കോഹ്ലിയുടെ റെക്കോർഡ് സെഞ്ച്വറി, ശ്രേയസ്സിന്റെ മിന്നൽ സെഞ്ച്വറി; വാങ്കഡെയിൽ ഇന്ത്യയുടെ റൺമഴ

india

റൺസിനൊപ്പം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ റെക്കോർഡുകളും പെയ്തിറങ്ങിയ പകൽ. ആരാധക പ്രതീക്ഷകൾ സാഫല്യത്തിലെത്തിച്ച് വിരാട് കോഹ്ലിയുടെ അമ്പതാം സെഞ്ച്വറി. പിന്നാലെ ശ്രേയസ്സ് അയ്യരുടെ മിന്നൽ സെഞ്ച്വറി. 2019 ലോകകപ്പ് സെമി തോൽവിക്ക് പകരം വീട്ടാനുള്ള ഇന്ത്യയുടെ പ്രകടനം. ശരിക്കും സ്വപ്‌നതുല്യമായ ഒരു ഇന്നിംഗ്‌സ്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത് അമ്പത് ഓവർ പൂർത്തിയാക്കുമ്പോൾ ഇന്ത്യ അടിച്ചുകൂട്ടിയത് 4 വിക്കറ്റ് നഷ്ടത്തിൽ 397 റൺസാണ്. 

ഓപണിംഗ് ഇറങ്ങിയ നായകൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും വരാൻ പോകുന്ന വെടിക്കെട്ടിന് തീ കൊളുത്തുകയായിരുന്നു. 5.2 ഓവറിൽ ഇന്ത്യ 50 റൺസിലേക്ക് കുതിച്ചെത്തി. സ്‌കോർ 71ൽ നിൽക്കെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 29 പന്തിൽ നാല് വീതം സിക്‌സും ഫോറും സഹിതം നായകൻ രോഹിത് അടിച്ചുകൂട്ടിയത് 47 റൺസ്

രണ്ടാം വിക്കറ്റിൽ ഗില്ലും കോഹ്ലിയും ഒന്നിച്ചതോടെ സ്‌കോർ വീണ്ടും മുന്നോട്ടൊഴുകി. ഗില്ലും കോഹ്ലിയും അർധ സെഞ്ച്വറിയുമായി മുന്നോട്ടു പോകുന്നതിനിടെയാണ് കാലിന് പേശിവലിവ് അനുഭവപ്പെട്ട ഗിൽ റിട്ടയർഡ് ഹർട്ടായി മടങ്ങിയത്. 65 പന്തിൽ മൂന്ന് സിക്‌സും 8 ഫോറും സഹിതം 79 റൺസാണ് ഗിൽ സ്വന്തമാക്കിയത്. 

പിന്നീട് കോഹ്ലിയും ശ്രേയസ് അയ്യരും ചേർന്ന് സ്‌കോർ 327 വരെ എത്തിച്ചു. ഇതിനിടയിൽ കോഹ്ലി തന്റെ അമ്പതാം സെഞ്ച്വറിയും തികച്ചു. 106 പന്തിൽ ഒരു സിക്‌സും എട്ട് ഫോറും സഹിതമായിരുന്നു കോഹ്ലിയുടെ സെഞ്ച്വറി. സെഞ്ച്വറിക്ക് പിന്നാലെ ബാറ്റിംഗിന്റെ വേഗത വർധിപ്പിച്ചെങ്കിലും സ്‌കോർ 327ൽ കോഹ്ലി വീണു. 113 പന്തിൽ 9 ഫോറും രണ്ട് സിക്‌സും സഹിതമായിരുന്നു കോഹ്ലിയുടെ 117 റൺസ്. 

ഇതിനിടയിലും മറുവശത്ത് ശ്രേയസ്സ് തകർത്തടിക്കുകയായിരുന്നു. 67 പന്തിൽ ശ്രേയസ്സ് മൂന്നക്കത്തിലെത്തി. എട്ട് സിക്‌സും നാല് ഫോറും സഹിതമായിരുന്നു ശ്രേയസ്സിന്റെ സെഞ്ച്വറി. സ്‌കോർ 382ൽ 70 പന്തിൽ 105 റൺസെടുത്ത ശ്രേയസ്സും പുറത്ത്. സൂര്യകുമാർ യാദവ് ഒരു റൺസെടുത്ത് മടങ്ങി. ഇന്നിംഗ്‌സ് അവസാനിക്കുമ്പോൾ 20 പന്തിൽ 39 റൺസുമായി കെ എൽ രാഹുലും റിട്ടയർട്ട് ഹർട്ടായി മടങ്ങി തിരികെ ഗില്ലുമായിരുന്നു ക്രീസിൽ.


 

Share this story