വിരൽത്തുമ്പിലാരോ : ഭാഗം 5

viralthumbil aro

രചന: ശിവാ എസ് നായർ

ദിവസങ്ങൾ കഴിയുംതോറും അർച്ചന ശ്രീഹരിയിലേക്ക് കൂടുതൽ കൂടുതൽ അടുക്കുകയായിരുന്നു. പതിയെ പതിയെ ശ്രീഹരിയുടെ മെസ്സേജുകൾ മറ്റൊരുതലത്തിലേക്ക് മാറാൻ തുടങ്ങി. പതിവുപോലെ രാത്രി ലൈറ്റ് ഓഫ്‌ ചെയ്ത് കിടന്നതും അർച്ചന ഫോണെടുത്ത് വാട്സാപ്പ് ഓപ്പൺ ആക്കി. ശ്രീഹരിയുടെ ചാറ്റ് ഓപ്പണാക്കി നോക്കിയപ്പോൾ ലാസ്റ്റ് സീൻ കാണിക്കുന്നത് എട്ട് മണിക്കായിരുന്നു. സമയപ്പോൾ പത്തുമണി കഴിഞ്ഞിരുന്നു. അവനൊരു "hi" അയച്ചശേഷം കോളേജ് ഗ്രൂപ്പിലെയും മറ്റ് ഫ്രണ്ട്സിന്റെയുമൊക്കെ മെസ്സേജസ് നോക്കി അവൾ കിടന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ ശ്രീഹരിയുടെ റിപ്ലൈ മെസ്സേജ് അവൾക്ക് വന്നു. "ഹായ്..." "ശ്രീയേട്ടൻ കിടന്നോ.?" അർച്ചന അടുത്ത മെസ്സേജ് അയച്ചു. "ദേ ഇപ്പൊ വന്ന് കിടന്നതേയുള്ളു, നീ കിടന്നോ.?" "ഉം... " "ഫുഡ് കഴിച്ചോ?" "ആഹ് കഴിച്ചു. ശ്രീയേട്ടൻ എന്താ കഴിച്ചേ.? "ഇന്ന് ചപ്പാത്തിയായിരുന്നു..." "അവിടെ എല്ലാരും കിടന്നോ?" "കിടന്നു... നിന്റെ അമ്മ ഉറങ്ങിയോ?" "അമ്മ കിടന്നു.. ഇപ്പൊ ഉറങ്ങിയിട്ടുണ്ടാവും." "നാളെ രാവിലെ ഫസ്റ്റ് പീരിയഡ് നിനക്ക് ഏത് ക്ലാസ്സിലാ പഠിപ്പിക്കേണ്ടത്.?"

ശ്രീഹരി ചോദിച്ചു. "എനിക്ക് നാളെ ഫസ്റ്റ് പീരിയഡ് ഒൻപതാം ക്ലാസ്സിലാ. ശ്രീയേട്ടനോ?" "എനിക്ക് നാളെ ഫസ്റ്റ് പീരിയഡ് പ്ലസ്‌ വണ്ണിനാ.. അതുകഴിഞ്ഞു ഒൻപതാം ക്ലാസ്സിൽ." "ഓഹ് അപ്പൊ നാളെ സെക്കന്റ്‌ പീരിയഡ് ആകുമ്പോഴേ കാണാൻ പറ്റു അല്ലെ. സെക്കന്റ്‌ പീരിയഡ് ഞാൻ എട്ടാം ക്ലാസ്സിൽ ഉണ്ടാവും." "നാളെ കോളേജിൽ പോണ്ടേ?" "പോണം... നാളെ കുറച്ചു നേരത്തെ എത്തണം കോളേജിൽ. രാവിലെ എക്സ്ട്രാ ക്ലാസ്സ്‌ ഉണ്ടേ. മിക്കവാറും ഞാൻ സെക്കന്റ്‌ പീരിയഡ് പകുതി ആകുമ്പോൾ ഇറങ്ങും ശ്രീയേട്ടാ." "ഞാനും നാളെ കുറച്ചു നേരത്തെ ഇറങ്ങും.. അമ്മയെയും കൂട്ടി ഹോസ്പിറ്റലിൽ പോകാനുണ്ട്." "അമ്മയ്ക്കെന്ത് പറ്റി ശ്രീയേട്ടാ.." "അമ്മയ്ക്ക് കുഴപ്പമൊന്നുമില്ല. അമ്മയുടെ ചേച്ചിക്ക് നാളെ ഒരു ഓപ്പറേഷൻ ഉണ്ട്. വല്യമ്മയ്ക്ക് ബൈസ്റ്റാൻഡർ ആയിട്ട് നാളെ നിൽക്കാനാ അമ്മ പോകുന്നത്." "എങ്കിൽ ശ്രീയേട്ടൻ പോകുന്ന വഴിക്ക് എന്നെ കോളേജിൽ ഒന്ന് ഡ്രോപ്പ് ചെയ്യോ. നാളെ ട്യൂഷൻ ക്ലാസ്സിൽ നിന്നിറങ്ങി ഞാൻ നടന്നെത്തുമ്പോൾ മിക്കവാറും വൈകും." "അത് വേണോ?? ആരെങ്കിലും കണ്ടാലോ." ശ്രീഹരി തന്റെ സംശയം പ്രകടിപ്പിച്ചു.

"ആരും കാണില്ലെന്നേ... കോളേജിലേക്കല്ലേ കൊണ്ട് വിടുന്നത്. ടീച്ചേർസോ ഫ്രണ്ട്സോ കണ്ടാൽ കസിൻ ആണെന്ന് പറയാലോ." "ആദ്യമൊക്കെ ബൈക്കിൽ വരാൻ വിളിക്കുമ്പോൾ എന്തൊരു പേടിയായിരുന്നു നിനക്ക്." ശ്രീഹരി അവളെ കളിയാക്കി. "ഒന്ന് പോ ശ്രീയേട്ടാ.." "നീ സീരിയസ് ആയിട്ട് പറഞ്ഞതാണോ കോളേജിൽ വിടുന്ന കാര്യം." "അതേന്നെ... അത്യാവശ്യമായി പോയതോണ്ടാ... പേടിയൊക്കെ ഉണ്ട്... എന്നാലും ശ്രീയേട്ടന്റെ ബൈക്കിന് പിന്നിലിരിക്കാനുള്ള മോഹം കൊണ്ട് ചോദിച്ചതാ." അർച്ചനയുടെ മെസ്സേജ് കണ്ടപ്പോൾ ശ്രീഹരിക്ക് ചിരിപൊട്ടി. "ഉം... ശരി. ഞാൻ കൊണ്ട് വിടാം. ആരെങ്കിലും ചോദിച്ചാൽ കസിൻ ആണെന്ന് പറയണം." ശ്രീഹരി തന്റെ സമ്മതമറിയിച്ചു. "താങ്ക്സ് ശ്രീയേട്ടാ..." "നാളെ ട്യൂഷൻ ക്ലാസ്സിൽ നിന്നിറങ്ങുമ്പോൾ നീ ആദ്യം ഇറങ്ങിക്കോ. പിന്നാലെ ഞാൻ ബൈക്കുമായി വന്നോളാം." "ഉം ശരി... പിന്നെ ശ്രീയേട്ടാ അടുത്താഴ്ച എന്റെ ബർത്ത്ഡേയാ." "ആണോ, എത്ര വയസ്സാക്കും നിനക്ക്." "19 തികയും... ശ്രീയേട്ടൻ എനിക്കെന്താ തരാ.." അർച്ചന കൊഞ്ചലോടെ ചോദിച്ചു. "നിനക്ക് എന്താ വേണ്ടത്.?" "ശ്രീയേട്ടൻ എന്ത് തന്നാലും ഞാൻ സ്വീകരിക്കും."

"എങ്കിൽ ഞാനൊരു ഉമ്മ തരട്ടെ... ആ കവിളിൽ." പെട്ടെന്നുള്ള ശ്രീഹരിയുടെ ചോദ്യം കണ്ടതും തിരിച്ചെന്ത് മറുപടി അയക്കണമെന്നറിയാതെ അർച്ചന കുഴങ്ങി. "അത് വേണ്ട ശ്രീയേട്ടാ... എനിക്ക് പേടിയാ.." "അർച്ചനയ്ക്ക് ഇഷ്ടമില്ലെങ്കി വേണ്ട... ഞാൻ വെറുതെ പറഞ്ഞൂന്നേ ഉള്ളു." "ശ്രീയേട്ടന് വിഷമമായോ?" "എന്തിനു?" "ഞാൻ സമ്മതിക്കത്തോണ്ട്." "ഏയ്‌ ഇല്ല... അത് വിട്... നിനക്കെന്താ വേണ്ടതെന്നു പറയ്യ്." ശ്രീഹരി ചോദ്യമാവർത്തിച്ചു. "ഞാൻ എന്താ പറയ്യാ ശ്രീയേട്ടാ... എനിക്കറിയില്ല..." "എങ്കിൽ നമുക്കൊരു സിനിമയ്ക്ക് പോയാലോ?" "സിനിമയ്ക്കോ..? അയ്യോ എനിക്ക് പേടിയാ.. ആരെങ്കിലും കണ്ടാൽ പിന്നെ അതുമതി." അർച്ചന തന്റെ ഭയം മറച്ചുവച്ചില്ല. "നിനക്കെല്ലാത്തിനും പേടിയാണല്ലോ. ഇത്ര പേടിയുണ്ടെങ്കിൽ പ്രേമിക്കാൻ നിക്കരുത്." ശ്രീഹരിക്ക് ചെറുതായി ദേഷ്യം വന്നുതുടങ്ങിയിരുന്നു. "വരാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല ശ്രീയേട്ടാ... ആരെങ്കിലും കണ്ടാലോന്ന് പേടിച്ചിട്ടാ." "എന്റെ അച്ചു... നിന്നെ ആരും കാണില്ല. സിനിമ തുടങ്ങിയ പിന്നെ തിയേറ്ററിനുള്ളിൽ മുഴുവനും ലൈറ്റ് ഓഫ് ആക്കും. ആ ഇരുട്ടത്ത് നിന്നെ ആര് തിരിച്ചറിയാനാ.

സിനിമ തുടങ്ങുന്ന സമയമാകുമ്പോൾ എത്തിയാൽ മതി നീ. അപ്പോ ആരും നിന്നെ കാണില്ല. എല്ലാവരും അകത്തുകയറിക്കഴിയും." ശ്രീഹരി അവൾക്ക് ഉറപ്പ് കൊടുത്തു. "അങ്ങനെയാണെങ്കിൽ ഞാൻ വരാം." അർച്ചന റിപ്ലൈ ചെയ്തു. "എങ്കിൽ നമുക്ക് ലാലേട്ടന്റെ പുലിമുരുഗൻ കാണാൻ പോകാം. നിനക്ക് ലാലേട്ടന്റെ മൂവീസൊക്കെ ഇഷ്ടമാണല്ലോ." ശ്രീഹരി അവളുടെ മറുപടിക്ക് വേണ്ടി കാത്തിരുന്നു. " ഉം... പോകാം.." അർച്ചന സമ്മതമറിയിച്ചു. "അടുത്ത തിങ്കളാഴ്ചയല്ലേ നിന്റെ ബർത്ത്ഡേ. നീ അന്ന് കോളേജ് ലീവ് ആക്കിക്കോ. രാവിലെ പതിനൊന്നരയ്ക്കുള്ള ഷോ ഞാൻ ബുക്ക്‌ ചെയ്യാം. നീ നേരെ തിയേറ്ററിലേക്ക് വന്നാൽ മതി." "ശ്രീയേട്ടൻ ഏത് തിയേറ്ററിലാ ബുക്ക് ചെയ്യുന്നത്. ഇവിടെ അടുത്തുള്ളതൊന്നും വേണ്ട. എനിക്ക് പേടിയാ." "തമ്പാനൂരിനടുത്തുള്ള ഏരിയക്സ് പ്ലസിൽ പോവാം. നീ അങ്ങോട്ട്‌ വരില്ലേ?" "വരാം... പക്ഷേ എനിക്ക് അങ്ങോട്ട്‌ വരാനുള്ള വഴി അറിയില്ല.. ഞാൻ ഇതുവരെ ഒരു സിനിമയ്ക്ക് പോലും പോയിട്ടില്ല ശ്രീയേട്ടാ." "അതൊന്നും ആലോചിച്ചു നീ ടെൻഷനാവണ്ട. തമ്പാനൂർ വന്ന് ബസ്സിറങ്ങിയ ശേഷം എന്നെ വിളിച്ചാൽ മതി. വഴി ഞാൻ പറഞ്ഞു തരാം."

"അതൊക്കെ ഓക്കേ... പക്ഷേ കോളേജിൽ പോകാതിരിക്കുന്നതിനു അമ്മയോട് എന്ത് റീസൺ പറയും. അമ്മയ്ക്ക് ഇപ്പൊ തന്നെ എന്നെ ചെറുതായി സംശയമുള്ള പോലെ എനിക്ക് തോന്നുന്നുണ്ട്. ഇനി ക്ലാസ്സിൽ പോകാതെ എങ്ങോട്ട് പോവാന്ന് ചോദിച്ചു അമ്മയും കൂടെ വന്നാലോ?" "നീ വെറുതെ ഓരോന്നാലോചിച്ചു ടെൻഷൻ ആവണ്ട. അമ്മയ്ക്ക് നിന്നെ സംശയം ഒന്നും കാണില്ല. നീയായിട്ട് സംശയത്തിനു ഇട കൊടുക്കാതിരുന്നാൽ മതി. ബർത്ത്ഡേയ്ക്ക് ഇനിയും ഒരാഴ്ച ഇല്ലേ. നമുക്ക് വഴിയുണ്ടാക്കാം അർച്ചന... നീ ഇപ്പൊ പോയി കിടന്ന് ഉറങ്ങിക്കോ. നമുക്ക് രാവിലെ കാണാം." "ശരി ഏട്ടാ... ഗുഡ്നൈറ്റ്‌... ഉമ്മാ..." "ഗുഡ്നൈറ്റ്‌... ഉമ്മാ...." നെറ്റ് ഓഫ് ആക്കി മൊബൈൽ, ബെഡിന്റെ ഒരു വശത്തേക്കിട്ട് അർച്ചന കണ്ണുകൾ അടച്ച് കിടന്നു. സിനിമയ്ക്ക് പോകുന്ന കാര്യമോർത്തിട്ട് അവൾക്ക് നല്ല ടെൻഷനുണ്ടായിരുന്നു. ശ്രീഹരി കൊടുത്ത ഉറപ്പിന്മേൽ ആണ് അവൾ കൂടെ പോകാമെന്നു സമ്മതിച്ചത്. കോളേജിൽ പോകാതെ എവിടെ പോവാണെന്ന് അമ്മ ചോദിച്ചാൽ പറയാൻ ഉത്തരമില്ല. അന്ന്, തന്റെ പിറന്നാൾ ദിവസം കൂടെ ആയോണ്ട് അമ്മയ്ക്ക് മറ്റെന്തെങ്കിലും സംശയം തോന്നിയാൽ തീർന്ന്.... ഓരോന്നാലോചിച്ചിട്ട് അന്നത്തെ രാത്രി അവൾക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. **************

പതിവിലും കുറച്ചു നേരത്തെയാണ് അർച്ചന, പിറ്റേന്ന് ട്യൂഷൻ ക്ലാസ്സിൽ എത്തിയത്. സ്റ്റെപ്പ് കയറി മുകളിലേക്ക് ചെല്ലുമ്പോൾ ഓഫീസ് തുറന്നിട്ടുണ്ടായിരുന്നു. ഓഫീസ് റൂമിൽ എന്തൊക്കെയോ രജിസ്റ്റർ പരിശോധിച്ചുകൊണ്ട് സമീറിക്ക ഇരിക്കുന്നത് അവൾ കണ്ടു. അദ്ധ്യാപകരും കുട്ടികളും വരാൻ സമയമാകുന്നേയുണ്ടായിരുന്നുള്ളൂ. "ഗുഡ്മോർണിംഗ് ഇക്കാ.." അർച്ചനയുടെ ശബ്ദം കേട്ടതും സമീറിക്ക രജിസ്റ്ററിൽ നിന്നും മുഖമുയർത്തി അവളെ നോക്കി. "അർച്ചന ഇന്ന് നേരത്തെയാണല്ലോ?" "ഇന്ന് അമ്പലത്തിൽ കയറിയില്ല നേരെ ഇങ്ങോട്ട് പോന്നു.. അതാ നേരത്തെ എത്തിയത്." അർച്ചന പുഞ്ചിരിച്ചു. "കോളേജിലേ ക്ലാസ്സൊക്കെ എങ്ങനെ പോകുന്നു. നന്നായി പഠിക്കുന്നുണ്ടല്ലോ അല്ലെ.?" സമീറിക്ക അവളോട്‌ ചോദിച്ചു. "ഉണ്ട് ഇക്കാ... ടീച്ചേഴ്‌സ് ഒക്കെ പാവമാണ്. നന്നായി പഠിപ്പിക്കും. ഡൌട്ട് എന്തേലും ചോദിച്ചാൽ മടി കൂടാതെ പറഞ്ഞു തരും." "അമ്മ കഷ്ടപ്പെടുന്നത് മോള് കാണുന്നുണ്ടല്ലോ അല്ലെ. അതുകൊണ്ട് പഠിത്തത്തിൽ ഉഴപ്പ് വരുത്താതെ ഇതുപോലെ നന്നായി പഠിക്കണം. മോൾക്കൊരു നല്ല ജോലി കിട്ടിയാൽ അമ്മയുടെ കഷ്ടപ്പാടും മാറില്ലേ."

"എനിക്കൊരു ജോലി കിട്ടുംവരെയേ അമ്മയ്ക്ക് ഈ കഷ്ടപ്പാട് ഉണ്ടാവുള്ളു ഇക്കാ. എനിക്ക് നല്ലൊരു ജോലി ശരിയായാൽ പിന്നെ അമ്മയെ ഞാൻ നന്നായി നോക്കും." അർച്ചന ആത്മവിശ്വാസത്തോടെ പറഞ്ഞു. "ആ ചിന്ത എപ്പോഴുമുണ്ടായാൽ നല്ലത് മോളെ." "ആ പിന്നെ ഇക്കാ എനിക്ക് ഇന്ന് കുറച്ചു നേരത്തെ കോളേജിൽ പോകേണ്ടതുണ്ട്. തേർഡ് സെമെസ്റ്റർ എക്സാം തുടങ്ങാറായില്ലേ.. രാവിലെ ടീച്ചർ എക്സ്ട്രാ ക്ലാസ്സ്‌ വച്ചിട്ടുണ്ട്." "കോളേജിലെ ക്ലാസ്സ്‌ ഒന്നും മിസ്സാക്കണ്ട.. മോള് നേരത്തെ പൊയ്ക്കോ." സമീറിക്ക അവൾക്ക് അനുവാദം നൽകി. "താങ്ക്സ് ഇക്കാ.." അർച്ചന സന്തോഷത്തോടെ പറഞ്ഞു. അപ്പോഴേക്കും മറ്റ് അദ്ധ്യാപകരും കുട്ടികളുമൊക്കെ വന്നുതുടങ്ങിയിരുന്നു. ബെല്ലടിക്കുന്നതിനു മുൻപ് തന്നെ ശ്രീഹരിയും എത്തിച്ചേർന്നു. ഓഫീസിൽ ഒരു ഭാഗത്തായി അദ്ധ്യാപകർക്ക് ഇരിക്കാൻ കുറച്ചു കസേരകൾ ഇട്ടിട്ടുണ്ട്. അർച്ചന ഇരിക്കുന്നതിന്റെ പിന്നിലുള്ള കസേരയിൽ ശ്രീഹരി ഇരുന്നു. അർച്ചന അവനെ നോക്കി ചിരിച്ചു കാണിച്ചു. ശ്രീഹരിയും അവളെ നോക്കി ചിരിച്ചു. കുട്ടികൾക്ക് ക്ലാസ്സിൽ കയറാനുള്ള ബെൽ അടിച്ചപ്പോൾ അദ്ധ്യാപകർ ഓരോരുത്തരായി അവരവരുടെ ക്ലാസ്സിലേക്ക് പോയി.

ശ്രീഹരി തന്റെ ക്ലാസ്സിലേക്ക് പോകും മുൻപ് കണ്ണുകൾ കൊണ്ട് അവളോട്‌ പോകുവാന്ന് പറഞ്ഞു. അർച്ചന മെല്ലെ തലയനക്കിയ ശേഷം ഒൻപതാം ക്ലാസ്സിലേക്ക് നടന്നു. ************** സെക്കന്റ്‌ പീരിയഡ് പകുതിയായപ്പോൾ തന്നെ അർച്ചന കോളേജിലേക്ക് പോകാനായി ഇറങ്ങി. അവൾ പോയി അഞ്ചുമിനിട്ട് കഴിഞ്ഞശേഷമാണ് ശ്രീഹരി ഇറങ്ങിയത്. തലേദിവസം തന്നെ ശ്രീഹരി സമീറിക്കയെ വിളിച്ചു കാര്യം പറഞ്ഞിരുന്നത് കൊണ്ട് പ്രത്യേകിച്ച് പറയേണ്ടി വന്നില്ല. ഓഫീസിൽ ചെന്ന് സമീറിക്കയോട് ഇറങ്ങട്ടെ എന്ന് ചോദിച്ചശേഷം ശ്രീഹരി വേഗം തന്നെ അർച്ചനയ്ക്ക് പിന്നാലെ ബൈക്കെടുത്തു പോയി. ഇടവഴിയിൽ അവൻ വരുന്നതും നോക്കി മെല്ലെ നടക്കുകയായിരുന്നു അർച്ചന. ശ്രീഹരി അവൾക്കരികിലായി ബൈക്ക് സ്ലോ ആക്കി നിർത്തി. അർച്ചന പിന്നിലേക്ക് കയറി ഇരുന്നതും അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടെടുത്തു. കോളേജിനടുത്തായി ശ്രീഹരി അവളെ ഇറക്കി. "ഇനിയും പത്തുമിനിറ്റ് ബാക്കിയുണ്ട് ശ്രീയേട്ടാ.."അർച്ചന തന്റെ വാച്ചിൽ നോക്കികൊണ്ട് പറഞ്ഞു. "ഒൻപത് മണിക്കാണോ ക്ലാസ്സ്‌ തുടങ്ങുന്നത്." "ആഹ്, പോർഷൻസ് തീരാനുള്ളത് കൊണ്ട് വീണ മിസ്സ്‌ ഇന്ന് എക്സ്ട്രാ ക്ലാസ്സ്‌ വച്ചതാ.

തേർഡ് സെമെസ്റ്റർ എക്സാം വരാറായില്ലേ അതാ." "സിനിമയ്ക്ക് പോവുന്ന കാര്യത്തിൽ നിനക്ക് സമ്മതക്കുറവൊന്നുമില്ലല്ലോ അല്ലെ?" ശ്രീഹരി ചോദിച്ചു. "ഇല്ല... എന്നാലും അമ്മയുടെ കാര്യമോർക്കുമ്പോൾ ചെറിയൊരു പേടിയുണ്ട്." അർച്ചന പറഞ്ഞു. "അതാലോചിച്ചു നീയെന്തിനാ പേടിക്കുന്നത്. അമ്മയോട് കോളേജിൽ പോകുവാന്ന് പറഞ്ഞാൽ മതി. രാവിലെ ട്യൂഷൻ ക്ലാസ്സിൽ വന്നിട്ട് ഒൻപത് മണിക്ക് ക്ലാസ്സ്‌ കഴിയുമ്പോൾ നീ ബസ് കയറി തമ്പാനൂർ ചെന്ന് ഇറങ്ങിക്കോ. സമയം പോകാനായി നീ പോത്തീസിലോ ബിഗ് ബസാറിലോ ഒക്കെ കറങ്ങിക്കോ. പതിനൊന്നരയാകുമ്പോൾ തിയേറ്ററിലേക്ക് വന്നാൽ മതി. രണ്ടരയാകുമ്പോൾ സിനിമ കഴിയും. ബസ് കയറി ഇവിടെ എത്തുമ്പോൾ കോളേജ് കഴിയുന്ന ടൈം ആകും. പിന്നെ നിനക്ക് നേരെ വീട്ടിലേക്ക് പോകാലോ." ശ്രീഹരി അവൾക്കൊരുപായം പറഞ്ഞു കൊടുത്തു. "ശ്രീയേട്ടന്റെ ഐഡിയ കൊള്ളാലോ... ഇങ്ങനെയൊക്കെ നടന്നാൽ മതിയായിരുന്നു. എങ്കിൽ അമ്മയ്ക്ക് യാതൊരു സംശയവും തോന്നില്ല."

"നീ ഞാൻ പറഞ്ഞത് പോലെ ചെയ്താൽ മതി. അപ്പോ ആർക്കും സംശയം തോന്നില്ല. വെറുതെ അതിനെപ്പറ്റി ആലോചിച്ചു ടെൻഷനടിച്ചു ആർക്കും ഡൌട്ട് തോന്നിപ്പിക്കണ്ട. ഞാൻ ഓൺലൈൻ ആയിട്ട് ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം നിനക്ക് വാട്സാപ്പ് ചെയ്യാം." "ഇപ്പൊ കുറച്ചു ധൈര്യമൊക്കെ തോന്നുന്നുണ്ട് ശ്രീയേട്ടാ." അർച്ചന പുഞ്ചിരിയോടെ അവനെ നോക്കി. "ഇനി ഇവിടെ നിന്ന് സംസാരിക്കുന്നത് പരിചയക്കാർ ആരെങ്കിലും കണ്ടിട്ട് അതൊരു ഇഷ്യൂ ആവണ്ട. നീ ക്ലാസ്സിൽ പൊയ്ക്കോ. ഞാൻ പോവാ..." ശ്രീഹരി അവളോട്‌ പറഞ്ഞു. "എന്നാൽ ശരി ശ്രീയേട്ടാ..." അവനെ നോക്കി കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞ് അർച്ചന കോളേജ് ഗേറ്റിനടുത്തേക്ക് നടന്നു. "ആരാടി ആ പോയത്... നീയും അവനും തമ്മിൽ എന്താ ബന്ധം." പെട്ടെന്നാണ് പിന്നിൽ നിന്ന് ആരോ അവളുടെ കൈയ്യിൽ കടന്നുപിടിച്ച് അത് ചോദിച്ചത്. അർച്ചന ഞെട്ടി പിന്തിരിഞ്ഞു.....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story