ദക്ഷിണാഫ്രിക്കയെ അടപടലം തകര്‍ത്ത് ടീം ഇന്ത്യ; ജയം ഇന്നിംഗ്‌സിനും 137 റണ്‍സിനും

ദക്ഷിണാഫ്രിക്കയെ അടപടലം തകര്‍ത്ത് ടീം ഇന്ത്യ; ജയം ഇന്നിംഗ്‌സിനും 137 റണ്‍സിനും

പൂനെയിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്ക് കൂറ്റൻ ജയം. ഇന്നിംഗ്‌സിനും 137 റൺസിനുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകർത്തത്. 326 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിക്കുകയായിരുന്നു. എന്നാൽ അവർ 189 റൺസിന് എല്ലാവരും പുറത്തായി

വാലറ്റത്ത് ഫിലാൻഡറും കേശവ് മഹാരാജും ചേർന്ന് ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും അധിക നേരം നീണ്ടില്ല. മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയ ഉമേഷ് യാദവും രവീന്ദ്ര ജഡേജയും ചേർന്നാണ് ദക്ഷിണാഫ്രിക്കൻ നിരയെ തകർത്തത്. അശ്വിൻ രണ്ട് വിക്കറ്റും ഇഷാന്ത് ശർമ, ഷമി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി

48 റൺസെടുത്ത എൽഗറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. ബവുമ 38, ഫിലാൻഡർ 37, മഹാരാജ് 22 റൺസെടുത്തു. മറ്റാരും രണ്ടക്കം കടന്നില്ല.

ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 5 വിക്കറ്റിന് 605 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. നായകൻ കോഹ്ലി 254 റൺസ് എടുത്തപ്പോൾ മായങ്ക് അഗർവാൾ 108 റൺസെടുത്തു. ജഡേജ 91, രഹാനെ 59, പൂജാര 58 റൺസെടുത്തു. ഒന്നാമിന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്ക 275 റൺസിന് എല്ലാവരും പുറത്തായി. അശ്വിൻ നാലും ഉമേഷ് യാദവ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

Share this story