രണ്ടാം ഏകദിനം ഇന്ന് വിശാഖപട്ടണത്ത്: പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യക്ക് ജീവൻമരണ പോരാട്ടം

രണ്ടാം ഏകദിനം ഇന്ന് വിശാഖപട്ടണത്ത്: പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യക്ക് ജീവൻമരണ പോരാട്ടം

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും. ഉച്ച കഴിഞ്ഞ് 1.30നാണ് മത്സരം ആരംഭിക്കുന്നത്. ചെന്നൈയിൽ നടന്ന ആദ്യ മത്സരത്തിൽ തോൽവിയേറ്റു വാങ്ങിയ ഇന്ത്യക്ക് ഇന്നത്തെ മത്സരം നിർണായകമാണ്.

അതേസമയം 2002ന് ശേഷം ഇന്ത്യൻ മണ്ണിൽ ഒരു പരമ്പര ലക്ഷ്യമിട്ടാകും വിൻഡീസ് ഇന്നിറങ്ങുക. ഹേറ്റ്മയറിന്റെയും ഷായി ഹോപിന്റെയും തകർപ്പൻ ഫോമാണ് വിൻഡീസിന്റെ പ്രതീക്ഷ. ആദ്യ മത്സരത്തിനിറങ്ങിയ അതേ ടീമിനെ തന്നെയാകും വിൻഡീസ് ഇന്നിറക്കുക

അതേസമയം ഇന്ത്യൻ ടീമിൽ മാറ്റങ്ങളുറപ്പാണ്. ജഡേജയെയോ ശിവം ദുബെയെയോ മാറ്റി ചാഹലിന് അവസരം നൽകാൻ നായകൻ തീരുമാനിച്ചേക്കും. രാത്രിയിൽ മഞ്ഞുവീഴ്ചയുള്ളതിനാൽ ടോസും നിർണായകമാണ്.

നാനൂറാം രാജ്യാന്തര മത്സരത്തിന് ഇറങ്ങുകയാണ് വിരാട് കോഹ്ലി. വിശാഖപട്ടണത്ത് ഇതിന് മുമ്പ് കളിച്ച അഞ്ച് ഏകദിനങ്ങളിൽ മൂന്നിലും കോഹ്ലി സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.

 

Share this story