വിരൽത്തുമ്പിലാരോ : ഭാഗം 31

viralthumbil aro

രചന: ശിവാ എസ് നായർ

"ഹരിയേട്ടനെന്താ ആലോചിക്കുന്നത്?" നിറമിഴികളോടെ പാർവ്വതി അവന്റെ മുഖത്തേക്കുറ്റുനോക്കി. "നിന്നെ ഞാനങ്ങനെ ഉപേക്ഷിച്ചുകളയോ പാറു. ട്രീറ്റ്മെന്റ് ചെയ്താൽ മാറാവുന്ന പ്രോബ്ലമല്ലേ നിനക്കുള്ളൂ. അതിന് നീ ഇങ്ങനെയൊക്കെ ചിന്തിക്കാമോ?" ശ്രീഹരി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. "എന്റെ പ്രോബ്ലം ഒരിക്കലും മാറിയില്ലെങ്കിലോ?" "മാറും... സ്വന്തമായൊരു കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കാത്ത ഭാര്യയോ ഭർത്താവോ ഉണ്ടാകില്ല... കുറച്ചു പതിയെയായാലും നമുക്കും ഒരു കുഞ്ഞിനെ വേണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. നിന്റെ ട്രീറ്റ്മെന്റൊക്കെ കഴിഞ്ഞാൽ ആ ആഗ്രഹവും നടക്കും." "ഹരിയേട്ടാ എനിക്ക് നല്ല പേടിയുണ്ട്... വിശേഷമൊന്നുമായില്ലെന്ന് പറഞ്ഞ് ഹരിയേട്ടന്റെ അമ്മ ഇപ്പൊത്തന്നെ എനിക്കൊരു സമാധാനവും തരുന്നില്ല." "അമ്മ പറയുന്നതൊന്നും നീ കാര്യമാക്കണ്ട. നിന്റെ കൂടെ എന്തിനും ഏതിനും ഞാനില്ലേ. ഇപ്പൊ എനിക്കായിരുന്നു പ്രോബ്ലമെങ്കിൽ നീയെന്നെ ഉപേക്ഷിക്കുമായിരുന്നോ?"

"ഹരിയേട്ടനെ ഞാൻ ഉപേക്ഷിക്കാനോ... കുഞ്ഞുങ്ങളില്ലെങ്കിൽ വേണ്ടെന്ന് വയ്ക്കും ഞാൻ. എനിക്ക് എന്റെ ഹരിയേട്ടൻ മാത്രം മതി." പാർവ്വതിയുടെ സ്വരം ആർദ്രമായി. ശ്രീഹരി അവളെ ചേർത്തുപിടിച്ച് മുന്നോട്ട് നടന്നു. ഇനിയുമേറെ പരീക്ഷണങ്ങൾ തങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുകയാണെന്ന് അപ്പോഴവർ അറിഞ്ഞിരുന്നില്ല. ************** പ്രസവവും പ്രസവാനന്തര വിശ്രമവുമൊക്കെ കഴിഞ്ഞ് മൂന്നുമാസങ്ങൾക്ക് ശേഷം അർച്ചന ജോലിക്ക് പോയിത്തുടങ്ങിയിരുന്നു. ജോലി കഴിഞ്ഞ് വൈകുന്നേരങ്ങളിൽ കിഷോറിനൊപ്പമാണ് അർച്ചന വീട്ടിലേക്ക് വരുന്നത്. അർച്ചനയെ വീട്ടിലാക്കി കുറച്ചുസമയം കുട്ടികളോടൊപ്പം ചിലവഴിച്ച ശേഷമാണ് കിഷോർ മടങ്ങിപ്പോകാറുള്ളത്. സമയം കിട്ടുമ്പോഴൊക്കെ സുധീഷും അനീഷും അർച്ചനയെ കാണാനായി ചെന്നൈയിലേക്ക് വരുമായിരുന്നു. നിത്യയും ദിവസേന അർച്ചനയെ ഫോണിൽ വിളിച്ച് വിശേഷങ്ങൾ തിരക്കിയിരുന്നു. ഒരു ദിവസം രാത്രി പതിവുപോലെ അർച്ചന നിത്യയോട്‌ സംസാരിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് നിത്യ ആ സന്തോഷവാർത്ത അവളോട് പറയുന്നത്. "അച്ചൂ... അനീഷേട്ടന്റെ കാര്യം അച്ഛൻ സമ്മതിച്ചു."

"സത്യമാണോ നിത്യാ..." സന്തോഷത്താൽ അർച്ചനയുടെ സ്വരം ഇടറിപ്പോയി. "അതേടി... എനിക്ക് ജോലി ശരിയായപ്പോൾ തന്നെ അച്ഛന്റെ ഗൗരവത്തിന് ഒരൽപ്പം അയവ് വന്നിരുന്നു. ടെക്നോപാർക്കിൽ ജോലിക്ക് ജോയിൻ ചെയ്ത ശേഷം അച്ഛനെനിക്ക് പുതിയ ഫോൺ വാങ്ങിത്തന്നതൊക്കെ നിന്നോട് ഞാൻ പറഞ്ഞതല്ലേ. ഇന്നലെ അനീഷേട്ടൻ അച്ഛനെ വന്നുകണ്ട് സംസാരിച്ചിരുന്നു. അച്ഛന് ഇഷ്ടക്കേട് ഒന്നുമില്ലെങ്കിൽ വീട്ടുകാരെയും കൂട്ടി അടുത്ത ഞായറാഴ്ച വരാമെന്ന് അനീഷേട്ടൻ പറഞ്ഞു. അപ്പൊ അച്ഛൻ എന്താ പറഞ്ഞതെന്നറിയോ.?" നിത്യ പറഞ്ഞു നിർത്തി. "എന്ത് പറഞ്ഞു അച്ഛൻ...?" നിത്യയുടെ മറുപടിക്കായി കാതോർത്തുകൊണ്ട് അർച്ചന ചോദിച്ചു. "വീട്ടുകാരെയും കൂട്ടി വന്നോളാൻ പറഞ്ഞു. തല്ക്കാലം പരസ്പരം പറഞ്ഞ് വാക്കുറപ്പിക്കാമെന്ന്. നല്ലൊരു മുഹൂർത്തം നോക്കി നിശ്ചയം നടത്തിയിട്ട്, വിവാഹം കുറച്ചു പതിയെ മതിയെന്നാണ് അച്ഛന്റെ തീരുമാനം. അതുവരെ ഞാൻ ജോലി ചെയ്ത് സിംഗിൾ ലൈഫ് ആസ്വദിച്ച് അടിച്ചുപൊളിച്ചു നടക്കട്ടെയെന്ന് അച്ഛൻ അനീഷേട്ടനോട് പറഞ്ഞു." "നിന്റെ അച്ഛൻ ആള് കൊള്ളാലോ... വൈകിയാണെങ്കിലും നിന്നെ മനസ്സിലാക്കാൻ നിന്റെ വീട്ടുകാർക്ക് കഴിഞ്ഞല്ലോ."

"ഉടനെയൊന്നും വിവാഹം വേണ്ടെന്ന് തന്നെയായിരുന്നു ഞങ്ങളുടെയും ആഗ്രഹം. കുറച്ചുനാൾ ഇങ്ങനെ എൻജോയ് ചെയ്ത് നടക്കണമെന്നായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്നത്. ഏതായാലും ഒടുവിൽ ഞങ്ങൾ ആഗ്രഹിച്ച പോലെത്തന്നെ കാര്യങ്ങൾ എത്തിച്ചേർന്നതിൽ ഒരുപാട് സന്തോഷമുണ്ട് അച്ചു." "എല്ലാം നന്നായി നടക്കട്ടെ നിത്യാ... സമയമൊത്തിരിയായില്ലേ നീ കിടക്കാൻ നോക്ക്. എനിക്കും നാളെ ജോലിക്ക് പോകാനുണ്ട്." "എന്നാ ശരിയെടി... ഞാൻ നാളെ വിളിക്കാം." ഫോൺ സംഭാഷണം അവസാനിപ്പിച്ച് അർച്ചന കാൾ കട്ട്‌ ചെയ്തു. നിത്യയുടെയും അനീഷിന്റെയും കാര്യത്തിൽ തീരുമാനമായതിൽ അർച്ചനയ്ക്കൊരുപാട് സന്തോഷം തോന്നി. ആ സന്തോഷത്തോടെയാണ് അവൾ ഉറങ്ങാൻ കിടന്നത്. ************** പാർവ്വതിക്ക് പ്രശ്നമുള്ളത് കൊണ്ടാണ് കുട്ടികൾ ഉണ്ടാവാത്തതെന്ന് അറിഞ്ഞപ്പോൾ മുതൽ ഗീതയ്ക്ക് പാർവ്വതിയോടുള്ള സമീപനത്തിൽ പ്രകടമായ മാറ്റങ്ങൾ വരാൻ തുടങ്ങി. ആദ്യമൊക്കെ ഒളിഞ്ഞും തെളിഞ്ഞുമായിരുന്നു കുറ്റപ്പെടുത്തലുകളും മുറുമുറുപ്പുണ്ടായിരുന്നത്.

പിന്നെപ്പിന്നെ ശ്രീഹരിക്ക് മുന്നിൽ വച്ചും വീട്ടിൽ മറ്റ് ബന്ധുക്കൾ ഉള്ളപ്പോഴും തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റങ്ങൾ കണ്ടുപിടിച്ച് അവളെ ശകാരിക്കുകയെന്നത് ഗീതയ്ക്ക് പതിവായി. അമ്മയോട് ഒരു പരിധി വിട്ട് കയർത്ത് സംസാരിക്കാൻ ശ്രീഹരിക്കും മടിയായിരുന്നു. പാർവ്വതിയെ കുറച്ചെങ്കിലും സപ്പോർട്ട് ചെയ്തിരുന്നത് ശ്രീഹരിയുടെ അച്ഛൻ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ ശ്രീഹരിയുടെ അച്ഛൻ വീട്ടിലുള്ള സമയം ഗീത അവളെ കുറ്റപ്പെടുത്തുന്നത് നിർത്തി. ശ്രീഹരിയുടെ സമാധാന വാക്കുകളിൽ ആശ്വാസം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു പാർവ്വതി. അമ്മായി അമ്മയുടെ ഈ സ്വഭാവം കൊണ്ടാണ് ചേട്ടത്തിയെയും കൂട്ടി ശ്രീഹരിയുടെ ചേട്ടൻ വീട്ടിലേക്ക് അധികം വരാത്തതെന്ന് അവൾക്ക് മനസ്സിലായിരുന്നു. എങ്കിലും ഇടയ്ക്കൊക്കെ ഫോൺ വിളിച്ച് ചേട്ടത്തി അവളുടെ വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞിരുന്നു. ഗീതയുടെ കുത്തി കുത്തിയുള്ള വർത്തമാനത്തിൽ തീർത്തും മനസ്സ് മടുത്ത അവസ്ഥയായിരുന്നു പാർവ്വതിയ്ക്ക്.

ഒരു കുഞ്ഞിന് ജന്മം നൽകാൻ തന്റെ ഉദരത്തിന് കഴിയാതെ പോകുമോ എന്നുള്ള ആധി അവളെ തീർത്തും ദുഃഖത്തിലാഴ്ത്തിയിരുന്നു. പലപ്പോഴും ഗീതയുടെ മുനവച്ചുള്ള സംസാരം അവളെ തളർത്തിയിരുന്നു. എങ്കിലും മാസം മാസമുള്ള ചെക്കപ്പും ട്രീറ്റ്മെന്റും മുടങ്ങാതെ ചെയ്തുപോന്നു. അന്ന് ഡോക്ടറെ കണ്ട് ഇറങ്ങുമ്പോൾ പാർവ്വതിയും ശ്രീഹരിയും സന്തോഷത്തിലായിരുന്നു. ഇപ്പൊ അവളിലൊരു ശുഭാപ്തി വിശ്വാസം ഉടലെടുത്തിരുന്നു. തൈറോയ്ഡ് ലെവൽ കുറഞ്ഞുതുടങ്ങിയിട്ടുണ്ട്... ഓവറിയിൽ വളർന്നുകൊണ്ടിരുന്ന സിസ്റ്റും പേടിക്കേണ്ടതില്ലെന്ന് ഡോക്ടർ പറഞ്ഞു. ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് അധികനാൾ ഉണ്ടാവില്ലെന്ന് ഡോക്ടർ പറഞ്ഞത് പാർവ്വതിയെ അടിമുടി മാറ്റിയിരുന്നു. അന്ന് ഓഫീസിൽ തിരക്ക് കൂടുതലുള്ള ദിവസമായതുകൊണ്ട് ശ്രീഹരിക്ക് എത്രയും പെട്ടെന്നുതന്നെ തിരിച്ചുപോകേണ്ടതുണ്ടായിരുന്നു.

അതുകൊണ്ട് ഹോസ്പിറ്റലിൽ നിന്നും ഡോക്ടറെ കണ്ടിറങ്ങിയ ശേഷം പാർവ്വതിയെ ഒരു ടാക്സി വിളിച്ച് വീട്ടിലേക്ക് പറഞ്ഞുവിട്ട് ശ്രീഹരി നേരെ ഓഫീസിലേക്ക് പോയി. പാർവ്വതി വീട്ടിലെത്തുമ്പോൾ ഗീതയുടെ മൂത്ത ചേച്ചിയായ ഗിരിജയും വീട്ടിലുണ്ടായിരുന്നു. "വല്യമ്മ എപ്പോ വന്നു..?" ചിരിയോടെ അവൾ അവർക്കടുത്തേക്ക് വന്നിരുന്നു. "രാവിലെ നിങ്ങള് പോയി കുറച്ചുകഴിഞ്ഞപ്പോൾത്തന്നെ ഞാനെത്തിയിരുന്നു. ഗീത പറഞ്ഞു ഹരിക്കുട്ടൻ നിന്നെയും കൊണ്ട് ഹോസ്പിറ്റലിൽ പോയെന്ന്." "ഹരിയേട്ടന് തിരക്കായോണ്ട് എന്നെ ടാക്സിയിൽ കയറ്റി വിട്ടിട്ട് ഓഫീസിലേക്ക് പോയി. അവിടെ എന്തുണ്ട് വിശേഷം?" "വരുന്ന ഞായറാഴ്ച നിങ്ങളെ എല്ലാവരെയും അങ്ങോട്ട്‌ ക്ഷണിക്കാനാ ഞാൻ വന്നത്. അവിടെ രേഖയെ പ്രസവത്തിനായി അവളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ചടങ്ങാ ഞായറാഴ്ച. എല്ലാവരും ശനിയാഴ്ചതന്നെ അങ്ങോട്ട്‌ വന്നേക്കണേ." ഗിരിജയുടെ മൂത്ത മകൻ അരുണിന്റെ ഭാര്യയാണ് രേഖ. അവരുടെ കാര്യം പറഞ്ഞാണ് അമ്മ തന്നെ കൂടുതൽ കുത്തിനോവിക്കാറുള്ളതെന്ന് പാർവ്വതി ഓർത്തു. "ഹരിയേട്ടൻ വരുമ്പോൾ ഞാൻ പറയുന്നുണ്ട്."

ഡൈനിംഗ് ടേബിളിലിരുന്ന ജഗ്ഗിൽ നിന്നും അൽപ്പം വെള്ളം ഗ്ലാസ്സിലേക്ക് പകർന്നുകൊണ്ട് പാർവ്വതി പറഞ്ഞു. "ഹാ... അതിരിക്കട്ടെ നിന്റെ ട്രീറ്റ്മെന്റ് ഒക്കെ എവിടെവരെയായി. ഇന്ന് ഡോക്ടറെന്ത് പറഞ്ഞു." ഗിരിജയുടെ ചോദ്യം കേട്ടുകൊണ്ടാണ് അടുക്കളയിൽ നിന്നും ഗീത അങ്ങോട്ടേക്ക് വന്നത്. "ഓ... അവളോട്‌ ചോദിച്ചാ സത്യം പറയോ.. എനിക്ക് വല്യ പ്രതീക്ഷയൊന്നുമില്ല ചേച്ചി. എന്റെ മോന്റെ വിധി... അല്ലാതെന്ത് പറയാനാ." കൈയ്യിലിരുന്ന പാത്രങ്ങൾ ഡൈനിംഗ് ടേബിളിൽ നിരത്തികൊണ്ട് ഗീത പറഞ്ഞു. "അങ്ങനെയൊന്നും പറയല്ലേ ഗീതേ... നീ പറഞ്ഞത് അവൾക്ക് സങ്കടായിട്ടുണ്ട്." ഗിരിജ പാർവ്വതിയെ നോക്കിക്കൊണ്ട് പറഞ്ഞു. ഗീതയുടെ സംസാരം പാർവ്വതിയെ ചൊടിപ്പിച്ചിരുന്നു. ഒരുനിമിഷം കണ്ണുകൾ നിറഞ്ഞെങ്കിലും അവളത് സമർത്ഥമായി മറച്ചു. വെള്ളം കുടിച്ചുതീർത്ത് ഡൈനിംഗ് ടേബിളിലേക്ക് ശക്തിയോടെ അവൾ ഗ്ലാസ്‌ വച്ചു. എന്നിട്ട് രൂക്ഷമായി ഗീതയെ ഒന്ന് നോക്കി.

"ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല വല്യമ്മേ. കുറേ നാളായി അമ്മയുടെ കുത്തുവാക്ക് ഞാൻ സഹിക്കുന്നു. ഒരു കുഞ്ഞിനെ താലോലിക്കാൻ എനിക്കും ആഗ്രഹമില്ലാതിരിക്കോ... ഒരു കുഞ്ഞുണ്ടാവാത്തതിന്റെ പേരിൽ ഈ നിമിഷം വരെ അമ്മയുടെ വായിലിരിക്കുന്നത് മുഴുവനും കേട്ട് മനസ്സ് മടുത്ത് കഴിയുകയാണ് ഞാനിവിടെ. ആശ്വാസവാക്ക് പറഞ്ഞ് സമാധാനിപ്പിച്ചില്ലെങ്കിലും വേണ്ടില്ല ഇങ്ങനെ പരിഹസിക്കാതിരുന്നുകൂടെ അമ്മയ്ക്ക്. എനിക്ക് പകരം ഹരിയേട്ടനായിരുന്നു പ്രശ്നമെങ്കിൽ അമ്മ എന്ത് ചെയ്തേനെ? സ്വന്തം മോനെ ഇങ്ങനെ പുറകേനടന്ന് കുത്തുവാക്ക് പറയുകയും ബന്ധുക്കളെ മുന്നിൽ വച്ച് പരിഹസിച്ചും കുറ്റപ്പെടുത്തുകയും ചെയ്യുമായിരുന്നോ?മനുഷ്യന് സഹിക്കുന്നതിനൊരു പരിധിയുണ്ട്. ട്രീറ്റ്മെന്റ് ചെയ്ത് മാറ്റിയെടുക്കാവുന്ന പ്രശ്നമേ എനിക്കുള്ളൂ. ഇനിയും ഇതിന്റെ പേരിൽ എന്തെങ്കിലും മുറുമുറുത്തോണ്ട് വന്നാൽ മിണ്ടാതെ കേട്ടോണ്ട് നിൽക്കാൻ എന്നെ കിട്ടില്ല. ഹരിയേട്ടൻ എന്നെയിങ്ങോട്ട് കല്യാണം കഴിച്ചുകൊണ്ട് വന്നപ്പോൾ അമ്മയുടെ സ്വഭാവം ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ..." കിതച്ചുകൊണ്ടാണ് പാർവ്വതി അത്രയും പറഞ്ഞവസാനിപ്പിച്ചത്.

അവൾ പറഞ്ഞതൊക്കെ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ഗീതയും ഗിരിജയും. പാർവ്വതിയിൽ നിന്നും അത്തരമൊരു പ്രതികരണം ഇരുവരും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടുപേരും അവളെ അന്തംവിട്ട് നോക്കിയിരുന്നു. ഗീതയെ ഒന്നിരുത്തി നോക്കിയ ശേഷം പാർവ്വതി തന്റെ മുറിയിലേക്ക് പോയി. ഇനിയിതുപോലെ ആവർത്തിച്ചാൽ ചുട്ടമറുപടി കൈയ്യോടെ തന്നെ കൊടുക്കണമെന്ന് അവൾ മനസ്സിലുറപ്പിച്ചു. "ഗീതേ വെറുതെ അതുമിതും പറഞ്ഞ് അവളെ വിഷമിപ്പിക്കാൻ നിൽക്കണ്ട. നിന്റെ അമ്മായിഅമ്മ പോര് കൈയ്യിൽ തന്നെ വച്ചാൽ മതി. ഇപ്പോഴത്തെ പിള്ളേരൊന്നും അധികനാൾ കേട്ടോണ്ട് നിന്നെന്ന് വരില്ല." പാർവ്വതി പോയവഴിയേ നോക്കികൊണ്ട് ഗിരിജ പറഞ്ഞു. "അവളിങ്ങനെ പൊട്ടിത്തെറിക്കുമെന്ന് ഞാൻ വിചാരിച്ചില്ല ചേച്ചി. എന്റെ കണ്ണടയുംമുൻപ് ഹരീടെ കുഞ്ഞിനെ കാണണമെന്ന ആഗ്രഹം കൊണ്ട് ഓരോന്ന് പറഞ്ഞുപോകുന്നതാ." "വേറൊരു വീട്ടീന്ന് വന്നുകയറിയ കൊച്ചാ. അതിന്റെ കണ്ണീര് ഈ കുടുംബത്ത് വീഴാൻ പാടില്ല.

അവള് പറഞ്ഞതുപോലെ നമ്മുടെ ഹരിക്കായിരുന്നു പ്രശ്നമെങ്കിൽ നീയിങ്ങനെ പെരുമാറുമായിരുന്നോ ഗീതേ.?" "അത്... ചേച്ചി... ഞാൻ.." ഗിരിജയുടെ ചോദ്യത്തിന് മുന്നിൽ അവർക്ക് ഉത്തരമില്ലായിരുന്നു. ഉച്ചയ്ക്കത്തെ ഊണുംകഴിഞ്ഞ് വെയിലൊന്ന് കുറഞ്ഞ ശേഷമാണ് ഗിരിജ യാത്ര പറഞ്ഞിറങ്ങിയത്. പാർവ്വതിയുടെ പ്രതികരണം ഗീതയുടെ സ്വഭാവത്തിന് അയവ് വരുത്തിയിരുന്നു. പഴയതുപോലെ ഗീതയുടെ അർത്ഥം വച്ചുള്ള സംസാരമില്ലാതായപ്പോൾത്തന്നെ പാർവ്വതിക്ക് ആശ്വാസമായി. അമ്മയുടെ പെട്ടെന്നുള്ള മാറ്റം ശ്രീഹരിയെയും അമ്പരപ്പിച്ചു. അമ്മയെ എങ്ങനെ മെരുക്കിയെടുത്തെന്ന് ശ്രീഹരി ചോദിച്ചപ്പോൾ പാർവ്വതി നടന്നതൊക്കെ അവനോട് പറഞ്ഞു. അതേതായാലും നന്നായെന്ന് അവനും തോന്നി. പാർവ്വതിയുടെ ട്രീറ്റ്മെന്റ് മുടക്കമില്ലാതെ തുടർന്നുപോന്നു. ഒരു കുഞ്ഞിനായുള്ള അവളുടെ കാത്തിരിപ്പിന് തടസ്സമായിരുന്ന തൈറോയ്ഡ് എന്ന അസുഖവും നിരന്തരമായ ചികിത്സയ്ക്കൊടുവിൽ കുറഞ്ഞിരുന്നു.

ഇനി കുട്ടികൾക്ക് വേണ്ടി ട്രൈ ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ പാർവ്വതിക്ക് ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു. പിന്നീടുള്ള ദിവസങ്ങൾ അവൾക്ക് കാത്തിരിപ്പിന്റേതായിരുന്നു. ************** സുധീഷിന്റെ വിവാഹം ഉറപ്പിച്ചു. കൂടെ വർക്ക്‌ ചെയ്യുന്ന പെൺകുട്ടിയായിരുന്നു വധു, പേര് ഹരിത. രണ്ടുപേരും ഒരുമിച്ച് വർക്ക്‌ ചെയ്യാൻ തുടങ്ങിയിട്ട് കുറേനാളായി. പരസ്പരം ഒരിഷ്ടം തോന്നിയപ്പോൾ ഇരുവരും തുറന്നുപറഞ്ഞു. സുധീഷ് വീട്ടുകാരെയും കൂട്ടി ഹരിതയുടെ വീട്ടിൽപോയി പെണ്ണ് ചോദിച്ചു. ഹരിതയുടെ വീട്ടുകാർക്കും വിവാഹത്തിന് പൂർണ്ണസമ്മതമായിരുന്നു. അതിനിടയിൽതന്നെ അനീഷിന്റെ കാര്യത്തിലും തീരുമാനമായിരുന്നു. സുധീഷിന്റെയും അനീഷിന്റെയും നിശ്ചയം ഒരേദിവസംതന്നെ നടത്തി. ആറുമാസം കഴിഞ്ഞ് സുധീഷിന്റെയും ഹരിതയുടെയും വിവാഹത്തിനുള്ള തിയ്യതിയും കുറിക്കപ്പെട്ടു.

നിശ്ചയത്തിന് അർച്ചനയ്ക്കും കിഷോറിനും സുധാമണിക്കുമൊക്കെ പ്രത്യേക ക്ഷണമുണ്ടായിരുന്നെങ്കിലും ലീവ് ശരിയാകാത്തതുകൊണ്ട് അർച്ചനയ്ക്കും കിഷോറിനും നിശ്ചയത്തിന് പോകാൻ കഴിഞ്ഞിരുന്നില്ല. അർച്ചനയുടെ മക്കൾക്കിപ്പോ ഒന്നരവയസ്സ് കഴിഞ്ഞു. അവളുടെ ലോകം അവരെ ചുറ്റിപ്പറ്റി നിലകൊണ്ടു. കുട്ടികളുടെ കളിചിരികൾ കാണുമ്പോൾ അർച്ചന തന്റെ വിഷമങ്ങളൊക്കെ മറന്നിരുന്നു. കിഷോറിനും അർച്ചനയുടെ കുട്ടികളെന്ന് വച്ചാൽ ജീവനായിരുന്നു. ജനിച്ചുവീണപ്പോൾ മുതൽ അവരെ കാണുന്നതുകൊണ്ട് ഒരുദിവസം പോലും ആ കുരുന്നുകളെ കാണാതിരിക്കാൻ അവന് കഴിയുമായിരുന്നില്ല. കുട്ടികളോടുള്ള അടുപ്പം അവനെ അർച്ചനയിലേക്കും അടുപ്പിച്ചിരുന്നു. എങ്കിലും ഒരു സൗഹൃദത്തിൽ കവിഞ്ഞ്‌ മറ്റൊന്നും കിഷോർ അവളിൽ നിന്നും ആഗ്രഹിച്ചില്ല. ************** ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രെഗ്നൻസി കിറ്റിൽ കണ്ട രണ്ട് പിങ്ക് വരകൾ പാർവ്വതിക്കും ശ്രീഹരിക്കും അവിശ്വസനീയമായി തോന്നി.

ഇരുവർക്കും ആഹ്ലാദമടക്കാനായില്ല. രണ്ട് പിങ്ക് വരകളിൽ ഒന്നിന് അധികം തെളിച്ചമില്ലാതിരുന്നത് പാർവ്വതിയിൽ നേരിയ ആശങ്ക പടർത്തിയിരുന്നു. അന്നുതന്നെ അവർ, തങ്ങൾ സ്ഥിരമായി കാണിച്ചിരുന്ന ഡോക്ടർ ഹിമയെ പോയി കണ്ടു. ഡോക്ടർ അവളെ വിശദമായിത്തന്നെ പരിശോധിച്ചു. സംശയനിവാരണത്തിനായി ബ്ലഡ്‌ ടെസ്റ്റും ചെയ്യിപ്പിച്ചു. ബ്ലഡ്‌ ടെസ്റ്റിന്റെ റിപ്പോർട്ട്‌ കണ്ടപ്പോൾ ഡോക്ടർ ഹിമയുടെ മുഖത്തെ തെളിച്ചക്കുറവ് ശ്രീഹരിയിലും പാർവ്വതിയിലും പ്രകടമായി. "പാർവ്വതിക്ക് പീരിയഡ്സ് തെറ്റിയിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ. ബ്ലഡിൽ ബീറ്റാ എച്ച്. സി. ജി ഹോർമോൺ സാന്നിധ്യം വളരെ കുറവാണ്. നമുക്ക് വൺ വീക്ക്‌ കൂടി വെയിറ്റ് ചെയ്യാം. ഒരാഴ്ച കഴിഞ്ഞ് ഒന്നുകൂടി ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാം. താൻ നന്നായി റസ്റ്റ്‌ എടുക്കണം, പ്രെഗ്നൻസി വീക്കിലി പോസിറ്റീവാണ്. അബോർഷൻ ആകാനുള്ള ചാൻസ് വളരെക്കൂടുതലാണ്. ചില റെയർ കേസിൽ ഇതുപോലെ പ്രെഗ്നൻസി കിറ്റിൽ പോസിറ്റീവ് കാണിച്ചശേഷം മിസ്കാര്യേജായി പോയിട്ടുണ്ട്.

അതുകൊണ്ട് അധികം പ്രതീക്ഷ വയ്ക്കണ്ട. നിങ്ങളോടുള്ള അടുപ്പം കൊണ്ടാണ് ഞാനിത്രയും തുറന്ന് സംസാരിക്കുന്നത്." ഡോക്ടർ ഹിമയുടെ വാക്കുകൾ അവരുടെ പ്രതീക്ഷകളെ അപ്പാടെ തകിടം മറിക്കാൻ പോന്നതായിരുന്നു. ഒരാഴ്ച കഴിഞ്ഞ് തന്നെ വന്നുകാണാൻ ഡോക്ടർ അവരോട് പറഞ്ഞു. കൃത്യം ഒരാഴ്ച കഴിഞ്ഞതും പാർവ്വതിക്ക് ബ്ലീഡിങ്ങായി. അതവരെ മാനസികമായി നന്നായി പിടിച്ചുലച്ചു. ആറുമാസത്തിനിടയ്ക്ക് തുടർച്ചയായി മൂന്നുതവണയും ഇതുതന്നെ തുടർന്നു. ഇത്തവണ ഡോക്ടർ ഹിമ ഇരുവർക്കും വിശദമായി ടെസ്റ്റുകൾ നടത്തി. റിപ്പോർട്ട്‌ കിട്ടാൻ കുറച്ച് കാലതാമസമെടുക്കും. പാർവ്വതിയോട് മൂന്നുമാസത്തേക്കിനി പ്രെഗ്നൻസിക്കായി ട്രൈ ചെയ്യേണ്ടെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞു. മാനസികമായും ശാരീരികമായും പാർവ്വതി നന്നേ തളർന്നിരുന്നു. ശ്രീഹരിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. ഡോക്ടർ വിശ്രമം പറഞ്ഞിരുന്നതിനാൽ പാർവ്വതിയുടെ വീട്ടുകാർ അവളെ അവളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി.

ഒരു കുഞ്ഞിക്കാൽ കാണാനുള്ള സ്വപ്നം നീണ്ടുപോകുന്നത് അവരെ നന്നായി വേദനിപ്പിച്ചു. ശ്രീഹരിയെക്കാൾ സങ്കടമായിരുന്നു പാർവ്വതിക്ക്. മൂന്നുതവണ അടുപ്പിച്ച് ബ്ലീഡിങ്ങായപ്പോൾതന്നെ അവൾക്കത് സഹിക്കാൻ കഴിഞ്ഞില്ല. പ്രാർത്ഥനയും വഴിപാടുമായി അവൾ ദിവസങ്ങൾ തള്ളിനീക്കി. സ്വന്തം വീട്ടിലായിരുന്നതിനാൽ പാർവ്വതി ഇടയ്ക്കിടെ സുധീഷിനെ വഴിയിൽ വച്ച് കണ്ടുമുട്ടുമായിരുന്നു. ശ്രീഹരി പറഞ്ഞ് അവരുടെ പ്രശ്നങ്ങളൊക്കെ അറിയാമായിരുന്നതിനാൽ അവളെ കാണുമ്പോഴൊക്കെ സമാധാന വാക്കുകൾ പറഞ്ഞ് സുധീഷും പാർവ്വതിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അർച്ചനയുടെ കണ്ണീരിന്റെ ഫലമാണ് പാർവ്വതി കൂടി അനുഭവിക്കേണ്ടി വരുന്നതെന്ന് സുധീഷോർത്തു. ************** രണ്ടാഴ്ച കഴിഞ്ഞാൽ സുധീഷിന്റെയും ഹരിതയുടെയും വിവാഹമാണ്. ഒരാഴ്ച മുൻപുതന്നെ എത്തിച്ചേരാൻ അർച്ചനയോടും കിഷോറിനോടും സുധാമണിയോടും സുധീഷ് പ്രത്യേകം പറഞ്ഞിരുന്നു.

കുഞ്ഞുങ്ങൾ ഉള്ളതുകൊണ്ട് കിഷോറിന്റെ കാറിൽത്തന്നെ തിരുവനന്തപുരത്തേക്ക് പോകാമെന്ന തീരുമാനത്തിലായിരുന്നു അവർ. ശ്രീഹരിയെയും പാർവ്വതിയെയും അവളുടെ വീട്ടുകാരെയുമൊക്കെ സുധീഷ് വിവാഹത്തിന് ക്ഷണിച്ചിരുന്നു. പാർവ്വതി സ്വന്തം വീട്ടിലായതുകൊണ്ട് രണ്ടുദിവസം മുൻപേ തന്നെ അച്ഛന്റെയും അമ്മയുടേയും കൂടെ അങ്ങോട്ട്‌ വന്നേക്കണമെന്ന് സുധീഷ് പറഞ്ഞു. മനസ്സിൽ ചില പദ്ധതികൾ തീരുമാനിച്ചുറപ്പിച്ചുകൊണ്ടാണ് സുധീഷ് പാർവ്വതിയെ രണ്ടുദിവസം മുൻപേതന്നെ വീട്ടിലേക്ക് ക്ഷണിച്ചത്. വിവാഹത്തിന് ഒരാഴ്ച ബാക്കിനിൽക്കെ അർച്ചനയും കിഷോറും സുധാമണിയും കുട്ടികളെയും കൂട്ടി ചെന്നൈയിൽ നിന്നും യാത്ര തിരിച്ചു. ഇതിനിടയിൽ അനീഷിന്റെ സഹായത്തോടെ നാട്ടിലുള്ള വീടും സ്ഥലവും വിറ്റ് ബാക്കി പൈസ ലോണെടുത്ത് സിറ്റിയിൽത്തന്നെ അർച്ചന ഒരു വീട് വാങ്ങിയിരുന്നു. അങ്ങോട്ടേക്കാണ് അവരിപ്പോ പോകുന്നത്. അർച്ചനയുടെ ആ വരവ് ചില ജീവിതങ്ങൾ മാറ്റിമറിക്കാൻ പോവുകയാണെന്ന സത്യം ആരുമറിഞ്ഞില്ല........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story