വിരൽത്തുമ്പിലാരോ : ഭാഗം 8

viralthumbil aro

രചന: ശിവാ എസ് നായർ

ഓർമ്മകൾ അവളുടെ മനസ്സിനെയും ശരീരത്തിനെയും ചുട്ടുപൊള്ളിക്കുന്നുണ്ടായിരുന്നു. ആ വേദന അർച്ചനയുടെ മനസ്സിലും ഹൃദയത്തിലും താങ്ങാനാവാത്ത മുറിവുകൾ സൃഷ്ടിച്ചു. അവളുടെ മനസ്സ് ചരട് പൊട്ടിയ പട്ടം പോലെ പഴയ ഓർമ്മകളിലേക്ക് പാറി നടന്നു. ************** ശ്രീഹരിയിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ നിത്യയോട്‌ പറയാനായി അർച്ചന അവളെ രണ്ടുതവണ ഫോണിൽ വിളിച്ചെങ്കിലും നിത്യ കാൾ അറ്റൻഡ് ചെയ്തില്ല. വാട്സാപ്പിൽ മെസ്സേജ് അയച്ചു നോക്കിയിട്ടും മറുപടി ഒന്നും കിട്ടാത്തതിനാൽ അർച്ചന നിത്യയുടെ അമ്മയെ വിളിച്ചു നോക്കി. കോളേജിൽ നിന്നും വന്ന ശേഷം നല്ല തലവേദനയാണെന്ന് പറഞ്ഞു നിത്യ നേരത്തെ തന്നെ മരുന്ന് കഴിച്ചു കിടന്നുവെന്ന് അവളുടെ അമ്മ അർച്ചനയോട് പറഞ്ഞു. നാളെ കോളേജിൽ ചെന്നിട്ട് നേരിട്ട് നിത്യയോട്‌ കാര്യങ്ങൾ പറയാമെന്ന് അർച്ചന വിചാരിച്ചു. പതിവുപോലെ ശ്രീഹരിയോട് ചാറ്റ് ചെയ്തശേഷമാണ് അർച്ചന ഉറങ്ങാനായി കിടന്നത്. അന്നത്തെ രാത്രി സന്തോഷത്തോടെയാണ് അവൾ ഉറങ്ങിയത്. ഉച്ചയ്ക്ക് കോളേജിൽ വച്ച് അനീഷിൽ നിന്ന് കേട്ട കാര്യങ്ങൾ അവളുടെ മനസ്സിൽ ഒരു കരടായി കിടക്കുകയായിരുന്നു.

ശ്രീഹരിയോട് അതേപറ്റി മനസ്സ് തുറന്നു സംസാരിച്ച ശേഷമാണ് അവളുടെ മനസ്സിനെ മൂടിനിന്ന കാർമേഘം വിട്ടൊഴിഞ്ഞത്. ************** രാവിലെ പതിവുപോലെ ട്യൂഷൻ ക്ലാസ്സ്‌ കഴിഞ്ഞശേഷം അർച്ചന, തന്റെ കോളേജിലേക്ക് നടന്നു. അർച്ചന, ക്ലാസ്സിലെത്തുമ്പോൾ നിത്യ വന്നിട്ടുണ്ടായിരുന്നില്ല. സാധാരണ അവളെത്തുമ്പോൾ നിത്യ ക്ലാസ്സിനു മുന്നിൽ നിന്ന് അനീഷുമായി സംസാരിച്ചിരിക്കുന്നുണ്ടാകും. പക്ഷേ പതിവിന് വിപരീതമായി അന്ന് നിത്യയും അനീഷും കോളേജിൽ എത്തിയിരുന്നില്ല. അർച്ചന ഫോണെടുത്ത് നിത്യയെ വിളിച്ചു നോക്കിയെങ്കിലും സ്വിച്ച് ഓഫ്‌ എന്ന മറുപടിയാണ് ലഭിച്ചത്. അനീഷിന്റെ നമ്പർ അവളുടെ കൈവശം ഉണ്ടായിരുന്നില്ല. തലേദിവസം നിത്യയുടെ അമ്മ പറഞ്ഞ കാര്യം അവൾ ഓർത്തു. ഒരുപക്ഷേ തലവേദന കുറവില്ലാത്തത് കൊണ്ടാകും നിത്യ ക്ലാസ്സിൽ വരാത്തതെന്ന് അർച്ചന വിചാരിച്ചു. എന്നാലും ലീവ് ആണെങ്കിൽ നിത്യ അത് തന്നെ വിളിച്ചു പറയേണ്ടതാണ്.. ഇത് പക്ഷേ... അർച്ചന ഒന്നുകൂടി നിത്യയുടെ നമ്പറിലേക്ക് വിളിച്ചു നോക്കി. അപ്പോഴും അവളുടെ മൊബൈൽ സ്വിച്ച് ഓഫ് തന്നെയായിരുന്നു. സമയം ഒൻപത് നാൽപത്തിയഞ്ചായി...

സ്റ്റുഡന്റസിന് ക്ലാസ്സിൽ കയറാനുള്ള ബെൽ മുഴങ്ങി. അപ്പോഴാണ് തലയും താഴ്ത്തിപ്പിടിച്ച് നിത്യ ക്ലാസ്സിലേക്ക് കയറി വന്നത്. വന്നപാടെ അർച്ചനയുടെ മുഖത്തേക്കൊന്ന് നോക്കുക പോലും ചെയ്യാതെ അവൾ ഡെസ്കിനു മുകളിൽ മുഖമമർത്തി കിടന്നു. "നിത്യാ... നിനക്കെന്ത് പറ്റി..?" അർച്ചന അവളെ കുലുക്കി വിളിച്ചു. ഒന്നും മിണ്ടാതെ നിത്യ അതേ കിടപ്പ് കിടന്നു. അർച്ചനയ്ക്ക്, എന്തോ പന്തികേട് തോന്നി. അവൾ നിത്യയെ ബലമായി തന്നെ എഴുന്നേൽപ്പിച്ചു. നിത്യയുടെ കവിളുകൾ അടി കൊണ്ട് തിണർത്ത് കിടക്കുകയായിരുന്നു. മൂന്ന് വിരൽപ്പാടുകൾ അവളുടെ വെളുത്ത കവിളിൽ തെളിഞ്ഞു കാണാമായിരുന്നു. ആ കാഴ്ച്ച കണ്ട് അർച്ചന ഞെട്ടിപ്പോയി. പകപ്പോടെ അവൾ നിത്യയുടെ മുഖത്തേക്ക് ഉറ്റുനോക്കി. "നിത്യാ... ഇത്... ഇതെന്താ...?"അർച്ചനയുടെ സ്വരം ഇടറിയിരുന്നു. നിത്യയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. "അനീഷേട്ടന്റെ കാര്യം വീട്ടിൽ അറിഞ്ഞു. പപ്പയും അമ്മയും എന്നെ കുറേ തല്ലി. എന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ചു." അത് പറയുമ്പോൾ അവളുടെ കണ്ഠമിടറി. "വീട്ടിൽ എങ്ങനെ അറിഞ്ഞു..." അർച്ചന ചോദിച്ചു. നിത്യ എന്തോ പറയാനായി തുടങ്ങിയപ്പോഴാണ് ടീച്ചർ ക്ലാസ്സിലേക്ക് കയറി വന്നത്.

ഷാളിന്റെ തുമ്പ് കൊണ്ട് നിത്യ വേഗം കണ്ണുനീർ തുടച്ചു. അറ്റന്റൻസ് എടുത്ത ശേഷം ടീച്ചർ ക്ലാസ്സ്‌ തുടങ്ങി. അപ്പോഴാണ് അവരുടെ ക്ലാസിന് പുറത്തുള്ള വരാന്തയിൽ കൂടി അനീഷ് ഇരുവരെയും നോക്കികൊണ്ട് നടന്നു പോയത്. അവന്റെ മുഖത്ത് വിഷാദം നിഴലിച്ചിരുന്നു. നിത്യ അവനെ കണ്ടതും മുഖം കുനിച്ചിരുന്നു. അതൊക്കെ കണ്ടപ്പോൾ തന്നെ അർച്ചനയ്ക്ക് എന്തോ പ്രശ്നമുള്ളതായി തോന്നി. ക്ലാസ്സിൽ ടീച്ചർ പഠിപ്പിക്കുന്നത് ശ്രദ്ധിക്കാൻ കഴിയാനാവാതെ നിത്യ, നോട്ട് ബുക്കിൽ എന്തൊക്കെയോ കുത്തികുറിച്ച് ഇരുന്നു. അർച്ചനയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. കുറച്ചുസമയം വരാന്തയിൽ ചുറ്റിതിരിഞ്ഞ ശേഷം അനീഷ് അവന്റെ ക്ലാസ്സിലേക്ക് പോകുന്നത് അർച്ചന കണ്ടു. ഫസ്റ്റ് പീരിയഡ് കഴിഞ്ഞ് ബെല്ലടിച്ചപ്പോൾ നിത്യ അർച്ചനയെയും വിളിച്ചു കൊണ്ട് ലേഡീസിന്റെ വെയ്റ്റിംഗ് റൂമിലേക്ക് നടന്നു. അനീഷിനെ ഫേസ് ചെയ്യാനുള്ള മടി കൊണ്ടാണ് നിത്യ, അർച്ചനയെയും കൂട്ടി വെയ്റ്റിംഗ് റൂമിലേക്ക് വന്നത്. ഇരുവരും അടുത്തടുത്തായുള്ള കസേരയിലേക്ക് ഇരുന്നു. മുഖം കൈകളിൽ താങ്ങി വിഷാദത്തോടെ ഇരിക്കുന്ന നിത്യയെ കണ്ടപ്പോൾ അർച്ചനയ്ക്ക് അതിയായ വിഷമം തോന്നി. "നിത്യ..." അർച്ചന വിളിച്ചു.

"ഉം.." നിത്യ ഒന്ന് മൂളിയതേ ഉള്ളു. "അനീഷേട്ടന്റെ കാര്യം നിന്റെ വീട്ടിലെങ്ങനെ അറിഞ്ഞു.?" "ഇന്നലെ വൈകുന്നേരം പപ്പ കോളേജിന് അടുത്തൂടെ പോയപ്പോൾ ഞങ്ങളെ ഒരുമിച്ചു കണ്ടിരുന്നു. അനീഷേട്ടൻ എന്നെ ബസ് കയറ്റി വിടുന്നത് വരെ പപ്പ ഞങ്ങളെ നിരീക്ഷിച്ചു കൊണ്ട് ഇവിടെ എവിടെയോ ഉണ്ടായിരുന്നു. ഞാൻ വീട്ടിലെത്തുമ്പോൾ എന്റെ പിന്നാലെ പപ്പയും വീട്ടിലെത്തി. എന്നെ കണ്ടിട്ടും മുഖം തരാതെ പപ്പ അമ്മയുടെ അടുത്തേക്ക് പോയി. പപ്പയുടെ മുഖഭാവം കണ്ടപ്പോൾ തന്നെ എന്തോ പ്രശ്നം ഉള്ളതായി എനിക്ക് തോന്നി. പക്ഷെ, പ്രശ്നം പപ്പയും അമ്മയും തമ്മിലായിരിക്കുമെന്ന് കരുതി ഞാൻ എന്റെ മുറിയിലേക്ക് പോയി. കുളിയൊക്കെ കഴിഞ്ഞ് ഞാൻ ഹാളിലേക്ക് വരുമ്പോൾ പപ്പയും അമ്മയും സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു. അമ്മയുടെ മുഖം കരഞ്ഞു വീർത്തിരുന്നു. എന്റെ ഫോൺ ആണെങ്കിൽ പപ്പയുടെ കൈയിലും. എന്നെക്കണ്ടതും പപ്പ എന്നോട് ഫോൺ അൺലോക്ക് ചെയ്ത് കൊടുക്കാൻ പറഞ്ഞു. അപ്പഴേ എന്റെ നെഞ്ചിടിക്കാൻ തുടങ്ങി. മൊബൈൽ ലോക്ക് മാറ്റി കൊടുക്കാതെ വേറെ നിവർത്തി ഇല്ലായിരുന്നു. അനീഷേട്ടനുമായുള്ള വാട്സാപ്പ് ചാറ്റും ഫോൺ കാൾ ഡ്യൂറേഷനും ഒക്കെ പപ്പ എടുത്ത് നോക്കി.

പിന്നെ പടക്കം പൊട്ടുന്ന പോലൊരു അടിയായിരുന്നു. അമ്മയും പപ്പയും കുറേ തല്ലി.എന്നിട്ട്, അപ്പോ തന്നെ പപ്പ എന്നെകൊണ്ട് അനീഷേട്ടനെ വിളിപ്പിച്ചു. അവരുടെ മുൻപിൽ വച്ച് ഈ ബന്ധം നിർത്തുവാന്ന് പറയിപ്പിച്ചു. പിന്നെ എന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി പപ്പയും അനീഷേട്ടനെ എന്തൊക്കെയോ പറഞ്ഞു. പപ്പയും അമ്മയും എന്നെ അടിച്ചതിൽ എനിക്ക് വിഷമം ഒന്നുമില്ല. എന്നെക്കൊണ്ട് അനീഷേട്ടനോട് ബ്രേക്കപ്പ് പറയിപ്പിച്ചതും പോരാഞ്ഞ് പപ്പയുടെ വകയായി അനീഷേട്ടനെ നല്ല ചീത്ത പറയുകയും, രാവിലെ എന്നെ കോളേജിൽ കൊണ്ട് വന്നിട്ട് ഡിപ്പാർട്മെന്റിൽ പോയി എച്. ഒ. ഡി യോട് എല്ലാം പറഞ്ഞു കൊടുത്ത് എന്നെ നാണം കെടുത്തുകയും ചെയ്തു. ഡിപ്പാർട്മെന്റിൽ ഉണ്ടായിരുന്ന സാറന്മാരും ടീച്ചേഴ്സും ഒക്കെ പപ്പ പറഞ്ഞത് കേട്ടു. എന്റെ മേൽ പ്രത്യേക ശ്രദ്ധ വേണോന്നും കൂടി പറഞ്ഞിട്ടാ പോയത്. ഞാൻ ഇനി അവരുടെ മുഖത്ത് എങ്ങനെ നോക്കും. നേരത്തെ ക്ലാസ്സിൽ ഇരുന്നപ്പോൾ അനീഷേട്ടൻ എന്നെ നോക്കിക്കൊണ്ട് പോകുന്നത് കണ്ടപ്പോൾ നെഞ്ച് കലങ്ങിപ്പോയി അച്ചു. അനീഷേട്ടനെ ഫേസ് ചെയ്യാൻ എനിക്ക് പറ്റില്ല...

അതുകൊണ്ടാ ക്ലാസ്സിലിരിക്കാതെ നിന്നെയും കൊണ്ട് ഞാൻ ഇങ്ങോട്ട് പോന്നത്." നിറകണ്ണുകളോടെ നിത്യ, നടന്ന കാര്യങ്ങളൊക്കെ അർച്ചനയോട് പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അർച്ചനയുടെ മനസ്സിലും നേരിയ ഭീതി പടർന്നു. ശ്രീഹരിയുടെ കാര്യം തന്റെ അമ്മ അറിഞ്ഞാലും ഇങ്ങനെയൊക്കെ തന്നെയായിരിക്കും പ്രതികരിക്കുക എന്ന് അവൾ ഓർത്തു. "അനീഷേട്ടനെ ഒഴിവാക്കി നീ എത്ര ദിവസം ഇങ്ങനെ നടക്കും നിത്യ. തിരിച്ച് ക്ലാസ്സിലോട്ട് പോകുമ്പോൾ അവിടെ നിന്നെയും കാത്ത് അനീഷേട്ടൻ നിൽപ്പുണ്ടാകും. ഇങ്ങനെ ഒഴിവായി നടക്കാതെ നിങ്ങൾ തമ്മിൽ സംസാരിക്കുന്നതല്ലെ നല്ലത്." "ഇന്ന് അനീഷേട്ടനെ ഫേസ് ചെയ്യാൻ എനിക്ക് കഴിയില്ല അച്ചു. എന്തൊക്കെ പ്രശ്നം വന്നാലും പരസ്പരം കൈവിടില്ലെന്ന് വാക്ക് പറഞ്ഞവരാ ഞങ്ങൾ. എന്നെങ്കിലും വീട്ടിൽ അറിഞ്ഞാലോ എന്നൊക്കെ ആലോചിച്ചു തന്നെയല്ലേ റിലേഷൻ തുടങ്ങിയതും." നിത്യ സംസാരം തുടർന്നു. "എന്നിട്ട് ഞാൻ ഇന്നലെ വിളിച്ച് ബ്രേക്കപ്പ് എന്നൊക്കെ പറഞ്ഞത് അനീഷേട്ടന് നല്ല ഫീൽ ചെയ്തിട്ടുണ്ടാവും. പാലിക്കാൻ ഉറപ്പില്ലാത്ത വാഗ്ദാനങ്ങൾ ഒന്നും നൽകാതിരിക്കുന്നതാണ് നല്ലത്. താൻ നന്നായി ആലോചിച്ചു മാത്രം പറഞ്ഞാൽ മതി. ഇടയ്ക്ക് വച്ച് എന്തെങ്കിലും ഇഷ്യൂ ഉണ്ടായി ബ്രേക്കപ്പ് പറഞ്ഞു പോകരുത് എന്നൊക്കെ ഒരു നൂറുവട്ടം അനീഷേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്.

എല്ലാം സമ്മതിച്ചു കൊണ്ടാണ് ഞാൻ, അന്ന് എന്റെ ഇഷ്ടം തിരിച്ചു പറഞ്ഞത്. വാക്ക് പറഞ്ഞിട്ട് ഞാനായിട്ട് തന്നെ എല്ലാം തെറ്റിച്ചില്ലേ. അനീഷേട്ടനെ മറക്കാൻ എനിക്ക് പറ്റില്ല. ബട്ട്‌ ഇന്ന് അനീഷേട്ടനോട് സംസാരിക്കാൻ പറ്റിയ മാനസികാവസ്ഥയിലല്ല ഞാൻ. മാത്രമല്ല ടീച്ചേഴ്‌സ് ആരെങ്കിലും കണ്ടാൽ ഇരട്ടി പ്രശ്നമാകും. തല്ക്കാലം കുറച്ചു ദിവസം ഇങ്ങനെ തന്നെ പോട്ടെ. പപ്പയുടെയും അമ്മയുടെയും മുന്നിൽ വച്ച് അനീഷേട്ടനെ വിളിച്ച് എല്ലാം നിർത്തിക്കോന്നൊക്കെ പറഞ്ഞത് വേറെ ഓപ്ഷൻ ഇല്ലാത്തത് കൊണ്ടാണ്. പക്ഷേ അങ്ങനെയൊന്നും പറഞ്ഞാൽ തീരുന്നതല്ല അച്ചു ഞങ്ങളുടെ സ്നേഹം. ഈ പ്രശ്നങ്ങളൊക്കെ ഒന്ന് ഒതുങ്ങിയിട്ട് സാവധാനം ഞാൻ സംസാരിക്കാം അനീഷേട്ടനോട്. നീ ഇതൊക്കെ അനീഷേട്ടനോട് പറയണം. കുറച്ചു ദിവസം നമ്മുടെ ക്ലാസ്സിന്റെ പരിസരത്തൂടെ വരരുതെന്ന് പറയണം. ടീച്ചേഴ്‌സ് ഒക്കെ എന്നെ നന്നായി ശ്രദ്ധിക്കും. പപ്പ ഇടയ്ക്കിടെ ഇനി കോളേജിൽ വന്ന് അന്വേഷിക്കും. ഇപ്പോ വീട്ടുകാർ പറയുന്നത് കേട്ടില്ലെങ്കിൽ പപ്പ എന്റെ പഠിപ്പ് മുടക്കും. അതുണ്ടാവരുതെന്ന് കരുതിയാ ഞാൻ തല്ക്കാലം പപ്പയും അമ്മയും പറയുന്നത് അനുസരിക്കാമെന്ന് വിചാരിച്ചത്. പഠിപ്പ് കഴിഞ്ഞേ ഉള്ളു മറ്റെന്തും.

പിന്നെ ഞാൻ ഈ പറഞ്ഞ കാര്യങ്ങളൊക്കെ നീ അനീഷേട്ടനെ ഫോണിൽ വിളിച്ചു പറഞ്ഞാൽ മതി, നമ്പർ ഞാൻ തരാം. നീ പോയി അനീഷേട്ടനോട് സംസാരിക്കുന്നതെങ്ങാനും ടീച്ചേഴ്‌സ് കണ്ടാൽ ഇനി അതും പ്രശ്നമാകും." നിത്യ അവളോട്‌ പറഞ്ഞു. "നീ പറയുന്നതിലും കാര്യമുണ്ട് നിത്യ. അനീഷേട്ടനോട് കാര്യങ്ങൾ ഞാൻ പറഞ്ഞോളാം. തല്ക്കാലം ഈ പ്രശ്നം ഒന്ന് ഒതുങ്ങട്ടെ. അതുവരെ സൈലന്റ് ആയി ഇരിക്കുന്നതാണ് നല്ലത്." അർച്ചനയും നിത്യയും തിരികെ ക്ലാസ്സിലേക്ക് പോകുമ്പോൾ അവരെ കാത്തെന്നോണം ക്ലാസ്സിന് മുന്നിലെ വരാന്തയിൽ അനീഷ് നിൽക്കുന്നുണ്ടായിരുന്നു. ഇരുവരും അവൻ നിന്ന ഭാഗത്തേക്കൊന്ന് നോക്കുക പോലും ചെയ്യാതെ ക്ലാസ്സിലേക്ക് കയറിപ്പോയി. അവർക്ക് തോറ്റുപിന്നാലെ എച്. ഒ. ഡി പ്രീത ടീച്ചറും ഉണ്ടായിരുന്നു. ടീച്ചർ പിന്നാലെ വരുന്നത് കണ്ടത് കൊണ്ടാണ് ഇരുവരും അനീഷിനെ നോക്കാതെ പോയത്. നിത്യ ഒന്ന് നോക്കുക പോലും ചെയ്യാതെ പോകുന്നത് കണ്ടിട്ട് അനീഷിന് സഹിക്കാൻ കഴിഞ്ഞില്ല. ക്ലാസ്സിലേക്ക് കയറിച്ചെന്ന് അവളോട്‌ സംസാരിക്കാനാണ് അവന് തോന്നിയത്. മനസ്സിനെ നിയന്ത്രിച്ചുകൊണ്ട് അനീഷ് തിരികെ തന്റെ ക്ലാസ്സിലേക്ക് പോയി. **************

ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിനും അർച്ചനയും നിത്യയും ക്ലാസ്സിലിരിക്കാതെ വെയ്റ്റിംഗ് റൂമിലേക്ക് പോയി. നിത്യ, അനീഷിന്റെ മൊബൈൽ നമ്പർ അർച്ചനയ്ക്ക് കൊടുത്തു. അവളത് തന്റെ ഫോണിൽ സേവ് ആക്കി വച്ചു. ക്ലാസ്സ്‌ കഴിഞ്ഞ് വൈകുന്നേരം വീട്ടിൽ പോയ ശേഷം അവനെ വിളിച്ച് സംസാരിക്കണമെന്ന് അർച്ചന മനസ്സിലുറപ്പിച്ചു. വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം അതേപടി കളയാനായി എടുക്കുകയായിരുന്നു നിത്യ. പക്ഷേ ചോറ് കളയാൻ അർച്ചന സമ്മതിച്ചില്ല. നിർബന്ധപൂർവ്വം അവളെക്കൊണ്ട് അർച്ചന ചോറ് കഴിപ്പിച്ചു. ആഹാരം കഴിക്കുന്നതിനിടയിൽ അർച്ചന, തലേദിവസം ശ്രീഹരിയോട് സംസാരിച്ച കാര്യങ്ങൾ അവളോട്‌ പറഞ്ഞു. നിത്യ, എല്ലാം മൂളിക്കേട്ടു. "കേട്ടിടത്തോളം നിന്റെ ശ്രീയേട്ടൻ പ്രശ്നക്കാരൻ ഒന്നുമല്ല.

പിന്നെ ഒരു കാര്യം, എന്റെ വീട്ടിൽ അനീഷേട്ടന്റെ കാര്യം അറിഞ്ഞ് സീൻ ആയത് പോലെ നിന്റെ അമ്മ അറിയാതെ സൂക്ഷിച്ചോ. അതുമാത്രേ എനിക്ക് പറയാനുള്ളു. നോക്കീം കണ്ടും പ്രേമിച്ചില്ലെങ്കി നിനക്കും എന്റെ അവസ്ഥ വരും." കവിളിൽ അടികൊണ്ട് തിണർത്തു കിടക്കുന്ന പാടിൽ തടവികൊണ്ടാണ് നിത്യ അത് പറഞ്ഞത്. "നിത്യ എനിക്ക് നിന്നോട് വേറൊരു കാര്യം കൂടി പറയാനുണ്ട്." ശ്രീഹരി സിനിമയ്ക്ക് പോകാൻ വിളിച്ച കാര്യം നിത്യയോട്‌ പറയണോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു അർച്ചന. പറയാതിരിക്കാൻ അവളുടെ മനസ്സ് അനുവദിച്ചിരുന്നില്ല. "എന്താ??" നിത്യ ചോദ്യഭാവത്തിൽ അവളെ നോക്കി. "അടുത്ത ആഴ്ച എന്റെ ബർത്ത്ഡേ അല്ലെ. ശ്രീയേട്ടൻ എന്നെ സിനിമയ്ക്ക് വരാൻ വിളിച്ചിട്ടുണ്ട്. എന്താ നിന്റെ അഭിപ്രായം. ഞാൻ പോണോ?" അർച്ചന നിത്യയെ നോക്കി ചോദിച്ചു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story