വിരൽത്തുമ്പിലാരോ : ഭാഗം 30

viralthumbil aro

രചന: ശിവാ എസ് നായർ

"കിഷോറിന് അർച്ചനയെ ഇഷ്ടമാണോ? അവളോടുള്ള തന്റെ സമീപനം കാണുമ്പോൾ ഞങ്ങൾക്കങ്ങനെ ഫീൽ ചെയ്തു. അതുകൊണ്ടാണ് തുറന്നുചോദിക്കുന്നത്." സുധീഷ് മുഖവുരയൊന്നും കൂടാതെത്തന്നെ കിഷോറിനോട് തങ്ങളുടെ മനസ്സിൽ തോന്നിയ സംശയം ചോദിച്ചു. സുധീഷിന്റെ ചോദ്യത്തിന് മുന്നിൽ കിഷോറൊന്ന് അമ്പരന്നു. പിന്നെ തെല്ലൊരു പുഞ്ചിരിയോടെ അവൻ തന്റെ മറുപടി പറഞ്ഞു. "ഞാൻ നിഷേധിക്കുന്നില്ല സുധീഷ്... അർച്ചനയെ എനിക്കിഷ്ടമാണ്." കിഷോറിന്റെ മറുപടി സുധീഷിനെയും അനീഷിനെയും ഞെട്ടിച്ചു. "കിഷോർ എന്തറിഞ്ഞിട്ടാ അവളെ സ്നേഹിക്കുന്നത്? അർച്ചന നിങ്ങളെ നല്ലൊരു സുഹൃത്തായിട്ടാണ് കാണുന്നത്." സുധീഷിന്റെ സ്വരത്തിന് മൂർച്ചയേറി. "അർച്ചന എന്നെയെങ്ങനെ കാണുന്നുവെന്നത് എനിക്കൊരു വിഷയമേയല്ല. പക്ഷേ എന്റെ മനസ്സിൽ അവളോട്‌ തോന്നിയ ഇഷ്ടം സത്യമാണ്." "അതിന് അർച്ചനയെപ്പറ്റി തനിക്കെന്തറിയാം." അതുവരെ നിശബ്ദനായി നിന്ന അനീഷാണ് അത് ചോദിച്ചത്. "ഒരാളെ ഇഷ്ടപ്പെടാൻ അയാളുടെ പൂർവ്വകഥകൾ അറിഞ്ഞിരിക്കണമെന്ന് നിർബന്ധമുണ്ടോ? ഒരു കാര്യം മാത്രം എനിക്കറിയാം. അർച്ചനയെയും കുഞ്ഞുങ്ങളെയും തേടിവരാൻ മാത്രം ഒരാളും അവളുടെ ജീവിതത്തിലില്ലെന്ന്. അർച്ചനയെപ്പറ്റി മറ്റൊന്നും തന്നെ എനിക്കറിയില്ല.

ആരുമില്ലാത്തവളോട് തോന്നിയൊരു സഹതാപം നിറഞ്ഞ ഇഷ്ടവുമല്ല അത്. കാരണമറിയാത്തൊരു ഇഷ്ടം മനസ്സിൽ നിറഞ്ഞു. ഒരു നല്ല സുഹൃത്തായിട്ടെങ്കിലും അർച്ചന എന്റെ ജീവിതത്തിൽ വേണമെന്ന് എനിക്ക് തോന്നി." "കിഷോർ... നിങ്ങളൊരു മാന്യനാണ്. എങ്കിലും പറയുകയാണ്.... ജീവിതത്തിൽ, ഒരിക്കൽ തോറ്റുപോയവളാണ് അർച്ചന. നിങ്ങൾ കാരണം അവൾ വേദനിക്കാൻ ഇടവരരുത്." അപേക്ഷാ ഭാവത്തിൽ അനീഷ് അവനെയൊന്ന് നോക്കി. "ഞാൻ കാരണം അർച്ചനയ്ക്കൊരിക്കലും സങ്കടപ്പെടേണ്ടി വരില്ല. എന്റെ മനസ്സിൽ തോന്നിയ ഇഷ്ടം അത്‌ എന്നിൽതന്നെ രഹസ്യമായിരിക്കും. അവൾക്ക് നല്ലൊരു സുഹൃത്തായി കൂടെയുണ്ടാവണമെന്നേയുള്ളു എനിക്ക്." "താങ്ക്സ് കിഷോർ... അർച്ചന ഇനിയും വേദനിക്കുന്നത് കാണാൻ താല്പര്യമില്ലാത്തത് കൊണ്ടാണ് ഇത്രയും പറയേണ്ടി വന്നത്." നിറഞ്ഞ പുഞ്ചിരിയോടെ അനീഷ് അവനോട് പറഞ്ഞു. "കിഷോറിന് അർച്ചനയോട് തോന്നിയ ഇഷ്ടം മറക്കണം. മറ്റൊരു വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കണം. അവളുടെ ഇഷ്ടം നേടിയെടുക്കാൻ വേണ്ടി കാത്തിരുന്നാൽ ജീവിതാവസാനംവരെ കിഷോറിന് അങ്ങനെതന്നെ തുടരേണ്ടി വരും."

ഓർമ്മപ്പെടുത്തലെന്നോണം സുധീഷ് അവനോട് പറഞ്ഞു. അപ്പോഴാണ് അനീഷിന് നിത്യയുടെ കാൾ വരുന്നത്. അവരോട് സംസാരം തുടർന്നോളാൻ പറഞ്ഞിട്ട് അവൻ ഫോണുമായി അകത്തേക്ക് പോയി. കിഷോർ താൻ പറയാൻ വന്നത് തുടർന്നു. "എന്റെ ജീവിതത്തിൽ ഇനിയൊരു വിവാഹമുണ്ടാകില്ല സുധീഷ്. കാരണം, ഒരിക്കൽ എന്റെ വിവാഹം കഴിഞ്ഞതാണ്." കിഷോറിന്റെ സ്വരത്തിൽ ദുഃഖം നിഴലിച്ചിരുന്നു. "കിഷോർ എന്താ പറഞ്ഞുവരുന്നത്..." പകപ്പോടെ സുധീഷ് അവനെ നോക്കി. "നാലുവർഷം മുൻപായിരുന്നു എന്റെ വിവാഹം. അമ്മയുടെ അകന്ന ബന്ധത്തിൽ തന്നെയുള്ള ഒരു കുട്ടിയെയായിരുന്നു വിവാഹം കഴിച്ചത്. കാവേരി എന്നായിരുന്നു അവളുടെ പേര്. കാവേരിയുടെ ഇഷ്ടം നോക്കാതെ നടന്ന കല്യാണമായതുകൊണ്ട് പൊരുത്തപ്പെടാൻ സാവകാശം വേണമെന്നവൾ പറഞ്ഞു. അന്ന് ഞാൻ വർക്ക്‌ ചെയ്തിരുന്നത് മുംബൈയിലായിരുന്നു. ഒരു മാറ്റം ഉണ്ടാവട്ടേന്ന് കരുതി ലീവ് കഴിഞ്ഞു തിരിച്ചുപോകുമ്പോൾ ഞാൻ കാവേരിയെയും കൂടെ കൂട്ടിയിരുന്നു. പക്ഷേ എന്റെയൊപ്പം നിൽക്കാൻ അവൾക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല.

മുംബൈയിൽ വന്ന് രണ്ടുമാസം കഴിഞ്ഞപ്പോൾത്തന്നെ, അമ്മയോടൊപ്പം നാട്ടിൽതന്നെ നിന്നോളാമെന്ന് പറഞ്ഞ് അവൾ തിരികെ എന്റെ വീട്ടിലേക്ക് പോയി. ആറുമാസം കഴിഞ്ഞപ്പോൾ എനിക്ക് കൊല്ലത്തേക്ക് തന്നെ ട്രാൻസ്ഫർ കിട്ടി. വീട്ടിൽ നിന്നും പോയി വരാൻ അത് സൗകര്യമായി. അക്കാലയളവിൽ കാവേരിക്ക് എന്നോടുള്ള അകൽച്ചയൊക്കെ മാറിത്തുടങ്ങിയിരുന്നു. പതിയെ ഞങ്ങൾ ഞങ്ങളുടേതായ ജീവിതം ജീവിച്ചുതുടങ്ങി. വിവാഹം കഴിഞ്ഞ് ഒന്നര വർഷം കഴിഞ്ഞിട്ടും കുഞ്ഞുണ്ടാകാതിരുന്നപ്പോഴാണ് ഏതെങ്കിലും ഡോക്ടറെ കണ്ട് രണ്ടുപേർക്കും വിശദമായ ചെക്കപ്പ് നടത്താമെന്ന് ഞാൻ തീരുമാനിച്ചത്. അവൾക്കതിനോട് യാതൊരു താല്പര്യവുമുണ്ടായിരുന്നില്ല. ഞങ്ങൾക്കിടയിൽ ഉടനെയൊരു കുഞ്ഞ് വേണ്ടെന്ന് കാവേരി ആദ്യമേതന്നെ തുറന്നുപറഞ്ഞിരുന്നു. അവളുടെ ആ തീരുമാനത്തിനോട് എനിക്ക് എതിർപ്പൊന്നുമില്ലായിരുന്നു. എങ്കിലും എന്റെയൊരു സമാധാനത്തിന് വേണ്ടി ഡോക്ടറെ കണ്ട് രണ്ടാൾക്കും കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്താമെന്ന് ഞാൻ പറഞ്ഞു. വൈകാതെത്തന്നെ ഞാനും കാവേരിയും അടുത്തുള്ളൊരു ഗൈനക്കോളോജിസ്റ്റിനെ പോയിക്കണ്ട് വേണ്ട ടെസ്റ്റുകളൊക്കെ നടത്തി.

കുറച്ചുദിവസങ്ങൾ അങ്ങനെ കടന്നുപോയി. കാവേരി ഇടയ്ക്കിടെ ഒരാഴ്ചയോ രണ്ടാഴ്ചയോ ഒക്കെ അവളുടെ വീട്ടിൽ നിൽക്കാൻ പോകുന്നത് പതിവായിരുന്നു. പക്ഷേ കുറച്ചുനാളായി അവളുടെ വീട്ടിൽപോക്ക് കൂടുതലായി വന്നു. അതിന്റെ യഥാർത്ഥ കാരണം പിന്നീടാണ് ഞാനറിയുന്നത്. ഒരുദിവസം റെയിൽവേഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങാൻ നിൽക്കുമ്പോഴാണ് എനിക്ക് ഹോസ്പിറ്റലിൽ നിന്നും കാൾ വരുന്നത്. അപ്പോൾത്തന്നെ ഞാൻ നേരെ ഞങ്ങൾ കാണിച്ചിരുന്ന ഡോക്ടറെ കാണാനായി പോയി. ഞങ്ങൾ കൊടുത്തിരുന്ന ടെസ്റ്റ്‌ റിപ്പോർട്ട്‌സൊക്കെ വന്നിട്ടുണ്ടായിരുന്നു. എന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചത് ആ റിപ്പോർട്ടുകളാണ്. എനിക്കൊരിക്കലും ഒരു അച്ഛനാകാനുള്ള കഴിവില്ല സുധീഷ്. ആ റിപ്പോർട്ട്സ് കണ്ട് ചങ്ക് തകർന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഞാൻ വീട്ടിലേക്ക് ചെന്നുകയറിയത്. വീട്ടിൽ എന്നെ കാത്തിരുന്നത് നടുക്കുന്ന മറ്റൊരുവാർത്തയായിരുന്നു. കാവേരി ഒന്നര മാസം ഗർഭിണിയാണ്.

എനിക്ക് നൂറു ശതമാനം ഉറപ്പുണ്ടായിരുന്നു അതെന്റെ കുഞ്ഞല്ലെന്ന്. പക്ഷേ ആരോടും ഞാനക്കാര്യം പറഞ്ഞില്ല. എനിക്ക് ഒരച്ഛനാകാൻ കഴിയില്ലെന്ന സത്യം എല്ലാവരിൽ നിന്നും ഞാൻ മറച്ചുപിടിച്ചു. കാവേരിയെയും കുഞ്ഞിനെയും മനസ്സ് കൊണ്ട് അംഗീകരിക്കാൻ ഞാൻ തയ്യാറെടുക്കുകയായിരുന്നു. കാവേരി എന്നെ ചതിക്കുകയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെ എനിക്കെങ്ങനെ അവളോട്‌ ക്ഷമിക്കാൻ കഴിഞ്ഞുവെന്ന് ഞാൻ അത്ഭുതത്തോടെ ചിന്തിച്ചു. കൂടുതൽ അന്വേഷണം നടത്തിയപ്പോൾ അവളുടെ രഹസ്യ കാമുകനാരാണെന്നും എനിക്ക് മനസ്സിലായി. കാവേരിയുടെ വീടിനടുത്ത് തന്നെയുള്ള പയ്യനായിരുന്നു ആൾ, കോളേജിൽ ഒരുമിച്ച് പഠിച്ചിരുന്നവർ. ജോലിയൊന്നുമില്ലാത്തത് കൊണ്ട് കാവേരിയുടെ വീട്ടുകാർ അവളെ അവന് കെട്ടിച്ചുകൊടുക്കാൻ വിസമ്മതിച്ചു. ഞാനുമായി കാവേരിയുടെ വിവാഹം കഴിഞ്ഞപ്പോൾ അവൻ ഗൾഫിൽ ജോലി ശരിയാക്കി അങ്ങോട്ടേക്ക് പോയി. അവൻ നാട്ടിൽ വന്ന ശേഷമാണ് കാവേരി, അടുപ്പിച്ച് കുറേദിവസം സ്വന്തം വീട്ടിൽ നിൽക്കാനായി പോയത്. കാര്യങ്ങളുടെ കിടപ്പുവശം എനിക്ക് ഏകദേശം മനസ്സിലായി. ലീവ് കഴിഞ്ഞ് അവൻ തിരിച്ചുപോവുകയും ചെയ്തു.

ഒന്നുമറിയാത്ത ഭാവത്തിൽ എന്റൊപ്പം ജീവിക്കുമ്പോഴും കാവേരിയുടെയുള്ളിൽ എന്നെ വഞ്ചിച്ചതിന്റെ കുറ്റബോധമുണ്ടെന്ന് അവളുടെ പ്രവൃത്തിയിൽ നിന്നെനിക്ക് മനസ്സിലായി. രാത്രി ഞാൻ ഉറങ്ങിക്കഴിഞ്ഞ് എന്റെ കാലിൽ മുഖം പൂഴ്ത്തി അവൾ പൊട്ടിക്കരയുന്നത് ഞാൻ അറിഞ്ഞഭാവം കാണിച്ചില്ല. പക്ഷേ അധികനാൾ അത് തുടർന്നില്ല. അലമാരയിൽ ഞാനൊളിപ്പിച്ചുവച്ച റിപ്പോർട്ട്‌സൊക്കെ ഒരുദിവസം അവൾ കണ്ടു. ലാബ് ടെക്നീഷ്യനായ കാവേരിക്ക് ആ റിപ്പോർട്സിലുള്ളത് മനസ്സിലാക്കാൻ എളുപ്പമായിരുന്നു. എനിക്കൊരിക്കലും ഒരച്ഛനാകാൻ കഴിയില്ലെന്ന സത്യം അവൾ തിരിച്ചറിഞ്ഞു. എല്ലാം അറിഞ്ഞുകൊണ്ട് ഞാൻ പ്രതികരിക്കാതിരുന്നതാണെന്ന് മനസ്സിലാക്കിയ കാവേരി തെറ്റുകൾ ഏറ്റുപറഞ്ഞ് എനിക്കുമുന്നിൽ മാപ്പിരന്നു. അവളോട്‌ ക്ഷമിക്കാൻ ഞാൻ തയ്യാറാണെന്നും അവളെയും കുഞ്ഞിനെയും പൊന്നുപോലെ നോക്കികൊള്ളാമെന്നും ഞാൻ പറഞ്ഞു. പകരം ഇനിയൊരിക്കൽക്കൂടി എന്നെ വഞ്ചിക്കരുതെന്ന് മാത്രമാണ് കാവേരിയോട് ഞാനാവശ്യപ്പെട്ടത്. പക്ഷേ കാവേരിയുടെ തീരുമാനം മറ്റൊന്നായിരുന്നു.

പിറ്റേന്നുതന്നെ അവളുടെയും എന്റെയും ബന്ധുക്കളെ വിളിച്ചുവരുത്തി ഒരു കുമ്പസാരം പോലെ സത്യങ്ങളെല്ലാം കാവേരി എല്ലാവർക്കുമുന്നിലും തുറന്നടിച്ചു. അതോടെ ആ ബന്ധത്തിന് തിരശ്ശീല വീണു. എന്നിൽ നിന്നും ഡിവോഴ്സ് വാങ്ങി അവൾ ആ പയ്യനെ വിവാഹം കഴിച്ച് അവരുടെ കുഞ്ഞുമായി സുഖമായി കഴിയുന്നുണ്ട്." പോക്കറ്റിൽ നിന്നും തൂവാലയെടുത്ത് നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് കിഷോർ പറഞ്ഞുനിർത്തി. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ സുധീഷിന്റെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു. നെഞ്ചിൽ ഒരു കല്ലെടുത്തുവച്ചത് പോലെ അവന് തോന്നി. "കിഷോർ... താനെങ്ങനെ ഇതൊക്കെ സഹിച്ചു. ഭാര്യ തന്നെ വഞ്ചിച്ചുവെന്നറിഞ്ഞാൽ ഒരു പുരുഷനും അത് ക്ഷമിക്കാൻ കഴിയില്ല. എന്നിട്ടും തനിക്കെങ്ങനെ കാവേരിയോട് ക്ഷമിക്കാൻ സാധിച്ചു." "എന്റെ ബലഹീനതയാണ് അവളോട്‌ ക്ഷമിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഒരു കുഞ്ഞിനെ ഓമനിക്കാൻ ഞാൻ അത്രയ്ക്ക് ആഗ്രഹിച്ചിരുന്നു സുധീഷ്. അതുകൊണ്ടാണ് അർച്ചനയെപ്പറ്റി ഒന്നുമറിയാഞ്ഞിട്ടുകൂടി എന്റെ മനസ്സിൽ അവളോട്‌ ഒരിഷ്ടം തോന്നാൻ കാരണം." "ഒരു കുഞ്ഞുണ്ടാവില്ലെന്നത് ഒരിക്കലും ഒരു ബലഹീനതയായി കാണരുത് കിഷോർ.

അതൊന്നും അത്ര വലിയ പ്രശ്നമല്ല. തന്റെ കുഞ്ഞല്ലെന്ന് അറിഞ്ഞിട്ടും കാവേരിയുടെ വയറ്റിൽ ജന്മംകൊണ്ട മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തമായി കാണാനും സ്നേഹിക്കാനും തോന്നിയ ഈ വല്യ മനസ്സ് മതിയല്ലോ കിഷോറിന് മറ്റേത് കുഞ്ഞിനെ സ്നേഹിക്കാനും." "എന്റെ ജീവിതത്തിൽ ഇനിയൊരു വിവാഹമുണ്ടാകില്ല സുധീഷ്. അത് അർച്ചനയോട് തോന്നിയ ഇഷ്ടം കൊണ്ടൊന്നുമല്ല. ഒരിക്കൽ കൂടി അങ്ങനെയൊരു വേഷം കെട്ടാൻ മനസ്സ് വരുന്നില്ല. ആദ്യ വിവാഹം കാരണം ഞാൻ അത്രയേറെ നാണംകെട്ടുപോയി സുധീഷ്." "അർച്ചനയുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്നറിയാൻ കിഷോറിന് താല്പര്യമുണ്ടോ?" സുധീഷിന്റെ ചോദ്യം കേട്ട് അവനൊന്ന് അമ്പരന്നു. "ചില സമയത്ത് തോന്നിയിട്ടുണ്ട്... പിന്നെ അർച്ചനയോട് മനഃപൂർവ്വമാണ് അതേപറ്റി ഒന്നും ചോദിക്കാതിരുന്നത്. പഴയതൊക്കെ ചിക്കിചികഞ്ഞു ചോദിച്ച് വെറുതെ അവളെ വിഷമിക്കണ്ട എന്ന് വിചാരിച്ചു." "അവളുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് ഞാൻ പറയാം കിഷോർ. പക്ഷേ ഒരിക്കൽപോലും തനിക്കെല്ലാമറിയാമെന്ന് അർച്ചന അറിയാൻ ഇടവരരുത്." "ഇല്ല സുധീഷ്..."

അർച്ചനയുടെ ജീവിതത്തിൽ അതുവരെ സംഭവിച്ച എല്ലാ കാര്യങ്ങളും സുധീഷ് അവനോട് പറഞ്ഞു. എല്ലാം അറിഞ്ഞുകഴിഞ്ഞപ്പോൾ അവളുടെ അവസ്ഥയോർത്ത് കിഷോറിന് അതികഠിനമായ ദുഃഖം തോന്നി. "സ്വന്തം തെറ്റ് കാരണം തന്റെ അമ്മയെ നഷ്ടപ്പെട്ട കുറ്റബോധവും പേറിയുള്ള ഒരു ജീവിതമാണ് അർച്ചനയുടേത്. ഉള്ളിൽ എത്രമാത്രം വേദനയും നീറ്റലും അവളനുഭവിക്കുന്നുണ്ടെന്ന് കിഷോറിനറിയോ." "അർച്ചനയുടെ മാനസികാവസ്ഥ എനിക്ക് മനസ്സിലാവും സുധീഷ്. സ്വന്തം തെറ്റുകൾ മനസ്സിലാക്കി അത് ഫേസ് ചെയ്യാൻ അവൾ തീരുമാനിച്ചില്ലേ. ഒറ്റയ്ക്ക് പൊരുതി ജയിക്കാൻ അർച്ചനയ്ക്ക് കഴിയും." "ഒരു നല്ല സുഹൃത്തായി കിഷോറും അവളോടൊപ്പം ഉണ്ടാവണം. തനിക്ക് അർച്ചനയോട് തോന്നിയ ഇഷ്ടം ആ മനസ്സിൽ തന്നെ ഇരുന്നോട്ടെ. അവളതറിഞ്ഞാൽ ഒരിക്കലും അംഗീകരിച്ചുതരില്ല. വെറുതെ നല്ലൊരു സുഹൃത്തിനെ നഷ്ടപ്പെടുത്തരുത് കിഷോർ." "ഇല്ല സുധീഷ്... തിരിച്ചൊന്നും പ്രതീക്ഷിച്ചുകൊണ്ടല്ല ഞാനവളെ ഇഷ്ടപ്പെട്ടത്.

അർച്ചനയോട് തോന്നിയ ഇഷ്ടം അതെന്നും എന്റെ മനസ്സിൽതന്നെ ഉണ്ടാകും. ഒരിക്കലും ഇതിന്റെ പേരിൽ അവൾക്ക് വേദനിക്കേണ്ടി വരില്ല. അർച്ചനയെപ്പോലെ നല്ലൊരു സുഹൃത്തിനെ നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല." "താങ്ക്സ് കിഷോർ.." മനസ്സ് നിറഞ്ഞൊരു പുഞ്ചിരി അവന് സമ്മാനിച്ചുകൊണ്ട് സുധീഷ് പറഞ്ഞു. "ഇറ്റ്സ് ഓക്കേ.." "തന്നെപ്പറ്റി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലല്ലോ. നാട്ടിലെവിടെയാണ് കിഷോറിന്റെ വീട്?. ഇപ്പൊ ആരൊക്കെയുണ്ട് വീട്ടിൽ?." സുധീഷ് ചോദിച്ചു. "നാട്ടിൽ കൊല്ലത്താണ് താമസം... വീട്ടിൽ അമ്മ മാത്രേയുള്ളൂ. രണ്ടുവർഷം മുൻപാണ് അച്ഛൻ മരിച്ചത്. എന്റെ കൂടെ ഇങ്ങോട്ട് വരാൻ വിളിച്ചെങ്കിലും അമ്മ വരാൻ കൂട്ടാക്കുന്നില്ല." "അടുത്ത തവണ നാട്ടിൽ പോകുമ്പോൾ ഒന്നൂടെ വിളിച്ചുനോക്കൂ." "നോക്കണം... എനിക്കും ഇവിടെ ഒറ്റയ്ക്ക് നിന്ന് മടുത്തു. എങ്കിൽ പിന്നെ നാളെ കാണാം സുധിഷ്..." അവനോട് യാത്ര പറഞ്ഞ് കിഷോർ കാറിൽ കയറി ഓടിച്ചുപോയി. അവരിരുവരുടെയും സംഭാഷണമെല്ലാം കേട്ടുകൊണ്ട് മറ്റൊരാൾ അവിടെ നിന്നിരുന്നത് സുധീഷ് അറിഞ്ഞിരുന്നില്ല.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story