ന്യൂസിലാൻഡിൽ ഇന്ത്യൻ വസന്തം; മൂന്നാം ടി20യിൽ ജയം സൂപ്പർ ഓവറിൽ, ചരിത്രം കുറിച്ച് പരമ്പര

ന്യൂസിലാൻഡിൽ ഇന്ത്യൻ വസന്തം; മൂന്നാം ടി20യിൽ ജയം സൂപ്പർ ഓവറിൽ, ചരിത്രം കുറിച്ച് പരമ്പര

ന്യൂസിലാൻഡിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇരുടീമുകളുടെയും സ്‌കോർ തുല്യമായതോടെ സൂപ്പർ ഓവറിലാണ് വിജയികളെ നിശ്ചയിച്ചത്. സൂപ്പർ ഓവറിൽ കിവീസ് കുറിച്ച 18 റൺസ് വിജയലക്ഷ്യം രോഹിത് ശർമയും കെ എൽ രാഹുലും ചേർന്ന് അടിച്ചെടുക്കുകയായിരുന്നു. ന്യൂസിലാൻഡിൽ ആദ്യമായി ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-0നാണ് ഇന്ത്യ സ്വന്തമാക്കിയത്

ഇരുടീമും 179 റൺസ് എടുത്ത് തുല്യത പാലിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. സൂപ്പർ ഓവറിൽ കെയ്ൻ വില്യംസണും മാർട്ടിൻ ഗപ്റ്റിലും ചേർന്ന് ബുമ്രക്കെതിരെ 17 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിൽ ടിം സൗത്തിയുടെ ഓവറിൽ അവസാന രണ്ട് പന്തുകളും ഗ്യാലറിയേല്ക്ക പറത്തി രോഹിത് ഇന്ത്യക്ക് വിജയം നേടിക്കൊടുക്കുകയായിരുന്നു

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എടുത്തു. രോഹിത് ശർമ 65, കോഹ്ലി 38, രാഹുൽ 27, ശ്രേയസ്സ് 17 റൺസെടുത്തു.

മറുപടി ബാറ്റിംഗിൽ കെയ്ൻ വില്യംസന്റെ തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യക്ക് പ്രതിസന്ധിയായത്. വില്യംസൺ 48 പന്തിൽ ആറ് സിക്‌സും എട്ട് ഫോറും സഹിതം 95 റൺസ് അടിച്ചുകൂട്ടി. ഗപ്റ്റിൽ 31 റൺസെടുത്തു. മറ്റാർക്കും തിളങ്ങാനായില്ല. അവസാന ഓവറിൽ വില്യംസണെയും റോസ് ടെയ്‌ലറെയും പുറത്താക്കി ഷമി മത്സരം സമനിലയിൽ അവസാനിപ്പിക്കുകയായിരുന്നു. പിന്നെയാണ് സൂപ്പർ ഓവർ പിറന്നത്.

Share this story