വിരൽത്തുമ്പിലാരോ : ഭാഗം 34

viralthumbil aro

രചന: ശിവാ എസ് നായർ

"എനിക്ക് ഹരിയേട്ടനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നു." ഒന്ന് മുരനടനക്കികൊണ്ട്, തെല്ല് ഗൗരവത്തിൽ അവൾ പറഞ്ഞു. "എന്താ... എന്തുപറ്റി...?" പാർവ്വതിയുടെ ഭാവമാറ്റം കണ്ട് അന്തംവിട്ട് ശ്രീഹരി ചോദിച്ചു. "എനിക്ക് ഡിവോഴ്സ് വേണം." അവളുടെ സ്വരത്തിന് മൂർച്ചയേറിയിരുന്നു. "നീ... നീ... നീയിപ്പോ എന്താ പറഞ്ഞത്??" താൻ കേട്ടത് സത്യമോ മിഥ്യയോ എന്നറിയാതെ ശ്രീഹരി അവളെ പകച്ചുനോക്കി. "എനിക്ക് ഡിവോഴ്സ് വേണമെന്ന്... ഹരിയേട്ടന്റെ കൂടെ ജീവിക്കാൻ എനിക്ക് താല്പര്യമില്ല." "നീയെന്താ തമാശ പറയുകയാണോ?" "തമാശയല്ല... കാര്യമായിട്ട് പറഞ്ഞത് തന്നെയാ. എനിക്കൊരു കുഞ്ഞിനെ തരാൻ കഴിവില്ലാത്ത നിങ്ങൾക്കൊപ്പം ഞാനെന്തിന് ജീവിക്കണം?" പാർവ്വതി ചോദ്യഭാവത്തിൽ അവനെ നോക്കി. "പാറു... നീ... നീ എന്തൊക്കെയാ ഈ പറയുന്നത്. എ... ന്നോ...ട്.... എന്നോട് ഇങ്ങനെയൊക്കെ പറയാൻ നിനക്കെങ്ങനെ മനസ്സുവന്നു.?" ശ്രീഹരിയുടെ കണ്ണുകൾ നിറഞ്ഞുവന്നു.

"ഒരമ്മയാകാൻ ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്ന് ഹരിയേട്ടനറിയില്ല. നിങ്ങൾക്കാണ് കുഴപ്പമെന്ന് അറിയുന്നതിന് മുൻപ് നിങ്ങളുടെ അമ്മയുടെ വായിൽ നിന്നും എന്തൊക്കെ ഞാൻ കേട്ടു. ഒടുവിൽ സഹികെട്ട് പ്രതികരിക്കാൻ തുടങ്ങിയപ്പോഴാണ് അവരൊന്ന് ഒതുങ്ങിയത്." "ഇപ്പൊ നിന്നെയിവിടെ ആരും കുറ്റപ്പെടുത്താറില്ലല്ലോ... എല്ലാംകൊണ്ടും തകർന്നുനിൽക്കുന്ന എനിക്ക് താങ്ങായി നിൽക്കേണ്ടതിന് പകരം ഉപേക്ഷിച്ചുപോകാൻ നിനക്കെങ്ങനെ തോന്നുന്നു പാറു. നീയില്ലാതെ എനിക്ക് പറ്റില്ല..." അവന്റെ കണ്ഠമിടറി. "ഒരു കുഞ്ഞിനെ പ്രസവിച്ച് അതിനെ പാലൂട്ടി വളർത്താൻ എന്നിലെ അമ്മഹൃദയം ഒത്തിരി ആഗ്രഹിക്കുന്നുണ്ട്. ഹരിയേട്ടന് ഒരിക്കലും എന്റെ ഈ ആഗ്രഹം സാധിച്ച് തരാൻ കഴിയില്ല. അതുകൊണ്ട് നന്നായി ആലോചിച്ചിട്ടാണ് ഞാനീ തീരുമാനത്തിൽ എത്തിച്ചേർന്നത്. വീട്ടിൽ അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ അവർ പറഞ്ഞത് എന്റെ തീരുമാനം എന്ത് തന്നെയായാലും അവരൊപ്പമുണ്ടാകുമെന്നാണ്."

"എനിക്ക് കുട്ടികളുണ്ടാവില്ലെന്ന് നീ നിന്റെ വീട്ടുകാരോട് പറഞ്ഞോ?" "പറഞ്ഞു... ഇക്കാരണം പറഞ്ഞ് ഹരിയേട്ടനെ ഒഴിവാക്കി ചെല്ലാനൊന്നും എന്റെ അച്ഛനും അമ്മയും പറഞ്ഞിട്ടില്ല. തീരുമാനം ഞാൻ ഒറ്റയ്ക്ക് എടുത്തത് തന്നെയാ. ഇക്കാര്യത്തിൽ എന്തും തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം എനിക്ക് മാത്രമാണെന്നാണ് അവരെന്നോട് പറഞ്ഞത്. ഒരു കുഞ്ഞില്ലാതെ നമ്മളെങ്ങനെ ജീവിക്കും? നിങ്ങൾക്കാണ് കുഴപ്പമെന്ന് അറിയുന്നവർ കൂടി ഒളിഞ്ഞും തെളിഞ്ഞും എന്റെ കുഴപ്പം കൊണ്ടാണ് കുഞ്ഞുങ്ങൾ ഉണ്ടാവാത്തതെന്ന് പറയുന്നുണ്ട്. ഇതൊന്നും കേട്ട്, സഹിച്ച് ജീവിക്കേണ്ട ഗതികേട് എനിക്കില്ല." "പകുതിക്ക് വച്ച് ഇട്ടിട്ട് പോകാൻ വേണ്ടിയാണോ എന്റെ പുറകെ നടന്ന് നീ എന്റെ ഇഷ്ടം നേടിയെടുത്തത്.?" "അർച്ചനയെ ഒഴിവാക്കിയ ഹരിയേട്ടന് എന്നെ കുറ്റപ്പെടുത്താൻ ഒരു യോഗ്യതയുമില്ല. അവളെപ്പോലെ ഞാനും ഒരു പാവപ്പെട്ട വീട്ടിലെയായിരുന്നെങ്കിൽ ഹരിയേട്ടന് എന്നെ വിവാഹം കഴിക്കാൻ തയ്യാറാകുമായിരുന്നോ?"

അവളുടെ ആ ചോദ്യത്തിന് മുന്നിൽ അവന് ഉത്തരംമുട്ടി. കുനിഞ്ഞ ശിരസ്സോടെ ശ്രീഹരി അവൾക്ക് മുന്നിൽ വന്ന് മുട്ടുകുത്തിയിരുന്നു. "നീ എന്തൊക്കെ പറഞ്ഞാലും ഡിവോഴ്സിന് ഞാൻ സമ്മതിക്കില്ല. നിന്നെ പിരിഞ്ഞൊരു ജീവിതം എനിക്കില്ല പാറു. ദയവ് ചെയ്ത് എന്നെ ഉപേക്ഷിച്ച് നീ പോവരുത്. എനിക്കിപ്പോ നീ മാത്രേയുള്ളു. കുഞ്ഞുങ്ങൾ ഇല്ലാത്ത എത്രയോ ദമ്പതികൾ പരസ്പരം സ്നേഹിച്ച് സന്തോഷത്തോടെ ജീവിക്കുന്നു. നീ നിന്റെ തീരുമാനം മാറ്റണം. ഒരു കുഞ്ഞിനെ വേണമെങ്കിൽ നമുക്ക് ദത്തെടുക്കാം." പാർവ്വതിയുടെ കരങ്ങൾ തന്റെ നെഞ്ചോട് ചേർത്തുപിടിച്ച് അവൻ പൊട്ടിക്കരഞ്ഞു. "എനിക്ക് പ്രസവിക്കാൻ യാതൊരു കുഴപ്പവുമില്ലാത്ത സ്ഥിതിക്ക് ഞാനെന്തിനാ ഹരിയേട്ടാ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നത്. നിങ്ങളിങ്ങനെ കരഞ്ഞു കാലുപിടിച്ചിട്ടൊന്നും കാര്യമില്ല." അവളുടെ ഹൃദയം പാറപോലെ ഉറച്ചതായിരുന്നു. ശ്രീഹരിയുടെ കണ്ണുനീർ കണ്ടിട്ടും അവളുടെ മനസ്സലിഞ്ഞില്ല.

"നിനക്കായിരുന്നു ഇപ്പൊ കുഴപ്പമെങ്കിൽ ഒരിക്കലും ഞാൻ നിന്നെ ഉപേക്ഷിക്കില്ലായിരുന്നു. എന്റെ കുഴപ്പം കൊണ്ടാണെന്ന് അറിഞ്ഞ ദിവസം നീ എന്നെ ഉപേക്ഷിച്ചുപോവില്ല എന്നല്ലേ പറഞ്ഞത്. കുഞ്ഞുങ്ങൾ ഇല്ലെങ്കിലും നിനക്ക് ഞാൻ മാത്രം മതിയെന്ന് പറഞ്ഞിട്ട്? അതൊക്കെ നീ ഇത്രവേഗം മറന്നോ?" "ഞാനൊന്നും മറന്നിട്ടില്ല... അന്ന് പറഞ്ഞതൊക്കെ എനിക്ക് നല്ല ഓർമ്മയുണ്ട്. അന്ന് അങ്ങനെയൊക്കെ പറഞ്ഞുവെന്ന് വച്ച് എനിക്കെന്താ മാറി ചിന്തിക്കാൻ പാടില്ലേ? എപ്പഴും തീരുമാനം ഒരുപോലെ ഇരിക്കോ? എന്റെ സ്ഥാനത്ത് ഹരിയേട്ടനായിരുന്നാലും ഇങ്ങനെത്തന്നെ ചിന്തിക്കുമായിരുന്നു. എനിക്കായിരുന്നു കുഴപ്പമെങ്കിൽ ഹരിയേട്ടന്റെ ജീവിതത്തിൽ നിന്ന് ഞാനായിട്ടുതന്നെ ഒഴിഞ്ഞുമാറി പോയേനെ. ഞാൻ കാരണം ഹരിയേട്ടന്റെ ജീവിതം നശിക്കാൻ പാടില്ലെന്നേ വിചാരിക്കൂ. കാരണം അർച്ചനയെ ഒഴിവാക്കിയ ഹരിയേട്ടൻ കുഞ്ഞുങ്ങൾ ഉണ്ടാവാത്തതിന്റെ പേരിൽ എന്നെ ഒഴിവാക്കില്ലെന്ന് എന്താണ് ഗ്യാരണ്ടി?"

"പാറു... പ്ലീസ്... നമുക്കിടയിൽ എന്തിനാ നീ അർച്ചനയുടെ കാര്യം പറയുന്നത്?" "ഇല്ലാത്തതൊന്നുമല്ലല്ലോ പറഞ്ഞത്?" "അവളെപ്പോലെയാണോ നീ... നീയെന്റെ ഭാര്യയാണ്. സുഖവും ദുഃഖവും ഒരുമിച്ച് പങ്കിട്ട് ജീവിക്കേണ്ടവരാണ് നമ്മൾ." "എന്റെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമൊക്കെ ത്യജിച്ചുകൊണ്ട് നിങ്ങളോടൊപ്പം ഒരു ജീവിതം എനിക്ക് പറ്റില്ല. എന്നെ എന്റെ വഴിക്ക് വിട്ടേക്ക് ഹരിയേട്ടാ. വിവാഹത്തിന് എന്റെ അച്ഛൻ നിങ്ങൾക്ക് തന്ന കാറും സ്വർണ്ണവുമൊക്കെ ഹരിയേട്ടനെടുത്തോ. പകരം എന്റെ ജീവിതം മടക്കിത്തന്നേക്ക്. ഓരോ ദിവസവും വീർപ്പുമുട്ടിയാണ് ഞാനിവിടെ കഴിച്ചുകൂട്ടുന്നത്. ഇനിയും ഇവിടെ തുടർന്നാൽ എനിക്ക് ചിലപ്പോൾ ഭ്രാന്ത് പിടിക്കും." "കൊള്ളാം... നീയിങ്ങനെ മാറുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല പാറു. ഇത്രേ ആത്മാർത്ഥതയേ നിന്റെ സ്നേഹത്തിനുണ്ടായിരുന്നുള്ളൂ അല്ലേ? നിന്റെ സ്ഥാനത്ത് അർച്ചനയായിരുന്നെങ്കിൽ അവളൊരിക്കലും ഈയൊരു കാരണം പറഞ്ഞ് എന്നെ ഉപേക്ഷിച്ച് സ്വന്തം സുഖം നോക്കി പോവില്ലായിരുന്നു."

"അർച്ചനയുടെ കണ്ണീരും ശാപവും തന്നെയാണ് നമുക്ക് കുഞ്ഞുണ്ടാവാത്തതിന്റെ കാരണം. അന്ന് നിങ്ങളവളോട് ബ്രേക്കപ്പ് പറഞ്ഞപ്പോൾ അവളും ഇതുപോലെ കരഞ്ഞു കാലുപിടിച്ചിട്ടുണ്ടാവില്ലേ? അന്ന് അവളുടെ ആ അവസ്ഥയ്ക്ക് അറിഞ്ഞോ അറിയാതെയോ ഞാനും കാരണക്കാരിയായി. അതുകൊണ്ടായിരിക്കും ഞാൻ ഇഷ്ടപ്പെട്ട് നേടിയെടുത്ത ഈ ജീവിതം പകുതിക്ക് വച്ച് ഉടഞ്ഞുപോകുന്നത്." "നിന്റെ ഈ തീരുമാനം ഒരിക്കലും മാറില്ലേ?" ശ്രീഹരി അപേക്ഷയോടെ അവളോട്‌ ചോദിച്ചു. "ഇല്ല..." "ഞാൻ നിന്റെ കാലുപിടിക്കാം... ഇതുവരെ എന്റെ ജീവിതത്തിൽ ഞാൻ ആരുടെയും കാലുപിടിച്ചിട്ടില്ല. ആരോടും ഇത്രയ്ക്കും കെഞ്ചേണ്ടിയും വന്നിട്ടില്ല." "എന്റെ കാലുപിടിക്കാൻ ഞാൻ പറഞ്ഞില്ലല്ലോ." "എനിക്ക് നീയില്ലാതെ പറ്റില്ലെടി... എല്ലാം അറിഞ്ഞുവച്ചുകൊണ്ട് എന്നെ വിട്ട് നീ പോയാൽ പിന്നെയെനിക്ക് ആരാ ഉള്ളത്?" "അതൊന്നും എനിക്കറിയേണ്ട ആവശ്യമില്ല. നാളെത്തന്നെ ഞാനെന്റെ വീട്ടിലേക്ക് പോകും.

ഇതിൽക്കൂടുതൽ എനിക്കൊന്നും സംസാരിക്കാനില്ല." ശ്രീഹരിയെ പൂർണ്ണമായും അവഗണിച്ചുകൊണ്ട് പാർവ്വതി എഴുന്നേറ്റുപോയി ബെഡ്‌ഡിന്റെ ഒരു ഓരത്തായി കിടന്നു. അവനൊന്ന് പൊട്ടിക്കരയാൻ തോന്നി. അവനൊന്ന് പൊട്ടിക്കരയാൻ തോന്നി. താനിപ്പോൾ പാർവ്വതിയുടെ കാലുപിടിച്ച് കെഞ്ചിയതുപോലെ ഒരിക്കൽ അർച്ചനയും തന്റെ പിന്നാലെ കരഞ്ഞു കാലുപിടിച്ച് വന്നത് ശ്രീഹരിയുടെ ഓർമ്മയിൽ തെളിഞ്ഞു. "നിന്റെ ശാപമാണോ അർച്ചനാ ഈശ്വരൻ എനിക്കൊരു കുഞ്ഞിനെ തരാത്തത്? നിന്നെപ്പോലെ ഒരുപെണ്ണിനും എന്നെ സ്നേഹിക്കാനാവില്ലെന്ന് എന്റെ ജീവിതം എനിക്ക് കാണിച്ചുതന്നു. പുറകെ നടന്ന് എന്റെ ഇഷ്ടം നേടിയെടുത്തവൾക്ക് ഇപ്പൊ എന്നെ വേണ്ടാതായി. ഞാൻ കൊള്ളാത്തവനായി പോയില്ലേ. എന്റെ തെറ്റ് കൊണ്ടല്ലല്ലോ എനിക്കിങ്ങനെ സംഭവിച്ചത്... എന്നാലും പാറൂ ഇത്രവേഗം നിന്റെ മനസ്സ് മാറുമെന്ന് ഞാൻ വിചാരിച്ചില്ല. എന്നെവിട്ട് പോവാതിരുന്നൂടെ നിനക്ക്." ശ്രീഹരി സ്വയം പിറുപിറുത്തുകൊണ്ട് വാതിൽ തുറന്ന് പുറത്തേക്കിറങ്ങിപ്പോയി. അവന് കുറച്ചുസമയം ഒറ്റയ്ക്കിരിക്കാൻ തോന്നി. ശ്രീഹരി മുറിയിൽ നിന്നിറങ്ങി പോയതും തലയിണയിൽ മുഖം പൂഴ്ത്തി പാർവ്വതി പൊട്ടിക്കരഞ്ഞു.

"എന്നെ ചതിച്ചിട്ടില്ലായിരുന്നെങ്കിൽ ഹരിയേട്ടനെ ഉപേക്ഷിച്ച് ഞാൻ പോവില്ലായിരുന്നു. എന്നെ സ്‌നേഹിക്കുമ്പോൾത്തന്നെ അർച്ചനയുമായി കിടക്ക പങ്കിടുകയും ആ ബന്ധത്തിൽ അവൾക്ക് രണ്ട് കുട്ടികളുണ്ടായതും എനിക്കെങ്ങനെ ക്ഷമിക്കാനാകും. എന്നോട് കാണിച്ച വിശ്വാസവഞ്ചന മറക്കാൻ എനിക്കാവില്ല ഹരിയേട്ടാ. ശ്രമിച്ചുനോക്കി ഞാൻ... പക്ഷേ എന്നെങ്കിലും ആരിൽ നിന്നെങ്കിലും നിങ്ങൾ സത്യങ്ങൾ അറിയുമ്പോൾ അർച്ചനയുടെ പിന്നാലെ പോകില്ലെന്ന് എന്ത് ഉറപ്പാണ് ഉള്ളത്? അർച്ചനയ്ക്ക് ഹരിയേട്ടനിൽ രണ്ട് കുഞ്ഞുങ്ങൾ ജനിച്ച വിവരം ഒരിക്കലും എന്നിൽ നിന്നും നിങ്ങളറിയില്ല. ഒരേ സമയം അവളെയും എന്നെയും ചതിച്ചതിനുള്ള ശിക്ഷ ഹരിയേട്ടൻ ഒറ്റയ്ക്കുത്തന്നെ അനുഭവിക്കണം. ഞാനിപ്പോ നിങ്ങളോട് ഡിവോഴ്സ് ആവശ്യപ്പെട്ടതിന്റെ യഥാർത്ഥ കാരണം എന്നെങ്കിലും നിങ്ങളറിയും. ഹരിയേട്ടനെ ഞാൻ സ്നേഹിച്ചത് ആത്മാർത്ഥമായിട്ട് തന്നെയാ. പക്ഷേ തിരിച്ച് അങ്ങനെ ആയിരുന്നില്ലല്ലോ. അതുകൊണ്ട് ഇനി നിങ്ങളുടെ ജീവിതത്തിൽ ഞാനുണ്ടാവില്ല."

പാർവ്വതി തന്നോടുതന്നെ സ്വയം പറഞ്ഞു. അവളുടെ തീരുമാനം ഉറച്ചതായിരുന്നു. കരഞ്ഞുതളർന്ന് എപ്പോഴോ അവൾ മയങ്ങിപ്പോയി. രാത്രി ഏറെ വൈകിയിട്ടാണ് ശ്രീഹരി മുറിയിലേക്ക് വന്നത്. ഉറങ്ങിക്കിടക്കുന്ന പാർവ്വതിയെ നിറകണ്ണുകളോടെ അവൻ നോക്കിനിന്നു. പിന്നെ പതിയെ അവൾക്കരികിലിരുന്ന് അവളുടെ കാൽപ്പാദങ്ങളിൽ മുഖം പൂഴ്ത്തി ഏങ്ങിക്കരഞ്ഞു. "വിവാഹത്തിന് മുൻപ് നിന്നോട് സത്യസന്ധത പുലർത്താൻ എനിക്ക് കഴിഞ്ഞില്ല. പക്ഷേ നമ്മുടെ വിവാഹശേഷം നീ മാത്രമേ എന്റെ മനസ്സിലുണ്ടായിരുന്നുള്ളു പാറു. ആത്മാർത്ഥമായിത്തന്നെയാണ് നിന്നെ ഞാൻ സ്നേഹിക്കുന്നത്. എന്നോടും നിനക്ക് അങ്ങനെത്തന്നെ ആയിരുന്നില്ലേ. പിന്നെന്ത് പറ്റി നിനക്ക്. ഇത്രേ ഉണ്ടായിരുന്നുള്ളൂ അല്ലേ നിന്റെ സ്നേഹം. നിനക്ക് പകരം അർച്ചന തന്നെ മതിയായിരുന്നു എന്ന് തോന്നിപോവുകയാ ഇപ്പൊ. എന്റെ ഏതവസ്ഥയിലും അർച്ചന എനിക്കൊപ്പംതന്നെ ഉണ്ടായിരുന്നേനെ.

നീ പറഞ്ഞത് ശരിയാ അവളുടെ കണ്ണുനീരിന്റെ ശാപമാണ് നമ്മുടെ ജീവിതം ഇങ്ങനെയാവാൻ കാരണം. നിനക്ക് എന്നോടുള്ള സ്നേഹം സത്യമാണെങ്കിൽ അവസാനനിമിഷം നിന്റെയീ തീരുമാനം മാറുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. സ്റ്റിൽ ഐ ലവ് യു പാറൂ... നിനക്കൊരു കുഞ്ഞിനെ തരാൻ എനിക്ക് കഴിയില്ല... അത് പൊറുക്കാൻ നിന്നെക്കൊണ്ടാവില്ലേ പാറു..." ശ്രീഹരിയുടെ കണ്ണുനീർ അവളുടെ പാദങ്ങളെ നനച്ചുകൊണ്ടിരുന്നു. മനസ്സും ഹൃദയവും തകർന്ന്, കൈപ്പിടിയിൽ നിന്ന് വഴുതിപ്പോകുന്ന ജീവിതത്തെ ഓർത്ത് വിലപിക്കാൻ മാത്രമേ അവന് കഴിഞ്ഞുള്ളു. ഒരിക്കൽ അർച്ചന കടന്നുപോയ വഴിയേയാണ് താനും കടന്നുപോകുന്നതെന്ന് ശ്രീഹരി മനസ്സിലാക്കി. പിറ്റേദിവസം രാവിലെതന്നെ പാർവ്വതി അവളുടെ വീട്ടിലേക്ക് പോകാനായി തയ്യാറായി. ശ്രീഹരിയുടെ അച്ഛനും അമ്മയും തടയാൻ ശ്രമിച്ചിട്ടും അവൾ നിന്നില്ല. ഒരു സന്ധിസംഭാഷണത്തിന് ഇനി താല്പര്യമില്ലെന്ന് അവൾ അവരോട് തുറന്നുപറഞ്ഞു. അവൻ പാർവ്വതിയെ തടയാൻ ശ്രമിച്ചില്ല.

മനസ്സുമാറി അവൾ തിരികെവരുമെന്ന് ശ്രീഹരി വിശ്വസിച്ചു. ഓട്ടോ വിളിച്ചു വീട്ടിലേക്ക് പോകാൻ തുടങ്ങിയ പാർവ്വതിയോട് അവൻ കൊണ്ടുവിടാമെന്ന് പറഞ്ഞു. "നിന്റെ ഇഷ്ടത്തോടെയല്ല ഈ തീരുമാനമെങ്കിൽ ഉറപ്പായും നീ എന്റെയടുത്തേക്ക് മടങ്ങിവരും. നിന്റെ തിരിച്ചുവരവിനായി ഞാൻ കാത്തിരിക്കും പാറു." പാർവ്വതിയെ അവളുടെ വീടിന് മുന്നിൽ ഡ്രോപ്പ് ചെയ്യുമ്പോൾ ശ്രീഹരി അവളോടായി പറഞ്ഞു. "അത് നിങ്ങളുടെ വ്യാമോഹം മാത്രമാണ് ഹരിയേട്ടാ. ഇനി നിങ്ങളെ തേടിവരുന്നത് മ്യൂച്ചൽ ഡിവോഴ്സ് പെറ്റീഷനായിരിക്കും." ഡോർ തുറന്ന് പുറത്തേക്കിറങ്ങി അവനെ നോക്കി അത്രയും പറഞ്ഞശേഷം ഗേറ്റ് തുറന്ന് പാർവ്വതി അകത്തേക്ക് കയറിപ്പോയി. അവൾ വീടിനുള്ളിലേക്ക് കയറിപ്പോകുംവരെ ശ്രീഹരി നോക്കിനിന്നു. ഒരിക്കൽ പോലും പാർവ്വതി തിരിഞ്ഞുനോക്കാത്തത് അവനെ നന്നായി വേദനിപ്പിച്ചു. നെഞ്ചിലൊരു ഭാരം കയറ്റിവച്ചതുപോലെ തോന്നി ശ്രീഹരിക്ക്.

കടുത്ത മാനസികവ്യഥയോടെയാണ് അവൻ തിരികെ തന്റെ വീട്ടിലേക്ക് മടങ്ങിയത്. അധികം വൈകാതെതന്നെ പാർവ്വതിയുടെ വക്കീൽ അയച്ച ഡിവോഴ്സ് പെറ്റീഷൻ ശ്രീഹരിയെ തേടിയെത്തി. അതിന്റെ പ്രൊസസ്സിംഗ് ഒരു വഴിക്ക് നടന്നുകൊണ്ടിരുന്നു ************** അന്ന് ഓഫീസിൽ എത്തിയ അർച്ചനയെ കാത്തിരുന്നത് തിരുവനന്തപുരത്തേക്കുള്ള ട്രാൻസ്ഫർ ഓർഡറായിരുന്നു. സ്വന്തം നാട്ടിൽ തന്നെ ട്രാൻസ്ഫർ കിട്ടിയത് അവളെ ഒത്തിരി സന്തോഷിപ്പിച്ചു. ഇപ്പൊ നാട്ടിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ അവളിൽ ഒരു രീതിയിലുമുള്ള ആശങ്ക ഉടലെടുത്തില്ല. ഏത് സിറ്റുവേഷനും അഭിമുഖീകരിക്കാനുള്ള മനസ്സ് ഇപ്പോൾ അർച്ചനയ്ക്കുണ്ട്. അന്ന് വൈകുന്നേരം ഓഫീസിൽ നിന്നും മടങ്ങുമ്പോൾ അർച്ചന കിഷോറിനോട് ട്രാൻസ്ഫർ ഓർഡർ വന്നകാര്യം പറഞ്ഞു. നഅത് കേട്ടപ്പോൾ അവന് നല്ല സങ്കടം തോന്നി. "അർച്ചന നാട്ടിലേക്ക് പോയാൽ പിന്നെ തന്റെ കുഞ്ഞുങ്ങളെ എനിക്ക് കാണാൻ കഴിയില്ലല്ലോ.

അതോർക്കുമ്പോൾ നെഞ്ചിനൊരു വിങ്ങൽ പോലെ.." കിഷോറിന്റെ കണ്ണുകൾ ഈറനായി. "അവരെ കാണാൻ തോന്നുമ്പോൾ കിഷോറിന് എപ്പോ വേണോ അങ്ങോട്ടേക്ക് വരാലോ. പിന്നെ നാട്ടിലേക്കൊരു ട്രാൻസ്ഫറിന് ട്രൈ ചെയ്തൂടെ." "ഹാ അത് നോക്കുന്നുണ്ട് ഞാൻ... അധികം വൈകാതെതന്നെ തന്റെ പിന്നാലെ ഞാനും ട്രാൻസ്ഫർ മേടിച്ച് വരും. നിങ്ങളിവിടുന്ന് പോയിക്കഴിഞ്ഞാൽ പിന്നെ ഒരു ശൂന്യതയായിരിക്കും മനസ്സിൽ." "കിഷോറിന് എന്റെ മക്കളോടുള്ള സ്നേഹം എത്രത്തോളമുണ്ടെന്ന് എനിക്ക് മനസ്സിലാകും. കിഷോറിന് എപ്പോ വേണോ അവരെ വന്ന് കാണാം." "ഞാനൊരു കാര്യം ചോദിച്ചാൽ അർച്ചന എന്നെ തെറ്റിദ്ധരിക്കരുത്." "നമുക്കിടയിൽ ഇങ്ങനെയൊരു മുഖവുരയുടെ ആവശ്യമില്ല കിഷോർ." "തനിക്ക് സമ്മതമാണെങ്കിൽ തന്നെ ഞാൻ വിവാഹം കഴിച്ചോട്ടെ..?" തെല്ലൊരു പരിഭ്രമത്തോടെ കിഷോർ അർച്ചനയോട് ചോദിച്ചു......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story