ചാഹറിന്റെ ഹാട്രിക് പ്രകടനം, ഇന്ത്യക്ക് 30 റൺസിന്റെ ജയം; പരമ്പര സ്വന്തം

ചാഹറിന്റെ ഹാട്രിക് പ്രകടനം, ഇന്ത്യക്ക് 30 റൺസിന്റെ ജയം; പരമ്പര സ്വന്തം

ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് 30 റൺസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 174 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് 19.2 ഓവറിൽ 144 റൺസിന് എല്ലാവരും പുറത്തായി. ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചുനിന്നതിനാൽ ഇന്നലെ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാമായിരുന്നു.

ഹാട്രിക് അടക്കം ആറ് വിക്കറ്റ് നേടിയ ദീപക് ചാഹറിന്റെ പ്രകടനമാണ് ഇന്ത്യക്ക് ജയം നേടിക്കൊടുത്തത്. 3.2 ഓവറിൽ ഏഴ് റൺസ് മാത്രം നൽകിയാണ് ചാഹർ ആറ് വിക്കറ്റുകൾ വീഴ്ത്തിയത്. അന്താരാഷ്ട്ര ടി20യിൽ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിലാണ് 174 റൺസ് എടുത്തത്. 33 പന്തിൽ അഞ്ച് സിക്‌സും മൂന്ന് ഫോറും സഹിതം 62 റൺസെടുത്ത ശ്രേയസ്സ് അയ്യരുടെയും 35 പന്തിൽ 52 റൺസെടുത്ത കെ എൽ രാഹുലിന്റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ മികച്ച സ്‌കോർ സ്വന്തമാക്കിയത്. ധവാൻ 19 റൺസും മനീഷ് പാണ്ഡെ 22 റൺസുമെടുത്തു. സെലക്ടർമാരുടെ പ്രത്യേക ഇഷ്ടക്കാരനായ റിഷഭ് പന്ത് പതിവ് പോലെ പരാജയപ്പെട്ടു. ആറ് റൺസ് മാത്രമാണ് പന്ത് എടുത്തത്.

മറുപടി ബാറ്റിംഗിൽ ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് ബംഗ്ലാദേശ് കീഴടങ്ങിയത്. 48 പന്തിൽ 81 റൺസുമായി കളം നിറഞ്ഞ മുഹമ്മദ് നയീം ഒരു ഘട്ടത്തിൽ ജയം ബംഗ്ലാദേശിനായി തട്ടിയെടുക്കുമെന്ന് തോന്നിച്ചെങ്കിലും ചാഹറിന്റെ പ്രകടനം ഇന്ത്യക്ക് തുണയാകുകയായിരുന്നു. നയീമിന് പുറമെ 27 റൺസെടുത്ത മുഹമ്മദ് മിതുൻ മാത്രമാണ് ബംഗ്ലാ നിരയിൽ രണ്ടക്കം തികച്ചത്. നാല് പേർ പൂജ്യത്തിന് പുറത്തായി.

ഇന്ത്യക്ക് വേണ്ടി ചാഹർ ആറ് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ശിവം ദുബെ മൂന്ന് വിക്കറ്റും ചാഹൽ ഒരു വിക്കറ്റും സ്വന്തമാക്കി.

 

Share this story