ലോകകപ്പിൽ മുത്തമിട്ട് കടുവാ കുട്ടികൾ; ബംഗ്ലാദേശിനിത് കന്നി ലോകകപ്പ് കിരീടം

ലോകകപ്പിൽ മുത്തമിട്ട് കടുവാ കുട്ടികൾ; ബംഗ്ലാദേശിനിത് കന്നി ലോകകപ്പ് കിരീടം

ആറാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ബംഗ്ലാദേശിനെ നേരിടാൻ ഇറങ്ങിയത്. എന്നാൽ ബംഗ്ലാ കുട്ടി കടുവകൾ വർധിത വീര്യത്തോടെ പൊരുതിയതോടെ ഇന്ത്യൻ സ്വപ്‌നങ്ങൾക്ക് മങ്ങലേറ്റു. മൂന്ന് വിക്കറ്റിന് ഇന്ത്യയെ തകർത്ത് ബംഗ്ലാദേശ് കന്നി കിരീടത്തിൽ മുത്തമിടുകയും ചെയ്തു.

ഇന്ത്യൻ ബൗളർമാരുടെ ആക്രമണത്തെ ചെറുത്തുനിന്ന അക്ബർ അലിയുടെ ബാറ്റിംഗാണ് ബംഗ്ലാദേശിനെ തുണച്ചത്. ഇന്ത്യ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യത്തിനെതിരെ ഇടയ്ക്ക് പതറിയെങ്കിലും മഴയെ തുടർന്ന് വിജയലക്ഷ്യം 170 ആയി പുന:ക്രമീകരിച്ചത് ബംഗ്ലാദേശിന് തുണയാകുകയായിരന്നു. അക്ബർ അലി 77 പന്തിൽ 43 റൺസുമായി പുറത്താകാതെ നിന്നു

ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കൂട്ടത്തകർച്ചക്കിടയിലും 88 റൺസ് നേടിയ ജയ്‌സ്വാളാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോർ നേടിക്കൊടുത്തത്.തിലക് വർമ 38 റൺസും ധ്രുവ് ജുരൽ 22 റൺസുമെടുത്തു

മറുപടി ബാറ്റിംഗിൽ പർവേസ് ഹുസൈനും തൻസീദും ചേർന്ന് 50 റൺസ് ചേർത്ത ശേഷമാണ് ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത്. പിന്നീട് തുടരെ വിക്കറ്റുകൾ വീണെങ്കിലും അക്ബർ അലി ഒരറ്റത്ത് പിടിച്ചു നിന്നതോടെ ഇന്ത്യയുടെ സ്വപ്‌നങ്ങൾ തകർന്നു

Share this story