കട്ടക്കിലും ഇന്ത്യൻ ബാറ്റിംഗ് വസന്തം; ജയം നാല് വിക്കറ്റിന്, പരമ്പര സ്വന്തം

കട്ടക്കിലും ഇന്ത്യൻ ബാറ്റിംഗ് വസന്തം; ജയം നാല് വിക്കറ്റിന്, പരമ്പര സ്വന്തം

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 5 വിക്കറ്റ് നഷ്ടത്തിൽ 315 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 48.4 ഓവറിൽ എട്ട് പന്ത് ശേഷിക്കെ വിജയലക്ഷ്യം മറികടന്നു

ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ, രാഹുൽ, വിരാട് കോഹ്ലി എന്നിവർ അർധ സെഞ്ച്വറികൾ നേടി. രോഹിത് 63 പന്തിൽ 63 റൺസിനും രാഹുൽ 77 റൺസിനും കോഹ്ലി 85 റൺസിനും പുറത്തായി. ആദ്യ വിക്കറ്റിൽ രാഹുലും രോഹിതും ചേർന്ന് 122 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യൻ ജയം ഉറപ്പ് നൽകിയിരുന്നു

എന്നാൽ മധ്യനിര തകർന്നത് ഇന്ത്യക്ക് ചെറിയ ആശങ്കയുണ്ടാക്കിയെങ്കിലും കോഹ്ലിക്കൊപ്പം ജഡേജ ഉറച്ചു നിന്നതോടെ ഇന്ത്യൻ ഇന്നിംഗ്‌സ് മുന്നോട്ടുനീങ്ങുകയായിരുന്നു. ശ്രേയസ്സ് അയ്യർ, റിഷഭ് പന്ത് എന്നിവർ 7 റൺസിനും കേദാർ ജാദവ് 9 റൺസിനും പുറത്തായി

കോഹ്ലി പുറത്തായ ശേഷം ക്രീസിലെത്തിയ ഷാർദൂൽ താക്കൂറിന്റെ മിന്നലടികളും ഇന്ത്യൻ ജയം എളുപ്പമാക്കി. ഷാർദൂൽ 6 പന്തിൽ ഒരു സിക്‌സും രണ്ട് ഫോറും സഹിതം 17 റൺസുമായും ജഡേജ 39 റൺസുമായും പുറത്താകാതെ നിന്നു

നേരത്തെ തുടക്കത്തിൽ പതറിയ വിൻഡീസിനെ അവസാന ഓവറുകളിൽ നിക്കോളാസ് പൂരനും പൊള്ളാർഡും നടത്തിയ തകർപ്പനടികളാണ് സ്‌കോർ 300 കടത്തിയത്. പൂരൻ 89 റൺസും പൊള്ളാർഡ് 74 റൺസുമെടുത്തു. ഷായി ഹോപ് 42, ചേസ് 38 റൺസുമെടുത്ത് പുറത്തായി

 

Share this story