വിരൽത്തുമ്പിലാരോ : ഭാഗം 3

viralthumbil aro

രചന: ശിവാ എസ് നായർ

"തനിക്ക് ബൈക്കിൽ കൂടെ വരാൻ മടിയുണ്ടോ.. എന്റെ വീട് ഇവിടെ അടുത്ത്‌ തന്നെയാ?" അവന്റെ ചോദ്യം കേട്ടതും അർച്ചന ഞെട്ടലോടെ ശ്രീഹരിയെ നോക്കി. അവളുടെ പേടിച്ചരണ്ട പോലെയുള്ള നോട്ടം കണ്ടപ്പോൾ അവന്റെയുള്ളിൽ ചിരി പൊട്ടി. "താൻ പേടിക്കണ്ടടോ, ഇവിടെ നിന്ന് തന്നോട് സംസാരിക്കുന്നത് പരിചയക്കാർ ആരെങ്കിലും കണ്ടാൽ അപ്പോൾ തന്നെ അക്കാര്യം വീട്ടിലറിയും. അമ്മയ്ക്ക് പിന്നെ അതുമതി ഇന്നത്തെ വഴക്കിന്. പിന്നെ തനിക്കും ഇവിടെ നിന്ന് സംസാരിക്കുന്നത് അത്ര കംഫർട്ടബിൾ ആയിരിക്കില്ലല്ലോ. തൊട്ടടുത്തല്ലേ ട്യൂഷൻ ക്ലാസ്സ്‌. സമീർ സർ എങ്ങാനും ഈ വഴി വന്നാലോ..." അവൻ വാക്കുകൾ പകുതിയിൽ നിർത്തി അവളുടെ മറുപടിക്കായി കാതോർത്തു. ശ്രീഹരിയുടെ സംസാരം കേട്ട് അന്തംവിട്ട് നിൽക്കുകയാണ് അർച്ചന. അവൾ ചുറ്റുമൊന്ന് കണ്ണോടിച്ചു. വഴിയുടെ അങ്ങേ അറ്റത്തു നിന്ന് ആരൊക്കെയോ നടന്നുവരുന്നുണ്ട്. "താനെന്താ ആലോചിച്ചു നിൽക്കുന്നത്? എന്റെ കൂടെ ബൈക്കിൽ വരാൻ മടിയുണ്ടോ?" ശ്രീഹരി ചോദിച്ചു. അവന്റെ കൂടെ ബൈക്കിൽ സഞ്ചരിക്കാൻ അവൾക്ക് മടി തോന്നി. ട്യൂഷൻ ക്ലാസ്സിൽ വച്ച് കണ്ടുള്ള പരിചയം മാത്രമേയുള്ളൂ. പരസ്പരം കാണാൻ തുടങ്ങിയിട്ട് ഒരാഴ്ചയാകുന്നേയുള്ളൂ.

എന്ത് വിശ്വസിച്ചാണ് താൻ അവന്റെയൊപ്പം ബൈക്കിൽ കയറുക. ശ്രീഹരിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവന്റെ ക്ഷണം നിരസിക്കാതിരിക്കാം അവൾക്ക് കഴിയുമായിരുന്നില്ല. അവിടെ നിന്ന് സംസാരിക്കുന്നത് അത്ര സേഫായി അവൾക്ക് തോന്നിയില്ല. സമീറിക്ക കണ്ടുകൊണ്ട് വന്നാൽ ഉറപ്പായും സംശയിക്കുമെന്നും അവൾക്ക് തോന്നി. അതോടെ തന്റെ അമ്മയും അറിയും. നാനാവിധ ചിന്തകൾ അവളുടെ മനസ്സിലൂടെ കടന്നുപോയി. ഒടുവിൽ, അർച്ചന അവന് പിന്നിലായി ബൈക്കിൽ കയറി ഇരുന്നു. ശ്രീഹരി ബൈക്ക് മുന്നോട്ടെടുത്തു. അവൾ അവനെ സ്പർശിക്കാതെ ബൈക്കിന് സൈഡിലായി പിടിച്ചിരുന്നു. "ശ്രീഹരിക്ക് എന്തായിരിക്കും തന്നോട് പറയാനുണ്ടാവുക...?" ആ ചോദ്യം അവളുടെ മനസ്സിൽ നിറഞ്ഞുനിന്നു. അവനോട് എന്തെങ്കിലും ചോദിക്കാനോ പറയാനോ കഴിയാതെ അർച്ചന മൗനയായി ഇരുന്നു. ശ്രീഹരി ഇടയ്ക്കിടെ മിററിലൂടെ അവളെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പരിചയക്കാർ ആരെങ്കിലും ഈ സാഹചര്യത്തിൽ കണ്ടാലോ എന്ന് പേടിച്ച് അർച്ചന തന്റെ ഷാൾ കൊണ്ട് മൂക്കും വായും മറച്ചു. പെട്ടെന്നാണ് ബൈക്ക് ഒരു ഹമ്പിന് മുകളിലൂടെ കയറിയിറങ്ങിയത്. മുന്നോട്ടാഞ്ഞ അർച്ചന അവളറിയാതെ തന്നെ തന്റെ വലതുകരം ശ്രീഹരിയുടെ തോളിലേക്കമർത്തി വച്ചു.

അർച്ചനയുടെ സ്പർശനം തിരിച്ചറിഞ്ഞതും ശ്രീഹരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ചെറിയൊരു കൂൾബാറിനു മുന്നിലാണ് ശ്രീഹരി വണ്ടി നിർത്തിയത്. അർച്ചനെയും കൂട്ടി അവൻ അകത്തേക്ക് നടന്നു. ഉച്ച സമയം ആയതിനാൽ തിരക്ക് നന്നേ കുറവായിരുന്നു. ഒരൊഴിഞ്ഞ ടേബിളിന് ഇരുവശത്തുമായി ഇരുവരും ഇരുന്നു. ശ്രീഹരി തന്നെ രണ്ട് ഓറഞ്ച് ജ്യൂസ് ഓർഡർ ചെയ്തു. അപ്പോഴൊക്കെ അർച്ചന എന്ത് സംസാരിക്കണമെന്നറിയാതെ നിശബ്ദതയോടെ ഇരുന്നു. അവർക്കിടയിൽ മൗനം കനത്തപ്പോൾ, ഒടുവിൽ ശ്രീഹരി തന്നെ സംസാരത്തിനു തുടക്കമിട്ടു. "അർച്ചനയെന്താ ഒന്നും മിണ്ടാത്തത്??" "ഞാൻ... ഞാനെന്താ പറയ്യാ?" സാറിന് എന്തോ പറയാനുണ്ടെന്നല്ലേ പറഞ്ഞത്." താഴ്ന്ന സ്വരത്തിൽ അർച്ചന പറഞ്ഞു. "എനിക്കെന്താ പറയാനുണ്ടാവുക എന്ന് അർച്ചനയ്ക്ക് അറിയില്ലേ??" അവളുടെ മിഴികളിലേക്ക് നോക്കിയാണ് അവനത് ചോദിച്ചത്. നെഞ്ചിലേക്ക് ഒരു ഭാരം കയറ്റിവച്ചത് പോലെ അർച്ചനയ്ക്ക് തോന്നി. ചെന്നിയിലൂടെ ഒഴുകിയിറങ്ങിയ വിയർപ്പ് തുള്ളികൾ ഷാളിന്റെ തുമ്പ് കൊണ്ട് അവൾ ഒപ്പിയെടുത്തു. ശ്രീഹരിയുടെ നോട്ടത്തെ നേരിടാൻ കഴിയാതെ അവൾ മിഴികൾ താഴ്ത്തി. താൻ മനസ്സിൽ കരുതുന്ന പോലെയുള്ള ഒരു കാര്യമല്ല അവൻ പറയുന്നതെങ്കിൽ അത് തനിക്ക് വിഷമം ഉണ്ടാക്കും.

അതുകൊണ്ട് ഒന്നും ചിന്തിക്കാതിരിക്കുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നി. അർച്ചന അവന്റെ മിഴികളിലേക്ക് നോക്കി. ശ്രീഹരിയുടെ കണ്ണുകളിൽ തെളിഞ്ഞുകണ്ട ഭാവം എന്താണെന്ന് അവൾക്ക് മനസിലായില്ല. "എനിക്ക്.... എനിക്കറിയില്ല.... സർ തന്നെ പറയു." അർച്ചന അവന്റെ മുഖത്ത് നോക്കാതെയാണ് അത് പറഞ്ഞത്. ശ്രീഹരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. "അർച്ചനാ..." ആർദ്രമായി അവൻ വിളിച്ചു. എന്താണെന്ന ഭാവത്തിൽ അവൾ അവനെ നോക്കി. അപ്പോഴാണ് ബെയറർ ഓർഡർ ചെയ്ത ജ്യൂസ് അവർക്ക് മുന്നിലേക്ക് കൊണ്ട് വച്ചത്. പറയാൻ വന്ന കാര്യം മനസ്സിൽ തന്നെ അടക്കി നിർത്തി, ശ്രീഹരി ജ്യൂസ് ഗ്ലാസ്‌ ഒരെണ്ണം അവളുടെ നേർക്ക് നീക്കി വച്ചു. ഇരുവരും സാവധാനം ജ്യൂസ് കുടിച്ചു. "ട്യൂഷൻ പഠിപ്പിക്കുന്നത് കൂടാതെ അർച്ചന മറ്റെന്തെങ്കിലും വർക്ക്‌ ചെയ്യുന്നുണ്ടോ?" ശ്രീഹരി ചോദിച്ചു. "ഞാൻ ഡിഗ്രി ഫസ്റ്റ് ഇയർ ആണ്... ട്യൂഷൻ ക്ലാസ്സിനു അടുത്തുള്ള കോളേജിൽ തന്നെയാ പഠിക്കുന്നത്." "ആണോ... ഞാൻ വിചാരിച്ചു പഠിത്തമൊക്കെ കഴിഞ്ഞതായിരിക്കുമെന്ന്. കണ്ടാൽ പറയില്ല ഡിഗ്രി സ്റ്റുഡന്റാണെന്ന്." "സർ എന്ത് ചെയ്യുന്നു.?" "ഞാൻ പി ജി കഴിഞ്ഞ ശേഷം ട്യൂഷൻ ക്ലാസ്സിൽ ക്ലാസ്സെടുക്കാൻ പോയിത്തുടങ്ങി. പിന്നെ പിഎസ്സി യും ട്രൈ ചെയ്യുന്നുണ്ട്." "പിജി ഏതായിരുന്നു ചെയ്തത്.?"

"എം എ ഇംഗ്ലീഷ്. അർച്ചന ഏതാ കോഴ്സ്?" "ഞാൻ ബി എസ് സി മാക്സ് ആണ്.." "അർച്ചനയുടെ വീട് എവിടെയാ?" "പേയാട്, ഇവിടുന്ന് അടുത്ത് തന്നെയാ... ബസ്സിൽ ഒരു പതിനഞ്ചു മിനിറ്റ് പോകാനുണ്ട്." "അർച്ചനയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്?! "അമ്മ മാത്രേ ഉള്ളു. അച്ഛൻ നേരത്തെ മരിച്ചുപോയി." "അമ്മയ്ക്ക് ജോലി ഉണ്ടോ?" "അമ്മ മിക്ക ജോലിക്കും പോകും. കെട്ടിടം പണിക്കും വീട്ടുജോലിക്കും തൊഴിലുറപ്പിനും എല്ലാം. ഇപ്പൊ പിന്നെ അമ്മ കെട്ടിടം പണിക്ക് പോകാറില്ല. സമീറിക്കയുടെ വീട്ടിൽ മാത്രേ പോകുന്നുള്ളൂ." അത് പറയുമ്പോൾ അർച്ചനയ്ക്ക് യാതൊരു കുറച്ചിലും തോന്നിയില്ല. പക്ഷേ ശ്രീഹരിയുടെ മുഖം മങ്ങിയോന്ന് അവൾക്ക് സംശയമായി. "നല്ലോണം കഷ്ടപ്പെട്ടാണല്ലോ അമ്മ അർച്ചനയെ നോക്കുന്നത്. അതുകൊണ്ട് പഠിത്തത്തിൽ ഒന്നും ഉഴപ്പരുത് കേട്ടോ." ശ്രീഹരി ഉപദേശ രൂപേണ അവളോട് പറഞ്ഞു. "ഇതുവരെ ഞാൻ നന്നായി തന്നെയാ പഠിച്ചത്. ഇനിയും മുന്നോട്ട് അങ്ങനെ തന്നെ ആയിരിക്കും. ഇപ്പൊ ഞാൻ ട്യൂഷൻ ക്ലാസ്സിൽ ക്ലാസ്സെടുക്കാൻ വരുന്നത് തന്നെ അമ്മയെ ഒരുപാട് ബുദ്ധിമുട്ടിക്കാതിരിക്കാൻ വേണ്ടിയാണ്. പിന്നെ പഠിപ്പിക്കാൻ എനിക്ക് ഇഷ്ടമാണ്." നിറഞ്ഞ പുഞ്ചിരിയോടെ അർച്ചന പറഞ്ഞു. "യു ആർ സോ ബ്യൂട്ടിഫുൾ അർച്ചന..." ടേബിളിന് മുകളിരുന്ന അവളുടെ കരങ്ങൾ കവർന്നുകൊണ്ട് ശ്രീഹരി മന്ത്രിച്ചു.

പെട്ടെന്നുള്ള അവന്റെയാ പ്രവർത്തിയിൽ അർച്ചന ഞെട്ടിപ്പോയിരുന്നു. കൈകൾ പിന്നോട്ട് വലിക്കാൻ കഴിയാനാവാതെ അർച്ചന തരിച്ചിരുന്നു. "അർച്ചനാ... തന്നെ എനിക്ക് ഇഷ്ടമാണ്... ഒരുപാട്... ഒരുപാട്... അർച്ചനയ്ക്കറിയോ, താൻ ട്യൂഷൻ ക്ലാസ്സിൽ പഠിപ്പിക്കാൻ വരുന്നതിനുമുൻപ് തന്നെ തൊട്ടടുത്തുള്ള ശിവന്റെ അമ്പലത്തിൽ വച്ച് തന്നെ ഞാൻ കണ്ടിട്ടുണ്ട്. ഇടയ്ക്കിടെ അവിടെ വരുമ്പോൾ മിക്കവാറും ദിവസങ്ങളിൽ തന്നെ ഞാൻ കാണാറുണ്ടായിരുന്നു. ഓരോ തവണ തന്നെ കാണുമ്പോഴും വീണ്ടും വീണ്ടും കാണാൻ എന്റെ മനസ്സ് തുടിക്കുമായിരുന്നു. ഇതൊക്കെ പറഞ്ഞാൽ താൻ വിശ്വസിക്കുമോയെന്നൊന്നും എനിക്കറിയില്ല. എന്റെ മനസ്സിൽ തോന്നിയ ഇഷ്ടം തന്നോട് തുറന്നു പറയണമെന്ന് തോന്നി. അർച്ചനയ്ക്ക് എന്നെ ഇഷ്ടമാണെന്ന് തോന്നിതുകൊണ്ടാ ഞാനിക്കാര്യം ധൈര്യമായി പറഞ്ഞത്." ശ്രീഹരിയുടെ കരങ്ങൾ അവളുടെ കൈകളിൽ മുറുകിയിരുന്നു. അവന്റെ നോട്ടം മുഴുവനും അവളുടെ മുഖത്തേക്ക് മാത്രമായിരുന്നു. ശ്രീഹരിയുടെ വാക്കുകൾ ഏൽപ്പിച്ച ഷോക്കിലായിരുന്നു അർച്ചന. അത്ര പെട്ടന്ന് അവനിൽ നിന്ന് അത്തരമൊരു തുറന്നുപറച്ചിൽ അവൾ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ശ്രീഹരിക്ക് തന്നെ ഇഷ്ടമാണെന്ന് അവന്റെ ഒരു നോട്ടത്തിൽ നിന്നുതന്നെ അവൾക്ക് മനസിലായതായിരുന്നു.

പലവിധ ചിന്തകൾ അവളുടെ മനസ്സിലൂടെ കടന്നുപോയി. "അർച്ചന..." ശ്രീഹരിയുടെ ശബ്ദം അവളെ ചിന്തകളിൽ നിന്നുണർത്തി. തന്റെ കൈകൾ അവന്റെ കൈകൾക്കുള്ളിലാണെന്ന് തിരിച്ചറിഞ്ഞ മാത്രയിൽ അർച്ചന തന്റെ കൈകൾ പിന്നോട്ട് വലിച്ചു. അവളുടെ ആ നീക്കം അവനോട്ടും പ്രതീക്ഷിച്ചിരുന്നില്ല. "അർച്ചന.... തനിക്ക്... തനിക്കെന്നെ ഇഷ്ടമല്ലേ?" അവൻ ചോദിച്ചു. "എനിക്ക്... ഞാൻ... " വാക്കുകൾ കിട്ടാതെ അവൾ തപ്പിത്തടഞ്ഞു. ഗ്ലാസിൽ ബാക്കിയുണ്ടായിരുന്ന ജ്യൂസ് കുടിച്ച ശേഷം അവൾ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. അവൾക്ക് പിന്നാലെ, ബിൽ പേ ചെയ്ത ശേഷം ശ്രീഹരിയും ചെന്നു. "എന്നെ ബസ്സ്റ്റോപ്പിൽ ഇറക്കാമോ?? ഇപ്പൊ തന്നെ നേരം വൈകി. വീട്ടിൽ അമ്മ അന്വേഷിക്കും." അർച്ചന അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു. "കയറിക്കോ..." നിരാശയോടെ അവൻ പറഞ്ഞു. ശ്രീഹരി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു... അർച്ചന അവന് പിന്നിലായി ഇരുന്നു. അവളിൽ നിന്നും താൻ പ്രതീക്ഷിച്ച പോലെയൊരു മറുപടി കിട്ടാത്തതിൽ ശ്രീഹരിക്ക് നല്ല ദുഃഖം തോന്നി. തന്റെ ഇഷ്ടം അവളോട്‌ തുറന്നു പറയരുതായിരുന്നു എന്നവന് തോന്നി. തനിക്ക് അവളോട്‌ തോന്നിയ പോലൊരു ഇഷ്ടം അവൾക്ക് തന്നോടും ഉണ്ടെന്ന് തോന്നിയിട്ടാണ് ഇന്നുതന്നെ അവളോട്‌ അതേപറ്റി പറയാൻ തീരുമാനിച്ചത്.

പക്ഷേ അർച്ചന.... കലങ്ങി മറിഞ്ഞ മനസ്സോടെയാണ് ശ്രീഹരി വണ്ടിയോടിച്ചുകൊണ്ടിരുന്നത്. അപ്പോഴാണ് അർച്ചനയുടെ വലതുകരം അവന്റെ വയറിലൂടെ ചുറ്റിവരിഞ്ഞത്. ശ്രീഹരിയുടെ കാൽ ബ്രേക്കിൽ അമർന്നു. വിശ്വാസം വരാതെ അവൻ പിന്തിരിഞ്ഞു അർച്ചനയെ നോക്കി. തെല്ലൊരു നാണത്തോടെ അവൾ പുഞ്ചിരി തൂകി. അതുകണ്ടപ്പോൾ ശ്രീഹരിയുടെ ചുണ്ടിലും ചിരി വിടർന്നു. നിറഞ്ഞ മനസ്സോടെ അവൻ ബൈക്ക് മുന്നോട്ടെടുത്തു. ശ്രീഹരി തന്റെ ഇടം കൈകൊണ്ട് അവളുടെ വലതുകരം കോർത്തുപിടിച്ചു. നേർത്ത ഒരു വിറയൽ തന്റെ ശരീരത്തിലേക്ക് പടരുന്നതായി അവൾക്ക് തോന്നി. "ശ്രീയേട്ടനെ എനിക്കും ഇഷ്ടമാണ്... ഒരുപാടൊരുപാട് ഇഷ്ടമാ..." അർച്ചന അവന്റെ തോളോട് മുഖം ചേർത്ത് കാതിൽ പതിയെ മൊഴിഞ്ഞു. അത് പറയുമ്പോൾ അവളുടെ മനസ്സിൽ നിറഞ്ഞുനിന്നത് ശിവപെരുമാൾ ക്ഷേത്രനടയിൽ നിന്നും പടവുകൾ കയറി വരുന്ന ശ്രീഹരിയുടെ മുഖം മാത്രമായിരുന്നു......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story