കരിയറിലെ കന്നി ഇരട്ട സെഞ്ച്വറിയുമായി മായങ്ക് അഗർവാൾ; ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്

കരിയറിലെ കന്നി ഇരട്ട സെഞ്ച്വറിയുമായി മായങ്ക് അഗർവാൾ; ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പടുകൂറ്റൻ സ്‌കോറിലേക്ക്. രണ്ടാം ദിനമായ ഇന്ന് മായങ്ക് അഗർവാളിന്റെ ഇരട്ട ശതകമാണ് ഇന്ത്യൻ ഇന്നിംഗ്‌സിലെ സ്‌പെഷ്യൽ. 360 പന്തുകളിലാണ് മായങ്ക് തന്റെ ഇരട്ട ശതകം കണ്ടെത്തിയത്. ഇന്ത്യ നിലവിൽ 3 വിക്കറ്റ് നഷ്ടത്തിൽ 430 റൺസെന്ന നിലയിലാണ്

വിക്കറ്റ് നഷ്ടമില്ലാതെ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ ഇന്ന് നഷ്ടപ്പെട്ടു. 176 റൺസെടുത്ത രോഹിതിനെയാണ് ആദ്യം നഷ്ടപ്പെട്ടത്. 244 പന്തിൽ ആറ് സിക്‌സും 23 ഫോറും സഹിതമാണ് രോഹിത് 176 റൺസ് എടുത്തത്. പിന്നാലെ എത്തിയ പൂജാര നിലയുറപ്പിക്കും മുമ്പേ ആറ് റൺസുമായി മടങ്ങി. കോഹ്ലി പ്രതീക്ഷ ഉണർത്തിയെങ്കിലും 20 റൺസിന് മടങ്ങി.

209 റൺസുമായി മായങ്കും 15 റൺസുമായി രഹാനെയുമാണ് ക്രീസിൽ. 6 സിക്‌സും 22 ഫോറും സഹിതമാണ് മായങ്ക് 209ൽ എത്തിയത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി കേശവ് മഹാരാജ്, മുത്തുസ്വാമി, ഫിലാൻഡർ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി

Share this story