കോഹ്ലിയുടെ മിന്നൽ പ്രകടനം; ആദ്യ ടി20യിൽ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ ജയം

കോഹ്ലിയുടെ മിന്നൽ പ്രകടനം; ആദ്യ ടി20യിൽ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ ജയം

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 5 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് എടുത്തു. വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 18.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുക്കുകയായിരുന്നു. 94 റൺസുമായി പുറത്താകാതെ നിന്ന നായകൻ കോഹ്ലിയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് തുണയായത്.

സ്‌കോർ 30ൽ നിൽക്കെ 8 റൺസെടുത്ത രോഹിത് ശർമയെ നഷ്ടപ്പെട്ടെങ്കിലും കെ എൽ രാഹുലിനൊപ്പം ചേർന്ന കോഹ്ലി സ്‌കോർ ഉയർത്തുകയായിരുന്നു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 100 റൺസ് കൂട്ടിച്ചേർത്തു. 40 പന്തിൽ നാല് സിക്‌സും 5 ഫോറും സഹിതം 62 റൺസെടുത്ത രാഹുൽ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ റിഷഭ് പന്തിനും അധികം നേരം തുടരാനായില്ല. 9 പന്തിൽ രണ്ട് സിക്‌സ് ഉൾപ്പെടെ 18 റൺസാണ് പന്ത് എടുത്തത്.

ശ്രേയസ്സ് അയ്യർ 4 റൺസിന് പുറത്താകുമ്പോൾ ഇന്ത്യ 193 റൺസിലെത്തിയിരുന്നു. പിന്നാലെ എത്തിയ ശിവം ദുബെക്ക് ഒരു പന്തു പോലും നേരിടാൻ നൽകാതെ കോഹ്ലി തന്നെ കളി അവസാനിപ്പിക്കുകയായിരുന്നു. അടുത്ത നാല് പന്തിൽ നിന്നായി കോഹ്ലി അടിച്ചുകൂട്ടിയത് 15 റൺസാണ്. 50 പന്തിൽ ആറ് വീതം സിക്‌സും ഫോറും സഹിതം 94 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം. 12 സിക്‌സറുകളാണ് ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ ആകെ പറത്തിയത്.

നേരത്തെ 56 റൺസെടുത്ത ഹേറ്റ്‌മേയറുടെ മികവിലാണ് വിൻഡീസ് സ്‌കോർ 200 കടത്തിയത്. ലൂയിസ് 40 റൺസും നായകൻ പൊള്ളാർഡ് 37 റൺസുമെടുത്തു. ഹോൾഡർ 24 റൺസുമായും രാംദിൻ 11 റൺസുമായും പുറത്താകാതെ നിന്നു. 15 സിക്‌സറുകളാണ് വിൻഡീസ് ഇന്നിംഗ്‌സിൽ പിറന്നത്.

 

Share this story