വിരൽത്തുമ്പിലാരോ : ഭാഗം 2

viralthumbil aro

രചന: ശിവാ എസ് നായർ

ശ്രീഹരിയെ ആദ്യമായി കണ്ടപ്പോൾ മുതലുള്ള കാര്യങ്ങൾ അവളുടെ മനസ്സിൽ ഒരു തിരശീലയിലെന്ന പോൽ കടന്നുപോയി. ************** "നേരം വൈകിയല്ലോ ഈശ്വരാ... ക്ലാസ്സിൽ കുട്ടികളൊക്കെ വന്നിട്ടുണ്ടാകും." വാച്ചിൽ നോക്കി സ്വയം പഴിച്ചുകൊണ്ട് കൊണ്ട് അമ്പലത്തിൽ നിന്നും തൊഴുത്തിറങ്ങിയ അർച്ചന, ട്യൂഷൻ ക്ലാസ്സിലേക്കുള്ള വഴിയേ ധൃതിയിൽ നടന്നു. പത്തുമിനിറ്റിനുള്ളിൽ തന്നെ അവൾ ടാലെന്റ്റ് ട്യൂഷൻ സെന്ററിന്റെ മുന്നിലെത്തി. മുകളിലേക്കുള്ള പടിക്കെട്ടുകൾ കയറി അർച്ചന ഓഫീസ് റൂമിലേക്ക് ചെന്നു. "ആദ്യദിവസം തന്നെ വൈകിയാണോ മോളെ വരുന്നത്." ട്യൂഷൻ ക്ലാസ്സിന്റെ നടത്തിപ്പുകാരനും സയൻസ് അദ്ധ്യാപകനുമായ സമീറിക്ക ചോദിച്ചു. "സോറി ഇക്കാ... ഇന്ന് ആദ്യദിവസമായോണ്ട് അമ്പലത്തിൽ ഒന്ന് കയറി, അതാ വൈകിയേ..." അവൾ ക്ഷമാപണത്തോടെ പറഞ്ഞു. രണ്ടുവർഷമായി സമീറിക്കയുടെ വീട്ടിൽ അടുക്കളജോലിക്ക് പോകുന്നത് അർച്ചനയുടെ അമ്മ അനിതയാണ്. അർച്ചന, വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നത് അനിതയിൽ നിന്നറിഞ്ഞ സമീറിക്ക കോളേജിന് അടുത്തുള്ള അയാളുടെ ട്യൂഷൻ സെന്ററിലേക്ക് ഹൈസ്കൂൾ കുട്ടികളെ പഠിപ്പിക്കാൻ അവൾക്ക് താല്പര്യമുണ്ടെങ്കിൽ വരാൻ പറഞ്ഞതിൻ പ്രകാരമാണ്

അർച്ചന തന്റെ കോളേജിനടുത്തുള്ള സമീറിക്കയുടെ ട്യൂഷൻ സെന്ററിലേക്ക് ടീച്ചറായി എത്തിയത്. കോളേജിന് തൊട്ടടുത്തായത് കൊണ്ട് അവൾക്കും അത് എളുപ്പമായിരുന്നു. "നാളെ മുതൽ കൃത്യസമയത്ത് എത്തണം കേട്ടോ. സമയത്തിന്റെ കാര്യത്തിൽ ഞാനൊരു വിട്ടുവീഴ്ചയും ചെയ്യില്ല." "നാളെ കൃത്യം ഏഴുമണിക്ക് തന്നെ എത്തിക്കോളാം ഇക്കാ." "എന്നാ മോള് വാ, ഞാൻ ക്ലാസ്സ്‌ കാണിച്ചുതരാം." ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റുകൊണ്ട് സമീറിക്ക പറഞ്ഞു. സമീറിന് പിന്നാലെ അർച്ചന ക്ലാസ്സിലേക്ക് നടന്നു. ഒൻപതാം ക്ലാസ്സിലേക്കാണ് സമീർ അവളെ കൊണ്ടുപോയത്. അർച്ചനയ്ക്ക്, കുട്ടികളേയും കുട്ടികൾക്ക്, പുതിയതായി കണക്ക് പഠിപ്പിക്കാൻ വന്ന ടീച്ചറെയും പരിചയപ്പെടുത്തിയിട്ട് സമീർ ഓഫീസ് റൂമിലേക്ക് പോയി. അർച്ചന ചുറ്റുമൊന്ന് കണ്ണോടിച്ചു. ഏകദേശം ഇരുപതോളം കുട്ടികളുണ്ട് ക്ലാസ്സിൽ. ക്ലാസ്സിന്റെ ഇരുവശത്തായി ചെറിയൊരു മറവ് വച്ചിട്ടുണ്ട്. അടുത്ത ക്ലാസ്സുകളിൽ അദ്ധ്യാപകർ ക്ലാസെടുക്കുന്നത് അവൾക്ക് കാണാം. കുട്ടികളെ മറച്ചുകൊണ്ടാണ് പലകയടിച്ച മറവ് സ്ഥാപിച്ചിട്ടുള്ളത്. അതുകൊണ്ട് കുട്ടികൾക്ക് പരസ്പരം കാണാൻ കഴിയില്ല. അർച്ചന, കുട്ടികളെ ഓരോരുത്തരെയായി പരിചയപ്പെട്ടു.

അവർക്ക് പാഠഭാഗങ്ങൾ പറഞ്ഞുകൊടുത്തും ബോർഡിൽ കുട്ടികളെ കൊണ്ട് ചോദ്യങ്ങളുടെ ഉത്തരം എഴുതിപ്പിച്ചും അവൾ ക്ലാസ്സ്‌ എടുത്തുകൊണ്ടിരുന്നു. ഇടയ്ക്ക് സമീറിക്ക വന്ന് അർച്ചന ക്ലാസ്സ്‌ എടുക്കുന്നത് ശ്രദ്ധിച്ചു കൊണ്ടിരുന്നു, കുറച്ചു സമയം അവൾ ക്ലാസ്സ്‌ എടുക്കുന്നത് കണ്ടുനിന്ന ശേഷം അർച്ചനയെ നോക്കി പുഞ്ചിരിയോടെ വലതുകയ്യുടെ തള്ളവിരൽ ഉയർത്തികാട്ടി അയാൾ തിരിച്ചുപോയി. അത് കണ്ടപ്പോൾ അർച്ചനയ്ക്ക് ഒരുപാട് സന്തോഷമായി. അപ്പോഴാണ് തൊട്ടപ്പുറത്തെ ക്ലാസ്സിൽ നിന്നും ചെറുപ്പക്കാരനായ ഒരു മാഷ് അവളുടെ ക്ലാസ്സിലേക്ക് കയറിവന്നത്. "ടീച്ചറെ ചോക്കുണ്ടോ.." അയാൾ ചോദിച്ചു. "ആ ഉണ്ട്... തരാം..." ചിരിയോടെ അർച്ചന രണ്ട് ചോക്ക് മാഷിന്റെ വലതുകൈപ്പത്തിക്കുള്ളിലേക്ക് വച്ചുകൊടുത്തു. "താങ്ക്സ്, ടീച്ചർ ഇവിടെ പുതിയതാല്ലേ." "അതേ... ഇന്ന് എന്റെ ആദ്യത്തെ ക്ലാസ്സ്‌ ആണ്." "ടീച്ചറുടെ പേരെന്താ?" "അർച്ചന... സാറിന്റെ പേരെന്താ." "ശ്രീഹരി... ഓക്കേ എന്നാ നമുക്ക് പിന്നെ കാണാം." അവളെ നോക്കി ചിരിച്ചുകൊണ്ട് ശ്രീഹരി തന്റെ ക്ലാസ്സിലേക്ക് പോയി. അർച്ചന വീണ്ടും ക്ലാസെടുക്കാൻ തുടങ്ങി. ഇടയ്ക്കെപ്പോഴോ അവളുടെ മിഴികൾ ശ്രീഹരിയുടെ ക്ലാസ്സിലേക്ക് നീണ്ടു. ശ്രീഹരിയുടെ മിഴികളും അവൾക്ക് നേരെയായിരുന്നു.

പെട്ടന്ന് അർച്ചന തന്നെ നോക്കുന്നത് കണ്ടപ്പോൾ ചമ്മലോടെ ശ്രീഹരി നോട്ടം മാറ്റി. അതുകണ്ടപ്പോൾ അർച്ചനയുടെ ചുണ്ടുകളിൽ ചെറിയൊരു പുഞ്ചിരി വിടർന്നു. ശ്രീഹരി തന്നെ നോക്കുന്നുണ്ടോന്ന് അറിയാനായി അർച്ചന ഇടയ്ക്കിടെ മിഴികളുയർത്തി അവന്റെ ക്ലാസ്സിലേക്ക് നോക്കുമ്പോൾ അവൻ നോട്ടം പിൻവലിക്കും. ചിലപ്പോൾ ഇരുവരുടെയും മിഴികൾ തമ്മിലിടയും. അപ്പോഴൊക്കെ, ഇടനെഞ്ചിൽ പേരറിയാത്തൊരു വികാരം അവൾക്കനുഭവപ്പെടും. അന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ അർച്ചന വേഗം തന്നെ ഓഫീസ് റൂമിൽ ചെന്ന് ബാഗ് എടുത്തുകൊണ്ട് കോളേജിലേക്ക് പോയി. അർച്ചന പോയത് ശ്രീഹരി കണ്ടിരുന്നില്ല. അതുകൊണ്ട് തന്നെ ട്യൂഷൻ ക്ലാസ്സിൽ നിന്നും പുറത്തേക്കിറങ്ങിയ ശ്രീഹരി, അർച്ചന അവിടെയെവിടെയെങ്കിലും ഉണ്ടോന്നറിയാനായി ചുറ്റുമൊന്ന് നോക്കി. അർച്ചനയെ ആദ്യം കണ്ടപ്പോൾ മുതൽ അവളെയൊന്ന് പരിചയപ്പെടാൻ വെമ്പുകയായിരുന്നു അവന്റെ മനസ്സ്. കുറച്ചുസമയം നോക്കിയിട്ടും അവളെ ആ പരിസരത്തെങ്ങും കാണാത്തതിനാൽ കാണാനും പരിചയപ്പെടാനും ഇനിയും സമയമുണ്ടല്ലോന്ന് കരുതി സ്വയം സമാധാനിച്ചുകൊണ്ട് നിരാശയോടെ അവൻ ബൈക്കോടിച്ചു പോയി.

തുടർന്നുള്ള ദിവസങ്ങളിലും അതുതന്നെ ആവർത്തിച്ചു. ശ്രീഹരി പോകാനായി ഇറങ്ങുമ്പോഴേക്കും അർച്ചന സ്ഥലം വിട്ടിട്ടുണ്ടാകും. മിക്കവാറും അടുത്തടുത്ത ക്ലാസ്സുകളിലായിട്ടാണ് അവർക്ക് പഠിപ്പിക്കാൻ ക്ലാസ്സ്‌ കിട്ടുന്നത്. അതുകൊണ്ട് തന്നെ ഇരുവരും എന്നും പരസ്പരം കാണാറുണ്ടായിരുന്നു. അവനെ എത്രതന്നെ നോക്കാതിരിക്കാൻ ശ്രമിച്ചാലും അറിയാതെ തന്നെ തന്റെ നോട്ടം പോകുന്നത് ശ്രീഹരിയുടെ നേർക്കാണെന്ന് അർച്ചന മനസിലാക്കി. ആ ഉദ്യമത്തിൽ നിന്നും പിൻവാങ്ങാൻ എത്രയൊക്കെ ശ്രമിച്ചിട്ടും മനസ്സ് കൈവിട്ടുപോകുന്നത് അവളറിഞ്ഞു. ശ്രീഹരിയെ കാണുമ്പോൾ തുടികൊട്ടുന്ന മനസ്സും അവൻ നോക്കുമ്പോൾ ശ്വാസമെടുക്കാൻ മറക്കുന്നതും ഇരുവരുടെയും കണ്ണുകൾ തമ്മിലുടക്കുമ്പോൾ ഷോക്കേറ്റ പോലെ ഉൾവലിയുന്ന കണ്ണുകളും അവനെ കണ്ടില്ലെങ്കിൽ അസ്വസ്ഥമാകുന്ന ഹൃദയവും അർച്ചനയുടെ ഉറക്കം നഷ്ടപ്പെടുത്തി തുടങ്ങി. രാവിലെ ഉന്മേഷത്തോടെ ക്ലാസ്സെടുക്കുന്ന അർച്ചനയ്ക്ക് വൈകുന്നേരം ക്ലാസ്സെടുക്കാൻ മടുപ്പ് തോന്നിത്തുടങ്ങി. അതിനു കാരണം വൈകുന്നേരം ക്ലാസ്സ്‌ എടുക്കുന്ന സമയം ശ്രീഹരി അവിടെയെങ്ങും ഇല്ലാത്തതായിരുന്നു. ആ ട്യൂഷൻ സെന്ററിന്റെ ഏതെങ്കിലുമൊരു കോണിൽ ശ്രീഹരിയുണ്ടെങ്കിൽ അവൾക്ക് അതൊരു ഉന്മേഷമാണ്.

അവനെ കാണാനും സംസാരിക്കാനും അവളുടെ ഉള്ളം തുടിച്ചു. കോളേജിൽ പോകാനുള്ളതിനാൽ രാവിലെ ട്യൂഷൻ സെന്ററിലെ ക്ലാസ്സ്‌ കഴിഞ്ഞാലുടൻ അവൾക്ക് വേഗം തന്നെ അവിടുന്ന് പോകേണ്ടതുണ്ട്. വൈകിയാൽ കോളേജിലെത്താൻ ലേറ്റാവുകയും ഫസ്റ്റ് പീരിയഡ് അറ്റന്റൻസും മിസ്സാകും, അന്നത്തെ ദിവസം ഹാഫ് ഡേ ലീവാകുകയും ചെയ്യും. ട്യൂഷൻ സെന്ററിന്റെ അടുത്തുനിന്നും പതിനഞ്ചുമിനിറ്റോളം നടക്കാനുണ്ട് കോളേജിലേക്ക്. നേരത്തെ എത്തേണ്ടതിനാൽ രാവിലെ ട്യൂഷൻ ക്ലാസ്സ്‌ കഴിഞ്ഞാൽ ശ്രീഹരിയെ കണ്ട് സംസാരിക്കാനുള്ള സമയം അവൾക്ക് കിട്ടിയിരുന്നില്ല. ദിവസങ്ങൾ കടന്നുപോയി. അന്നൊരു ശനിയാഴ്ച ദിവസമായിരുന്നു. അർച്ചനയ്ക്ക് അന്ന് കോളേജ് അവധിയാണ്. സ്കൂൾ അവധിദിവസമായതിനാൽ ട്യൂഷൻ തുടങ്ങുന്നത് രാവിലെ എട്ടുമണിക്കാണ്. പതിവുപോലെ രാവിലെ കൃത്യസമയത്ത് തന്നെ അവൾ ട്യൂഷൻ സെന്ററിലെത്തിച്ചേർന്നു. ക്ലാസ്സ്‌ തുടങ്ങാൻ ഇനിയും സമയം ബാക്കിയുണ്ടായിരുന്നതിനാൽ അർച്ചന ഓഫീസിൽ തന്നെ ഇരുന്നു. കുട്ടികളും അദ്ധ്യാപകരുമൊക്കെ എത്തുന്നേയുണ്ടായിരുന്നുള്ളു. ബെല്ലടിക്കാനുള്ള സമയമായിട്ടും ശ്രീഹരിയെ കാണാത്തതിൽ അവൾക്ക് നേരിയ നിരാശ തോന്നിത്തുടങ്ങിയിരുന്നു.

ഒടുവിൽ ബെല്ലടിച്ചിട്ടും അവനെ കാണാതായപ്പോൾ ടെക്സ്റ്റ്‌ബുക്കെടുത്തുകൊണ്ട് അർച്ചന ക്ലാസ്സിലേക്ക് പോയി. കുട്ടികളെ പഠിപ്പിക്കുമ്പോഴും ഡൌട്ട്സ് ക്ലിയർ ചെയ്തുകൊടുക്കുമ്പോഴും അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. ശ്രദ്ധയോടെ ക്ലാസ്സെടുക്കാൻ കഴിയാത്തതിനാൽ അർച്ചന, കുട്ടികൾക്ക് കുറച്ചു പ്രോബ്ലം സോൾവ് ചെയ്യാനായി കൊടുത്തു. കുറച്ചുസമയം കഴിഞ്ഞപ്പോൾ തൊട്ടപ്പുറത്തെ ക്ലാസ്സിൽ നിന്നും ശ്രീഹരിയുടെ ശബ്ദം കേൾക്കാൻ തുടങ്ങിയപ്പോൾ ആകാംക്ഷയോടെ അവളുടെ മിഴികൾ അടുത്ത ക്ലാസ്സിലേക്ക് നീണ്ടുചെന്നു. അവിടെ, അവൾ ശ്രീഹരിയെ കണ്ടു. തേടിയതെന്തോ കണ്ടെത്തിയ സന്തോഷത്തിൽ അവളുടെ മിഴികൾ തിളങ്ങി. കരിനീലക്കരയുള്ള മുണ്ടും കരിനീല കളറിലുള്ള ഷർട്ടുമായിരുന്നു അവന്റെ വേഷം. നെറ്റിയിലൊരു ചന്ദനകുറിയും ചെവിയുടെ പിന്നിലായൊരു അരളിപ്പൂവുമുണ്ടായിരുന്നു. ശ്രീഹരിയിൽ നിന്നും കണ്ണെടുക്കാൻ കഴിയാനാവാതെ അർച്ചനയുടെ മിഴികൾ അവനിൽ തന്നെ തങ്ങിനിന്നു. ശ്രീഹരിയും അത് കാണുന്നുണ്ടായിരുന്നു. തെല്ലൊരു പുഞ്ചിരിയോടെ അവനും ഇടയ്ക്കിടെ അവളെ നോക്കുന്നുണ്ടായിരുന്നു. അവനവളെ നോക്കുന്നത് കണ്ടതും ചെറിയൊരു ചമ്മലോടെ അർച്ചന അവിടെ നിന്നും മാറി.

"അർച്ചനാ..." പിന്നിൽ നിന്നും ശ്രീഹരിയുടെ വിളികേട്ട് അർച്ചന പിന്തിരിഞ്ഞു. കണ്ണുകളിൽ കുസൃതിയൊളിപ്പിച്ചുകൊണ്ട് അവളെ നോക്കി പുഞ്ചിരി തൂകി നിൽക്കുന്ന അവനെ നോക്കി അർച്ചന മനോഹരമായി ചിരിച്ചു. "എന്താ സർ..." അവൾ ചോദിച്ചു. "ഒരു ചോക്ക് വേണമായിരുന്നു... ഓഫീസിൽ നിന്ന് എടുക്കാൻ മറന്നു." "മ്മ്മ്... തരാലോ..."അർച്ചന അവനെ നോക്കി അർത്ഥം വച്ച് മൂളിക്കൊണ്ട് അവന്റെ കൈയിലേക്ക് ചോക്ക് വച്ചുകൊടുത്തു. ചോക്ക് കഷ്ണം അവന് കൈമാറുമ്പോൾ ശ്രീഹരിയുടെ കൈവിരലുകൾ അവളുടെ വിരലുകളിൽ സ്പർശിച്ചു. ഷോക്കേറ്റ പോലെ അർച്ചന തന്റെ കൈകൾ പിന്നോട്ട് വലിച്ചു. "താങ്ക്സ്..." അവളുടെ കണ്ണുകളിലേക്ക് നോക്കിയാണ് അവനത് പറഞ്ഞത്. അവന്റെ നോട്ടത്തെ നേരിടാനാവാതെ അർച്ചന മുഖം ചലിപ്പിച്ച് നോട്ടം മാറ്റി. ചുണ്ടിലൂറിയ പുഞ്ചിരിയോടെ അവളെ ഒന്ന് നോക്കിയിട്ട് ശ്രീഹരി തന്റെ ക്ലാസ്സിലേക്ക് പോയി. അന്ന് ശനിയാഴ്ചയായത് കൊണ്ട് ട്യൂഷൻ ക്ലാസ്സ്‌ ഉച്ചവരെ ഉണ്ടായിരുന്നു. ക്ലാസ്സ്‌ വിടാനുള്ള ബെല്ലടിച്ച് കഴിഞ്ഞിട്ടും കുട്ടികളുടെ ഡൌട്ട് തീർക്കാനുണ്ടായിരുന്നത് കൊണ്ട് പതിനഞ്ചുമിനിറ്റോളം വൈകിയാണ് അർച്ചന ഇറങ്ങിയത്. സ്റ്റെപ്പിറങ്ങി താഴെയെത്തുമ്പോൾ അവളെ കാത്തെന്നോണം

ശ്രീഹരി തന്റെ ബൈക്കിൽ ചാരി അവിടെ നിൽക്കുന്നുണ്ടായിരുന്നു. അർച്ചനയെ കണ്ടതും അവന്റെ മിഴികളൊന്ന് തിളങ്ങി. ശ്രീഹരി ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് അവൾക്ക് കുറച്ചുപിന്നിലായി ചെന്നു. ട്യൂഷൻ ക്ലാസ്സ്‌ കഴിഞ്ഞു കുറച്ചുദൂരമെത്തിയപ്പോൾ വഴിയിലെങ്ങും ആരുമുണ്ടായിരുന്നില്ല. തനിക്ക് പിന്നാലെ ബൈക്കിൽ ശ്രീഹരി ഫോളോ ചെയ്തു വരുന്നത് അർച്ചന അറിയുന്നുണ്ടായിരുന്നു. അവന് തന്നോടെന്തോ പറയാനുണ്ടെന്ന് അവളുടെ ഉള്ളിലിരുന്ന് ആരോ പറയുന്നത് പോലെ അർച്ചനയ്ക്ക് തോന്നി. അവളുടെ ഹൃദയം പൂർവാധികം ശക്തിയിൽ മിടിക്കാൻ തുടങ്ങി. "അർച്ചനാ..." ശ്രീഹരി വിളിച്ചു. മുന്നോട്ട് നടന്നുകൊണ്ടിരുന്ന അർച്ചന അവിടെ തന്നെ നിന്നു. പിന്നെ സാവധാനം തലചരിച്ചു പിന്നിലേക്ക് നോക്കി. അവളുടെ തൊട്ടുപിന്നിലായി അവൻ ബൈക്ക് നിർത്തി. "എന്താ സർ...?" അർച്ചന ചോദ്യഭാവത്തിൽ അവനെ നോക്കി. "എനിക്ക്... എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു." ശ്രീഹരി പറഞ്ഞു. "എ... എന്താ... പറയാനുള്ളത്...?" അവളുടെ കണ്ഠം വറ്റിവരണ്ടു. "തനിക്ക് എന്റെ കൂടെ ബൈക്കിൽ വരാൻ മടിയുണ്ടോ.. എന്റെ വീട് ഇവിടെ അടുത്ത്‌ തന്നെയാ?" അവന്റെ ചോദ്യം കേട്ടതും അർച്ചന ഞെട്ടലോടെ ശ്രീഹരിയെ നോക്കി........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story