രണ്ട് വിക്കറ്റ് അകലെ ഇന്ത്യയെ കാത്ത് ഇന്നിംഗ്‌സ് ജയം; പരമ്പര 3-0 വൈറ്റ് വാഷിലേക്ക്

രണ്ട് വിക്കറ്റ് അകലെ ഇന്ത്യയെ കാത്ത് ഇന്നിംഗ്‌സ് ജയം; പരമ്പര 3-0 വൈറ്റ് വാഷിലേക്ക്

 

റാഞ്ചി ടെസ്റ്റിലും ഇന്ത്യ ഇന്നിംഗ്‌സ് ജയത്തിലേക്ക്. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 497 റൺസിനെതിരെ ഫോളോ ഓൺ ചെയ്യുന്ന ദക്ഷിണാഫ്രിക്ക രണ്ടാമിന്നിംഗ്‌സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എന്ന നിലയിലാണ് മൂന്നാം ദിനം കളി അവസാനിപ്പിച്ചത്. ഇന്ത്യൻ സ്‌കോറിനേക്കാൾ 203 റൺസ് പിന്നിലാണ് അവരിപ്പോഴും.

ഒന്നാമിന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്ക 162 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. രണ്ടാമിന്നിംഗ്‌സിൽ കുറച്ചുകൂടി വേഗതയിലായിരുന്നു അവരുടെ തകർച്ച. മുൻനിരയും മധ്യനിരയും അമ്പേ പരാജയപ്പെട്ടപ്പോൾ വാലറ്റത്ത് മാത്രമാണ് ചെറിയ രീതിയിലുള്ള ചെറുത്തുനിൽപ്പ് ഉണ്ടായത്.

എൽഗർ 16, ലിൻഡെ 27, പീഡ്റ്റ് 23, ബ്രയാൻ 30, റബാദ 12 എന്നിവർ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യക്കായി ഷമി മൂന്ന് വിക്കറ്റും ഉമേഷ് രണ്ടും ജഡേജ, അശ്വിൻ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഒന്നാമിന്നിംഗ്‌സിൽ അവർ 162ന് പുറത്തായതോടെ കോഹ്ലി ഫോളോ ഓൺ ചെയ്യിപ്പിക്കുകയായിരുന്നു. മൂന്ന് വിക്കറ്റെടുത്ത ഉമേഷ് യാദവും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയ ഷമി, നദീം, ജഡേജ എന്നിവരാണ് അവരെ തകർത്തത്. മൂന്നാം ദിനമായ ഇന്ന് രണ്ടിന്നിംഗ്‌സുകളിലുമായി ദക്ഷിണാഫ്രിക്കക്ക് 15 വിക്കറ്റുകളാണ് വീണത്.

 

Share this story