യെസ് യുവർ ഓണർ: ഭാഗം 13

yes your owner

രചന: മുകിലിൻ തൂലിക

അവളുടെ കണ്ണുകൾ ഭയത്താൽ പിടയ്ക്കുന്നുണ്ട്... സായന്ത് മറുകയ്യാൽ അവളുടെ തലയ്ക്ക് പുറകിൽ പിടിച്ച് പതിയെ അവളുടെ തല ചെരിച്ച് അവന്റെ മുഖം അവളുടെ ചുണ്ടുകളെ ലക്ഷ്യമാക്കി അടുത്തതും എന്തോ ഒരു ബലം വന്നത് പോൽ കല്ല്യാണി അവന്റെ നെഞ്ചിൽ കൈവച്ച് അമർത്തി പുറകിലേക്ക് തള്ളി അവിടുന്ന് ഓടി പോയി.. സായന്തിന് താൻ എന്താ ചെയ്യാൻ പോയതെന്ന് അപ്പോഴാണ് ബോധം വന്നത്.. "ഛേ" അവൻ ചമ്മലോടെ തലകുടഞ്ഞ് തന്റെ പിൻകഴുത്ത് തടവി...

ഒരു ചമ്മലോടെയാണവൻ ഏറുമാടത്തിന്റെ പടികൾ കയറിയത്... എന്ത്കൊണ്ട് ആ നിമിഷം തന്റെ മനസ്സ് കൈവിട്ടു പോയതെന്ന് ഓർത്തിട്ട് അവന് തന്നെ പിടികിട്ടാത്തത് പോലെ.. അതും ഓർത്ത് ഏറുമാടത്തിന്റെ പനമ്പോല വാതിൽ തള്ളി തുറന്നതും "അയ്യോ" ഈറൻ മാറായിരുന്ന കല്ല്യാണി കിട്ടിയ തുണി വാരി ചുറ്റി പുറം തിരിഞ്ഞ് നിന്നു.. "സോറി... സോറി... ഞാൻ എന്തോ ആലോചിച്ച്.. പെട്ടെന്ന്.." സായന്ത് കയറി വന്ന അതേ വേഗതയിൽ പുറത്തേക്ക് ഇറങ്ങി വാതിൽ ചാരി പുറത്ത് നിന്നു...

"ഇന്ന് ആകപ്പാടെ പണിയാണല്ലോ.." സായന്ത് തലമുടി ഒന്ന് വലിച്ച് തല കുടഞ്ഞ് പിറുപിറുത്തു.. ഈ കള്ള് വണ്ടിക്ക് ഇന്നിത് എന്താന്ന് ആലോചിച്ച് കല്ല്യാണി വാതിലിലേക്ക് പാളി നോക്കി അവൻ പോയെന്ന് തീർച്ചപ്പെടുത്തി മല്ലിയമ്മയും തത്തയും കൂടി കൊണ്ട് തന്ന മഞ്ഞ ചേല ചുറ്റാൻ തുടങ്ങി.. ഇതേസമയം പുറത്ത് നിൽക്കുന്ന സായന്തിന് അവളിൽ നിന്നുയരുന്ന ഗന്ധം പിന്നെയും പിന്നെയും അവന്റെ സിരകളിൽ പ്രണയത്തിന്റെ ഉന്മാദഭാവത്തിൽ എത്തിച്ചിരുന്നു അവനെ..

കണ്ണടച്ച് ദീർഘനിശ്വാസം വലിച്ച് വിട്ടും കൈകൾ അമർത്തിപ്പിടിച്ചും അവന്റെ ഉള്ളിൽ ഉണരുന്ന വികാര തള്ളികയറ്റങ്ങളെ അടക്കാനവൻ നന്നേ പാടുപെട്ടു.. പലവട്ടം അവന് മുന്പിൽ അടഞ്ഞ് കിടക്കുന്ന വാതിൽ തള്ളി തുറന്ന് അകത്തു കയറി കല്ല്യാണിയിലേക്ക് അലിഞ്ഞു ചേരാൻ വികാരതീ ചൂടിനാൽ പൊള്ളുന്ന മനസ്സും ശരീരവും അവനെ നിർബന്ധിക്കുന്നുണ്ട്.. അതേ സമയം അവന്റെ ബോധ മനസ്സിന്റെ ഒരു ഭാഗം അവനെ ആ ചിന്തകളിൽ നിന്നും സ്വബോധത്തിലേക്ക് ആഞ്ഞ് വലിക്കുന്നുണ്ട്..

ഉള്ളിൽ നുരഞ്ഞു പൊങ്ങുന്ന വികാരങ്ങളുടേയും അത് തെറ്റെന്ന് ചൂണ്ടി കാട്ടുന്ന ബോധ മനസ്സും സൃഷ്ടിക്കുന്ന ഒരു നൂൽ പാലത്തിലൂടെ സഞ്ചരിക്കുകയാണ് സായന്തിന്റെ മനസ്സിപ്പോൾ.. അവളുടെ ഗന്ധം അവന് ചുറ്റും നിറയും തോറും തന്നെ നിയന്ത്രിക്കാൻ സാധിക്കാതെ സായന്തിന്റെ മുഖം വലിഞ്ഞു മുറുകാൻ തുടങ്ങി.. ചുരുട്ടി പിടിച്ചിരുന്ന കൈകളിൽ ഞെരമ്പുകൾ തെളിഞ്ഞു നിന്ന് വിറയ്ക്കുന്നത് പോലെ..

വാതിലിനു നേരെ അവൻ രണ്ടടി വെച്ച് വർധിച്ച നെഞ്ചിടിപ്പോടെ വിറയ്ക്കുന്ന കൈകളാലേ പനമ്പോല കൊണ്ട് നെയ്യ്തുണ്ടാക്കിയ വാതിലിലേക്ക് കൈകൾ ചേർത്തു .. വാതിൽ തള്ളി തുറക്കാൻ മനസ്സ് പറഞ്ഞ് കൊണ്ടിരുന്നെങ്കിലും കൈകൾ വിറച്ച് തളരുന്നത് പോലെ... സായന്ത് തന്റെ സ്വബോധം വീണ്ടെടുത്ത് വേഗത്തിൽ അവിടുന്ന് ഇറങ്ങി പോയി.. ഏറുമാടത്തിന്റെ പടികൾ അമർത്തി ചവിട്ടി ഇറങ്ങി പോകുന്ന സായന്തിന്റെ കാലടി ശബ്ദത്തിന് ചെവിയോർത്ത് കല്ല്യാണി ഒരു നിമിഷം ചിന്തയിലാണ്ട് ഒരുങ്ങാൻ തുടങ്ങിയിരുന്നു.. ##############################

അതേസമയം സായന്തിനും കല്ല്യാണിക്കും വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ച് തിരികെയെത്തിയ കുമാരേട്ടനെ കണ്ട് സായു ഓടി പുറത്തേക്ക് ഇറങ്ങി വന്നു.. കൂടെ കുട്ടികളുമുണ്ട്.. കുഞ്ഞിനെ സായു എടുത്ത് കയ്യിൽ പിടിച്ചിരുന്നു.. പ്രതീക്ഷയോടെ തന്നെ നോക്കുന്ന സായുവിന് ആശ്വാസം നൽകുന്ന ഒരു വിവരവും നൽകാനില്ലാതെ അവളുടെയും കുട്ടികളുടേയും മുഖത്ത് നോക്കി അയാൾ വിഷാദ ചിരി ചിരിച്ചു..

"കുമാരേട്ടാ.. സച്ചുചേട്ടനെ കുറിച്ച് എന്തെങ്കിലും വിവരം" അവൾക്ക് മുഖം കൊടുക്കാതെ കുമാരൻ തിരിഞ്ഞു നിന്നു.. " ഉം.. മോന്റെ വണ്ടി ഹൈവേയുടെ അരികിലുള്ള കാട്ടിനകത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.. പക്ഷേ മോനേയും കല്ല്യാണി മോളേയും കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ല.." സായുന്റെ മുഖത്തേ പ്രതീക്ഷ മങ്ങി " പോലീസുകാർ എന്താ പറഞ്ഞത്" " അവര് കാടിന്റെ പരിസരത്ത് തിരച്ചിൽ നടത്തി വിവരമൊന്നും ലഭിച്ചിട്ടില്ല..

ഒറ്റയാൻ ഇറങ്ങിയിരിക്കുന്നത് കൊണ്ട് കാടിനകത്തേക്ക് തിരച്ചിൽ വ്യാപിപ്പിക്കുവാൻ ഇപ്പോ സാധിക്കില്ലെന്ന്.. എവിടെ ആയിരുന്നാലും എന്റെ മക്കൾ സുരക്ഷിതരായി ഇരുന്നാൽ മതി എന്റെ ഏറ്റുമാനൂരപ്പാ... പരുന്ത് ആ ദുഷ്ടൻ അവനാണ് തിരച്ചിലിന് നേതൃത്വം കൊടുക്കുന്നത്.." പരുന്തെന്ന് കേട്ടതും പിള്ളേരുകൾ പേടിയോടെ സായുവിനെ ചുറ്റിപിടിച്ചു.. " ഞങ്ങളുടെ കല്ലു ചേച്ചിയെ ആ ദുഷ്ടന്റെ കയ്യിൽ കിട്ടിയാൽ കൊന്ന് കളയും " കുട്ടികൾ കരയാൻ തുടങ്ങി കുമാരൻ അവരുടെ മുഖത്തേക്ക് വാൽസല്യത്തോടെ നോക്കി

" അത് ഓർത്ത് അപ്പൂപ്പന്റെ മക്കൾ പേടിക്കണ്ടാട്ടോ.. നിങ്ങളുടെ കല്ലു ചേച്ചിക്ക് തുണയായിട്ടുള്ളത് ഞങ്ങളുടെ സായന്ത് മോനാണ്.. ചേച്ചിക്ക് വന്നും വരില്ലാട്ടോ.. ഒരു മുള്ള് പോലും കൊള്ളാതെ ചേച്ചിയെ കൂട്ടി സച്ചു ചേട്ടൻ ഇങ്ങ് വരും" കുമാരന്റെ വാക്കുകൾ ആ കുഞ്ഞു മുഖങ്ങളിൽ പ്രതീക്ഷയുടെ വെളിച്ചം പകർന്നു.. ############################### രാവിലെ മുതൽ സായന്ത് കല്ല്യാണിയെ കാണാനുള്ള സാഹചര്യം മനപൂർവ്വം ഒഴിവാക്കി നടക്കുകയായിരുന്നു..

ഊരിൽ നിന്ന് കുറച്ചു ദൂരെയായി കുളത്തിലേക്ക് ചാഞ്ഞ് തെളിനീർ പോലുള്ള കുളത്തിലെ വെള്ളത്തിലേക്ക് വേരുകൾ ഇറക്കി പടർന്ന് പന്തലിച്ച്, ചുവന്ന ഫലങ്ങൾ നിറഞ്ഞ് നിന്നിരുന്ന ഇത്തിയാലിന്റെ കൊമ്പിൽ ഇരിക്കുകയാണ് സായന്ത്.. ഇത്തിയാലിന്റെ പഴുത്ത പഴങ്ങൾ ഒരോന്നായി പറിച്ച് യാന്ത്രികമായി കുളത്തിലേക്ക് എറിയുന്നുണ്ട്.. അവന്റെ മനസ്സ് രാവിലെത്തെ സംഭവങ്ങളുടെ ഓർമ്മകളിൽ നിന്നും മടങ്ങുവാൻ മടിച്ചിരുന്നു..

കണ്ണിമ ചിമ്മാതെ കുളത്തിലേക്ക് നോക്കി ഇരുന്ന് അവൻ എറിയുന്ന ഫലങ്ങൾ ഉണ്ടാക്കുന്ന ഓളങ്ങൾ കരയോട് അടുത്ത് നേർത്ത് ഇല്ലാതാകുന്നു... " ഇന്ന് മാത്രം എനിക്കെന്താ ഇങ്ങനെ ഒരു ഫീൽ.. അവളിൽ നിന്നുയരുന്ന ആ ഗന്ധമാണ് എന്റെ മനസ്സിനെയും വികാരങ്ങളേയും തീ പിടിപ്പിക്കുന്നത്.. അവളോട് അലിയാൻ എന്താ എന്റെ മനസ്സും ശരീരവും ഒരുപോലെ വെമ്പൽ കൊള്ളുന്നത്" സായന്ത് കുളത്തിലെ ഓളങ്ങളിൽ തെന്നി തെളയുന്ന തന്റെ പ്രതിബിംബത്തിലേക്ക് നോക്കി ചോദിച്ചു കൊണ്ടിരുന്നു..

നേരം സന്ധ്യമയങ്ങി തുടങ്ങി... കിളികളെല്ലാം കലപില കൂട്ടി കൂടണയാൻ തുടങ്ങിയിരിക്കുന്നു.. വാനത്തിന്റെ വടക്കേകിഴക്ക് ദിശയിൽ അമ്പളി തന്റെ നിലാവെട്ടം പരത്തി കൊണ്ട് ഉദിച്ച് ഉയർന്നപ്പോഴാണ് സായന്ത് തന്റെ ചിന്തകൾക്ക് വിരാമമിട്ട് ഊരിലേക്ക് നോക്കിയത്.. അവിടെ ആകെ തിക്കും തിരക്കും കാണുന്നുണ്ട്.. പതിവ് ചിമ്മിനി വെട്ടത്തിന് പകരം വലിയ പന്തങ്ങൾ ആളി കത്തുന്നുണ്ട്.. അത് കൊണ്ട് തന്നെ അവിടുത്തെ കാഴ്ചകൾ അത്യാവശ്യം വ്യക്തമായി തന്നെ കാണാൻ സാധിക്കുന്നുണ്ട്..

രാവിലെ കല്ല്യാണി പറഞ്ഞ വിവാഹത്തിന്റെ കാര്യം അപ്പോഴാണവന് ഓർമ്മ വന്നത്.. കയ്യിൽ പറിച്ച് വെച്ചിരുന്ന പഴങ്ങളെല്ലാം ഒരുമിച്ച് കുളത്തിലേക്കിട്ട് ഒരു നെടുവീർപ്പിട്ട് മരകൊമ്പിൽ നിന്ന് എണീറ്റ് ഇട്ടിരുന്ന ട്രാക്ക് സ്യൂട്ടൊന്ന് തട്ടി കുടഞ്ഞ്.. ടീ ഷർട്ടിന്റെ കൈയ്യൊന്ന് വലിച്ച് കയറ്റിയവൻ ഊര് ലക്ഷ്യമാക്കി നടന്നു.. ഊരിന്റെ പടി കടന്ന് അകത്തേക്ക് കയറിയത്തും കടന്നല് കുത്തിയത് പോലെ മുഖവും കയറ്റി പിടിച്ച് കല്ല്യാണി നിൽപ്പുണ്ട്..

അവളെ കണ്ടതും കാണാത്തതു പോലെ സായന്ത് അവളെ മറികടന്ന് പോകാനൊരുങ്ങിയതും കല്ല്യാണി അവന്റെ മുമ്പിലേക്ക് കയറി നിന്നു.. അവന് അവളുടെ മുഖത്തേക്ക് നോക്കാനൊരു മടി.. " ഇത് എവിടെ പോയതാ.. എത്ര നേരായിന്ന് അറിയോ ഞാൻ നോക്കി നടക്കുന്നേ.. ഞാൻ കരുതി എന്നെ ഇവിടെ ഒറ്റയ്ക്കിട്ട് പോയീന്ന്" കല്ല്യാണി പരിഭവത്തിന്റെ സ്വരത്തിൽ പറഞ്ഞു.. സായന്ത് അതിനു മറുപടി പറയാതെ..

അവളുടെ മുഖത്തേക്ക് നോക്കാതെ മറ്റെവിടെയോ ദൃഷ്ടി പതിപ്പിച്ച് നിൽക്കുകയാണ്.. കല്ല്യാണി അവന്റെ കണ്ണുകൾ പതിക്കുന്നിടത്ത് നോക്കി കൊണ്ട് .. "ഇതെന്ത് പറ്റി കള്ള് വണ്ടിക്ക്.. രാവിലെ തൊട്ട് എന്തോ പോയാ അണ്ണാനെ പോലെയാണല്ലോ ഭാവം.." കല്ല്യാണി അവന്റെ മുഖം തിരിച്ചിടത്തേക്ക് നീങ്ങി നിന്ന് ഒരു പുരികമുയർത്തിയനക്കി കൊണ്ട് ചോദിച്ചു.. സായന്ത് അപ്പോഴാണ് അവളുടെ മുഖത്തേക്ക് നോക്കുന്നത്.. രാവിലെ കണ്ടതിനേക്കാളും കൂടുതൽ സുന്ദരി ആയിരിക്കുന്നു..

നിലാവെട്ടം അവളുടെ മുഖത്തിന്റെ ശോഭ കൂട്ടിയിരിക്കുന്നു.. അവളുടെ വിടർന്ന മൊട്ടകണ്ണുകളിൽ അവന് അവനെ തന്നെ നഷ്ടപ്പെട്ടത് പോലെ.. മഞ്ഞയിൽ ചുവപ്പ് ബോഡറുള്ള സാരി ഉടുത്ത് മുടി വലതു വശത്തേക്ക് ചെരിച്ച് കെട്ടി വച്ചിരിക്കുന്നു.. നെറ്റിയിൽ വലിയ ചുവന്ന കുങ്കുമപ്പൊട്ടും അതിനെ കീഴേ മൂന്ന് ചെറിയ പൊട്ടുകളും.. ആകെ ഊരിലെ സുന്ദരിമാരുടെ ചുവയിലൊരു വേഷ പരിവേഷം നടത്തിയിരിക്കുന്നു..

അപ്പോഴും അവളുടെ ദേഹത്ത് നിന്നും ആ സുഗന്ധം അവന് ചുറ്റും പരക്കുന്നുണ്ട്.. അതവന്റെ വികാര നിയന്ത്രണങ്ങളെ കൈമോശം വരുത്തുന്നുണ്ട്.. രാവിലെ നടന്ന സംഭവങ്ങളുടെ ഒരു ഭാവങ്ങളും അവളുടെ മുഖത്ത് കാണാത്തത് കൊണ്ട് അവന് ഏറേ കുറേ ആശ്വാസമായി.. "ഇത് എന്ത് ആലോചിച്ച് നിൽക്കാ കള്ള് വണ്ടി" അവൾ അവന്റെ മുഖത്തിന് നേരെ തന്റെ വിരൽ ഞൊടിച്ചു.. സായന്ത് അവളുടെ വിളിയിൽ ഞെട്ടി ചിന്തകളിൽ നിന്നുണർന്നു അവളെ നോക്കി കളിയാക്കി ചിരിച്ച്

"അല്ലാ.. ഇതെന്ത് കോലമാടി എരുമേ.. ഇപ്പോ കണ്ടാൽ ശരിക്കും കാട്ട് മൂപ്പത്തി പോലെയുണ്ട്.. അല്ലാ ഇന്ന് നിന്റെയാണോ കല്ല്യാണം ആകെ ഒരുങ്ങിട്ടുണ്ടല്ലോ" കല്ല്യാണി അവളെ തന്നെ നോക്കി ആകെ സ്വയം പരിശോധന നടത്തി അവനെ നോക്കി ചുണ്ട് കോട്ടി " ഇത് മല്ലിയമ്മ തന്നതാ.. കള്ള് വണ്ടിക്കും ഉണ്ട്.. വായോ തരാം" അവൾ അവനേയും വലിച്ച് ഏറ്മാടത്തിലേക്ക് കയറി.. മല്ലിയമ്മ അവന് ധരിക്കാനായി കൊടുത്തേൽപ്പിച്ച വസ്ത്രങ്ങൾ അവന്റെ കയ്യിലേൽപ്പിച്ചു..

സായന്ത് അത് നിവർത്തി പരിശോധിക്കാൻ തുടങ്ങി.. ഒരു ചുവന്ന മുണ്ടും തോളിലൂടെ ചുറ്റാനൊരു കമ്പിളി പോലൊരു ഷാളും ചുവന്നൊരു തലപ്പാവുമായിരുന്നത്.. സായന്ത് അനിഷ്ടത്തോടെ കല്ല്യാണിയെ നോക്കി അതവൾക്ക് തിരികെ ഏൽപ്പിക്കാൻ ഒരുങ്ങിയതും " ഇഷ്ടമില്ലെങ്കിലും അത് ഇട്ടോള്ളൂ.. നമ്മുക്ക് അഭയം തന്നവരെ വിഷമിപ്പിക്കണ്ട" കല്ല്യാണി അതും പറഞ്ഞ് പുറത്തേക്ക് പോയി.. അവൾ പറഞ്ഞത് ശരി വെക്കുംവിധത്തിൽ സായന്ത് ഇട്ടിരുന്ന വസ്ത്രങ്ങൾ ഊരി അവൾ തന്നതും ധരിച്ച് പുറത്തേക്ക് ഇറങ്ങി..

കല്ല്യാണിക്ക് അവന്റെ രൂപം കണ്ടതും നന്നേ ചിരി വന്നെങ്കിലും കളിയാക്കിയാൽ അവനത് ഊരിയെറുമെന്ന് ഉറപ്പുള്ളത് കൊണ്ട് അവളത് അടക്കി അവനെ കൂട്ടി താഴേക്കിറങ്ങി.. അവർ താഴേക്ക് ചെന്നതും കല്ല്യാണപെണ്ണിനെ കുളിപ്പിക്കാനുള്ള ചടങ്ങിനുള്ള ഒരുക്കത്തിലായിരുന്നു മല്ലിയമ്മയും ബാക്കിയുള്ളവരും.. കല്ല്യാണി സായന്തിനെ വിട്ട് അവർക്കരികിലേക്ക് ഓടി.. സാരി കൊണ്ട് ചുറ്റും മറച്ച ചെറിയൊരു മറപുരയ്ക്കുള്ളിൽ പെൺകുട്ടിയെ ഇരുത്തിയിട്ടുണ്ട്..

തത്ത പറഞ്ഞ് പെൺകുട്ടിയുടെ പേര് ചീരു എന്നാണെന്ന് കല്ല്യാണി അറിഞ്ഞിരുന്നു.. ചീരുവിന് ചുറ്റും ഗ്രാമത്തിലെ മുതിർന്ന സ്ത്രീകൾ എല്ലാം കൂടിയിട്ടുണ്ട്.. ആ ചടങ്ങ് നടക്കുന്നിടത്ത് നിന്ന് അൽപം മാറിയാണ് സായന്തും മൂപ്പനും മറ്റ് ചിലരും ഇരിക്കുന്നത്.. സ്ത്രീകൾ പറയുന്നത് അവർക്ക് കേൾക്കാമെങ്കിലും പുരുഷന്മാരാരും ആ ചടങ്ങ് നടക്കുന്നിടത്തേക്കാ ശ്രദ്ധിക്കുന്നില്ല എന്ന വസ്തുത കല്ല്യാണിയെ അൽഭുതപ്പെടുത്തി..

നാട്ടിൽ ഇങ്ങനെ ഒരു ചടങ്ങ് നടന്നിരുന്നെങ്കിൽ എത്ര ക്യാമറ കണ്ണുകൾ ഈ ദൃശ്യം പകർത്താൻ റെഡിയാകുമെന്നവൾ ഓർത്തു.. നാടിനേക്കാളും സ്ത്രീകൾക്ക് സുരക്ഷിതത്വം ഇവിടെയാണെന്ന് കല്ല്യാണിക്ക് തോന്നി.. ചീരുവിനെ ഒരു പാറക്കല്ലിലേക്ക് ഇരുത്തി മല്ലി രാവിലെ കല്ല്യാണിക്ക് കൊടുത്ത എണ്ണയെടുത്ത് ചീരുവിന്റെ ശരീരത്തിലാകെ പുരട്ടുവാൻ തുടങ്ങി.. "ഇത് എന്തിനുള്ള എണ്ണയാ മല്ലിയമ്മേ.." രാവിലെ ചല്ല്യാണിക്കത് നൽകിയപ്പോൾ കല്ല്യാണി എന്തിനാണ് ചോദിച്ചിരുന്നില്ല..

അവളുടെ ചോദ്യം കേട്ടതും ചുറ്റും കൂടിയിരുന്ന മറ്റ് സ്ത്രീകളും മല്ലിയും പരസ്പരം നോക്കി അർത്ഥം വെച്ച് ചിരിക്കാൻ തുടങ്ങി.. പക്ഷേ അവളുടെ ചോദ്യം വളരെ ശ്രദ്ധയോടെ അതിലേറെ ആകാംഷയോടെ ശ്രവിച്ചിരുന്നത് സായന്താണ്... കാരണം ആ എണ്ണയുടെ ഗന്ധമാണ് കല്ല്യാണിയെ കാണുമ്പോൾ അവനെ വികാരുന്നതിയിൽ എത്തിക്കുന്നത്.. അതിന്റെ കാരണം അറിയാൻ സായന്ത് അവരുടെ സംസാരങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു..

"അത് പ്രത്യേക മരുന്നുകൾ ചേർത്ത് ഉണ്ടാക്കിയ എണ്ണയാണ്.. വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കന്ന രാത്രിയിൽ ഈ എണ്ണയിട്ട് വേണം. വധുവിനെ കുളിപ്പിക്കാൻ.." "അതിനു മാത്രം എന്താ ഈ എണ്ണയ്ക്ക് പ്രത്യേകതയുള്ളത് മല്ലിയമ്മേ" മല്ലിയമ്മ പറഞ്ഞ് തീരും മുൻപേ കല്ല്യാണിയുടെ അടുത്ത ചോദ്യമെത്തി.. " ഈ എണ്ണ തേച്ചു കുളിച്ചാൽ അതിന്റെ ഗന്ധം നമ്മുടെ ഇണയെ നമ്മളിലേക്ക് ആകർഷിച്ച് കൊണ്ടിരിക്കും.." "എന്ന് വെച്ചാൽ... "

കല്ല്യാണി ചെറിയ ഞെട്ടലോടെയാണത് ചോദിച്ചത് "എന്ന് വെച്ചാൽ ഈ എണ്ണ പുരട്ടി കുളിക്കുന്ന നമുക്ക് ഈ ഗന്ധം അറിയാൻ സാധിക്കില്ല.. പക്ഷേ.. നമ്മുടെ ഭർത്താക്കന്മാർക്ക് ഈ ഗന്ധം പ്രത്യേകമായൊരു ഉണർവ്വും ഉന്മേഷവും നൽകും.. അവർ പിന്നെ നമ്മളെ ചുറ്റിപ്പറ്റി നടക്കും " മല്ലിയമ്മയുടെ മറുപടി കേട്ട് ഏറ്റവും അധികം ഞെട്ടിയത് സായന്താണ്.. അവൻ തിരിഞ്ഞ് കല്ല്യാണിയെ നോക്കിയതും അവളും അവനെ അതേസമയം നോക്കി നിൽക്കുകയായിരുന്നു..

ഒരു ഞെട്ടൽ അവളുടെ മുഖത്തും വ്യക്തമായിരുന്നു.. "എനിക്ക് ഇത്ര കൺട്രോളിംഗ് പവർ ഉണ്ടോ.. നന്നായത്.. അല്ലേൽ ഇപ്പോ.." സായന്ത് അതും മനസ്സിലോർത്ത് തല ശക്തമായി കുടഞ്ഞു.. മനുഷ്യനെ വഴിതെറ്റിക്കുന്ന ഓരോ മരുന്നുകൾ അവൻ സ്വയം പിറുപിറുത്തു... മൂപ്പൻ അവനെ തട്ടി വിളിച്ചപ്പോഴാണ് സായന്ത് കല്ല്യാണിയിൽ നിന്നുള്ള അവന്റെ നോട്ടം പിന്വലിച്ചത്.. കല്ല്യാണി വീണ്ടും ആ എണ്ണയെ കുറിച്ച് അറിയാനുള്ള തിടുക്കത്തിലായിരുന്നു "

ഇത് എങ്ങനെയാ ഉണ്ടാക്കാ മല്ലിയമ്മേ" ചീരുവിന്റെ ദേഹത്ത് എണ്ണയിടുന്ന മല്ലി അവളെയൊന്ന് തിരിഞ്ഞു നോക്കി ചിരിച്ച് " കൂട്ടൊക്കെ അതീവ രഹസ്യമാണ്.. അത് പറയാൻ പാടില്ല.. പന്ത്രണ്ടിനം അപൂർവ ഔഷധങ്ങൾ താമരയിതളിൽ പൊതിഞ്ഞ് ഏഴ് പൗർണമിയും ഏഴ് അമാവാസിയും കൊള്ളിച്ച് കാട്ട് തേൻ മെഴുക്കിൽ കുറുക്കി പിന്നെയും ഏഴ് പൗർണമിയും അമാവാസിയും കൊള്ളിച്ച് ഉണ്ടാക്കിയെടുക്കുന്ന അപൂർവമായ എണ്ണകൂട്ടാണിത്.. "

മല്ലിയൊരു ചീരിയോടെ പറഞ്ഞ് നിർത്തി.. കല്ല്യാണി മല്ലിയെ നോക്കി തലയാട്ടി ചിരിച്ച് ചീരുവിന്റെ മുഖത്തേക്ക് നോക്കി.. എണ്ണ കറുമ്പിയാണെങ്കിലും സുന്ദരിയാണ് ചീരു.. പുതു മണവാട്ടിയുടെ തിളക്കമൊക്കെ അവളുടെ മുഖത്ത് തെളിഞ്ഞിട്ടുണ്ട്.. വട്ടമുഖത്തെ വലിയ കണ്ണുകളാണ് ചീരുവിന്റെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നതെന്ന് കല്ല്യാണിക്ക് തോന്നി.. കൂട്ടത്തിൽ പ്രായം ചെന്നൊരു സ്ത്രീ ചീരുവിന്റെ കയ്യിലും കാലിലും രക്തചന്ദനവും കസ്തൂരി മഞ്ഞളും കുഴച്ച് തേയ്ക്കുന്നുണ്ട്..

അതെല്ലാം നോക്കി ചീരുവിന്റെ അമ്മ ചിന്നമ്മ സന്തോഷത്തോടെ കണ്ണ് നിറച്ച് നിൽപ്പുണ്ട്.. അത് കണ്ടപ്പോൾ കല്ല്യാണിയുടെ മിഴികളും സജലമായി.. ക്ഷണ നേരം അവളുടെ മനസ്സ് അമ്മയുടെ ഓർമ്മകളിലേക്ക് ഒന്ന് പോയി... ചീരുവിനെ കല്ല്യാണി ഉടുത്തിരുന്ന അതേ മഞ്ഞ സാരിയാണ് ഉടുപ്പിച്ചത്.. കല്ല്യാണിയെ പോലെ തന്നെ ചീരുവിനേയും ഒരുക്കി.. തലമുടിയിൽ കാട്ട് ഇലഞ്ഞി പൂക്കൾ കോർത്താണ് വെച്ചിരുന്നത്.. അതിലൊരു മുഴം കല്ല്യാണിയുടെ മുടിയിലും വച്ച് കൊടുക്കാൻ മല്ലി മറന്നില്ല..

താലികെട്ടിനുള്ള സമയമായെന്ന് പറഞ്ഞപ്പോൾ എല്ലാവരും ആകാംക്ഷയോടെ വധുവിനെയും കൂട്ടീ പുറത്തേക്ക് ഇറങ്ങി.. കെട്ടിന്റെ നേരത്ത് മാത്രമാണല്ലോ വരനെ എല്ലാവരും അറിയൊള്ളൂ.. അത് കൊണ്ട് എല്ലാവരും വരനെ കാണാനുള്ള തിടുക്കത്തിലാണ്.. അൽപ്പസമയത്തിനകം ചീരുവിന്റെ അച്ഛൻ മാരൻ വരനേയും കൂട്ടി അവിടേക്ക് വന്നു.. ആ ഊരിലെ തന്നെ ചിന്നന്റേയും ചക്കിയുടേയും മൂത്ത മകനായ കണ്ണനായിരുന്നു ചീരുവിന്റെ വരൻ.. വരനെ കണ്ടതും എല്ലാവരും അതേ പറ്റിയുള്ള ചർച്ചയായി.. ചീരുവിന്റെ മുഖത്തേ നാണവും ചിരിയും കണ്ടാൽ അറിയാം അവൾക്കും കണ്ണനെ നന്നായി ഇഷ്ടമായെന്ന്..

പക്ഷേ അതിലെല്ലാം ഉപരി സായന്തും കല്ല്യാണിയും കൗതുകത്തോടെ വീക്ഷിച്ച് കൊണ്ടിരുന്ന മറ്റൊരു കാര്യം വരനും വധുവും ഒരുങ്ങിയിരിക്കുന്നത് പോലെയാണ് കല്ല്യാണിയും സായന്തും ഒരുങ്ങിയിരിക്കുന്നത്.. മറ്റാർക്കും അത്തരത്തിലുള്ള വേഷവിധാനങ്ങൾ കാണാനില്ല.. ഇരുവരും അന്താളിപ്പോടെ മുഖത്തോട് മുഖം നോക്കി നിൽക്കുമ്പോഴാണ്.. മൂപ്പൻ അവരുടെ അടുത്തേക്ക് വന്ന് ഇരുവരുടെയും കയ്യിൽ പിടിച്ച് ചുറ്റും നിന്ന എല്ലാവരോടുമായി "

ഇന്ന് ചീരുവും കണ്ണനും മാത്രമല്ല വിവാഹിതരാകാൻ പോകുന്നത്.. നമ്മുടെ ഊരിന്റെ പ്രിയപ്പെട്ട അതിഥികളായ ഇവരേയും നമ്മുടെ ഊരിന്റെ ആചാരങ്ങളോടും നമ്മുടെ തേവരുടേയും അനുഗ്രഹത്തോടെയും ഒരിക്കൽ കൂടി ചേർത്ത് വയ്ക്കുവാൻ പോവുകയാണ്.. " മൂപ്പന്റെ പ്രഖ്യാപനം കേട്ടതോടെ ഇരുവരുടെയും ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി.. വിറയലോടെ കണ്ണ് മിഴിച്ച് സായന്തും കല്ല്യാണിയും പരസ്പരം നോക്കി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story