9 സിക്‌സർ, 33 ബൗണ്ടറി, 264 റൺസ്; ലങ്കൻ നെഞ്ചിൽ രോഹിത് നടത്തിയ താണ്ഡവത്തിന് അഞ്ച് വയസ്സ്

9 സിക്‌സർ, 33 ബൗണ്ടറി, 264 റൺസ്; ലങ്കൻ നെഞ്ചിൽ രോഹിത് നടത്തിയ താണ്ഡവത്തിന് അഞ്ച് വയസ്സ്

ചരിത്രത്തിലിടം നേടിയ ബാറ്റിംഗ് പ്രകടനം. ഇതിന് മുമ്പ് ഒരിക്കലും സംഭവിക്കാത്തത്. ഇനി മറ്റൊരാൾ സംഭവിക്കാൻ സാധ്യത തീരെയില്ലാത്തതും. അതായിരുന്നു അഞ്ച് വർഷം മുമ്പ് കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ കണ്ടത്. അസ്സലൊരു രോഹിത് താണ്ഡവം.

2014 നവംബർ 13 ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ നാലാം മത്സരം. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാനിറങ്ങി. ഇന്ത്യക്ക് വേണ്ടി രോഹിതും രഹാനെയുമാണ് ഓപൺ ചെയ്തത്. സ്‌കോർ നാലിൽ നിൽക്കെ രോഹിതിന്റെ ക്യാച്ച് തിസാര പെരേര മിസ്സാക്കി. ആ പിഴവിന് ലങ്കൻ താരങ്ങൾക്ക് വലിയ ശിക്ഷ കാത്തിരിക്കുന്നുണ്ടായിരുന്നു

ലൈഫ് കിട്ടിയ രോഹിതിന്റെ ബാറ്റിംഗ് താണ്ഡവമാണ് പിന്നീട് ഈഡൻ ഗാർഡൻ കണ്ടത്. ഇന്നിംഗ്‌സിന്റെ അവസാന പന്ത് വരെ നീണ്ട ബാറ്റിംഗ്. ഒമ്പത് സിക്‌സറുകളും 33 ഫോറുകളും സഹിതം നേടിയത് 264 റൺസ്. 50 ഓവർ മത്സരങ്ങളിൽ ഒരു ടീം ശരാശരി നേടുന്ന സ്‌കോർ ഒറ്റയ്ക്ക് അടിച്ചെടുത്ത ബാറ്റ്‌സ്മാനെ പിന്നീട് ലോകക്രിക്കറ്റിലെ ബൗളർമാരും ഭയന്നുതുടങ്ങി. 173 പന്തിലാണ് രോഹിത് 264 റൺസ് എടുത്തത്. ഇന്ത്യകാതെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 404 റൺസ് എന്ന ടോട്ടലും പടുത്തുയർത്തി.

രോഹിതിന്റെ തന്നെ കരിയറിലെ രണ്ടാം ഇരട്ട സെഞ്ച്വറിയായിരുന്നു അന്ന് പിറന്നത്. ആദ്യത്തെത് 2013 നവംബർ രണ്ടിന് ബംഗളൂരുവിൽ ഓസ്‌ട്രേലിയക്കെതിരെ ആയിരുന്നു. ഇരട്ട ശതക പ്രകടനം രോഹിത് അവിടെ കൊണ്ടും നിർത്തിയില്ല. 2017 ഡിസംബർ 13ന് ശ്രീലങ്കക്ക് എതിരെ തന്നെ രോഹിത് വീണ്ടും ആവർത്തിച്ചു. 208 നോട്ടൗട്ട്. ഏകദിന ചരിത്രത്തിൽ മൂന്ന് ഇരട്ട സെഞ്ച്വറികൾ നേടിയ ഏക താരമെന്ന ബഹുമതിയും രോഹിതിന് ഒപ്പമാണ്.

 

Share this story