ഇന്ത്യക്ക് 241 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്, ബംഗ്ലാദേശിന്റെ നാല് വിക്കറ്റുകൾ വീണു; ഇന്ത്യ വീണ്ടും ഇന്നിംഗ്‌സ് ജയത്തിലേക്ക്‌

ഇന്ത്യക്ക് 241 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്, ബംഗ്ലാദേശിന്റെ നാല് വിക്കറ്റുകൾ വീണു; ഇന്ത്യ വീണ്ടും ഇന്നിംഗ്‌സ് ജയത്തിലേക്ക്‌

കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സ് 347ന് 9 വിക്കറ്റ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 241 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് സ്വന്തമാക്കിയാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. നായകൻ വിരാട് കോഹ്ലിയുടെ സെഞ്ച്വറിയാണ് ഇന്ത്യൻ ഇന്നിംഗ്‌സിലെ സവിശേഷത

കോഹ്ലി 136 റൺസെടുത്ത് പുറത്തായി. 18 ബൗണ്ടറികൾ സഹിതമായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്‌സ്. ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവർ അർധ സെഞ്ച്വറി സ്വന്തമാക്കി. പൂജാര 55 റൺസും രഹാനെ 51 റൺസുമെടുത്തു. കോഹ്ലി-രഹാനെ കൂട്ടുകെട്ട് തകർന്നതിന് പിന്നാലെ ഇന്ത്യൻ ബാറ്റ്‌സ്മാൻമാർക്ക് പിടിച്ചുനിൽക്കാനായില്ല

3 വിക്കറ്റ് നഷ്ടത്തിൽ 236 റൺസ് വരെ എത്തിയ ശേഷമാണ് ഇന്ത്യ 9ന് 347 റൺസ് എന്ന നിലയിലേക്ക് വീണത്. വൃദ്ധിമാൻ സാഹ 17, ജഡേജ 12, ഷമി 10 റൺസെടുത്തു പുറത്തായി. ആദ്യ ഇന്നിംഗ്‌സിൽ ബംഗ്ലാേേദശിനെ 106 റൺസിന് പുറത്താക്കിയിരുന്നു

രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ബംഗ്ലാദേശ് ബാറ്റിംഗ് തകർച്ച നേരിടുകയാണ്. 13 റൺസ് എടുക്കുന്നതിനിടെ അവർക്ക് 4 വിക്കറ്റുകൾ നഷ്ടപ്പെട്ടു. നിലവിൽ 4ന് 45 റൺസ് എന്ന നിലയിലാണ് ബംഗ്ലാദേശ്. 19 റൺസുമായി മഹ്മദുല്ലയും 8 റൺസുമായി മുഷ്ഫിഖർ റഹീമുമാണ് ക്രീസിൽ. ഇഷാന്ത് ശർമ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഉമേഷ് യാദവ് ഒരു വിക്കറ്റ് സ്വന്തമാക്കി.

 

Share this story