റൺമല കയറി കോഹ്ലി; കാലിസിനെ മറികടന്നു, മുന്നിൽ ആറ് പേർ മാത്രം

റൺമല കയറി കോഹ്ലി; കാലിസിനെ മറികടന്നു, മുന്നിൽ ആറ് പേർ മാത്രം

കട്ടക്കിൽ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിലെ തകർപ്പൻ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിലെ റൺവേട്ടക്കാരിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ജാക്വിസ് കാലിസിനെ മറികടന്നാണ് കോഹ്ലി ഏഴാം സ്ഥാനത്തേക്ക് ഉയർന്നത്. മൂന്നാം ഏകദിനത്തിൽ 85 റൺസ് സ്വന്തമാക്കിയതോടെയാണ് കോഹ്ലി റൺവേട്ടക്കാരിൽ ഒരാളെ കൂടി മറികടന്നത്.

കട്ടക്കിലെ ഇന്നിംഗ്‌സോടെ കോഹ്ലിയുടെ ഏകദിനത്തിലെ സമ്പാദ്യം 11,609 റൺസായി. 11,579 റൺസുമായി കാലിസ് ഇതോടെ എട്ടാം സ്ഥാനത്തായി. ഇനി ആറ് പേർ മാത്രമാണ് കോഹ്ലിക്ക് മുന്നിലുള്ളത്. റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനം സാക്ഷാൽ സച്ചിൻ തെൻഡുൽക്കർക്കാണ്.

18326 റൺസുമായി സച്ചിനാണ് ഒന്നാം സ്ഥാനത്തുള്ളത്. 14234 റൺസുമായി കുമാർ സംഗക്കാര രണ്ടാം സ്ഥാനത്തും 13704 റൺസുമായി റിക്കി പോണ്ടിംഗ് മൂന്നാം സ്ഥാനത്തുമാണ്. 13430 റൺസുള്ള സനത് ജയസൂര്യയാണ് നാലാമൻ. 12650 റൺസുള്ള മഹേള ജയവർധനെ അഞ്ചാം സ്ഥാനത്തും 11739 റൺസുള്ള ഇൻസമാം ഉൾ ഹഖ് ആറാം സ്ഥാനത്തുമാണ്. റൺവേട്ടക്കാരിൽ ആദ്യ എട്ടിലും നിലവിൽ കളിക്കുന്നത് വിരാട് കോഹ്ലി മാത്രമാണ് എന്ന പ്രത്യേകതയുമുണ്ട്

കട്ടക്കിലെ മികച്ച പ്രകടനത്തോടെ ഈ കലണ്ടർ വർഷം രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കിയ താരമെന്ന ബഹുമതിയും ഇന്ത്യൻ നായകന് സ്വന്തമായി. തുടർച്ചയായ നാലാം വർഷമാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കുന്നത്. ഇന്ത്യൻ താരമായ രോഹിത് ശർമയെ മറികടന്നാണ് കോഹ്ലി ഈ നേട്ടത്തിലെത്തിയത്. കട്ടക്കിൽ 81 പന്തിൽ ഒമ്പത് ബൗണ്ടറികൾ സഹിതമാണ് കോഹ്ലി 85 റൺസ് സ്വന്തമാക്കിയത്.

ആദ്യ രണ്ട് മത്സരങ്ങളിലും തണുത്ത പ്രകടനമായിരുന്നു ഇന്ത്യൻ നായകനിൽ നിന്നുണ്ടായിരുന്നത്. എന്നാൽ നിർണായക മത്സരത്തിൽ ഫോമിലേക്ക് ഉയരാൻ കോഹ്ലിക്കായി. കട്ടക്കിൽ ഇതിന് മുമ്പ് കളിച്ച നാല് ഏകദിനങ്ങളിലും ഒരു അർധ സെഞ്ച്വറി പോലും തികയ്ക്കാൻ കോഹ്ലിക്കായിരുന്നില്ല. എന്നാൽ ഞായറാഴ്ചത്തെ ഇന്നിംഗ്‌സോടെ അതിനും അവസാനമായി. 31, 22, 1, 8 എന്നിങ്ങനെയായിരുന്നു കട്ടക്കിൽ കോഹ്ലി ഇതിന് മുമ്പ് കളിച്ച നാല് ഏകദിനങ്ങളിലെ സ്‌കോറുകൾ.

 

Share this story