സെവാഗിനും സച്ചിനും ഗവാസ്‌ക്കറിനും പിന്നാലെ എലൈറ്റ് ക്ലബിൽ ഇടംപിടിച്ച് രോഹിതും

സെവാഗിനും സച്ചിനും ഗവാസ്‌ക്കറിനും പിന്നാലെ എലൈറ്റ് ക്ലബിൽ ഇടംപിടിച്ച് രോഹിതും

ക്രിക്കറ്റ് ചരിത്രത്തിൽ ഓപ്പണർമാരുടെ എലൈറ്റ് ക്ലബിൽ ഇടംപിടിച്ച് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയും. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. വിരേന്ദർ സെവാഗ്, സച്ചിൻ ടെൻഡുൽക്കർ, സുനിൽ ഗവാസ്‌കർ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ താരങ്ങൾ. ഓപ്പറെന്ന നിലയിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും 10,000 റൺസ് പൂർത്തിയാക്കിയിരിക്കുകയാണ് താരം. ഇന്ത്യൻ താരങ്ങളിൽ 16,119 റൺസ് നേടിയ സെവാഗ് തന്നെയാണ് ഇക്കാര്യത്തിൽ മുന്നിൽ. രണ്ടാം സ്ഥാനത്തുള്ള സച്ചിൻ ടെൻഡുൽക്കറിന് 15,335 റൺസാണുള്ളത്. സുനിൽ ഗവാസ്‌കറാണ് (12,258) മൂന്നാം സ്ഥാനത്ത്. ലോകക്രിക്കറ്റെടുത്താൽ മുൻ ശ്രീലങ്കൻ ഓപ്പണർ സനത് ജയസൂര്യയാണ് മുന്നിൽ. ജയസൂര്യയുടെ അക്കൗണ്ടിൽ 19,298 റൺസുള്ളത്. രണ്ടാം സ്ഥാനത്തുള്ള വെസ്റ്റ് ഇൻഡീസ് ഓപ്പണർ ക്രിസ് ഗെയിന് 18,834 റൺസുണ്ട്.

ഇതിൽ ഏതെങ്കിലും താരത്തെ മറികടക്കാൻ രോഹിത്തിന് കഴിയുമോ എന്നുള്ളത് കണ്ടറിയണം. ഒരുപക്ഷെ ഗവാസ്‌കറെ മറികടന്നേക്കാം. പരമ്പര ആരംഭിക്കുന്നതിന് മുമ്പ് 9937 റൺസായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. ആദ്യ ടി20യിൽ ഏഴിനും രണ്ടാം ടി20യിൽ എട്ട് റൺസിനും താരം പുറത്തായി. പിന്നാലെ മൂന്നാം ടി20യിലാണ് രോഹിത് നേട്ടം പൂർത്തിയാക്കിയത്.

Share this story