ബംഗ്ലാദേശിനെ ചുരുട്ടിക്കൂട്ടി; ഇന്ത്യൻ ജയം ഇന്നിംഗ്‌സിനും 130 റൺസിനും

ബംഗ്ലാദേശിനെ ചുരുട്ടിക്കൂട്ടി; ഇന്ത്യൻ ജയം ഇന്നിംഗ്‌സിനും 130 റൺസിനും

ഇൻഡോർ ടെസ്റ്റിൽ ഇന്ത്യക്ക് പടുകൂറ്റൻ ജയം. ബംഗ്ലാദേശിനെ ഇന്നിംഗ്‌സിനും 130 റൺസിനുമആണ് ടീം ഇന്ത്യ തകർത്തത്. രണ്ടാമിന്നിംഗ്‌സിൽ ബംഗ്ലാദേശ് 213 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ഒന്നാമിന്നിംഗ്‌സിൽ അവർ 150 റൺസാണ് എടുത്തത്. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 493ന് 6 വിക്കറ്റ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ടെസ്റ്റിൽ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് ഇന്ത്യ ഇന്നിംഗ്‌സ് ജയം സ്വന്തമാക്കിയത്

പേസർമാർക്കൊപ്പം അശ്വിനും വിക്കറ്റ് വീഴ്ത്താൻ തുടങ്ങിയതോടെ ബംഗ്ലാദേശ് തകർന്നുവീഴുകയായിരുന്നു. മുഹമ്മദ് ഷമി 4 വിക്കറ്റെടുത്തപ്പോൾ അശ്വിൻ 3 വിക്കറ്റുകൾ വീഴ്ത്തി. ഉമേഷ് യാദവ് രണ്ടും ഇഷാന്ത് ശർമ ഒന്നും വിക്കറ്റെടുത്തു. 64 റൺസെടുത്ത മുഷ്ഫിഖർ റഹ്മാനാണ് ബംഗ്ലാ നിരയിലെ ടോപ് സ്‌കോറർ. മെഹ്ദി ഹസൻ മിറാസ് 38 റൺസും ലിറ്റൺ ദാസ് 35 റൺസുമെടുത്തു. മറ്റാർക്കും പിടിച്ചുനിൽക്കാനായില്ല

ഒന്നാമിന്നിംഗ്‌സിൽ ഷമി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. രണ്ടിന്നിംഗ്‌സിലുമായി ഏഴ് വിക്കറ്റാണ് ഷമി സ്വന്തമാക്കിയത്. ഒന്നാമിന്നിംഗ്‌സിൽ ഇഷാന്തും ഉമേഷും അശ്വിനും രണ്ട് വീതം വീക്കറ്റുകളും വീഴ്ത്തി

മായങ്ക് അഗർവാളിന്റെ ഇരട്ട സെഞ്ച്വറിയാണ് ഇന്ത്യൻ ഇന്നിംഗ്‌സിലെ പ്രത്യേകത. 330 പന്തിൽ എട്ട് സിക്‌സും 28 ഫോറും സഹിതം 243 റൺസാണ് മായങ്ക് സ്വന്തമാക്കിയത്. പൂജാര 54, രഹാനെ 86, ജഡേജ 60 എന്നിവരുടെ അർധ സെഞ്ച്വറികളും ഇന്ത്യക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഇതോടെ തോൽവിയറിയാതെ ആറ് മത്സരങ്ങൾ പൂർത്തിയാക്കി

 

Share this story