വിജയഗാഥ തുടർന്ന് ഇന്ത്യ: കൊൽക്കത്ത ടെസ്റ്റിൽ ബംഗ്ലാദേശിനെ തകർത്തത് ഇന്നിംഗ്‌സിനും 46 റൺസിനും

വിജയഗാഥ തുടർന്ന് ഇന്ത്യ: കൊൽക്കത്ത ടെസ്റ്റിൽ ബംഗ്ലാദേശിനെ തകർത്തത് ഇന്നിംഗ്‌സിനും 46 റൺസിനും

കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടന്ന ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ ജയം. ബംഗ്ലാദേശിനെ ഇന്നിംഗ്‌സിനും 46 റൺസിനും തകർത്ത് ഇന്ത്യ പരമ്പര 2-0ന് സ്വന്തമാക്കി. 241 റൺസിന്റെ കടവുമായി രണ്ടാമിന്നിംഗ്‌സിൽ ബാറ്റേന്തിയ ബംഗ്ലാദേശ് മൂന്നാം ദിനം 195 റൺസിന് പുറത്തായി. രണ്ടിന്നിംഗ്‌സിലുമായി 9 വിക്കറ്റുകൾ വീഴ്ത്തിയ ഇഷാന്ത് ശർമയാണ് മത്സരത്തിലെ താരം.

ടോസ് നേടിയ ബംഗ്ലാദേശ് ഒന്നാമിന്നിംഗ്‌സിൽ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. എന്നാൽ കേവലം 33.3 ഓവറിൽ 106 റൺസിന് അവർ ഓൾ ഔട്ടായി. ഇന്ത്യക്ക് വേണ്ടി ഇഷാന്ത് ശർമ 5 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഉമേഷ് 3 വിക്കറ്റുകൾ നേടി. മുഹമ്മദ് ഷമി 2 വിക്കറ്റുകൾ എടുത്തു

മറുപടി ബാറ്റിംഗിൽ ഇന്ത്യ 347ന് 9 വിക്കറ്റ് എന്ന നിലയിൽ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. നായകൻ വിരാട് കോഹ്ലി 194 പന്തിൽ 136 റൺസെടുത്തു. ചേതേശ്വർ പൂജാര 55 റൺസും രഹാനെ 51 റൺസുമെടുത്തു. 241 റൺസിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്.

രണ്ടാമിന്നിംഗ്‌സിൽ തുടക്കത്തിൽ തകർന്നുവെങ്കിലും ബംഗ്ലാദേശ് തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നു. 13 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ വീണ് പതറിയ അവരെ മുഷ്ഫിഖർ റഹീമിന്റെ ബാറ്റിംഗാണ് വൻ നാണക്കേടിൽ നിന്നും രക്ഷിച്ചത്. റഹീം 96 പന്തിൽ 74 റൺസെടുത്തു പുറത്തായി. മഹ്മദുല്ല 39 റൺസും അൽ അമീൻ ഹുസൈൻ 21 റൺസുമെടുത്തു

ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് 5 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഇഷാന്ത് 4 വിക്കറ്റുകളെടുത്തു. രണ്ടിന്നിംഗ്‌സിലും കൂടി ഇഷാന്ത് ഒമ്പതും ഉമേഷ് എട്ടും വിക്കറ്റുകൾ നേടി. പേസർമാരുടെ മിന്നും പ്രകടനമാണ് ഇന്ത്യൻ ബൗളിംഗ് നിരയിൽ കണ്ടത്. വിരലിലെണ്ണാവുന്ന ഓവറുകൾ മാത്രമാണ് അശ്വിനും ജഡേജക്കും ചെയ്യേണ്ടി വന്നത്.

ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ കളിച്ച ഏഴ് മത്സരവും വിജയച്ച് ഇന്ത്യ പോയിന്റ് പട്ടികയിൽ ഏറെ മുന്നിലാണ്. ഇന്ത്യക്ക് 360 പോയിന്റാണ് നിലവിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് 116 പോയിന്റുകളുണ്ട്.

 

Share this story