വിരൽത്തുമ്പിലാരോ : ഭാഗം 6

viralthumbil aro

രചന: ശിവാ എസ് നായർ

"ആരാടി ആ പോയത്... നീയും അവനും തമ്മിൽ എന്താ ബന്ധം." പെട്ടെന്നാണ് പിന്നിൽ നിന്ന് ആരോ അവളുടെ കൈയ്യിൽ കടന്നുപിടിച്ച് അത് ചോദിച്ചത്. അർച്ചന ഞെട്ടി പിന്തിരിഞ്ഞു. "നിത്യാ നീയോ..." അവളുടെ മുഖമൊന്ന് വിളറി. അർച്ചനയുടെ ബെസ്റ്റ് ഫ്രണ്ട് നിത്യയായിരുന്നു അത്. കോളേജിൽ അവരൊരുമിച്ചാണ് പഠിക്കുന്നത്, ഒരേ ക്ലാസ്സിൽ. പ്ലസ്‌ ടു വിനും അവർ ഒരേ ക്ലാസ്സിൽ തന്നെയാണ് പഠിച്ചിരുന്നത്. "അതേ ഞാൻ തന്നെ... നീ എന്താ എന്നെ മുൻപ് കണ്ടിട്ടില്ലാത്ത പോലെ നോക്കുന്നത്. നിന്നെ ഇവിടെ കൊണ്ടുവിട്ടിട്ട് പോയതാരാ." നിത്യ ചോദിച്ചു. "നീ... നീ... ഇ.... ഇന്ന്... ക്ലാസ്സിൽ വരില്ലെന്നല്ലേ ഇന്നലെ പറഞ്ഞത്." അർച്ചന വിക്കി വിക്കി ചോദിച്ചു. "ഇന്നലെ അങ്ങനെയാ പറഞ്ഞത്. പക്ഷേ ഇന്ന് വന്നത് കൊണ്ടാണല്ലോ ചിലതൊക്കെ കാണാൻ പറ്റിയത്." നിത്യ അവളെ രൂക്ഷമായി നോക്കി. "നിത്യ നീയെന്താ ഇങ്ങനെ സംസാരിക്കുന്നത്. നീ ഉദ്ദേശിക്കുന്ന പോലൊന്നുമല്ല... ആ പോയത് എന്റെ കസിൻ ആണ്." "നീ വെറുതെ കള്ളം പറഞ്ഞ് കഷ്ടപ്പെടണ്ട.. നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ ഞാൻ. ഞാൻ അറിയാത്ത ഏത് കസിനാ ആ പോയത്." നിത്യയുടെ അർത്ഥം വച്ചുള്ള ചോദ്യം അവളുടെ വായടപ്പിച്ചു.

"എടി... അതുപിന്നെ..." അർച്ചന നിന്നുവിയർത്തു. "അനീഷേട്ടന് അറിയാം ആ പോയ ആളെ. അനീഷേട്ടന്റെ ബ്രദറിന്റെ ഫ്രണ്ടാണ്." നിത്യ അത് പറയുമ്പോൾ എതിർവശത്തുനിന്നും റോഡ് ക്രോസ്സ് ചെയ്ത അവരുടെ അടുത്തേക്ക് വരുകയായിരുന്നു അനീഷ്. നിത്യയുടെ ലവർ ആണ് അനീഷ്. അവരുടെ തന്നെ കോളേജിൽ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് അനീഷ്. "അർച്ചനയ്ക്ക് ശ്രീഹരി ചേട്ടനെ എങ്ങനെ അറിയാം?" അവരുടെ അടുത്തേക്ക് വന്ന അനീഷ് അർച്ചനയോട് ചോദിച്ചു. "ഞങ്ങൾ സെയിം ട്യൂഷൻ ക്ലാസ്സിലാ പഠിപ്പിക്കാൻ പോകുന്നത്. അവിടെ വച്ചുള്ള പരിചയമാ. ഇന്ന് എക്സ്ട്രാ ക്ലാസ്സുള്ളത് കൊണ്ട് കോളേജിൽ നേരത്തെ എത്താൻ ഒരു ലിഫ്റ്റ് ചോദിച്ചതായിരുന്നു." അർച്ചന പറഞ്ഞു. "നിന്റെ മുഖം കണ്ടാലറിയാം പറയുന്നത് കള്ളമാണെന്ന്. നിങ്ങൾ തമ്മിൽ എന്തെങ്കിലും ഇഷ്ടമുണ്ടെങ്കിൽ അത് എന്നോട് പറയാൻ നിനക്കെന്താ ഒരു മടി." നിത്യ ദേഷ്യത്തോടെ ചോദിച്ചു. "സോറി നിത്യ... നീയിതാരോടും പറയരുത്.. അനീഷേട്ടനും ആരോടും പറയരുത്.. എന്റെ സിറ്റുവേഷൻ മറ്റാരേക്കാളും നന്നായിട്ട് നിനക്കറിയുന്നതല്ലേ.." അർച്ചന അവളുടെ കൈകളിൽ മുറുക്കി പിടിച്ചുകൊണ്ട് പറഞ്ഞു.

"നീ ആ ചേട്ടന്റെ ബൈക്കിന് പിന്നിലിരുന്ന് കോളേജിന്റെ അടുത്ത് വന്നിറങ്ങുന്നതും സംസാരിക്കുന്നതുമൊക്കെ ഓപ്പോസിറ്റ് സൈഡിലെ ബുക്ക് സ്റ്റാളിൽ നിന്ന് ഞാൻ കാണുന്നുണ്ടായിരുന്നു. ഞാനാ അനീഷേട്ടന് കാണിച്ചു കൊടുത്തത്. അപ്പോഴാ അനീഷേട്ടന്റെ ബ്രദറിന്റെ ഫ്രണ്ട് ആണ് പുള്ളിക്കാരൻ എന്ന് മനസ്സിലായത്. എത്ര നാളായി ഇത് തുടങ്ങിയിട്ട്.." നിത്യ ചോദിച്ചു. "ഒരു വർഷം ആകുന്നു.." അർച്ചന മുഖം താഴ്ത്തി. "ഒരു വർഷം ആയിട്ടും ഒരിക്കൽ പോലും നിനക്കിത് എന്നോട് പറയാൻ തോന്നിയില്ലല്ലോ ദുഷ്ടേ." നിത്യയ്ക്ക് നന്നായി ദേഷ്യം വന്നിരുന്നു. "ഇനി ഇതിന്റെ പേരിൽ താൻ അർച്ചനയോട് ദേഷ്യപ്പെടാൻ നിക്കണ്ട. അവളെ നിന്നെക്കാൾ നന്നായി മറ്റാർക്കാ അറിയുന്നത്." അനീഷ് നിത്യയെ സമാധാനിപ്പിച്ചു. "എന്നാലും അവൾക്ക് ഒരു സൂചനയെങ്കിലും തരാമായിരുന്നു." നിത്യ വിടുന്ന ഭാവമില്ലായിരുന്നു. "എന്താന്ന് വച്ചാൽ രണ്ടാളും കൂടി പറഞ്ഞുതീർക്ക്. ഞാൻ കാന്റീനിലേക്ക് പോവാ. നിനക്ക് കൂട്ട് വരാൻ നേരത്തെ വീട്ടിൽ നിന്നിറങ്ങിയോണ്ട് ഒന്നും കഴിക്കാതെയാ ഇറങ്ങിയത്. ഞാൻ പോയി എന്തെങ്കിലും കഴിക്കട്ടെ." അനീഷ് അവരോട് യാത്ര പറഞ്ഞ് കാന്റീനിലേക്ക് നടന്നു. ഒന്നും മിണ്ടാതെ തല കുമ്പിട്ടുകൊണ്ട് അർച്ചന നിത്യക്കൊപ്പം ക്ലാസ്സിലേക്ക് നടന്നു. അവളോടുള്ള ദേഷ്യത്തിൽ നിത്യയും ഒന്നും മിണ്ടിയില്ല. "ആ ചേട്ടൻ സീരിയസ് ആണോ അച്ചു.."

അവർക്കിടയിലെ മൗനത്തെ ഭേദിച്ചുകൊണ്ട് നിത്യ ചോദിച്ചു. "ഉം..." അർച്ചന മൂളി. "നിനക്ക് എപ്പോഴെങ്കിലും എന്നോട് പറയാമായിരുന്നു. പറഞ്ഞാൽ ഞാൻ എതിർക്കുമെന്ന് നിനക്ക് തോന്നിയോ?" നിത്യയുടെ ശബ്ദമൊന്ന് ഇടറി. "ഇല്ല നിത്യ... പലതവണ പറയണമെന്ന് വിചാരിച്ചതാ. ആരോടും ഇതേപറ്റി പറഞ്ഞു നടക്കരുതെന്ന് ശ്രീയേട്ടൻ പറഞ്ഞത് കൊണ്ടാ ഞാൻ..." പറഞ്ഞു വന്നത് മുഴുമിക്കാതെ പകുതിയിൽ നിർത്തി, അർച്ചന മുഖമുയർത്തി അവളെ നോക്കി.. "സാരമില്ല... എനിക്ക് നിന്നോട് പിണക്കമൊന്നുമില്ല. എന്നാലും നീ സൂക്ഷിക്കണം. നിന്റെ മനസ്സ് വേദനിക്കുന്നത് എനിക്ക് സഹിക്കാനാകില്ല. നന്നായി ആലോചിച്ചു തന്നെയല്ലേ നീ ഈ ബന്ധം തിരഞ്ഞെടുത്തത്." നിത്യ അവളോട്‌ ചോദിച്ചു. "ശ്രീയേട്ടൻ പാവമാണ് നിത്യ... എന്നെ ഒരിക്കലും വേദനിപ്പിക്കില്ല, എനിക്കുറപ്പുണ്ട്. എന്നെ ഒരുപാട് ഇഷ്ടമാണ്. നന്നായി പഠിക്കണം, നല്ല ജോലി വാങ്ങണം, അമ്മയെ നന്നായി നോക്കണം എന്നൊക്കെ എപ്പോഴും എന്നോട് പറയും." " നിനക്ക് അത്ര വിശ്വാസം ഉണ്ടെങ്കിൽ കുഴപ്പമില്ല. നിന്റെ കൂടെ എന്തിനും ഞാനുണ്ടാകും അച്ചു. അയാൾക്ക് നിന്നോടുള്ള പ്രണയം വെറും ടൈംപാസ്സ് അല്ലാതിരിക്കട്ടെ."

"ടൈംപാസ്സ് ഒന്നുമല്ല നിത്യ... ശരിക്കും ഇഷ്ടമാണ്. ഞങ്ങൾ ആദ്യമായി പരസ്പരം കാണുന്നത് ട്യൂഷൻ ക്ലാസ്സിൽ വച്ചാണെങ്കിലും ശ്രീയേട്ടൻ എന്നെയും ഞാൻ ശ്രീയേട്ടനെയും അമ്പലത്തിൽ വച്ച് നേരത്തെ കണ്ടിട്ടുണ്ട്." അർച്ചന ആവേശത്തോടെ പറഞ്ഞു. "എന്തായാലും അനീഷേട്ടനോട് പറഞ്ഞ് നിന്റെ ശ്രീയേട്ടനെ കുറിച്ച് ഞാൻ വിശദമായി ഒന്ന് അന്വേഷിപ്പിക്കുന്നുണ്ട്, എന്റെ ഒരു സമാധാനത്തിനു വേണ്ടി. നീ വല്ല അബദ്ധത്തിലും ചെന്നുചാടിയിട്ട് ലാസ്റ്റ് വിഷമിക്കുന്നത് കാണാൻ എനിക്ക് വയ്യ മോളെ." നിത്യ, പകുതി തമാശയായും പകുതി കാര്യമായുമാണ് അത് പറഞ്ഞത്. "നിന്റെ ഇഷ്ടം നിത്യ... ഞാൻ എതിരൊന്നും പറയില്ല." അവൾ പറഞ്ഞു. സിനിമയ്ക്ക് പോകുന്നതിനെ പറ്റി തല്ക്കാലം അവളോട്‌ പറയണ്ടെന്ന് അർച്ചന തീരുമാനിച്ചു. വീണ മിസ്സ്‌ ക്ലാസ്സ്‌ എടുക്കുന്നുണ്ടെങ്കിലും നിത്യയുടെ ശ്രദ്ധ മുഴുവനും പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ച ഫോണിലേക്കായിരുന്നു. ശ്രീഹരിയെ പറ്റി അന്വേഷിക്കാൻ അനീഷിനെ ചുമതലപ്പെടുത്തുകയായിരുന്നു അവൾ. പ്രണയാഭ്യർത്ഥനയുമായി നിത്യയുടെ പിന്നാലെ അനീഷ് കുറേ നടന്നതാണ്. അനീഷിനെ പറ്റി നന്നായി അന്വേഷിച്ച് ആൾ തരികിടയല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് നിത്യ അവന് നേർക്ക് പച്ചകൊടി കാണിച്ചത്.

അർച്ചന അവളുടെ ബെസ്റ്റ് ഫ്രണ്ട് ആയത് കൊണ്ട് അർച്ചനയെ സേഫ് ആക്കേണ്ടത് തന്റെ കൂടെ ഉത്തരവാദിത്വമായി നിത്യയ്ക്ക് തോന്നി. വീണ മിസ്സ് ക്ലാസ്സെടുത്ത് കഴിഞ്ഞ് തിരിച്ചുപോയതൊന്നും നിത്യ അറിഞ്ഞിരുന്നില്ല. അവൾ ഫോണിൽ അനീഷുമായി ചാറ്റിങ്ങിൽ ആയിരുന്നു. അർച്ചനയായിരുന്നു അവർക്കിടയിലെ സബ്ജെക്ട്. "കുറേ നേരമായല്ലോ നീ ഫോണിൽ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്. വീണ മിസ്സ്‌ ശ്രദ്ധിക്കാത്തത് ഭാഗ്യം." അർച്ചന അവളെ തട്ടിവിളിച്ചുകൊണ്ട് ചോദിച്ചു. നിത്യ മുഖമുയർത്തി അർച്ചനയെ ഒന്ന് നോക്കി. "നിന്നെപ്പറ്റിയുള്ള ഡിസ്കഷൻ ആയിരുന്നു മോളെ. ഞാൻ അനീഷേട്ടനോട് പറഞ്ഞിട്ടുണ്ട് നിന്റെ ശ്രീയേട്ടനെ പറ്റി അന്വേഷിക്കാൻ." നിത്യ കൂസലന്യേ പറഞ്ഞു. "പറഞ്ഞുകഴിഞ്ഞില്ലേ... ഇനി ഫോൺ മാറ്റിവയ്ക്ക്. ജോജി സാറിന്റെ ക്ലാസ്സാ അടുത്തത്. സാർ കണ്ടാൽ ഫോണും കൊണ്ട് പോകും സ്റ്റാഫ്‌റൂമിലേക്ക്. ഒരിക്കൽ നിന്റെ കയ്യീന്ന് പൊക്കിയത് ഓർമ്മയുണ്ടല്ലോ." അർച്ചന അവളെ കളിയാക്കി. അങ്ങനെ പറയുമ്പോഴും അർച്ചനയുടെയുള്ളിൽ ആധിയായിരുന്നു. ശ്രീഹരിയെ പറ്റി മോശമായി എന്തെങ്കിലും അറിയാനിടയായാൽ അത് തനിക്ക് സഹിക്കാൻ കഴിയില്ല എന്നത് അവളെ വേദനിപ്പിച്ചു. അവനെപ്പറ്റി നല്ലത് മാത്രം കേൾക്കാനിടയാവണേ എന്ന് അർച്ചന മനമുരുകി പ്രാർത്ഥിച്ചു. അപ്പോഴേക്കും ജോജി സർ ക്ലാസ്സിലേക്ക് വന്നു.

നിത്യ വേഗം ഡാറ്റ ഓഫ്‌ ചെയ്ത് ഫോൺ ബാഗിലേക്കിട്ടു. ഉള്ളിൽ നുരഞ്ഞുപൊന്തിയ ടെൻഷൻ കാരണം അർച്ചനയ്ക്ക് ക്ലാസ്സിൽ നന്നായി ശ്രദ്ധിച്ചിരിക്കാൻ കഴിഞ്ഞതേയില്ല. അവളുടെ മനസ്സിൽ നിറയെ ശ്രീഹരിയെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു. ************** ഉച്ചയ്ക്കത്തെ ലഞ്ച് ബ്രേക്കിൽ ക്ലാസ്സിലിരുന്ന് ഫുഡ് കഴിക്കുകയായിരുന്നു അർച്ചനയും നിത്യയും. അപ്പോഴാണ് അവരുടെ ക്ലാസ്സിലേക്ക് അനീഷ് കയറി വന്നത്. വന്നപാടെ അവൻ അവർക്കരികിലേക്ക് വന്നിരുന്നു. "അനീഷേട്ടൻ ഞാൻ പറഞ്ഞ കാര്യം അന്വേഷിച്ചോ?" അവനെ കണ്ടപാടെ നിത്യ ചോദിച്ചു. "ആഹ് ചെറുതായി ഒരു അന്വേഷണം ഒക്കെ നടത്തി." അർച്ചനയെ നോക്കിയാണ് അവനത് പറഞ്ഞത്. "എന്തെങ്കിലും കിട്ടിയോ എന്നിട്ട്.?" നിത്യയ്ക്ക് ആകാംക്ഷയായി. അർച്ചനയ്ക്കെന്തോ അത് കേട്ടപ്പോൾ വല്ലായ്മ തോന്നി. അഹിതമായതെന്തോ ആണ് അനീഷ് പറയാൻ പോകുന്നതെന്ന് അവൾക്ക് തോന്നി. ശ്രീഹരിയെ പറ്റി മോശമായി എന്തെങ്കിലും കേൾക്കാൻ അവൾ ആഗ്രഹിച്ചിരുന്നില്ല. "എനിക്ക്... എനിക്കൊന്നും കേൾക്കണ്ട..." ഭക്ഷണം മതിയാക്കി അർച്ചന എഴുന്നേൽക്കാൻ ഭാവിച്ചു. "അർച്ചന അങ്ങനെയങ്ങ് പോയാലോ. താനും കൂടെ കേൾക്കാൻ വേണ്ടിയാ ഞാൻ പറയുന്നത്."

അനീഷ് അവളെ പോകാൻ സമ്മതിക്കാതെ പിടിച്ചിരുത്തി. അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ സീരിയസായി എന്തോ പറയാനുണ്ടെന്നത് പോലെ അർച്ചനയ്ക്ക് തോന്നി. "സസ്പെൻസ് ഇടാതെ എന്താ കാര്യമെന്ന് പറയ്യ് അനീഷേട്ടാ." നിത്യയാണ്. അർച്ചന അവളെ ദേഷ്യത്തോടെ ഒന്ന് നോക്കി. "നീ എന്നെ നോക്കിപ്പേടിപ്പിക്കണ്ട. ആള് ഫ്രോഡ് ആണെങ്കിൽ ഇന്നത്തോടെ തന്നെ എല്ലാം മതിയാക്കിക്കോ മോളെ. ഇനി അഥവാ അങ്ങനെ അല്ലെങ്കിൽ എന്റെ ഫുൾ സപ്പോർട്ടും ഇക്കാര്യത്തിൽ ഉണ്ടാവും." നിത്യ അവളോട്‌ പറഞ്ഞു. "നിത്യ പറഞ്ഞപ്പോൾ തന്നെ ഞാൻ എന്റെ ചേട്ടൻ സുധീഷിനെ വിളിച്ച് ചെറുതായി ഒരന്വേഷണം നടത്തി നോക്കി. ചേട്ടനും ശ്രീഹരി ചേട്ടനുമൊക്കെ ഒരുമിച്ച് പഠിച്ചതാണ്." അനീഷ് സംസാരിച്ചു തുടങ്ങി. "എന്നിട്ട് സുധീഷ് ചേട്ടൻ എന്താ പറഞ്ഞത്.?" നിത്യ ചോദിച്ചു. അർച്ചനയുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു. അനീഷ് എന്തായിരിക്കും പറയാൻ പോകുന്നതെന്ന് കേൾക്കാനായി അക്ഷമയോടെ കാത് കൂർപ്പിച്ചിരിക്കുകയാണ് നിത്യ......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story