരഞ്ഞ് അവളുടെ കൺപോളകൾ വീർത്തുവന്നു. ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചാലോ എന്നുപോലും അവൾക്ക് തോന്നി. ശ്രീഹരിയുമൊത്തുള്ള നിമിഷങ്ങൾ മനസിലേക്ക് വന്നതും അർച്ചനയ്ക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. അവനിൽ നിന്നും ഇങ്ങനെയൊരു നീക്കം അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഫോണെടുത്ത് അർച്ചന വീണ്ടും ശ്രീഹരിയെ വിളിച്ചു. രണ്ടുതവണ വിളിച്ചശേഷമാണ് അവൻ കാൾ അറ്റൻഡ് ചെയ്തത്. "ശ്രീയേട്ടാ എന്നെ ഉപേക്ഷിക്കല്ലേ..." കാൾ എടുത്തപാടെ പൊട്ടിക്കരഞ്ഞുകൊണ്ട് അർച്ചന പറഞ്ഞു. "എന്റെ അർച്ചനാ നീയെന്നെ ഭ്രാന്ത് പിടിപ്പിക്കരുത്. എന്റെ അവസ്ഥയെന്താ നീ മനസിലാക്കാത്തത്. പ്രേമിച്ചു നടക്കാൻ പറ്റിയ ഒരു മാനസികാവസ്ഥയിലല്ല ഇപ്പൊ എന്റെ മനസ്സ്. നന്നായി ആലോചിച്ച ശേഷമാണ് ഞാനീ തീരുമാനം എടുത്തത്."

"ഒരിക്കലും ഉപേക്ഷിക്കില്ല കൂടെ ഉണ്ടാവുമെന്ന് എനിക്ക് വാക്ക് തന്നിട്ട്... ഇപ്പൊ പറഞ്ഞു പറ്റിക്കുവല്ലേ. എന്നെ ചതിക്കാനായിരുന്നോ ശ്രീയേട്ടൻ എന്നെ സ്നേഹിച്ചത്. നമുക്കിടയിൽ സംഭവിച്ചതൊക്കെ ശ്രീയേട്ടൻ ഇത്രവേഗം മറന്നോ?" "നിന്നെ ഞാൻ എങ്ങനെ ചതിച്ചെന്നാ അർച്ചന? നിന്നെ നിന്റെ സമ്മതമില്ലാതെ റേപ്പ് ചെയ്തത് പോലെയാണല്ലോ നിന്റെ സംസാരം. പരസ്പരം സ്നേഹിക്കുന്നവർക്കിടയിൽ നടക്കുന്നതൊക്കെയെ നമുക്കിടയിൽ ഉണ്ടായിട്ടുള്ളൂ. അല്ലാതെ അതിനപ്പുറം നിന്നോട് ഞാൻ മോശമായി എന്തെങ്കിലും ബിഹേവ് ചെയ്തിട്ടുണ്ടോ?" ശ്രീഹരിയുടെ ദേഷ്യത്തോടെ പറഞ്ഞു. "എല്ലാം എന്ത് നിസ്സാരമായിട്ടാണ് ശ്രീയേട്ടൻ പറയുന്നത്. അതെല്ലാം അങ്ങനെ മറക്കാൻ പറ്റുന്ന കാര്യമാണോ ശ്രീയേട്ടന്. പക്ഷേ എനിക്ക് അങ്ങനെയല്ല." "അർച്ചന പ്ലീസ്... നീ വെറുതെ ഇങ്ങനെ വാശി പിടിക്കരുത്." "വാശി പിടിക്കുന്നത് ശ്രീയേട്ടനാ. ഇത്ര നാളും ജോലി കിട്ടില്ലാന്നുള്ള പേടിയില്ലായിരുന്നോ? നമുക്ക് ജീവിക്കാൻ ശ്രീയേട്ടന് ഒരു ഗവണ്മെന്റ് ജോലി തന്നെ വേണമെന്ന് ഞാൻ ആവശ്യപ്പെട്ടോ?" "പ്രേമിച്ചു നടക്കുന്ന പോലെയല്ല ഒരുമിച്ച് ജീവിക്കാൻ തുടങ്ങുമ്പോൾ. ആദ്യത്തെ എക്‌സൈറ്റ്മെന്റ് ഒന്നും പിന്നീട് ഉണ്ടാവണമെന്നില്ല.

ചിലവുകൾ വർദ്ധിക്കും. ഉറപ്പുള്ള ഒരു ജോലി ഇല്ലാതെ വീട്ടിൽ വിവാഹക്കാര്യം പോലും സൂചിപ്പിക്കാൻ പറ്റില്ല. അതൊക്കെ കൊണ്ടാണ് ഞാൻ എല്ലാം അവസാനിപ്പിക്കാന്ന് പറഞ്ഞത്. നിന്നെ ഒഴിവാക്കാൻ വേണ്ടി ഞാൻ ഓരോ കാരണം ഉണ്ടാക്കി പറയുകയാണെന്ന് വിചാരിക്കരുത് അച്ചു. കഴിഞ്ഞയാഴ്ച ഞാൻ എസ് ഐ സെലെക്ഷന് പോയിരുന്നു. കിട്ടുമെന്ന് നൂറു ശതമാനം ഉറപ്പോടെ പോയതാ. സെലക്ടായ ശേഷം നിന്നോട് പറയാമെന്ന് കരുതിയതുമാണ്. പക്ഷേ എനിക്ക് സെലെക്ഷൻ കിട്ടിയില്ല. ഹൈറ്റ് ഒരു ഇഷ്യൂ ആയിരുന്നു. ചെറിയ വ്യത്യാസത്തിലാണ് എനിക്ക് സെലെക്ഷൻ കിട്ടാതെ പോയത്. എത്ര എക്സാംസ് എഴുതിയിട്ടാണെന്നറിയോ ഇതെങ്കിലും കിട്ടിയത്. അവസാനം അവിടെയും ഞാൻ പരാജയപ്പെട്ടു. ഇനിയെനിക്ക് പ്രതീക്ഷയില്ല. ഇന്നത്തെ കാലത്ത് ഒരു ഗവണ്മെന്റ് ജോലി നേടിയെടുക്കാൻ അത്ര ഈസി അല്ല. എത്ര വർഷമായി ഞാൻ പിഎസ്സി എഴുതുന്നു. എന്റെ പ്രതീക്ഷകളൊക്കെ പോയി. ഇതൊന്നും നിന്നോട് പറയണമെന്ന് വിചാരിച്ചതല്ല. നിന്നെ ഞാൻ മനഃപൂർവം ചതിക്കാൻ നോക്കുന്നു, ഒഴിവാക്കാൻ ശ്രമിക്കുന്നു എന്നൊക്കെ പറഞ്ഞത് കൊണ്ടാണ് ഞാൻ ഇത്രയും പറഞ്ഞത്. നിന്റെ വിഷമം എനിക്ക് മനസിലാകും അർച്ചന.

പക്ഷേ എന്റെ അവസ്ഥ കൂടി നീ മനസിലാക്കണം. ഒരു വിഷമഘട്ടത്തിലൂടെ കടന്നുപോകുന്നവനാണ് ഞാൻ. നീയല്ലാതെ വേറെയാർക്കാ എന്നെ മനസ്സിലാവുക. ഇപ്പൊ നിനക്ക് തോന്നുന്ന വിഷമമൊക്കെ പിന്നീട് മാറും. റിലേഷൻ ബ്രേക്ക്‌ ചെയ്യാമെന്നല്ലേ ഞാൻ പറഞ്ഞുള്ളു. ഒരു നല്ല ഫ്രണ്ട് ആയിട്ട് നിന്റെ കൂടെ ഞാനുണ്ടാകും അർച്ചന." അപേക്ഷാ സ്വരത്തിൽ ശ്രീഹരി അവളോട് പറഞ്ഞു. "ശ്രീയേട്ടന്റെ വിഷമം എനിക്ക് മനസ്സിലാകും. പക്ഷേ അതിനു നമ്മുടെ റിലേഷൻ വേണ്ടെന്ന് വയ്ക്കാതിരുന്നൂടെ. എപ്പഴും വിളിക്കേം മെസ്സേജ് അയക്കേം ഒന്നും വേണ്ട. പഴയപോലെ ആയിക്കൂടെ. അല്ലാതെ ഇത്രയും നാൾ സ്നേഹിച്ചിട്ട് പെട്ടെന്നൊരു ദിവസം ഫ്രണ്ട് ആയിട്ട് കാണണമെന്ന് പറഞ്ഞാൽ എന്നെകൊണ്ട് അതിന് പറ്റുമെന്ന് തോന്നുന്നുണ്ടോ?" "നീയിങ്ങനെ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നതെന്തിനാ. നിനക്കെന്താ പറഞ്ഞാ മനസ്സിലാവില്ലേ?" ശ്രീഹരിക്ക് നല്ല ദേഷ്യം വന്നിരുന്നു.

"മൂന്നു വർഷം സ്നേഹിച്ചിട്ട് ഇപ്പൊ പെട്ടന്ന് എല്ലാം നിർത്താമെന്ന് പറഞ്ഞാൽ സമ്മതിച്ചു തരാൻ എനിക്ക് പറ്റില്ല. ശ്രീയേട്ടൻ എന്നെ വേണ്ടെന്ന് വച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല." ഭീഷണിയുടെ സ്വരത്തിൽ അർച്ചന പറഞ്ഞു. "നീ എന്ത് വേണമെങ്കിലും ചെയ്യ്. നിന്നോട് ഇനി ഇക്കാര്യം പറഞ്ഞു തർക്കിക്കാൻ ഞാനില്ല. പറഞ്ഞാൽ മനസിലാകാത്തവരോട് എത്ര പറഞ്ഞിട്ടും കാര്യമില്ല." ദേഷ്യത്തോടെ ശ്രീഹരി കാൾ കട്ട്‌ ചെയ്തു. അവന്റെ പ്രവർത്തികൾ അവളെ വല്ലാതെ വേദനിപ്പിച്ചു. ഒരുനിമിഷം കൊണ്ട് ജീവിതം അവസാനിപ്പിച്ചാലോ എന്നുപോലും അവൾ ചിന്തിച്ചു. ശ്രീഹരി കൂടെയില്ലാത്ത ഒരു ജീവിതത്തെ പറ്റി ചിന്തിക്കാൻ അർച്ചനയ്ക്ക് കഴിയുമായിരുന്നില്ല. മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തുകൊണ്ട് അവൾ മേശവലിപ്പ് തുറന്ന് ബ്ലേഡ് കയ്യിലെടുത്തു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story