ഇന്ത്യക്ക് കൂറ്റൻ സ്‌കോർ; ധവാനും കോഹ്ലിക്കും രാഹുലിനും അർധ സെഞ്ച്വറി

ഇന്ത്യക്ക് കൂറ്റൻ സ്‌കോർ; ധവാനും കോഹ്ലിക്കും രാഹുലിനും അർധ സെഞ്ച്വറി

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ്‌ചെയ്ത ഇന്ത്യക്ക് കൂറ്റൻ സ്‌കോർ; നിശ്ചിത 50 ഓവറിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 340 റൺസെടുത്തു. ശിഖർ ധവാൻ, വിരാട് കോഹ്ലി, കെ എൽ രാഹുൽ എന്നിവരുടെ അർധ സെഞ്ച്വറി മികവിലാണ് ഇന്ത്യ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. അതേസമയം ധവാന് 4 റൺസ് അകലെ സെഞ്ച്വറി നഷ്ടപ്പെട്ടു

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യക്കായി മികച്ച തുടക്കമാണ് രോഹിതും ധവാനും നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 81 റൺസ് കൂട്ടിച്ചേർത്തു. രോഹിത് 42 റൺസെടുത്ത് പുറത്തായി. പിന്നാലെ വന്ന കോഹ്ലിക്കൊപ്പം ചേർന്ന് ധവാൻ സ്‌കോർ 184 വരെ എത്തിച്ചു

90 പന്തിൽ 13 ഫോറും ഒരു സിക്‌സും സഹിതം 96 റൺസെടുത്ത ധവാൻ റിച്ചാർഡ്‌സന്റെ പന്തിൽ പുറത്താകുകയായിരുന്നു. ശ്രേയസ്സ് അയ്യർ ഒരിക്കൽ കൂടി പരാജയപ്പെട്ടു. 17 പന്തിൽ 7 റൺസ് മാത്രമാണ് ശ്രേയസ്സ് നേടിയത്. കോഹ്ലി 76 പന്തിൽ ആറ് ബൗണ്ടറികൾ ഉൾപ്പെടെ 78 റൺസെടുത്തു പുറത്തായി.

മനീഷ് പാണ്ഡെ 2 റൺസിന് വീണു. അവസാന ഓവറുകളിൽ കൂറ്റനടികൾ കാഴ്ച വെച്ച രാഹുൽ അമ്പതാം ഓവറിലെ മൂന്നാം പന്തിൽ റൺ ഔട്ടായി. 52 പന്തിൽ മൂന്ന് സിക്‌സും ആറ് ഫോറും സഹിതം 80 റൺസാണ് താരം നേടിയത്. ജഡേജ 20 റൺസുമായും മുഹമ്മദ് ഷമി ഒരു റൺസുമായും പുറത്താകാതെ നിന്നു. ഓസീസിനായി സാംപ 3 വിക്കറ്റും റിച്ചാർഡ്‌സൺ ഒരു വിക്കറ്റും സ്വന്തമാക്കി.

 

Share this story