വിരൽത്തുമ്പിലാരോ : ഭാഗം 9

viralthumbil aro

രചന: ശിവാ എസ് നായർ

"അടുത്ത ആഴ്ച എന്റെ ബർത്ത്ഡേ അല്ലെ. ശ്രീയേട്ടൻ എന്നെ സിനിമയ്ക്ക് വരാൻ വിളിച്ചിട്ടുണ്ട്. എന്താ നിന്റെ അഭിപ്രായം. ഞാൻ പോണോ? " അർച്ചന നിത്യയെ നോക്കി ചോദിച്ചു. "നിന്നോട് സിനിമയ്ക്ക് പോണ്ടന്നെന്നും ഞാൻ പറയില്ല. അനീഷേട്ടന്റെ കൂടെ ഞാനും സിനിമയ്ക്ക് പോയിട്ടുണ്ട്. ബട്ട്‌ ഒരു കാര്യം ഞാൻ ഓപ്പൺ ആയി പറയാം. തിയേറ്ററിൽ വച്ച് ശ്രീയേട്ടൻ നിന്നെ തൊടാനോ കിസ്സ് ചെയ്യാനൊക്കെ ട്രൈ ചെയ്താൽ നിനക്ക് ഇഷ്ടമല്ലെങ്കിൽ നീ സമ്മതിക്കരുത്. പിന്നെ സ്നേഹിക്കുന്നവർക്കിടയിൽ പരസ്പരം കിസ്സ് ചെയ്തൂന്നൊക്കെ വരാം. അതിനപ്പുറത്തേക്ക് കാര്യങ്ങൾ പോകരുത്. അനീഷേട്ടൻ അക്കാര്യത്തിൽ ഡീസന്റ് ആയിരുന്നു. അതുകൊണ്ട് എനിക്ക് കംഫർട് ആയിട്ട് സിനിമ കാണാൻ പറ്റി. നിന്റെ സമ്മതമില്ലാതെ നിന്നെ തൊടാൻ പോലും നീ അനുവദിക്കരുത്. നിന്നെപ്പറ്റി എനിക്ക് നന്നായി അറിയാവുന്നത് കൊണ്ടാണ് ഞാൻ ഇത്രയും പറഞ്ഞത്. നിന്റെ ശ്രീയേട്ടൻ എങ്ങനെയുള്ള ആളാണെന്ന് നിനക്ക് മാത്രേ അറിയൂ. നിങ്ങൾ തമ്മിലുള്ള പേർസണൽ കാര്യങ്ങൾ ചോദിക്കുന്നത് മാനേഴ്സ് അല്ലെന്നറിയാം." നിത്യ തന്റെ അഭിപ്രായം തുറന്നുപറഞ്ഞു. "ശ്രീയേട്ടൻ അത്തരക്കാരൻ ഒന്നുമല്ല നിത്യ. എന്നോട് അങ്ങനെ മോശമായി ഒന്നും ബിഹേവ് ചെയ്യാറില്ല." "ആർ യു ഷുവർ." നിത്യ അർച്ചനയുടെ മിഴികളിലേക്ക് ഉറ്റുനോക്കി. "യെസ്..."

അർച്ചന ദുർബലമായി ഒന്ന് മൂളി. "ശ്രീയേട്ടൻ നിന്നോട് സെക്സ് ചാറ്റ് ചെയ്തിട്ടുണ്ടോ.?" എടുത്തടിച്ച പോലെയുള്ള നിത്യയുടെ ചോദ്യം കേട്ടതും അർച്ചന വിളറിപ്പോയി. "ഇല്ല നിത്യ... അങ്ങനെയൊന്നും ഇല്ല." അർച്ചനയുടെ സ്വരം ദുർബലമായി. "നീ കള്ളം പറയുന്നു അച്ചു." അർച്ചനയുടെ മുഖത്ത് നിന്നും കണ്ണുകളെടുക്കാതെ നിത്യ പറഞ്ഞു. "നീ കരുതുന്ന പോലൊന്നുമല്ല നിത്യ. ഒരിക്കൽ അതിനെപ്പറ്റിയൊക്കെ ജസ്റ്റ്‌ പറഞ്ഞുതന്നുവെന്നല്ലാതെ മോശമായി ഒന്നും എന്നോട് പറഞ്ഞിട്ടില്ല. ഫോൺ വിളിച്ചു വയ്ക്കുമ്പോഴും ചാറ്റ് ചെയ്യുമ്പോഴൊക്കെ കിസ്സ് കൊടുക്കും, എനിക്കും തരും. അത്... അത് തെറ്റാണോ." അർച്ചന ചോദിച്ചു. അവളുടെ ചോദ്യം കേട്ടപ്പോൾ നിത്യയ്ക്ക് ചിരി വന്നു. "നീ ഇത്ര പാവമായി പോയല്ലോ അച്ചു. ഞാനൊരു കാര്യം പറയാം, നിന്റെ മനസാക്ഷിക്ക് തെറ്റെന്ന് തോന്നുന്ന ഒരു കാര്യവും ചെയ്യരുത്. നിനക്ക് ശരിയെന്ന് നൂറുശതമാനം ഉറപ്പുള്ളത് മാത്രം ചെയ്യുക. എല്ലാത്തിനും ഒരു പരിധി ഉണ്ടാവണം. നാളെയൊരിക്കൽ തെറ്റ് ചെയ്തല്ലോന്ന് ഓർത്ത് പശ്ചാത്തപിക്കാൻ ഇട വരരുതെന്ന് മാത്രം. ഇപ്പോ നീ ചോദിച്ചില്ലേ കിസ്സ് കൊടുക്കുന്നത് തെറ്റാണോന്ന്, അത് നീ എന്നോടല്ല ചോദിക്കേണ്ടത്. നീ നിന്റെ മനസാക്ഷിയോട് ചോദിക്ക്. തെറ്റാണെന്ന് നിനക്ക് തോന്നുന്നത് നീ ചെയ്യരുത്. നിന്റെ ശരികൾ മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ ശരിയാകണമെന്നില്ല.

അതുപോലെ തെറ്റുകളും. അതുകൊണ്ട് എന്ത് ചെയ്യുമ്പോഴും നന്നായി ആലോചിച്ചു വേണം." "എങ്കിൽ ഞാൻ സിനിമയ്ക്ക് പോട്ടെ." "പോണ്ടെന്ന് ഞാൻ പറയില്ല... പോകാനും പറയില്ല. കാരണം ഞാൻ അനീഷേട്ടന്റെ കൂടെ സിനിമയ്ക്ക് പോയിട്ടുണ്ട്. അതൊരു തെറ്റായി എനിക്ക് തോന്നിയിട്ടില്ല. അതുപോലെ നിനക്ക് ശരിയായി തോന്നുന്നെങ്കിൽ നിനക്ക് പോകുന്നതിൽ പ്രശ്നമില്ല." "ശ്രീയേട്ടന്റെ കൂടെ സിനിമയ്ക്ക് പോകാൻ എനിക്ക് നല്ല ആഗ്രഹമുണ്ട് നിത്യ. ആരും അറിയരുതെന്ന പ്രാർത്ഥന മാത്രമേയുള്ളു. നീ എനിക്കുവേണ്ടി പ്രാർത്ഥിക്കണം.." അർച്ചന നിത്യയോട്‌ പറഞ്ഞു. "നീ ധൈര്യമായി പോയിട്ട് വാ.. ബട്ട്‌ ഞാൻ പറഞ്ഞതൊക്കെ മനസ്സിൽ ഉണ്ടാവണം." നിത്യ അവളെ ഓർമിപ്പിച്ചു. ഭക്ഷണം കഴിച്ചുകഴിഞ്ഞ് കൈ കഴുകി ഇരുവരും ക്ലാസ്സിലേക്ക് പോയി. ക്ലാസ്സിന് മുന്നിൽ വന്ന് നിൽക്കരുതെന്നും വൈകുന്നേരം വിളിക്കുമ്പോൾ ഡീറ്റൈൽ ആയി സംസാരിക്കാമെന്നും അർച്ചന, അനീഷിന് വാട്സാപ്പിൽ മെസ്സേജ് അയച്ചിരുന്നതിനാൽ അനീഷ് പിന്നെ അവരുടെ ക്ലാസ്സിന്റെ ഭാഗത്തേക്ക്‌ വന്നതേയില്ല. വൈകുന്നേരം വീട്ടിലെത്തിയ ശേഷം അർച്ചന, അനീഷിനെ വിളിച്ച് നിത്യ പറയാൻ പറഞ്ഞ കാര്യങ്ങളൊക്കെ പറഞ്ഞു.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അനീഷ് നിത്യ പറയുന്നത് പോലെ ചെയ്യാമെന്ന് സമ്മതിച്ചു. എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും നിത്യ തന്നെ വിട്ട് പോവില്ല എന്ന് അനീഷിന് ഉറപ്പുണ്ടായിരുന്നു. നിത്യയുടെ പ്രശ്നങ്ങൾ ഒക്കെ മാറുന്നത് വരെ കാത്തിരിക്കാൻ അവനും തയ്യാറായി. ************** ദിവസങ്ങൾ കഴിഞ്ഞുപോയി... ഇന്നാണ് അർച്ചനയുടെ ബർത്ത്ഡേ. രാവിലെ തന്നെ കുളിച്ച്, അമ്പലത്തിൽ കയറി തൊഴുത ശേഷമാണ് അർച്ചന ട്യൂഷൻ ക്ലാസ്സിലേക്ക് പോയത്. വീട്ടിൽ നിന്നിറങ്ങുമ്പോൾ തന്നെ അർച്ചനയ്ക്ക് ഉള്ളിൽ നല്ല ഭയം തോന്നിയിരുന്നു. സിനിമയ്ക്ക് പോകണോ അതോ കോളേജിൽ പോണോ എന്ന് അവൾ സ്വയം ചോദിച്ചു കൊണ്ടിരുന്നു. ഉള്ളിൽ നുരഞ്ഞുപൊന്തിയ ടെൻഷൻ കാരണം അവൾക്ക് ക്ലാസ്സെടുക്കാൻ നന്നേ ബുദ്ധിമുട്ട് തോന്നി. ചരട് പൊട്ടിയ പട്ടം കണക്ക് അവളുടെ മനസ്സ് നാനാവിധ ചിന്തകളിലൂടെ പാറിനടന്നു. തൊട്ടപ്പുറത്തെ ക്ലാസ്സിൽ നിന്നും ശ്രീഹരി ഇടയ്ക്കിടെ അർച്ചനയെ നോക്കുന്നുണ്ടായിരുന്നു. ഒൻപത് മണിയായപ്പോൾ ബെൽ അടിച്ചു. കുട്ടികൾ എല്ലവരും പോയിത്തുടങ്ങി. പതിയെ അർച്ചനയും തന്റെ ബാഗുമെടുത്ത് ട്യൂഷൻ ക്ലാസ്സിൽ നിന്നുമിറങ്ങി. അവൾക്ക് പിന്നാലെ ശ്രീഹരിയും ഇറങ്ങി.

അർച്ചന ബസ്സ്റ്റോപ്പിലെത്തുമ്പോൾ തമ്പാനൂർ പോകുന്ന ഒരു പ്രൈവറ്റ് ബസ് സ്റ്റോപ്പിൽ നിന്ന് എടുക്കാൻ തുടങ്ങുന്നത് കണ്ടു. അവൾ ഓടിച്ചെന്ന് ബസ്സിലേക്ക് കയറി. ടിക്കറ്റ് എടുത്ത് ഒഴിഞ്ഞ സീറ്റ് നോക്കി അവൾ ഇരുന്നു. പോകപ്പോകെ ബസ്സിൽ തിരക്കായി തുടങ്ങി. ഷാൾ തലവഴി പുതച്ച് ഹെഡ്സെറ്റ് കാതിൽ തിരുകി, അർച്ചന സീറ്റിലേക്ക് ചാരി ഇരുന്നു. പരിചയമുള്ള ആരും തന്നെ കാണരുതേയെന്ന് അവൾ മനമുരുകി പ്രാർത്ഥിച്ചു. തമ്പാനൂർ സ്റ്റാൻഡിൽ ബസ് ഇറങ്ങുമ്പോൾ അർച്ചന തന്റെ വാച്ചിലേക്ക് നോക്കി. സമയം പത്തുമണി ആകുന്നു. ഇനിയും ഒന്നര മണിക്കൂർ ഉണ്ട് സിനിമ തുടങ്ങാൻ. അവൾ ഫോണെടുത്ത് ശ്രീഹരിയെ വിളിച്ചു നോക്കി. ഒറ്ററിങ്ങിൽ തന്നെ ശ്രീഹരി കാൾ എടുത്തു. "ഹലോ... ശ്രീയേട്ടാ... ശ്രീയേട്ടനെവിടെയാ?" "ഞാൻ വീട്ടിലാ അച്ചു... നീ തമ്പാനൂർ എത്തിയോ?" "ഉം... ഞാനിപ്പോ സ്റ്റാൻഡിലുണ്ട്." "ഞാൻ ഒരു പതിനൊന്നു മണിയാകുമ്പോൾ തമ്പാനൂർ എത്തും. ഷോ തുടങ്ങുന്നത് പതിനൊന്നരയ്ക്കാ. നീ ഒരു പതിനൊന്നേ കാൽ ആകുമ്പോൾ തിയേറ്ററിലേക്ക് വന്നോ. അകത്തുകയറി ഇരുന്നാൽ പിന്നെ ഒന്നും പേടിക്കണ്ട. സിനിമ ഇറങ്ങിയിട്ട് ഒരുമാസം ആയോണ്ട് വലിയ തിരക്കൊന്നും കാണില്ല.

ഞാൻ വാട്സാപ്പിലേക്ക് ടിക്കറ്റ് അയച്ചിട്ടുണ്ട്. വരുമ്പോൾ അത് കാണിച്ചാൽ മതി." ശ്രീഹരി അവൾക്ക് തിയേറ്ററിലേക്കുള്ള വഴിയും കൂടെ പറഞ്ഞുകൊടുത്തു. "ശ്രീയേട്ടൻ എത്തുമ്പോൾ എന്നെ വിളിക്കണേ." "ഞാൻ വിളിക്കാം... നീ ഫോൺ വച്ചോ. ഞാനും ഇറങ്ങട്ടെ." ശരി ഏട്ടാ.." അർച്ചന കാൾ കട്ട്‌ ചെയ്തു. പിന്നെ മെല്ലെ നടന്നു. തിയേറ്ററിലേക്ക് പോകുന്ന വഴിയൊക്കെ നോക്കിവച്ച ശേഷം അർച്ചന നേരെ പോയത് പോത്തീസിലേക്കാണ്. കുറേ സമയം അവിടെയൊക്കെ കറങ്ങിനടന്നു. അത്യാവശ്യം വേണ്ട കുറച്ചു സാധനങ്ങൾ അവൾ അവിടെ നിന്നും വാങ്ങി. സമയപ്പോൾ പതിനൊന്നുമണി ആയിരുന്നു. എടുത്ത സാധനങ്ങളുടെ ബിൽ പേ ചെയ്യുന്ന അർച്ചനയ്ക്ക് സമയത്താണ് ശ്രീഹരിയുടെ കാൾ വരുന്നത്. അവൾ കാൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തുപിടിച്ചു. "ഹലോ ശ്രീയേട്ടാ.." "അച്ചു ഞാനിവിടെ തിയേറ്ററിൽ എത്തി. നീയിപ്പോ എവിടെയാ.?" "ഞാൻ പോത്തീസിലുണ്ട് ശ്രീയേട്ടാ." "നീ അവിടുന്ന് ഇറങ്ങി മെല്ലെ ഇങ്ങോട്ട് വന്നോ. അധികം ആളുകൾ ഒന്നും ഇല്ല. അതുകൊണ്ട് പേടിക്കയൊന്നും വേണ്ട." "ഉം ശരി... ഞാനെന്നാ അങ്ങോട്ട്‌ വരാം." "ശരി വരുമ്പോൾ വിളിക്ക്." ശ്രീഹരി പറഞ്ഞു. സാധനങ്ങൾ എല്ലാം ബാഗിലാക്കി ബില്ല് പേ ചെയ്തശേഷം അർച്ചന അവിടെ നിന്നിറങ്ങി.

തിയേറ്റർ അടുക്കുംതോറും അവളുടെ നെഞ്ചിടിപ്പേറി വന്നു. ഒരുവേള തിരിച്ചുപോയാലോ എന്നുപോലും അർച്ചന ആലോചിച്ചു. ഏറി വരുന്ന ഭയം അവളുടെ കാലുകളെ തളർത്തി. പരിഭ്രമം മുഖത്ത് വരുത്താതിരിക്കാൻ അവൾ നന്നേ പണിപ്പെട്ടു. തിയേറ്ററിനു മുന്നിലെത്തിയപ്പോൾ അവിടെയെങ്ങും അധികമാരും ഉണ്ടായിരുന്നില്ല. അർച്ചന അകത്തേക്ക് കയറി സ്റ്റെപ്പിന് നേർക്ക് നടന്നു. അവിടെ നിന്ന സെക്യൂരിറ്റി അവളോട്‌ ടിക്കറ്റ് ആവശ്യപ്പെട്ടു. അർച്ചന ഫോണിൽ ടിക്കറ്റ് കാണിച്ചുകൊടുത്തപ്പോൾ അയാൾ മുകളിലേക്ക് പൊയ്ക്കോളാൻ പറഞ്ഞു. അർച്ചന ഫോണെടുത്ത് ശ്രീഹരിയെ വിളിച്ചു. "ശ്രീയേട്ടാ ഞാൻ അകത്തുകയറി. ഇപ്പോ സെക്കന്റ്‌ ഫ്ലോറിൽ ഉണ്ട്." അർച്ചന അവനോട് പറഞ്ഞു. "സ്റ്റെപ്പ് കയറി നേരെ വന്നിട്ട് ഇടത്തോട്ട് തിരിഞ്ഞാൽ മതി. ഓഡി 5. ഞാൻ അകത്തുണ്ട്." ശ്രീഹരി അവൾക്ക് വരാനുള്ള വഴി പറഞ്ഞു കൊടുത്തു. "ആഹ് ഞാൻ കണ്ടു.." "എന്നാ കയറിവാ.." ശ്രീഹരി കാൾ കട്ട്‌ ചെയ്തു. 'ഓഡി 5' എന്ന് കണ്ട ഡോറിന് നേർക്ക് അർച്ചന നടന്നു. അവിടെ നിന്ന സെക്യൂരിറ്റിക്ക് ടിക്കറ്റ് കാണിച്ചപ്പോൾ അയാൾ അവൾക്ക് ഡോർ തുറന്നുകൊടുത്തു. അർച്ചന അകത്തുകയറി. ചുറ്റും ഇരുട്ട് നിറഞ്ഞു നിന്നു.

സ്‌ക്രീനിൽ പരസ്യം കാണിക്കുന്നുണ്ട്. അവൾ പരിഭ്രമിച്ച് ചുറ്റുംനോക്കി. എങ്ങോട്ട് പോകണം എന്നറിയാതെ അവൾ കൺഫ്യൂഷനായി. ഇരുട്ടത്ത് അവൾക്ക് ഒന്നും കാണാൻ പറ്റിയില്ല. അർച്ചന ഫോണെടുത്ത് ശ്രീഹരിയെ വിളിക്കാൻ തുടങ്ങുമ്പോഴേക്കും ശ്രീഹരി അവളുടെ അടുത്തെത്തിയിരുന്നു. "അച്ചു വാ... മുന്നില് ഇടത് വശത്താ നമ്മളെ സീറ്റ്." ശ്രീഹരി അവളുടെ കൈപിടിച്ച് മൊബൈലിന്റെ ടോർച്ച് വെളിച്ചത്തിൽ മുന്നോട്ട് നടന്നു. സീറ്റിലെത്തി ഇരുവരും ഇരുന്നു. ശ്രീഹരി മൊബൈൽ ടോർച്ച് ഓഫ് ചെയ്തു. സ്വപ്നലോകത്ത് എത്തിയപോലെയാണ് അർച്ചനയ്ക്ക് തോന്നിയത്. ദീർഘമായി ഒന്ന് ശ്വാസം വിട്ടുകൊണ്ട് അവൾ സീറ്റിലേക്ക് ചാഞ്ഞിരുന്നു. തിയേറ്ററിനുള്ളിലെ ഇരുട്ടിൽ താൻ സുരക്ഷിതയാണെന്ന് അർച്ചനയ്ക്ക് ഉറപ്പായി. അതുവരെ തനിക്ക് തോന്നിയ ഭയവും ടെൻഷനും അലിഞ്ഞില്ലാതാകുന്നത് അവളറിഞ്ഞു. നിറഞ്ഞ പുഞ്ചിരിയോടെ അർച്ചന അവനെ നോക്കി. അരണ്ട വെളിച്ചത്തിൽ ശ്രീഹരി അവളെ നോക്കി പുഞ്ചിരിക്കുന്നത് അവൾ കണ്ടു. സ്‌ക്രീനിൽ, പുകവലിയുടെ ദൂഷ്യ വശങ്ങളെ പറ്റിയുള്ള വീഡിയോ കാണിക്കുന്നുണ്ടായിരുന്നു. അർച്ചന സ്ക്രീനിലേക്ക് കണ്ണ് നട്ടിരുന്നു.

അപ്പോഴാണ് അവളുടെ വലതുകൈപ്പത്തിക്ക് മുകളിൽ ശ്രീഹരിയുടെ ഇടത്കൈപ്പത്തി അമർന്നത്. ഏസിയുടെ തണുപ്പിൽ തണുത്തുമരവിച്ചിരിക്കുകയായിരുന്നു അവളുടെ വിരലുകളിൽ അവൻ വിരൽ കോർത്തു. അവന്റെ കൈയ്യുടെ ചൂടറിഞ്ഞ മാത്രയിൽ അർച്ചനയ്ക്ക് വല്ലാത്തൊരു പരവേശം തോന്നി. അവൾ അവന്റെ കൈയിൽ മുറുക്കിപ്പിടിച്ചു. ശ്രീഹരി മുഖം ചരിച്ച് അവളെ ഒന്ന് നോക്കി. പിന്നെ പതിയെ അവന്റെ ചുണ്ടുകൾ അവളുടെ കാതോരം വന്നു. "ഹാപ്പി ബർത്ത്ഡേ അച്ചു..." ശ്രീഹരി അവളുടെ കാതിൽ പറഞ്ഞു. അവന്റെ ചൂട്നിശ്വാസം ചെവിയിൽ പതിഞ്ഞപ്പോൾ അർച്ചനയ്ക്ക് ശരീരമാകെ കുളിരുന്നത് പോലെ തോന്നി. പിടയ്ക്കുന്ന മിഴികളോടെ അത്രമേൽ സ്നേഹത്തോടെ അവൾ അവനെ നോക്കി. അവളുടെ വലതുകൈപ്പത്തി ചുണ്ടോട് ചേർത്ത് അവളുടെ നീണ്ടുമെലിഞ്ഞ വിരൽത്തുമ്പിൽ അവൻ മൃദുവായി ചുംബിച്ചു. വിരൽത്തുമ്പിൽ നിന്നൊരു വിറയൽ തന്നിലേക്ക് പടർന്നതായി അർച്ചനയ്ക്ക് തോന്നി. പരസ്പരം വിരലുകൾ കോർത്ത് അവരിരുന്നു. സ്‌ക്രീനിൽ സിനിമ തുടങ്ങിയിരുന്നു. അതേസമയം സൈലന്റ് മോഡിൽ കിടന്ന അർച്ചനയുടെ ഫോണിലേക്ക് കോളുകൾ വരുന്നുണ്ടായിരുന്നു. അർച്ചനയുടെ അമ്മയും സമീറിക്കയുമായിരുന്നു അവളെ വിളിച്ചത്. ഇതൊന്നുമാറിയാതെ ലാലേട്ടന്റെ സിനിമയിൽ ലയിച്ചിരിക്കുകയായിരുന്നു അർച്ചന. അവളുടെ കൈവിരലുകൾ ശ്രീഹരിയുടെ കൈകൾക്കുള്ളിലായിരുന്നു. അറിയാതെപ്പോഴോ അർച്ചന അവന്റെ തോളിലേക്ക് തല ചായ്ച്ചു. ശ്രീഹരിയോടൊപ്പമുള്ള ആ നിമിഷങ്ങൾ അവൾക്ക് സ്വപ്നതുല്യമായി അനുഭവപ്പെട്ടു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story