ഓഹ് മൈ കിംഗ്: 50ാം സെഞ്ച്വറിയുമായി കിംഗ് കോഹ്ലി; സച്ചിന്റെ റെക്കോർഡ് ഇനി പഴങ്കഥ

ഏകദിന ക്രിക്കറ്റിൽ 50ാം സെഞ്ച്വറി നേടി വിരാട് കോഹ്ലി. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറിയെന്ന റെക്കോർഡ് കോഹ്ലി സ്വന്തമാക്കി. 49 സെഞ്ച്വറിയുമായി സച്ചിൻ തെൻഡുൽക്കർക്കൊപ്പമായിരുന്നു കോഹ്ലി ന്യൂസിലാൻഡിനെതിരായ മത്സരം തുടങ്ങും മുമ്പ്. ലോകകപ്പ് സെമിയിൽ വാങ്കഡെയിലെ പതിനായിരങ്ങളെ സാക്ഷി നിർത്തി ക്രിക്കറ്റിലെ രാജാവ് ആ റെക്കോർഡും സ്വന്തം പേരിലാക്കുകയായിരുന്നു
106 പന്തിൽ ഒരു സിക്‌സും എട്ട് ഫോറുകളും സഹിതമാണ് കോഹ്ലി 100ലെത്തിയത്. ടെസ്റ്റിലും ഏകദിനത്തിലുമായി 80 സെഞ്ച്വറികൾ നിലവിൽ കോഹ്ലിയുടെ പക്കലുണ്ട്. ഇതേ മത്സരത്തിൽ തന്നെ സച്ചിന്റെ മറ്റൊരു റെക്കോർഡ് കൂടി കോഹ്ലി തകർത്തിരുന്നു. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് എടുക്കുന്ന താരമെന്ന റെക്കോർഡാണ് കോഹ്ലി തകർത്തത്. സച്ചിന്റെ 673 റൺസ് എന്ന റെക്കോർഡാണ് കോഹ്ലി മറികടന്നത്. വ്യക്തിഗത സ്‌കോർ 80ൽ എത്തിയപ്പോഴാണ് കോഹ്ലി ഈ റെക്കോർഡ് മറികടന്നത്
ന്യൂസിലാൻഡിനെതിരായ സെമി മത്സരത്തിൽ ഇന്ത്യ നിലവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 327 റൺസ് എന്ന നിലയിലാണ്. കോഹ്ലി 117 റൺസെടുത്ത് പുറത്തായി. 77 റൺസുമായി ശ്രേയസ് അയ്യർ ക്രീസിലുണ്ട്.