യെസ് യുവർ ഓണർ: ഭാഗം 9

രചന: മുകിലിൻ തൂലിക

"ഓഹ് ഈ അഹങ്കാരത്തിന് കുറവ് വരുത്തരുത് ... എരുമ" അവൻ പിന്നെയും ഉറങ്ങാൻ കിടന്നു.. അതേസമയമാണ് കുറുനരി കൂട്ടം ഒരുമിച്ച് ഓരിയിട്ടത്ത് കല്ല്യാണി പേടിച്ച് അവൻ പറഞ്ഞിടത്തേക്ക് ചാടി ഇരുന്നു.. ആ സമയം ഒരു കൂമൻ അവർക്ക് എതിർവശത്തായി പറന്നിരുന്ന് അതിൻറെ വട്ട കണ്ണ് തുറിപ്പിച്ച് കല്ല്യാണിയെ നോക്കി.. കല്ല്യാണി പേടിയോടെ കണ്ണ് ഇറുക്കിയടച്ച് ബലത്തിനെന്നോണം അവന്റെ കയ്യിൽ മുറുകെ പിടിച്ചു..

സായന്ത് അവളുടെ പ്രവർത്തികൾ ഇടം കണ്ണാൽ നോക്കി കിടന്ന് ചിരിച്ചു കൊണ്ട് പതിയെ ഉറക്കത്തിലേക്കു വഴുതി വീണു.. ############################## കിഴക്ക് വെള്ള കീറി അംശുധരൻ പുറത്ത് വന്നപ്പോൾ ആദ്യം ഉണർന്നത് സായന്താണ് കാരണം സ്ഥിരം ഡോസ് അകത്തേക്ക് ചെല്ലാതെ അവന്റെ ഒരു കാര്യവും ഇനി ഓടില്ല.. കൈകൾ കൂട്ടി തിരുമി ഞൊട്ടൊടിച്ച് അവൻ കോട്ടുവായിട്ട് നോക്കിയത് കല്ല്യാണിയെയാണ്..

അവൾ സുഖമായി ഉറങ്ങുകയാണ്.. അഴിഞ്ഞുലഞ്ഞ മുടി മുഖത്തേക്ക് വീണു കിടക്കുന്നു.. ഒരു കൈ അപ്പോഴും ഒരു ബലത്തിനെന്നോണം അവന്റെ ദേഹത്ത് തന്നെ വച്ചിട്ടുണ്ട്.. സായന്ത് അവളുടെ മുടിയിഴകൾ ഒതുക്കി വെച്ച് ആ മുഖത്തേക്ക് നോക്കി ഇരുന്നു.. ഇന്നലത്തെ കയ്പ്പേറിയ അനുഭവങ്ങൾ അവളെ ഒരുപാട് തളർത്തിയിരുന്നുവെന്ന സത്യം ആ മുഖത്ത് തെളിഞ്ഞു കാണുന്നുണ്ട്.. അവളെ കണ്ണാൽ ഉഴിഞ്ഞു നോക്കുമ്പോഴാണ് അവളിട്ടിരിക്കുന്ന ഷർട്ട് വയറിൽ നിന്ന് സ്ഥാനം തെറ്റി കിടക്കുന്നത് ശ്രദ്ധിച്ചത്..

അവൻ പെട്ടെന്ന് തന്നെ തന്റെ നോട്ടം പിൻവലിച്ചു അത് വലിച്ച് നേരെയിട്ട് ഇറങ്ങനായി ഭാവിക്കുമ്പോഴാണ് ചുവന്ന പൂക്കൾ അവന്റെ മേലേ വന്ന് വീഴുന്നത്.. ആ പൂക്കളിലൊന്ന് കയ്യിലെടുത്ത് തല ഉയർത്തി അവൻ മരത്തിലേക്ക് നോക്കി.. അത് നിറയെ ചുവന്ന പൂക്കൾ കൊണ്ട് നിറഞ്ഞിരുന്നു.. ഹൃദ്യം.. നയന സുന്ദരമായ കാഴ്ച.. അവന്റെ കണ്ണൊന്നു വിടർന്നു.. രാത്രിയിൽ വന്ന് കയറിയത് കൊണ്ട് പൂക്കളൊന്നും കണ്ടില്ല..

അല്ലാ ആ സമയത്ത് അതൊക്കെ ആര് നോക്കുന്നു.. താഴേക്ക് നോക്കിയപ്പോൾ കുളത്തിലാകെ പൂക്കൾ ചുവന്ന കമ്പളം വിരിച്ചത് പോൽ വീണുകിടക്കുന്നു..സായന്തിന് ആ പുലരി വല്ലാത്തൊരു ഉന്മേഷം നൽകി.. പെട്ടെന്നൊരു കുസൃതിക്ക് അവൻ ഒരുപിടി പൂക്കൾ പറിച്ച് കല്ല്യാണിയുടെ മുഖത്തേക്ക് എറിഞ്ഞു.. അവൾ കണ്ണുകൾ ചിമ്മി തുറന്ന് സായന്തിനെ കണ്ടപ്പോൾ ചാടി എണീറ്റു.. ഉറക്കചടവിൽ ആയതിനാൽ ഇന്നലെ കിടന്നത് മരത്തിന്റെ ചില്ലയിൽ ആണെന്ന കാര്യം അവൾ ഓർത്തില്ല..

കാല് തെന്നിയതും സായന്ത് അവളെ പിടിച്ച് " എന്തോന്നാ ഈ എരുമ കാണിക്കണേ.. താഴേ കുളമാടി ബോധക്കേടേ.." കല്ല്യാണി താഴേക്ക് നോക്കി.. ആ കാഴ്ച കണ്ട് ചെറിയൊരു ഭയത്തോടെ അവനിലേക്ക് ചേർന്ന് നിന്നു.. ഇന്നലത്തെ അവന്റെ വാക്കുകൾ അവളുടെ ഓർമ്മയിലൂടെ ഓടി മറഞ്ഞപ്പോൾ അവൾ വെറുപ്പോടെ അവന്റെ കൈ തട്ടിമാറ്റി " എനിക്ക് നിങ്ങളുടെ സഹായമൊന്നും വേണ്ട" "വേണ്ടേ.. എങ്കിൽ എന്റെ ഷർട്ട് ഇങ്ങ് ഊരി തന്നേര്..

എന്റെ സഹായം വേണ്ടാത്തവർ എന്റെ ഷർട്ട് ഇടുന്നതും ഇഷ്ടം കാണില്ലല്ലോ.. ഇങ്ങ് താ.. വേഗം ഊരി താ" അവൻ വലത് കൈ നീട്ടി "ഓഹ്.. ആർക്ക് വേണം കള്ളും വണ്ടി നിങ്ങളുടെ ഷർട്ട്.. ഇപ്പോ തരാ." അവൾ ദേഷ്യത്തോടെ നോക്കി ഷർട്ടിന്റെ ബട്ടണുകൾ അഴിക്കാൻ തുടങ്ങി.. ഒന്ന് രണ്ടെണ്ണം അഴിച്ച് കഴിഞ്ഞതും എന്തോ ഓർത്തത് പോൽ പരുങ്ങി അവൾ സായന്തിനെ നോക്കി.. "എന്തേ... ഊരുന്നില്ലേ.. ഊരി താടി എരുമേ.. എനിക്ക് ഇപ്പോ എന്റെ ഷർട്ട് വേണം.." സായന്ത് നിർബ്ബന്ധം പിടിച്ചു..

"അയ്യാടാ മനസ്സിലിരിപ്പ് എനിക്ക് മനസ്സിലായി.. അങ്ങനെ സുഖിക്കണ്ട.. ഊരി തരാൻ സൗകര്യം ഇല്ല.. വല്ല്യ വക്കീൽ അല്ലേ കൊണ്ട് പോയി കേസ് കൊടുക്ക്" അവൾ എളിയിൽ കൈകുത്തി നിന്നു ഒരു പുരികമുയർത്തി അവളുടെ നിൽപ്പും ഭാവവും അവന്റെ ചുണ്ടിൽ ഒരു ചിരി വിരിയിച്ചെങ്കിലും അത് വിദഗ്ധമായി ഒളിപ്പിച്ച് ഗൗരവത്തോടെ അവളെ നോക്കി മരത്തിൽ നിന്നും ഇറങ്ങാൻ തുടങ്ങി... അത് കണ്ട് കല്ല്യാണി "എവിടേയ്ക്കാ.. "

"നിന്റെ കെട്ടിയോന്റെ അടുത്തേക്ക് " "എന്റെ കെട്ടിയോന്റെ അടുത്തേക്കോ.. അപ്പോ ഞാൻ പോയിക്കോളാം.. മാറ് അങ്ങോട്ട്.." അവനെ തട്ടി മാറ്റി അവൾ ഇറങ്ങാൻ ശ്രമിച്ചതും രണ്ടാളും കൂടി താഴെ വീണു.. സായന്ത് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചാണ് വീണത്.. അത് കൊണ്ട് നിലംപതിച്ചപ്പോൾ കല്ല്യാണി അവന്റെ നെഞ്ചിലായിരുന്നു.. "എന്റെ അമ്മേ.. എണീറ്റ് മാറെടി.. എന്റെ നടു.. ഏത് നേരത്താവോ ഓരോ വയ്യാ വേലികൾ എടുത്ത് തലയിൽ വയ്ക്കാൻ തോന്നിയേ.."

സായന്ത് വേദന കൊണ്ട് ഞെരിപ്പിരി കൊണ്ടു കല്ല്യാണി തട്ടി പിടഞ്ഞ് എണീറ്റതും പാവാട തട്ടി പിന്നെയും അവന്റെ മേലേ തന്നെ വീണു "എന്റെ ദൈവമേ.. ചക്ക പോലെ പിന്നെയും എന്റെ ദേഹത്ത് വീഴതെ എണീറ്റ് പോടി.." കല്ല്യാണി അവനെ ദേഷ്യത്തിൽ നോക്കി എണീക്കുന്ന കൂട്ടത്തിൽ അവന്റെ കാലിനൊരു ചവിട്ടും കൊടുത്തു.. "എടി എരുമേ.. നിന്നെയിന്ന് ഞാൻ" അവൻ നെഞ്ചും തിരുമി എണീറ്റു..

"എന്ത് ചെയ്യുന്നാ... ദേ ഇത് കണ്ടോ.. നല്ല മൂർച്ചയുള്ള നഖമാണ് വല്ലാതെ കളിച്ചാൽ ഇത് വച്ച് അച്ചാലും മുച്ചാലും മാന്തി വിടും ഞാൻ.. കേട്ടോടാ കള്ളും വണ്ടി" അവൾ അവനെ മാന്തുന്നത് പോലെ കാട്ടി അവളുടെ ഭാവം കണ്ട് അവൻ തെല്ലൊന്ന് അടങ്ങി.. വേദനയെടുക്കുന്ന നെഞ്ചും തടവി നടപ്പ് ആരംഭിച്ചു..

കയ്യ് വിറച്ചിട്ടാണേൽ ഒന്നിനും വയ്യ.. വണ്ടി വരെ പോകാൻ പറ്റിയിരുന്നെങ്കിൽ വണ്ടിയിൽ വെച്ചിട്ടുള്ളത് എടുത്ത് കഴിക്കായിരുന്നു.. വിറയ്ക്കുന്ന കൈകൾ കൂട്ടി തിരുമിയാണ് സായന്ത് നടക്കുന്നത്.. അവന്റെ വിറയലും പിടപ്പുമെല്ലാം കല്ല്യാണിയും ശ്രദ്ധിക്കുന്നുണ്ട്.. "കള്ളും വണ്ടിക്ക് കുടിക്കാതെ പറ്റുന്നില്ലെന്ന് തോന്നുന്നല്ലോ " അവളുടെ സ്വരത്തിൽ ഒരു കളിയാക്കലും പുച്ഛവും ഉണ്ടായിരുന്നു.. അതിന് മറുപടി തീഷ്ണമായ ഒരു നോട്ടത്തിൽ ഒതുക്കിയവൻ..

കല്ല്യാണി ചുണ്ട് മലർത്തിക്കാട്ടി ചുറ്റും കണ്ണോടിച്ചു.. കാട് രാത്രിയിലെ തന്റെ ഭീകര മുഖംമൂടി അഴിച്ചുവെച്ച് പുലരിയുടെ കുളിരും പൊൻവെട്ടവും എടുത്തണിഞ്ഞ് വളരെ മനോഹരി ആയിരുന്നു.. ചെറിയ ചെടികൾ പോലും പൂക്കൾ വിരിഞ്ഞ് സുന്ദരിയായി നിൽക്കുന്നു.. നിലത്ത് പടർന്നു പിടിച്ചിരിക്കുന്ന പുല്ലുകളിൽ ഇന്നലെ രാത്രി പെയ്ത ഹിമകണങ്ങളുടെ നനവ് ഇപ്പോഴും വിട്ട് പോയിരുന്നില്ല.. അവ അവളുടെ നഗ്ന പാദങ്ങളിൽ തഴുകുമ്പോൾ ഒരു ഉൾകുളിർ കല്ല്യാണിയിലൂടെ കടന്ന് പോയി..

അവൾ ചുറ്റും ഉള്ള കാഴ്ച്ചകളും കുയിലിന്റേയും കുഞ്ഞി കുരുവികളുടേയും കൂകലും കുറുകലും ആസ്വദിച്ച് നടന്നു.. പുലരിയിൽ കാട്ടിലൂടെയുള്ള യാത്ര ഹൃദ്യമായ ഒരു അനുഭവം തന്നെയാണ്.. "ഹായ് മഴനൂൽ.." കല്ല്യാണി ഓടി ചെന്ന് നിലത്ത് പടർന്ന് കിടന്നിരുന്ന പുല്ലിൽ മഴത്തുള്ളി പളുങ്ക് മണിപോലേ പറ്റി പിടിച്ചിരിക്കുന്നത് പറിച്ചെടുത്ത് അവളുടെ മൊട്ടകണ്ണിൽ എഴുതി.. സായന്ത് അവളുടെ ഓരോ വട്ടുകൾ അൽഭുതത്തോടെ നോക്കി നിന്നു..

കല്ല്യാണി അവനെ പുച്ഛത്തോടെ നോക്കി ചുമൽ വെട്ടിച്ച് ഓരോ മഴനൂലും പറിച്ചെടുത്ത് കണ്ണിലെഴുതി കണ്ണിൽ കുളിര് പടരുമ്പോൾ അവൾ മൊട്ടകണ്ണ് ചിമ്മി തുറക്കുന്നുണ്ട്.. ചില മഴനൂൽ എടുത്ത് അവൾ വായിലേക്ക് വെച്ച് നുണയുന്നുണ്ട്.. "എടി എരുമേ അത് വെല്ല തവള മൂത്രം ആയിരിക്കും" "അയ്യേ.. തവള മൂത്രോ.. ത്ഫൂ..ത്ഫൂ" സായന്ത് പറഞ്ഞത് കേട്ട് കല്ല്യാണി കയ്യിലെ മഴനൂൽ താഴേയിട്ട് അറപ്പോടെ മുഖം ചുളിച്ച് ചുണ്ട് അമർത്തിതുടച്ച് അവനെ കൂർപ്പിച്ചു നോക്കി..

സായന്തിന് ആ നിൽപ്പ് കണ്ട് ചിരിയാ വന്നത്.. അവൻ ഉറക്കെ ചിരിച്ചു മുമ്പിലേക്ക് നടന്നു.. ഇടയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ അവൾ ചുണ്ട് തുടച്ചുകൊണ്ട് എന്തോ പിറുപിറുത്ത് നടന്നു വരാണ്.. അവൻ ചിരി അടക്കാൻ പാടുപ്പെട്ടു.. കാറിനെ ലക്ഷ്യം വെച്ചാണ് അവൻ നടക്കുന്നത്.. എങ്ങനെയെങ്കിലും കാറിൽ ഇരിക്കുന്ന മദ്യം കുറച്ച് കഴിച്ച് ഈ വിറയലൊന്ന് നിറുത്തണം.. രാത്രി ഓടി വന്നത് കൊണ്ട് വഴിയൊന്നും ഒരു പിടുത്തമില്ല.. ഒരു ഊഹം വെച്ച് പിടിക്കാണ്...

ഇത്ര വഴി ഇങ്ങോട്ട് ഓടി വന്നപ്പോൾ ഉണ്ടായിരുന്നോ.. "ഹായ് വെള്ളച്ചാട്ടം.." കല്ല്യാണി ചെറിയ കുട്ടിയെ പോലെ അവിടേക്ക് ഓടി.. "എടി എരുമേ അവിടെ നിൽക്ക്.. മര്യാദയ്ക്ക് കുടുംബത്ത് പോകാനുള്ള വഴി നോക്കാതെ " സായന്തിന് ദേഷ്യം വന്നു.. ആരോട് പറയാൻ ആര് കേട്ടിട്ട് കല്ല്യാണിക്ക് പുല്ല് വിലകൂടി ഇല്ല..അവൾ വെള്ളച്ചാട്ടം കണ്ട് തുള്ളി ചാടി അവിടേക്ക് ഓടി.. തലയിൽ എടുത്ത് വെച്ച് പോയില്ലേ..

സഹിക്കാതെ എങ്ങനെയാണെന്ന് കരുതി സായന്ത് തികട്ടി വന്ന ദേഷ്യം പല്ല് ഞെരിച്ചു തീർത്ത് അവൻ കല്ല്യാണിയുടെ പുറകെ പോയി..അവനെ തിരിഞ്ഞൊന്ന് നോക്കി അവൾ വെള്ളച്ചാട്ടം താഴേക്ക് പതിച്ചിരുന്നിടത്തേക്ക് ഒരു ചാട്ടമായിരുന്നു.. ആ വെള്ളത്തിൽ മുങ്ങാംകുഴിയിട്ട് ഒന്ന് നീന്തി തുടിച്ച് പൊങ്ങി വരുന്ന അവളെ സായന്ത് കൗതുകത്തോടെ നോക്കി നിൽക്കുകയാണ്.. "ഡോ.. കള്ളുംവണ്ടി എന്തോന്ന ഇത്ര നോക്കി നിൽക്കാൻ പെണ്ണുങ്ങൾ കുളിക്കുന്നിടത് വായേൽ നോക്കി നിൽക്കാതെ അങ്ങോട്ട് തിരിഞ്ഞു നിന്നേ.."

അവന്റെ മേൽ വെള്ളം തട്ടി തെറിപ്പിച്ച് കല്ല്യാണി പറഞ്ഞു "അയ്യോ.. പെണ്ണായിരുന്നോ.. എനിക്ക് എരുമ കുത്തിമറിയുന്ന പോലേയാ തോന്നിയത്.. ഓരോ വേഷം കെട്ടുകൾ" സായന്ത് തന്റെ ദേഷ്യമെല്ലാം താഴെ ചവിട്ടി തീർത്ത് അവിടുന്ന് കുറച്ചു ദൂരേ നിന്നിരുന്ന മരത്തിന്റെ ചുവട്ടിൽ പോയിരുന്നു.. കല്ല്യാണി അവന്റെ പോക്ക് നോക്കി കൊഞ്ഞനം കുത്തി വെള്ളത്തിൽ നീന്തി തുടിക്കാൻ തുടങ്ങി.. കുറേയേറെ നേരത്തിന് ശേഷം കല്ല്യാണിക്ക് അടിവയറ്റിൽ ഒരു വേദനപോലേ..

അവൾ വയർപ്പൊത്തിപ്പിടിച്ച് വെള്ളത്തിലേക്കിരുന്നു.. ഈ മാസം ഇത് നേർത്തെ ആണലോ ഭഗവാനെ.. ഈ അവസ്ഥയിൽ എന്താ ചെയ്യാ.. കല്ല്യാണിക്ക് കയ്യും കാലും തളുരന്ന പോലെ തോന്നി.. വെള്ളത്തിൽ ഇരുന്ന് കൊണ്ടവൾ സായന്തിനെ എത്തി നോക്കി.. അവൻ ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകിയ മുഖത്തോടെ ഇരിപ്പുണ്ട്.. "അതേ കെട്ടിലമ്മേടെ പള്ളിനീരാട്ട് കഴിഞ്ഞെങ്കിൽ ഒന്ന് വരോ" സായന്ത് ഉറക്കെ വിളിച്ചു ചോദിച്ചു.. കല്ല്യാണി മറുപടിയൊന്നും പറഞ്ഞില്ല..

അവളുടെ പ്രതികരണം ഇല്ലെന്ന് കണ്ടപ്പോൾ അവൻ എണീറ്റ് അവൾക്കരിലേക്ക് പാഞ്ഞ് ചെന്ന്.. "ഡി നീ ചോദിച്ചത് കേട്ടാ.. ഇങ്ങോട്ട് കേറി വാടി.. ഞാൻ അങ്ങോട്ട് ഇറങ്ങി വന്നാലുണ്ടല്ലോ" "അയ്യോ ഇങ്ങോട്ട് വരല്ലേ.. എനിക്കിപ്പോ കയറി വരാൻ പറ്റില്ല.." അവൾ പരിഭ്രമത്തോടെ അവനെ നോക്കി "അത് എന്തേ.. ഈ നേരം വരെ കിടന്നിട്ട് മതിയായില്ലേടി എരുമേ" "അത്.. അതല്ല... ഞാ... ഞാൻ ആയി.." അവൾ ഒരു നാണക്കേടോടെ മുഖം കുനിച്ചു..

സായന്തിന് അത് കേട്ടിട്ട് പ്രത്യേകിച്ചൊരു ഭാവമാറ്റം ഉണ്ടായില്ല.. അവളെ നോക്കി മൂളി തിരിഞ്ഞു നടന്നു.. അവൻ ഒന്നും പറയാതെ പോയതിൽ കല്ല്യാണി നിരാശ തോന്നി.. അവൻ പോയ വഴിയെ കണ്ണുംനട്ട് ഇരുന്നു.. സമയം ഏറേ കഴിഞ്ഞിട്ടും സായന്തിനെ തിരികെ കണ്ടില്ല... കല്ല്യാണിക്ക് വെള്ളത്തിൽ നിന്ന് കയറാൻ പറ്റാത്ത അവസ്ഥയിലുമായി.. അവനോട് വല്ലാതെ അമർഷം തോന്നിയവൾക്ക് " ഇങ്ങനെ ഒരു കാര്യം പറഞ്ഞിട്ട് തിരിഞ്ഞു പോലും നോക്കാതെ പോയിലോ ആ മനുഷ്യൻ..

അല്ലാ.. എന്നോട് ഇത്രയും വലിയ ചതി ചെയ്ത ആളിൽ നിന്നും ഞാൻ എന്തിന് സഹായങ്ങൾ പ്രതീക്ഷിക്കണം.. പക്ഷേ ഈ അവസ്ഥ.. ഞാനിനി എന്ത് ചെയ്യും ഭഗവാനേ.." അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി.. "ഡി എരുമേ ഇങ്ങോട്ട് കയറി വാടി നിനക്ക് വേണ്ടതൊക്കെ ഇതിലുണ്ട്" കല്ല്യാണി ഞെട്ടി നോക്കിയപ്പോൾ കയ്യിൽ രണ്ട് ബാഗുമായി സായന്ത്.. ഇത് എവിടുന്ന് കിട്ടി എന്നുള്ള ഭാവത്തിൽ കല്ല്യാണി അവനെ നോക്കുന്നുണ്ട് " നീ വല്ലാതെ ആലോചിച്ച് നിന്റെ എരുമ തല പുകയ്ക്കണ്ട..

സായുന്റെ ബർത്ത്ഡേ ആഘോഷത്തിന്റെ ഭാഗമായി ഞങ്ങളൊരു ടൂർ പ്ലാൻ ചെയ്തിരുന്നു.. ഇന്ന് വെളുപ്പിന് പോകാനായിരുന്നു പ്ലാൻ.. അവൾ എല്ലാം എടുത്ത് ഈ ബാഗിൽ പാക്ക് ചെയ്ത് വണ്ടിയിൽ വെച്ചിരുന്നു.. ദാ.. നിനക്ക് ആവിശ്യമുള്ളത് ഇതിലുണ്ടാകും.. " സായന്ത് കയ്യിലെ ചുവന്ന ബാഗ് താഴെ വെച്ച് നേരത്തെ ഇരുന്നിരുന്നിടത് പോയിരുന്നു.. കല്ല്യാണി അവനെ നന്ദിയോടെ നോക്കി..

പതിയെ വെള്ളത്തിൽ നിന്ന് എണീറ്റ് സായന്തിനെ നോക്കി ബാഗ് തുറന്ന് ആവിശ്യമുള്ളതെല്ലാം എടുത്ത് ഡ്രസ്സ് മാറി സായന്തിന്റെ അരികിലെത്തി.. അവളുടെ കാലടി ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി.. സായുവിന്റെ ഒരു ടോപ്പും സ്കേർട്ടുമാണ് അവൾ ഇട്ടിരുന്നത്.. അതവൾക് നന്നായി ഇണങ്ങുന്നതായി തോന്നി സായന്തിന്.. അവളെ നോക്കി അവൻ എണീറ്റു.. കല്ല്യാണിക്ക് അവന് നേരെ നോക്കാനൊരു ചമ്മൽ..

സായന്ത് കയ്യിലൊരു ബാത്ത് ടവ്വലുമായി അവളെ മറികടന്ന് ഒന്ന് നിന്ന് "എന്റെ സായുന് പത്ത് വയസ്സുള്ളപ്പോൾ ഞങ്ങൾ രണ്ടാളേയും ഒറ്റയ്ക്കാക്കി ഈ ലോകത്ത് നിന്ന് തന്നെ പോയതാ ഞങ്ങളുടെ അച്ഛനും അമ്മയും.. എന്റെ സായു ആദ്യമായി വയസ്സറിയച്ചപ്പോൾ ഒരു പെൺകുട്ടിയിൽ നിന്ന് വളർച്ചയെത്തിയ സ്ത്രീ ആയെന്ന് അറിയിച്ചപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ അവളെക്കാളേറെ ആ അവസ്ഥയ്ക്കു മുന്പിൽ പകച്ച് നിന്നത് ഞാനാണ്..

ഒരു ഏട്ടൻ എത്രയൊക്കെ ചെയ്തു കൊടുത്താലും ഒരു അമ്മയോളം വരില്ലല്ലോ.. എങ്കിലും ഞാൻ ആ പ്രതിസന്ധിയും തരണം ചെയ്തു.. എനിക്കറിയാം എല്ലാ മാസവും നിങ്ങൾ പെൺകുട്ടികൾ കടന്ന് പോകുന്ന ഈ അവസ്ഥ.. അതിൻറെ ബുദ്ധിമുട്ടുകൾ.. പിന്നെ സ്വയം ശുദ്ധയാകാനുള്ള കഴിവ് പ്രകൃതി നിങ്ങൾ സ്ത്രീകൾക്ക് മാത്രം തന്നിരിക്കുന്ന വരമാണ്.. അത് കൊണ്ട് ഈ ചമ്മൽ വേണ്ട" അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ അവൻ വെള്ളച്ചാട്ടം ലക്ഷ്യമാക്കി നടന്നു കഴിഞ്ഞിരുന്നു.. അവനെ നോക്കിയിരുന്ന കല്ല്യാണിയുടെ കണ്ണുകളിൽ അപ്പോൾ വെറുപ്പിനൊപ്പം ഒരു ആരാധനയും തെളിഞ്ഞിരുന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story