ബംഗ്ലാദേശിനോട് നാണംകെട്ട് ഇന്ത്യ; തോല്‍വി ഏഴ് വിക്കറ്റിന്‌

ബംഗ്ലാദേശിനോട് നാണംകെട്ട് ഇന്ത്യ; തോല്‍വി ഏഴ് വിക്കറ്റിന്‌

ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ അമ്പേ പരാജയപ്പെടുത്തി ബംഗ്ലാദേശ്. ഏഴ് വിക്കറ്റിന് ഇന്ത്യയെ തകർത്ത് ബംഗ്ലാദേശ് പരമ്പരയിൽ 1-0ന് മുന്നിലെത്തി. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശക്തരായ ഇന്ത്യയുടെ നിഴൽ മാത്രമായിരുന്നു കണ്ടത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. ബംഗ്ലാദേശ് മൂന്ന് പന്തുകൾ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.

ആദ്യ ഓവറിൽ തന്നെ ഇന്ത്യക്ക് നായകൻ രോഹിത് ശർമയെ നഷ്ടപ്പെട്ടിരുന്നു. രണ്ട് ബൗണ്ടറികൾ പായിച്ച് രോഹിത് പ്രതീക്ഷ ജനിപ്പിച്ചെങ്കിലും ആദ്യ ഓവറിലെ അവസാന പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി 9 റൺസിന് പുറത്തായി. പിന്നീട് എത്തിയ കെ എൽ രാഹുൽ തീർത്തും നിരാശപ്പെടുത്തി. 17 പന്തിൽ 15 റൺസ് മാത്രമാണ് രാഹുലിന്റെ സമ്പാദ്യം.

ധവാൻ 42 പന്തിൽ 41 റൺസുമായി മടങ്ങി. ശ്രേയസ്സ് അയ്യർ 22 റൺസും റിഷഭ് പന്ത് 27 റൺസുമെടുത്തു. കൃനാൽ പാണ്ഡ്യ 15, വാഷിംട്ഗൺ സുന്ദർ 14 റൺസെടുത്ത് പുറത്താകാതെ നിന്നു

60 റൺസെടുത്ത് പുറത്താകാതെ നിന്ന മുഷ്ഫിഖർ റഹ്മാന്റെ മികവിലാണ് ബംഗ്ലാദേശ് ജയം സ്വന്തമാക്കിയത്. സൗമ്യ സർക്കാർ 39 റൺസും മുഹമ്മദ് നയീം 26 റൺസുമെടുത്തു.

 

Share this story