റാഞ്ചിയിൽ ഹിറ്റ്മാൻ ഷോ; രോഹിത് ശർമക്ക് ഡബിൾ സെഞ്ച്വറി, ഇരട്ട ശതകം തികച്ചത് സിക്‌സർ പറത്തി

റാഞ്ചിയിൽ ഹിറ്റ്മാൻ ഷോ; രോഹിത് ശർമക്ക് ഡബിൾ സെഞ്ച്വറി, ഇരട്ട ശതകം തികച്ചത് സിക്‌സർ പറത്തി

ദക്ഷിണാഫ്രിക്കക്കെതിരെ റാഞ്ചിയിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓപണർ രോഹിത് ശർമക്ക് ഇരട്ട ശതകം. 250 പന്തിൽ 28 ഫോറും 5 സിക്‌സും സഹിതമാണ് രോഹിത് ഇരട്ട ശതകം തികച്ചത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 82 ആണ്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ രോഹിത് 199 റൺസുമായി ക്രീസിലുണ്ടായിരുന്നു. തുടർന്നുള്ള സെഷനിലാണ് അദ്ദേഹം ഡബിൾ സെഞ്ച്വറി തികച്ചത്.

187ൽ നിന്ന് തുടർച്ചയായ രണ്ട് ഫോറുകൾ സഹിതം 195ൽ എത്തിയ രോഹിത് കരുതലോടെയാണ് കളിച്ചത്. സിംഗിളുകളിലൂടെ 199ൽ എത്തിയ രോഹിത് നിരവധി പന്തുകൾ ശ്രദ്ധയോടെ നേരിടുകയായിരുന്നു. തുടർന്ന് സിക്‌സർ പറത്തിയാണ് അദ്ദേഹം ഇരട്ട ശതകത്തിലേക്ക് എത്തിയത്. നേരത്തെ രോഹിത് സെഞ്ച്വറി തികച്ചതും സിക്‌സർ പറത്തിയായിരുന്നു. ഇരട്ട ശതകം തികച്ചതിന് തൊട്ടടുത്ത പന്തും രോഹിത് ബൗണ്ടറി ലൈന് മുകളിലൂടെ പുറത്തേക്ക് പറത്തി.

ഇന്ന് ഇന്ത്യക്ക് രഹാനെയുടെ വിക്കറ്റാണ് നഷ്ടപ്പെട്ടത്. സെഞ്ച്വറി തികച്ച രഹാനെ 115 റൺസിലാണ് വീണത്. 192 പന്തിൽ 17 ഫോറും ഒരു സിക്‌സും സഹിതമാണ് അദ്ദേഹം 115 റൺസ് എടുത്തത്. നിലവിൽ 15 റൺസുമായി രവീന്ദ്ര ജഡേജയാണ് 211 റൺസ് എടുത്തുനിൽക്കുന്ന രോഹിതിനൊപ്പം ക്രീസിൽ. ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 369 റൺസ് എന്ന നിലയിലാണ്.

 

Share this story