ചറപറ സിക്‌സറുകൾ പറത്തി ഉമേഷ് യാദവ്; തകർപ്പൻ പ്രകടനം സ്വന്തമാക്കിയ റെക്കോർഡുകൾ ഇവയാണ്

ചറപറ സിക്‌സറുകൾ പറത്തി ഉമേഷ് യാദവ്; തകർപ്പൻ പ്രകടനം സ്വന്തമാക്കിയ റെക്കോർഡുകൾ ഇവയാണ്

അമ്പരപ്പിക്കുന്ന പ്രകടനാണ് റാഞ്ചിയിൽ ഇന്ന് ഇന്ത്യൻ ബൗളർ ഉമേഷ് യാദവ് കാഴ്ചവെച്ചത്. പക്ഷേ പന്തു കൊണ്ടായിരുന്നില്ല ആ പ്രകടനം. ഒമ്പതാമനായി ഉമേഷ് ബാറ്റേന്തി ക്രീസിലേക്ക് എത്തുമ്പോൾ ഒരാൾ പോലും അത്തരമൊരു പ്രകടനം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല

10 പന്തുകളിൽ 31 റൺസ്. അതിൽ അഞ്ച് സിക്‌സറുകൾ. രോഹിത് ശർമ തുടങ്ങി വെച്ച റൺവേട്ട ഉമേഷ് വാലറ്റത്ത് പൂർത്തിയാക്കുകയായിരുന്നു. ജോർജ് ലിൻഡെയാണ് ഉമേഷിന്റെ ബാറ്റിംഗ് ചൂട് അറിഞ്ഞത്. അഞ്ച് സിക്‌സറുകളും ലിൻഡെയുടെ ഓവറിലാണ് പിറന്നത്.

ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 30 റൺസ് തികയ്ക്കുന്ന താരമായി ഇതോടെ ഉമേഷ് മാറി. സ്റ്റീഫൻ ഫ്‌ളെമിംഗിന്റെ റെക്കോർഡാണ് താരം മറികടന്നത്. ഫ്‌ളെമിംഗ് 11 പന്തിൽ 30 റൺസ് തികച്ചതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.

നേരിട്ട ആദ്യ രണ്ട് പന്തുകളും അതിർത്തി കടത്തുന്ന മൂന്നാമത്തെ താരമാണ് ഉമേഷ്. സച്ചിൻ തെൻഡുൽക്കറും ഫോഫി വില്യംസണുമാണ് ഉമേഷിന് മുന്നിലുള്ളത്. സച്ചിനും സഹീറിനും ശേഷം ഒരു ടെസ്റ്റിൽ നേരിടുന്ന ആദ്യ പന്തിൽ തന്നെ സിക്‌സർ നേടുന്ന താരമെന്ന പദവിയും ഉമേഷിനൊപ്പം.

Share this story