മഴ തുണച്ചു; വനിതാ ടി20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ

മഴ തുണച്ചു; വനിതാ ടി20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ

വനിതാ ടി20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ കടന്നു. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെയാണ് ഇന്ത്യൻ വനിതകൾ ഫൈനലിൽ കയറിയത്. ഇതാദ്യമായാണ് ഇന്ത്യൻ വനിതകൾ ടി20 ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്.

സിഡ്‌നിയിൽ നടക്കേണ്ടിയിരുന്ന സെമി ഫൈനൽ മത്സരത്തിന് മഴയെ തുടർന്ന് ടോസ് പോലും ഇടാൻ സാധിച്ചിരുന്നില്ല. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ പോയിന്റ് നേടിയ ടീം നേരിട്ട് ഫൈനലിലേക്ക് കടക്കുകയായിരുന്നു. പ്രാഥമിക ഗ്രൂപ്പ് റൗണ്ടിൽ കളിച്ച നാല് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. കഴിഞ്ഞ ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്.

10 ഓവർ വീതം എറിയാനുള്ള സാധ്യത പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. സെമി ഫൈനലിന് റിസർവ് ദിനവും ഉണ്ടായിരുന്നില്ല. ഉച്ച കഴിഞ്ഞ് രണ്ടാം സെമിയിൽ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. മഴയെ തുടർന്ന് ഈ കളിയും ഉപേക്ഷിച്ചാൽ പോയിന്റ് അടിസ്ഥാനത്തിൽ ദക്ഷിണാഫ്രിക്ക ഫൈനലിൽ കടക്കും

Share this story