വിരൽത്തുമ്പിലാരോ : ഭാഗം 33

viralthumbil aro

രചന: ശിവാ എസ് നായർ

"ഇല്ല... ഞാനിത് വിശ്വസിക്കില്ല... ഹരിയേട്ടൻ അത്തരക്കാരനല്ല. എന്നോട് ഇങ്ങനെയൊരു ചതി ചെയ്യാൻ ഹരിയേട്ടനാവില്ല." അവളുടെ സ്വരം ദൃഢമായിരുന്നു. "ഈ കുഞ്ഞുങ്ങളുടെ മുഖത്തേക്ക് നീയൊന്ന് സൂക്ഷിച്ചുനോക്ക്... അപ്പൊ മനസ്സിലാകും നിനക്ക് ഞാൻ പറയുന്നത് സത്യമാണോ കള്ളമാണോന്ന്." തെല്ലൊരു പുച്ഛത്തോടെ സുധീഷ് പറഞ്ഞു. പാർവ്വതിയുടെ മിഴികൾ ദിയ മോളിലും ദേവ് മോനിലും ശ്രീഹരിയുടെ മുഖഛായ തേടുകയായിരുന്നു. ദേവിനെക്കാണാൻ അർച്ചനയെ പോലെയാണെങ്കിൽ ദിയ മോളെ കാണാൻ ശ്രീഹരിയെ പോലെയായിരിന്നു. അനീഷിന്റെ കൈയ്യിലിരുന്ന് കളിച്ചുകൊണ്ടിരുന്ന ദിയമോളും പതിയെ സുധീഷിന്റെ അടുത്തേക്ക് നടന്നുവന്നു. പാർവ്വതി രണ്ടുകുട്ടികളെയും മാറി മാറി നോക്കി. ദിയമോളെ കണ്ടതും സുധീഷിന്റെ കൈയ്യിൽ നിന്നും ദേവ് താഴേക്കിറങ്ങാൻ തിടുക്കംകൂട്ടി. സുധീഷ് അവനെ താഴെ നിർത്തിയതും ദേവ് ദിയക്കരികിലേക്ക് പാഞ്ഞു.

"രണ്ടാൾക്കും അധികസമയം പരസ്പരം കാണാതിരിക്കാൻ പറ്റില്ല." സുധീഷിന്റെ സ്വരത്തിൽ വാത്സല്യം നിറഞ്ഞിരുന്നു. "ഇവർക്ക് എത്ര വയസ്സുണ്ട്..." നേർത്ത ശബ്ദത്തിൽ പാർവ്വതി ചോദിച്ചു. "ഒന്നര വയസ്സ് കഴിഞ്ഞു... നിങ്ങളുടെ വിവാഹ ദിവസമായിരുന്നു അർച്ചനയുടെ ഡെലിവറിയും." "ഇവർ ശരിക്കും ഹരിയേട്ടന്റെ മക്കളാണോ?" വിശ്വാസം വരാതെ അവൾ വീണ്ടും ചോദിച്ചു. "ഈ കുഞ്ഞുങ്ങളുടെ മുഖം കണ്ടിട്ടും പാർവ്വതിക്ക് സത്യാവസ്ഥ ഉൾകൊള്ളാനാവുന്നില്ലേ?" "ഹരിയേട്ടന് എന്നെ ചതിക്കാനാകുമോ?" ഇടറിയ ശബ്ദത്തിൽ പാർവ്വതി ചോദിച്ചു. "നിന്നെ മാത്രമല്ല അവൻ അർച്ചനയെയും ചതിക്കുകയായിരുന്നു. പാർവ്വതിയെ പോലെ അർച്ചനയ്ക്കും ക്യാഷും ബന്ധുബലവുമൊക്കെ ഉണ്ടായിരുന്നെങ്കിൽ നിനക്ക് പകരം അവളെത്തന്നെ അവൻ കല്യാണം കഴിക്കുമായിരുന്നു." കുട്ടികൾക്കിപ്പോൾ ഒന്നര വയസ്സ് കഴിഞ്ഞതിനാൽ അർച്ചനയും ശ്രീഹരിയും തമ്മിൽ അരുതാത്ത ബന്ധമുണ്ടായിട്ടുള്ളത് ശ്രീഹരിക്ക് ആക്‌സിഡന്റ് ഉണ്ടാകുന്നതിന് മുമ്പായിരിക്കുമെന്ന് പാർവ്വതിക്ക് ഉറപ്പായി.

താനുമായി ഇഷ്ടത്തിലായിരിക്കുമ്പോൾ ശ്രീഹരിക്ക് തന്നോട് ഇങ്ങനെയൊരു വഞ്ചന ചെയ്യാൻ തോന്നിയല്ലോ എന്നോർത്തപ്പോൾ അവളുടെ ഹൃദയം വിങ്ങിപ്പൊട്ടി. "സുധിയേട്ടന് ഇതൊക്കെ നേരത്തെ അറിയാമായിരുന്നെങ്കിൽ ആദ്യമേതന്നെ എന്നോടൊരു വാക്ക് പറയാമായിരുന്നു." നിറമിഴികളോടെ അവൾ സുധീഷിനെ നോക്കി. "നിന്നോട് ഇതൊക്കെ പറയണമെന്ന് ഞാൻ വിചാരിച്ചതാ. അന്ന് നിങ്ങളുടെ കല്യാണത്തിന് മുൻപ് വഴിയിൽ വച്ച് നിന്നെ കണ്ടപ്പോൾ ഞാനിക്കാര്യം പറയാൻ തുടങ്ങിയതുമാണ്. അന്ന് എന്നോട് എന്തൊക്കെയാ പറഞ്ഞതെന്ന് നിനക്ക് ഓർമ്മയില്ലേ. ഞാൻ കാരണം നിങ്ങളുടെ കല്യാണം മുടങ്ങാൻ പാടില്ലെന്ന് നീ തറപ്പിച്ച് പറഞ്ഞപ്പോൾ ഞാനാകെ കൺഫ്യൂഷനിലായി. അന്നത്തെ നിന്റെ ആറ്റിട്യൂഡ് കണ്ടപ്പോൾ നിന്നെയൊന്നും പറയാൻ തോന്നിയതുമില്ല. അന്നുതന്നെ ഞാനിത് പറഞ്ഞിരുന്നെങ്കിൽ നീയിത് വിശ്വസിക്കുമായിരുന്നോ? നിന്റെ മനസ്സിൽ ശ്രീഹരി ഹരിചന്ദ്രനായിരുന്നല്ലോ.." "സുധിയേട്ടൻ പറഞ്ഞത് ശരിയാ... അന്ന് എന്നോടിക്കാര്യം പറഞ്ഞിരുന്നെങ്കിലും ഞാൻ വിശ്വസിക്കില്ലായിരുന്നു. ഈ കുഞ്ഞുങ്ങളുടെ മുഖം കണ്ടില്ലായിരുന്നെങ്കിൽ ഇപ്പോഴും ഞാനിത് വിശ്വസിക്കുമായിരുന്നില്ല.

അത്രയേറെ ഹരിയേട്ടനെ ഞാൻ വിശ്വസിക്കുന്നുണ്ടായിരുന്നു. എന്റെ വിശ്വാസങ്ങളൊക്കെ തെറ്റിപ്പോയി..." "ആത്മാർത്ഥ സ്നേഹത്തേക്കാൾ പണത്തിനാണ് ശ്രീഹരി മുൻ‌തൂക്കം നൽകിയിരുന്നത്. അതുകൊണ്ടാണ് അർച്ചനയെ അവൻ തിരസ്കരിച്ചതും. അത് നിനക്കും അറിയാവുന്നതാണല്ലോ. അർച്ചനയുടെ ഭാഗത്തും തെറ്റുകളുണ്ടായിട്ടുണ്ട്. അവളെ വേണ്ടെന്ന് വച്ചവന്റെ പിന്നാലെ പോയതുകൊണ്ട് അർച്ചനയ്ക്ക് നഷ്ടമായത് അവളുടെ അമ്മയുടെ ജീവനാണ്." "അർച്ചനയുടെ അമ്മയ്ക്ക് എന്ത് പറ്റിയതാ?" "മകൾ വിവാഹത്തിന് മുൻപേ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ആ പാവം അമ്മയുടെ ഹൃദയത്തിന് അത് താങ്ങാനുള്ള ശേഷിയുണ്ടായില്ല. അർച്ചന പ്രെഗ്നന്റാണെന്ന് അറിയുമ്പോൾത്തന്നെ മൂന്നുമാസം കഴിഞ്ഞിരുന്നു. അബോർഷനും നടക്കില്ലെന്ന് ഡോക്ടർ പറഞ്ഞത് കേട്ട് തളർന്നുവീണതാ അവളുടെ അമ്മ, ഹാർട്ടറ്റാക്കായിരുന്നു." അതുപറയുമ്പോൾ അവന്റെ ശബ്ദമൊന്നിടറി. "ഹരിയേട്ടനും അർച്ചനയും ആദ്യമേ പിരിഞ്ഞതല്ലേ...

പിന്നെങ്ങനെ ഈ കുട്ടികൾ.." പറഞ്ഞുവന്നത് പകുതിക്ക് നിർത്തി അവൾ സുധീഷിനെ നോക്കി. തനിക്കറിയാവുന്ന കാര്യങ്ങളൊക്കെ സുധീഷ് അപ്പോൾ പാർവ്വതിയോട് പറഞ്ഞു. "പാർവ്വതീ... നിന്നെയും അവൻ വഞ്ചിക്കുകയായിരുന്നു. നിന്നോടുള്ള സ്നേഹം ആത്മാർത്ഥമായിരുന്നെങ്കിൽ അർച്ചനയെ തൊടാൻ അവനൊന്ന് അറയ്ക്കുമായിരുന്നു. ശ്രീഹരി ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് ദൈവം അവന് നൽകിയത്. പക്ഷേ അത് നിനക്കുംകൂടി അനുഭവിക്കേണ്ടി വരുന്നത് കഷ്ടമാണ്. ഞാനിന്ന് വൈകുന്നേരം വഴിയിൽ വച്ച് ശ്രീഹരിയെ കണ്ടിരുന്നു. അന്നത്തെ ആക്‌സിഡന്റ് കാരണം അവനൊരിക്കലും അച്ഛനാകാൻ കഴിയില്ലെന്ന് ഡോക്ടർ പറഞ്ഞത് അവനെന്നോട് പറഞ്ഞു. അർച്ചനയുടെ കുഞ്ഞുങ്ങളെക്കുറിച്ച് അവനറിയില്ല. ഞാനിക്കാര്യം അവനെ ഒരിക്കലും അറിയിക്കുകയുമില്ല... പക്ഷേ ഇപ്പൊ നിന്നോടിതൊക്കെ പറഞ്ഞത് വേറൊന്നും കൊണ്ടല്ല... അവൻ ചെയ്ത തെറ്റിനുള്ള ശിക്ഷ പാർവ്വതി കൂടി അനുഭവിക്കേണ്ട കാര്യമില്ലെന്ന് ഓർത്തത് കൊണ്ടാ. മാത്രമല്ല നിനക്ക് കുട്ടികൾ ഉണ്ടാവാത്തതിൽ മനംനൊന്ത് കഴിയുന്ന നിന്റെ അച്ഛന്റെ കണ്ണീർ ഞാൻ ദിവസവും കാണുന്നതാണ്.

അതുകൊണ്ട് മാത്രമാണ് ശ്രീഹരി നിന്നോട് ചെയ്ത ചതി ഞാൻ തുറന്നുപറഞ്ഞത്. എല്ലാം അറിഞ്ഞിട്ടും നിനക്കവനെ സ്നേഹിക്കാൻ പറ്റുന്നുണ്ടെങ്കിൽ തുടർന്നും സന്തോഷത്തോടെ അവനോടൊപ്പം ജീവിക്കാൻ ശ്രമിക്കണം. നിങ്ങൾക്ക് വേണമെങ്കിൽ ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാലോ." "അർച്ചന ഇപ്പൊ എന്ത് ചെയ്യുന്നു..." പാർവ്വതിക്ക് അർച്ചനയുടെ കാര്യമറിയാൻ ആഗ്രഹം തോന്നി. "അർച്ചനയ്ക്ക് അന്ന് റെയിൽവേയിൽ ജോലി കിട്ടിയിരുന്നു. അവൾ കുഞ്ഞുങ്ങളോടൊത്തു ചെന്നൈയിൽ സുഖമായി കഴിയുന്നു. ഇപ്പൊ എന്റെ കല്യാണം കൂടാൻ വന്നതാണ്." "അർച്ചന വേറെ വിവാഹം കഴിച്ചോ?" "ഇല്ല... അവളുടെ ലോകം ഈ കുട്ടികൾ മാത്രമാണ്. ഒരുപക്ഷേ അർച്ചനയിൽ രണ്ട് കുഞ്ഞുങ്ങളുണ്ടെന്ന് ശ്രീഹരി അറിഞ്ഞാൽ ഈ അവസ്ഥയിൽ പാർവ്വതിയെ ഉപേക്ഷിച്ചു അർച്ചനയെ തേടി ശ്രീഹരി പോവുകയും ചെയ്തേക്കാം. കാരണം ഇനി അവനൊരിക്കലും കുട്ടികളുണ്ടാവില്ല പിന്നെ അർച്ചനയ്ക്ക് നല്ലൊരു ജോലിയുമുണ്ട്. അതുകൊണ്ട് ഈ കുട്ടികളുടെ കാര്യം അവനെ അറിയിച്ച് ഇവരിൽ അവകാശമുന്നയിച്ച് വരാനെങ്ങാനും നിന്റെ മനസ്സിൽ തോന്നിയാൽ അതങ്ങ് മറക്കുന്നതാണ് നല്ലത്."

സുധീഷ് അത് പറയുമ്പോൾ പാർവ്വതിയുടെ മുഖത്ത് നടുക്കം പ്രകടമായിരുന്നു. വിളറി വെളുത്ത മുഖത്തോടെ അവൾ സുധീഷിനെ നോക്കി. ഒരുവേള അവൾ മനസ്സിൽ ചിന്തിച്ചത് സുധീഷ് മനസ്സിലാക്കുമെന്ന് പാർവ്വതി സ്വപ്നത്തിൽ പോലും ചിന്തിച്ചില്ലായിരുന്നു. 'ഹരിയേട്ടന്റെ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കാണാൻ തനിക്ക് കഴിയും. അർച്ചനയോട് ഒരു കുഞ്ഞിനെ ചോദിച്ചാലോ എന്നൊക്കെ ഒരു നിമിഷത്തേക്ക് മനസ്സിൽ തോന്നിയതുമാണ്. പക്ഷേ നൊന്തുപെറ്റ കുഞ്ഞിനെ ഏതമ്മയാ മറ്റൊരാൾക്ക്‌ വിട്ടുകൊടുക്കുക. കുഞ്ഞുങ്ങൾ ഇല്ലെങ്കിലും വേണ്ടില്ലായിരുന്നു. ഹരിയേട്ടൻ എന്നോട് കാണിച്ച വഞ്ചന... അത് മറക്കാൻ തന്നെക്കൊണ്ടാവില്ല... ഒരേസമയം നിങ്ങളോടെനിക്ക് സ്നേഹവും തോന്നുന്നുണ്ട് വെറുപ്പും തോന്നുന്നുണ്ട് ഹരിയേട്ടാ... മറ്റെന്തും ഞാൻ സഹിക്കുമായിരുന്നു.. പൊറുക്കുമായിരുന്നു... പക്ഷേ എന്നെ സ്‌നേഹിക്കുമ്പോൾതന്നെ മറ്റൊരു പെണ്ണിനോടൊപ്പം കിടക്ക പങ്കിട്ടത് എനിക്ക് മറക്കാനോ പൊറുക്കാനോ കഴിയില്ല...'

പലവിധ ചിന്തകൾ പാർവ്വതിയുടെ മനസ്സിലൂടെ കടന്നുപോയി. കുറച്ചുസമയം തനിച്ചിരുന്ന് പൊട്ടിക്കരയണമെന്ന് അവൾക്ക് തോന്നി. "ഞാൻ വീട്ടിലേക്ക് പോയെന്ന് സുധിയേട്ടൻ അച്ഛനോട്‌ പറയണേ... എനിക്ക് കുറച്ചുസമയം തനിച്ചിരിക്കണം... ഇന്നത്തെ ദിവസം എനിക്കൊരിക്കലും മറക്കാൻ കഴിയില്ല... അത്രയ്ക്കും തകർന്നുനിൽക്കുകയാണ് ഞാൻ.." അവന്റെ മറുപടിക്ക് കാത്തുനിൽക്കാതെ പാർവ്വതി വേഗം പിന്തിരിഞ്ഞു നടന്നു. അവൾക്ക് ഹൃദയം പൊട്ടിപ്പിളരുന്നതായി തോന്നി. ഒത്തിരി സ്വപ്നം കണ്ട് ആഗ്രഹിച്ച് നേടിയെടുത്ത ജീവിതം ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുന്നത് വേദനയോടെ അവൾ മനസ്സിലാക്കി. എല്ലാം അറിഞ്ഞുവച്ചുകൊണ്ട് ശ്രീഹരിയെ പഴയതുപോലെ തനിക്ക് സ്നേഹിക്കാൻ കഴിയില്ലെന്ന് പാർവ്വതി ഓർത്തു. **************

സുധീഷിന്റെ വിവാഹം മംഗളമായിത്തന്നെ കഴിഞ്ഞു. വിവാഹത്തിന് പങ്കെടുക്കാൻ ശ്രീഹരിയും പാർവ്വതിയും വന്നിരുന്നില്ല. ശ്രീഹരി ഓഫീസ് ആവശ്യവുമായി ബന്ധപ്പെട്ട് യാത്രയിലായിരുന്നു. പാർവ്വതിയുടെ വീട്ടിൽ നിന്നും അവളുടെ അച്ഛനും അമ്മയും വന്നിരുന്നു. ശ്രീഹരിയും പാർവ്വതിയും വരാതിരുന്നത് ഒരനുഗ്രഹമായി അർച്ചനയ്ക്ക് തോന്നി. അവരെ അവിടെ വച്ച് കാണേണ്ടി വരുമ്പോൾ എങ്ങനെ അഭിമുഖീകരിക്കുമെന്നോർത്ത് അവൾക്ക് നല്ല ടെൻഷനുണ്ടായിരുന്നു. ശ്രീഹരിക്ക് വരാൻ കഴിയില്ലെന്ന് അനീഷിൽ നിന്നും നേരത്തെതന്നെ അർച്ചന അറിഞ്ഞിരുന്നു. സുധീഷിൽ നിന്നും സത്യങ്ങൾ അറിഞ്ഞശേഷം പാർവ്വതിയും ആ ഭാഗത്തേക്ക്‌ വന്നിരുന്നില്ല. അതുകൊണ്ട് ശ്രീഹരിയും പാർവ്വതിയുമായിട്ടുള്ള കൂടിക്കാഴ്ച ഒഴിവായിപ്പോയല്ലോ എന്നോർത്ത് അർച്ചനയ്ക്ക് സമാധാനമായി. എത്രയൊക്കെ മറന്നുവെന്ന് ഭാവിച്ചാലും, വെറുത്താലും, ഒരിക്കൽ പ്രാണനായി കണ്ടവനെ മറ്റൊരു പെണ്ണിനൊപ്പം കാണേണ്ടി വരുന്നത് സഹിക്കാനുള്ള മനക്കരുത്ത് അർച്ചനയ്ക്കുണ്ടായിരുന്നില്ല.

എല്ലാം ഉൾകൊള്ളാൻ തന്റെ മനസ്സിനും ഹൃദയത്തിനും സമയം വേണ്ടിവരുമെന്ന് അവൾക്കറിയാമായിരുന്നു. അതുവരെ ശ്രീഹരിയെ കാണാനിട വരരുതെന്നാണ് അർച്ചനയുടെ ആഗ്രഹം. അവളുടെ മനസ്സാഗ്രഹിച്ച പോലെത്തന്നെ ശ്രീഹരിക്ക് സുധീഷിന്റെ വിവാഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞതുമില്ല. ഓഫീസ് ആവശ്യത്തിനായി യാത്ര പോകുമുൻപ് സുധീഷിനെ വന്നുകണ്ടിട്ടാണ് ശ്രീഹരി പോയത്. ആ ദിവസം അർച്ചന സുധീഷിന്റെ വീട്ടിലേക്ക് വരാതിരുന്നതുകൊണ്ട് അങ്ങനെയും ഒരു കണ്ടുമുട്ടൽ ഒഴിവായി. ************** ചെന്നൈയിലേക്കുള്ള മടക്കയാത്രയിലായിരുന്നു അവർ. ഇനി തിരുവനന്തപുരത്തേക്ക് വരുമ്പോൾ പുതിയൊരു അർച്ചനയായി താൻ മാറിയിരിക്കും എന്നവൾ സ്വയം മനസ്സിലുറപ്പിച്ചു. ഇവിടേക്ക് വരുന്നതിനെപ്പറ്റി ചിന്തിക്കുമ്പോൾതന്നെ ആദ്യം മനസ്സിലേക്ക് വരുന്നത് ശ്രീഹരിയെക്കുറിച്ചുള്ള ഓർമ്മകളാണ്. ഇനി അതുണ്ടാവാൻ പാടില്ല... ഏതെങ്കിലും ഒരവസരത്തിൽ അവനെ കാണേണ്ടി വന്നാലും പതറിപ്പോകാൻ പാടില്ലെന്ന് അർച്ചന തീരുമാനിച്ചു.

ഒരാവേശത്തിന് പാർവ്വതിയോട് സത്യങ്ങൾ വെളിപ്പെടുത്തിയത് മണ്ടത്തരമായോ എന്നുള്ള ചിന്തയായിരുന്നു സുധീഷിന്. പാർവ്വതി അർച്ചനയെ കാണണമെന്നും ശ്രീഹരി അർച്ചനയെ ഒഴിവാക്കിയെങ്കിലും മക്കളുമൊത്ത് അവൾ സന്തോഷത്തോടെ കഴിയുകയാണെന്ന് പാർവ്വതി തിരിച്ചറിയണമെന്നുമായിരുന്നു സുധീഷിന്റെ മനസ്സിലുണ്ടായിരുന്നത്. പിന്നീട് പാർവ്വതിയോട് എല്ലാം തുറന്നുപറയാൻ തീരുമാനിച്ചത് ശ്രീഹരിക്കാണ് കുഴപ്പമെന്ന് അറിഞ്ഞതുകൊണ്ട് മാത്രമാണ്. ആ തുറന്നുപറച്ചിൽകൊണ്ട് അർച്ചനയ്ക്ക് യാതൊരു വിഷമവും ഉണ്ടാവരുതെന്ന് കരുതിയാണ് അവളുടെ മക്കളിൽ അവകാശം പറഞ്ഞ് വരരുതെന്ന് കൂടി പാർവ്വതിയോട് അവൻ പറഞ്ഞത്. പക്ഷേ ശ്രീഹരിയോടുള്ള അന്ധമായ സ്നേഹം കാരണം പാർവ്വതി അർച്ചന അവന്റെ കുഞ്ഞുങ്ങളെ പ്രസവിച്ച വിവരം ശ്രീഹരിയോട് പറയുമോ എന്നൊരു പേടി സുധീഷിനുണ്ടായിരുന്നു. അർച്ചനയ്ക്ക് അതുകാരണം സമാധാനക്കേട് ഉണ്ടാവരുതെന്ന് മാത്രം സുധീഷ് ആഗ്രഹിച്ചു. **************

ദിവസങ്ങളും മാസങ്ങളും അതിവേഗം കടന്നുപൊയ്ക്കൊണ്ടിരുന്നു. ഉള്ളിൽ കത്തിയമരുന്ന അഗ്നിപാർവ്വതവും പേറിയാണ് ശ്രീഹരിക്കൊപ്പമുള്ള പാർവ്വതിയുടെ ജീവിതം. ഏതുനിമിഷവും പൊട്ടിത്തെറിക്കാൻ പാകത്തിലായിരുന്നു അവളുടെ മനസ്സ്. ശ്രീഹരിയോടുള്ള അടങ്ങാത്ത സ്നേഹം ഒരുവശത്തും അവൻ തന്നെ വഞ്ചിച്ചതോർത്തുള്ള വേദനയും വെറുപ്പും മറുവശത്തും... അതവളുടെ മനസ്സിനെ ഒരു തീരുമാനമെടുക്കാൻ സമ്മതിക്കാതെ കുഴപ്പിച്ചുകൊണ്ടിരുന്നു. ആർക്ക് വേണ്ടിയാണ് താൻ ജീവിക്കുന്നതെന്ന് പോലും അവൾ ചിന്തിച്ചു. ഒരമ്മയാകാൻ കഴിയാത്ത വേദനയും പാർവ്വതിയുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. അവൾക്ക് സ്വസ്ഥതയും സമാധാനവും നഷ്ടപ്പെട്ടു. ഏറെ നാളത്തെ ചിന്തകൾക്കൊടുവിൽ ഒരുപാട് ആലോചിച്ചശേഷം പാർവ്വതി ഒരു തീരുമാനത്തിൽ എത്തിച്ചേർന്നു.

അന്ന് രാത്രി ശ്രീഹരിയോട് തുറന്നുസംസാരിക്കാൻ അവൾ മനസ്സിനെ പാകപ്പെടുത്തിയെടുത്തു. പതിവിലും വൈകിയാണ് അന്ന് ശ്രീഹരി ഓഫീസിൽ നിന്നും വീട്ടിലെത്തിയത്. അവന്റെ വരവിനായി അക്ഷമയോടെ കാത്തിരിക്കുകയിരുന്നു പാർവ്വതി. രാത്രി അത്താഴം കഴിച്ചുകഴിഞ്ഞ് മുറിയിലേക്ക് പോകുമ്പോൾ അവൾ അവനോട് പറയാനുള്ള കാര്യങ്ങൾ മനസ്സിൽ അരക്കിട്ടുറപ്പിക്കുകയായിരുന്നു. ബെഡ്‌ഡി ൽ ചാരി കണ്ണുകൾ അടച്ച് വലതുകൈ നെറ്റിയിന്മേൽ വച്ച് കിടക്കുകയായിരുന്നു ശ്രീഹരി. ഒരു കസേര വലിച്ചിട്ട് പാർവ്വതി അവന് അഭിമുഖമായി ഇരുന്നു. "എനിക്ക് ഹരിയേട്ടനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നു." ഒന്ന് മുരനടനക്കികൊണ്ട് തെല്ല് ഗൗരവത്തിൽ അവൾ പറഞ്ഞു. "എന്താ... എന്തുപറ്റി...?" പാർവ്വതിയുടെ ഭാവമാറ്റം കണ്ട് അന്തംവിട്ട് ശ്രീഹരി ചോദിച്ചു......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story