പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാൻ പോലും കഴിയാതെ പെലെ; വിഷാദരോഗത്തിന് അടിമയെന്ന് മകൻ

പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാൻ പോലും കഴിയാതെ പെലെ; വിഷാദരോഗത്തിന് അടിമയെന്ന് മകൻ

പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത ആരോഗ്യനിലയായതോടെ ഫുട്ബോൾ ഇതിഹാസം പെലെ വിഷാദ രോഗത്തിന് അടിമയായെന്ന് മകൻ എഡീഞ്ഞോ. നാണക്കേട് ഭയന്ന് വീടിന് പുറത്തിറങ്ങാൻ പോലും പെലെ സന്നദ്ധനല്ലെന്ന് മകൻ എഡിഞ്ഞോ ബ്രസീൽ പറഞ്ഞു.

ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പെലെ വിധേയനായിരുന്നു. ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ വേണ്ട ചികിത്സകൾ നടത്തിയില്ല. ഇതോടെ തനിയെ നടക്കാൻ സാധിക്കാത്ത അവസ്ഥയിലായി. ഫുട്‌ബോൾ ഗ്രൗണ്ടിലെ രാജാവായിരുന്നു പെലെ. ഇപ്പോഴത്തെ അവസ്ഥയിൽ ആളുകൾക്ക് മുൻപിലേക്കെത്തുന്നത് നാണക്കേടായാണ് അദ്ദേഹം കാണുന്നത്. ഇതോടെയാണ് പെലെ വിഷാദ രോഗിയായതെന്നും എഡിഞ്ഞോ പറഞ്ഞു.

ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയക്കുശേഷം ഫിസിയോ തെറാപ്പി ചെയ്യാതിരുന്നതിന് പിതാവുമായി തർക്കിച്ചുവെന്നും എഡിഞ്ഞോ പറഞ്ഞു. മൂന്ന് ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളിയായിട്ടുള്ള ഒരേയൊരു ഫുട്‌ബോൾ താരമാണ് പെലെ. ബ്രസീൽ ക്ലബ്ബായ സാനറോസിലായിരുന്നു കരിയറിലെ ഭൂരിഭാഗവും പെലെ കളിച്ചത്.

1970കളിൽ അദ്ദേഹം ന്യൂയോർക്ക് കോസ്‌മോസിലേക്ക് മാറി. പെലെയുടെ മൂന്നാം ലോകകപ്പ് നേട്ടത്തിന്റെ 50ാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് താരത്തിന് പുറത്തുപോലും ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലാണെന്ന് മകൻ വെളിപ്പെടുത്തിയിരിക്കുന്നത്.

Share this story