വിരൽത്തുമ്പിലാരോ : ഭാഗം 7

viralthumbil aro

രചന: ശിവാ എസ് നായർ

അർച്ചനയുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു. അനീഷ് എന്തായിരിക്കും പറയാൻ പോകുന്നതെന്ന് കേൾക്കാനായി അക്ഷമയോടെ കാത് കൂർപ്പിച്ചിരിക്കുകയാണ് നിത്യ. "അർച്ചനയ്ക്ക് ശ്രീഹരിയെ വിശ്വസിക്കാം... ആളൊരു മാന്യനാണ്. ചീത്ത കൂട്ടുകെട്ടോ ദൂഷ്യ സ്വഭാവമോ ഒന്നുമില്ല എന്നാണ് എന്റെ ചേട്ടൻ പറഞ്ഞത്. ഇടയ്ക്ക് ചെറിയ ബിയറോ മറ്റോ കുടിക്കും, അതും ഫ്രണ്ട്സിന്റെ കൂടെ എന്തെങ്കിലും ഫങ്ക്ഷൻസ് ഉണ്ടെങ്കിൽ മാത്രം. വേറെ അഫയർ ഒന്നും ഇല്ലായിരുന്നു. അർച്ചനയുടെ കാര്യം എന്റെ ചേട്ടനോട് ശ്രീഹരി ചേട്ടൻ പറഞ്ഞിട്ടുണ്ടായിരുന്നു." അനീഷ് പറഞ്ഞു. അവൻ പറഞ്ഞത് കേട്ടപ്പോൾ അർച്ചനയുടെ മുഖമൊന്നു തിളങ്ങി. നിത്യയ്ക്കും അതുകേട്ടപ്പോൾ സന്തോഷം തോന്നി. "അപ്പോ ആൾ പ്രശ്നക്കാരൻ ഒന്നുമല്ല അല്ലെ?" നിത്യ അനീഷിനെ ചോദ്യഭാവത്തിൽ നോക്കി. "പ്രശ്നക്കാരൻ ഒന്നുമല്ല.. പിന്നെ ഒരു കാര്യം എന്താന്ന് വച്ചാൽ, ശ്രീഹരി ചേട്ടൻ വേറൊരു ട്യൂഷൻ ക്ലാസ്സിൽ നിന്നും ക്ലാസ്സെടുക്കുന്നത് നിർത്തി പോന്നിരുന്നു. ഒരുവർഷം മുൻപായിരുന്നു ആ സംഭവം. അവിടെ പ്ലസ്‌വണ്ണിന് പഠിക്കുന്ന ഒരു കുട്ടിക്ക് ശ്രീഹരി ചേട്ടനോട് ഒരു അടുപ്പം തോന്നി,

അതിന്റെ പേരിൽ മറ്റുകുട്ടികൾക്കിടയിൽ നിന്നും റൂമേഴ്‌സ് ട്യൂഷൻ ക്ലാസ്സിൽ സ്‌പ്രെഡ്‌ ആകാൻ തുടങ്ങി. അങ്ങനെ ആ ഇഷ്യൂന്റെ പേരിൽ മതിയാക്കിയതാണെന്നാണ് എന്നോട് എന്റെ ചേട്ടൻ പറഞ്ഞത്. അർച്ചനയ്ക്ക് ഇതേപറ്റി എന്തെങ്കിലും അറിയോ?" അനീഷ് അവളോട്‌ ചോദിച്ചു. "ഇല്ല എനിക്കതേപ്പറ്റി ഒന്നും അറിയില്ല അനീഷേട്ടാ." അർച്ചനയുടെ സ്വരം ദുർബലമായി. അവളുടെ തെളിഞ്ഞ മുഖം വീണ്ടും മങ്ങി. കണ്ണുകളിൽ നീരുറവ കൂടി കാഴ്ച മറഞ്ഞപ്പോൾ അർച്ചന ഇടത്കൈ കൊണ്ട് മിഴിനീർ ഒപ്പിയെടുത്തു. അനീഷ് അവസാനം പറഞ്ഞ കാര്യങ്ങൾ അർച്ചനയെ സങ്കടപ്പെടുത്തിയിട്ടുണ്ടെന്ന് അനീഷിനും നിത്യയ്ക്കും മനസിലായി. "ഇനി നിന്റെ ശ്രീയേട്ടന് ആ കൊച്ചുമായി വല്ല പ്രേമവും ഉണ്ടായിരുന്നോ? ഇനി അതിന്റെ പേരിൽ ആ ട്യൂഷൻ ക്ലാസ്സിൽ നിന്നും പറഞ്ഞു വിട്ടതായിരിക്കോ ശ്രീയേട്ടനെ.?" നിത്യ കളിയായിട്ടാണ് അത് ചോദിച്ചെങ്കിലും അർച്ചനയ്ക്ക് അത് കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു. നിത്യ പറഞ്ഞത് പോലെ ശ്രീഹരിക്ക് മറ്റൊരു റിലേഷൻ ഉണ്ടായിരുന്നോ? അതിന്റെ പേരിൽ അവിടുന്ന് പുറത്താക്കിയതായിരിക്കോ ശ്രീയേട്ടനെ. അങ്ങനെ ചിന്തിക്കുമ്പോൾ തന്നെ അർച്ചനയ്ക്ക് ശ്വാസം മുട്ടുന്നതായി അനുഭവപ്പെട്ടു. "ഇത്ര സില്ലി കാര്യത്തിനൊന്നും ഇങ്ങനെ കണ്ണ് നിറയ്ക്കല്ലേ അർച്ചന. ഞാൻ അറിഞ്ഞ കാര്യങ്ങളൊക്കെ തന്നോട് പറഞ്ഞൂന്നേ ഉള്ളു.

അതോർത്ത് താൻ എന്തിനാ സങ്കടപ്പെടുന്നത്. ശ്രീഹരി ചേട്ടൻ കുഴപ്പക്കാരനൊന്നുമല്ല." അനീഷ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. "അച്ചു ഞാനൊരു തമാശ പറഞ്ഞതല്ലേ... ഇനി ഞാൻ അങ്ങനെ പറഞ്ഞതിന്റെ പേരിൽ നിന്റെ മനസ്സിൽ എന്തെങ്കിലും സംശയം വീണിട്ടുണ്ടെങ്കിൽ ഇക്കാര്യം നീ നിന്റെ ശ്രീയേട്ടനോട് ഇന്നുതന്നെ ചോദിച്ചു ക്ലിയർ ചെയ്യണം. അല്ലാതെ ഇതും മനസ്സിലിട്ട് കരഞ്ഞുവിളിച്ച് നടക്കരുത്. ചോദിക്കേണ്ടതും പറയേണ്ടതുമായ കാര്യങ്ങൾ അപ്പപ്പോൾ തന്നെ ചെയ്തിരിക്കണം." നിത്യ പറഞ്ഞത് കേട്ട് അർച്ചന തലയനക്കി. "ഞാൻ ചോദിക്കാം നിത്യ..." അർച്ചനയുടെ ശബ്ദമിടറി. "നീ വന്നേ... കൈ കഴുകണ്ടേ.." വിഷയം മാറ്റാനെന്നോണം നിത്യ പറഞ്ഞു. ഭക്ഷണം മതിയാക്കി ഇരുവരും കൈകഴുകാനായി എഴുന്നേറ്റു. വൈകുന്നേരം കോളേജ് വിടുമ്പോൾ കാണാമെന്ന് പറഞ്ഞ് അനീഷ് അവന്റെ ക്ലാസ്സിലേക്ക് പോയി. ************** "അർച്ചനയ്ക്ക് നല്ല സങ്കടമയെന്നാ തോന്നുന്നേ." വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞ് അർച്ചനയെ ബസ് കയറ്റി വിട്ടശേഷം ബസ്സ്റ്റോപ്പിൽ നിന്ന് സംസാരിക്കുകയാണ് നിത്യയും അനീഷും. "ഇതിലിപ്പോ വിഷമിപ്പിക്കാൻ മാത്രം എന്തിരിക്കുന്നു നിത്യ."

"ഇനിയൊരുപക്ഷേ ശ്രീഹരിയും ആ ട്യൂഷൻ ക്ലാസ്സിലെ പെൺകുട്ടിയും തമ്മിൽ എന്തെങ്കിലും അടുപ്പമുണ്ടായിരുന്നുവെന്ന് അവൾക്ക് തോന്നിയിട്ടുണ്ടെങ്കിലോ?" നിത്യ തന്റെ സംശയം പ്രകടിപ്പിച്ചു. "ഛേ... അങ്ങനെ ഒന്നും ഉണ്ടാവില്ല. ഇൻകേസ്‌ ശ്രീഹരി ചേട്ടന് ആ കുട്ടിയുമായി എന്തെങ്കിലും റിലേഷൻ ഉണ്ടായിട്ടുണ്ടായിരുന്നെങ്കിൽ അത് സുധീഷേട്ടൻ അറിയാതിരിക്കില്ല. അർച്ചനയുടെ കാര്യം എന്റെ ചേട്ടനോട് പറയാമെങ്കിൽ ആ കുട്ടിയോട് എന്തെങ്കിലും അടുപ്പം ഉണ്ടായിരുന്നെങ്കിൽ അതും പറയുമായിരുന്നു. ഇത് അങ്ങനെ ഒന്നും ഉണ്ടാവില്ല. പിന്നെ ഇങ്ങനെയൊരു കാര്യം കേട്ടാൽ പലരും പലതും പറഞ്ഞുണ്ടാക്കില്ലേ. മറ്റാരെങ്കിലും വഴി അർച്ചന ഇക്കാര്യം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അറിയാനിട വന്നാലോന്ന് കരുതിയാണ് ഞാനിക്കാര്യം അവളോട്‌ ഓപ്പൺ ആയി പറഞ്ഞത്. അർച്ചനയ്ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഇന്ന് ശ്രീഹരി ചേട്ടനോട് ഈ കാര്യത്തെ പറ്റി നേരിട്ട് ചോദിച്ചറിയട്ടെ. അതല്ലേ അതിന്റെ ശരി." അനീഷ് അവന്റെ മനസ്സിലുള്ളത് നിത്യയുമായി പങ്കുവെച്ചു. "അനീഷേട്ടൻ പറയുന്നതിലും കാര്യമുണ്ട്. അവളുടെ മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് അവളായിട്ട് തന്നെ നേരിട്ട് ചോദിച്ചു ക്ലിയർ ചെയ്യട്ടെ." "ദേ നിനക്ക് പോകാനുള്ള ബസ് വരുന്നു." ബസ്സ്റ്റോപ്പ്‌ ലക്ഷ്യമാക്കി വരുന്നു ബസ്സിനെ കൈചൂണ്ടി കാണിച്ചുകൊണ്ട് അനീഷ് അവളോട് പറഞ്ഞു

"ഇനിയും നിന്നാൽ ഞാൻ വീട്ടിലെത്താൻ വൈകും. ഞാൻ എന്നാ പോവാ ട്ടോ. നമുക്ക് നാളെ രാവിലെ കാണാം." അനീഷിനോട് യാത്ര പറഞ്ഞ് നിത്യ ബസ്സിലേക്ക് കയറി. അവൾക്ക് നേരെ കൈവീശി കാണിച്ചുകൊണ്ട് അനീഷ് തന്റെ ബൈക്കിനരികിലേക്ക് നടന്നു. ************** അർച്ചന വീട്ടിലെത്തുമ്പോൾ സമയം നാലരയാകുന്നേ ഉണ്ടായിരുന്നുള്ളു. അനിത അപ്പോഴും വന്നിട്ടുണ്ടായിരുന്നില്ല. തന്റെ കൈയിലെ താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന് അവൾ അകത്തേക്ക് കയറി. ഡ്രസ്സ് ചേഞ്ച്‌ ചെയ്ത് മേൽ കഴുകാനൊന്നും അവൾക്ക് തോന്നിയില്ല. വാതിൽ അടച്ച് ലോക്ക് ചെയ്ത ശേഷം അർച്ചന അവളുടെ മുറിയിലേക്ക് നടന്നു. അനീഷിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ അവളുടെ മനസ്സിൽക്കിടന്ന് നീറിപ്പുകയുന്നുണ്ടായിരുന്നു. ശ്രീഹരിയോട് അതേപ്പറ്റി ചോദിക്കണോ വേണ്ടയോ എന്ന് നൂറാവർത്തി അവൾ തന്നോട് തന്നെ ചോദിച്ചു. ഒടുവിൽ അവനോട് താനറിഞ്ഞ കാര്യങ്ങളെപ്പറ്റി ചോദിക്കാൻ അർച്ചന തീരുമാനിച്ചു. ബാഗിൽ നിന്നും ഫോൺ എടുത്ത് അവൾ ശ്രീഹരിയുടെ നമ്പറിലേക്ക് വിളിച്ചു. റിംഗ് ചെയ്ത് തുടങ്ങിയപ്പോൾ മറുതലയ്ക്കൽ കാൾ അറ്റൻഡ് ചെയ്യപ്പെട്ടു. "ഹലോ അർച്ചന..." ശ്രീഹരിയുടെ സ്വരം അവളുടെ കാതിൽ മുഴങ്ങി.

"ശ്രീയേട്ടൻ ഫ്രീയാണോ.." ഇടറിയ ശബ്ദത്തിൽ അവൾ ചോദിച്ചു. "ഫ്രീയാണ്... എന്ത് പറ്റി അച്ചു.." അവന്റെ സ്വരം ആർദ്രമായി. "എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു." അർച്ചന ശ്വാസം ഉള്ളിലേക്ക് ആഞ്ഞുവലിച്ചു. "എന്താണെങ്കിലും ചോദിക്കു.." ആകാംക്ഷയോടെ അവൻ പറഞ്ഞു. "ശ്രീയേട്ടനെ ആർക്കെങ്കിലും ഇഷ്ടമായിരുന്നോ?" മടിച്ചു മടിച്ചവൾ ചോദിച്ചു. "ഇപ്പോ എന്താ നീ ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നെ?" "ശ്രീയേട്ടൻ മുൻപ് പഠിപ്പിച്ചിരുന്ന ഏതോ ട്യൂഷൻ ക്ലാസ്സിലെ കുട്ടിക്ക് ശ്രീയേട്ടനോട് ഇഷ്ടമുണ്ടായിരുന്നില്ലേ." ചെറിയൊരു പേടിയോടെയാണ് അവൾ അത് പറഞ്ഞത്. "ഇതൊക്കെ അർച്ചന എങ്ങനെ അറിഞ്ഞു.?" ശ്രീഹരിയുടെ സ്വരത്തിൽ ജിജ്ഞാസ നിറഞ്ഞുനിന്നു. "അതൊക്കെ ഞാൻ അറിഞ്ഞു... സംഗതി സത്യമാണോ?" "സത്യമാണ്..." "എന്തായിരുന്നു ആ കുട്ടിയുടെ പേര്?" "പാർവതി.." "ശ്രീയേട്ടന് അവളോട്‌ എന്തെങ്കിലും ഇഷ്ടം തോന്നിയിരുന്നോ?" തെല്ലൊരു പതർച്ചയോടെ അർച്ചന ചോദിച്ചു. മറുപടിയായി ശ്രീഹരിയിൽ നിന്നും പൊട്ടിച്ചിരിയാണ് അവൾ കേട്ടത്. "ആ കുട്ടിയെ ഇഷ്ടമുണ്ടായിരുന്നെങ്കിൽ ഞാൻ അവിടുന്ന് ട്യൂഷൻ മതിയാക്കി പോകുമായിരുന്നോ മണ്ടി? നിന്നെ ഞാൻ സ്നേഹിക്കുമായിരുന്നോ?" ശ്രീഹരിയുടെ വാക്കുകൾ അർച്ചനയുടെയുള്ളിൽ കുളിർമഴയായി പെയ്തിറങ്ങി.

"ശ്രീയേട്ടനെ പറ്റി ആരെങ്കിലും എന്തെങ്കിലും മോശമായി പറയുന്നത് കേൾക്കേണ്ടി വന്നാൽ എനിക്ക് സഹിക്കാൻ കഴിയില്ല. അറിഞ്ഞതൊക്കെ സത്യമാണോന്ന് അറിയാൻ വേണ്ടി ചോദിച്ചതാ ഞാൻ." അർച്ചന തന്റെ മനസ്സിൽ തോന്നിയത് അവനോട് പറഞ്ഞു. "മറ്റുള്ളവർക്ക് വെറുതെ ഓരോ കഥകൾ മെനഞ്ഞുണ്ടാക്കാൻ ഞാനായിട്ട് അവസരമൊരുക്കണ്ടെന്ന് കരുതിയാ അന്ന് ആ ഇഷ്യൂ ഉണ്ടായപ്പോൾ ഞാൻ അവിടെ പഠിപ്പിക്കാൻ പോകുന്നത് നിർത്തിയത്. ആ കുട്ടിക്ക് എന്നോട് ചെറിയ ഇഷ്ടമുണ്ടായിരുന്നു. ആദ്യം ഞാനത് കാര്യമാക്കിയിരുന്നില്ല. പിന്നീട് അക്കാര്യം അവിടെ പലരും പറഞ്ഞു നടക്കാൻ തുടങ്ങി. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരിക്കുമെന്ന് ചിലർ വിചാരിച്ചു. വെറുതെ ആളുകളെ കൊണ്ട് പറയിപ്പിക്കണ്ടല്ലോന്ന് കരുതിയാ ഞാൻ അന്നത്തോടെ അവിടുത്തെ ക്ലാസ് നിർത്തിയത്. ഞാൻ ആദ്യമായി കണ്ടതും ഇഷ്ടപ്പെട്ടതുമൊക്കെ നിന്നെയാണ് അർച്ചന. അങ്ങനെയൊരു ഇഷ്ടം എനിക്ക് ആ കുട്ടിയോട് തോന്നിയിരുന്നെങ്കിൽ തീർച്ചയായും ഞാനത് തുറന്നുപറയുമായിരുന്നു. നീയിനി അതോർത്തു സങ്കടപ്പെട്ട് ഇരിക്കണ്ട.." ശ്രീഹരി അവളെ സമാധാനിപ്പിച്ചു.

"പെട്ടന്ന് കേട്ടപ്പോൾ എനിക്ക് നല്ല സങ്കടം തോന്നിയിരുന്നു. ഇപ്പൊ അതൊക്കെ മാറി. എന്റെ ഫ്രണ്ട് നിത്യയുടെ ലവറാണ് അനീഷ് ചേട്ടൻ. അനീഷേട്ടന്റെ ബ്രദർ സുധീഷ്, ശ്രീയേട്ടന്റെ ഫ്രണ്ടാണെന്നാ അനീഷേട്ടൻ പറഞ്ഞത്. ശ്രീയേട്ടൻ ഇന്ന് രാവിലെ എന്നെ കോളേജിൽ കൊണ്ട് വിടുന്നത് നിത്യയും അനീഷേട്ടനും കണ്ടിരുന്നു. അങ്ങനെ അനീഷേട്ടൻ വഴിയാ ഞാനിതൊക്കെ അറിഞ്ഞത്." അർച്ചന അവനോടെല്ലാം വിശദമാക്കി. "സുധീഷ് എന്റെ ബെസ്റ്റ് ഫ്രണ്ടാ. അവന്റെ അനിയൻ അനീഷിനെയും എനിക്കറിയാം." ശ്രീഹരി അവളോട്‌ പറഞ്ഞു. "ഇപ്പോഴാ എനിക്ക് സമാധാനമായത്..." അർച്ചനയ്ക്ക് ഒരുപാട് സന്തോഷം തോന്നി. അവളുടെ വാക്കുകളിൽ ആനന്ദം പ്രകടമായിരുന്നു. "നീ കോളേജിൽ നിന്ന് വന്നതല്ലേ ഉണ്ടാവു. പോയി കുളിച്ചു ഫ്രഷ് ആയി എന്തെങ്കിലും പഠിക്ക്." ശ്രീഹരി ഗൗരവത്തോടെ പറഞ്ഞു. "ഓക്കേ ശ്രീയേട്ടാ... ഞാനെന്നാ ഫോൺ വയ്ക്കുവാ." അർച്ചന കാൾ കട്ട്‌ ചെയ്ത് ഫോൺ ചാർജിലിട്ടു.

പിന്നെ, ഒരു മൂളിപ്പാട്ടോടെ കുളിച്ചുമാറാനുള്ള ഡ്രെസ്സും, ടവലും എടുത്തുകൊണ്ട് അവൾ ബാത്‌റൂമിലേക്ക് നടന്നു. ************** കഴിഞ്ഞുപോയ ദിനങ്ങൾ ഓരോന്നും വേദനയോടെ അർച്ചന ഓർത്തു. എത്ര സുന്ദരമായിരുന്നു ആ ദിവസങ്ങൾ... എല്ലാം ഓർമ്മകൾ മാത്രമായിട്ടും, അർച്ചന ആ ഓർമ്മകളെ ഇന്നലെയെന്ന പോൽ മനസ്സിലിട്ട് താലോലോച്ചു കൊണ്ട് നടക്കുകയാണ്. ഫോണെടുത്ത് വാട്സ്ആപ്പ് ഓപ്പൺ ആക്കി അർച്ചന ശ്രീഹരിയുടെ മെസ്സേജസ് നോക്കി. ആദ്യം മുതൽ അവനയച്ച മെസ്സേജസന്നൊന്നും കളയാതെ സൂക്ഷിക്കുന്നുണ്ടായിരുന്നു അർച്ചന. അവളുടെ മിഴികൾ ആ ചാറ്റ്സിലൂടെ ഇഴഞ്ഞുനീങ്ങി. ഓർമ്മകൾ അവളുടെ മനസ്സിനെയും ശരീരത്തിനെയും ചുട്ടുപൊള്ളിക്കുന്നുണ്ടായിരുന്നു. ആ വേദന അർച്ചനയുടെ മനസ്സിലും ഹൃദയത്തിലും താങ്ങാനാവാത്ത മുറിവുകൾ സൃഷ്ടിച്ചു. അവളുടെ മനസ്സ് ചരട് പൊട്ടിയ പട്ടം പോലെ പഴയ ഓർമ്മകളിലേക്ക് പാറി നടന്നു......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story