വനിതാ ദിനം ‘തൂഫാനാക്കാൻ’ ഇന്ത്യയുടെ പെൺപ്പട; ടി 20 ലോകകപ്പ് കലാശപ്പോരാട്ടത്തിൽ എതിരാളികൾ ഓസീസ്

വനിതാ ദിനം ‘തൂഫാനാക്കാൻ’ ഇന്ത്യയുടെ പെൺപ്പട; ടി 20 ലോകകപ്പ് കലാശപ്പോരാട്ടത്തിൽ എതിരാളികൾ ഓസീസ്

മെൽബൺ: വനിതകളുടെ ലോകകപ്പ് ടി 20 ക്രിക്കറ്റ് ഫൈനൽ ഇന്ന്. മെൽബണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ആതിഥേയരായ ഓസ്ട്രേലിയയും കരുത്തരായ ഇന്ത്യയും തമ്മിലാണ് ലോകകപ്പ് കലാശപ്പോരാട്ടം. വനിതാ ദിനത്തിലെ ഫൈനൽ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കുകയാണ് ഇന്ത്യയുടെ പെൺപ്പട ലക്ഷ്യമിടുന്നത്. കന്നി ടി 20 ലോകകപ്പാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് മത്സരം ആരംഭിക്കുക. ഒരു ലക്ഷത്തോളം കാണികൾ ഇന്ത്യ-ഓസീസ് മത്സരം കാണാനെത്തും. ടി 20 റാങ്കിങ്ങിൽ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തും ഇന്ത്യ നാലാം സ്ഥാനത്തുമാണ്. നാല് തവണ (2010, 12, 14, 18) ടി 20 ലോകകപ്പിൽ മുത്തമിട്ടവരാണ് ഓസ്ട്രേലിയ. എന്നാൽ, ഇന്ത്യയ്ക്ക് ഇതുവരെ കിരീടം നേടാനായിട്ടില്ല. 2009,2010,2018 വർഷങ്ങളിൽ ടി 20 ലോകകപ്പിന്റെ സെമി ഫൈനൽ കളിച്ചിട്ടുള്ളതാണ് ഇന്ത്യയുടെ ആകെയുള്ള നേട്ടം.

ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യ സെമിയിൽ ഇംഗ്ലണ്ടിനെതിരായ മത്സരം മഴ കൊണ്ടുപോയപ്പോൾ നേരിട്ട് ഫൈനലിന് യോഗ്യത നേടുകയായിരുന്നു. സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ അഞ്ച് റൺസിനു തോൽപ്പിച്ചാണ് ഓസ്ട്രേലിയ ഫൈനലിലെത്തിയത്. എന്നാൽ, ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യോട് തോറ്റിരുന്നു. നാല് തവണയാണ് ഇന്ത്യയും ഓസ്ട്രേലിയയും ടി 20 ലോകകപ്പിൽ ഇതുവരെ ഏറ്റുമുട്ടിയിരിക്കുന്നത്. അതിൽ ഇരു ടീമുകളും രണ്ട് മത്സരങ്ങൾ വീതം ജയിച്ചു. അവസാന രണ്ട് മത്സരങ്ങളിലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.

അതേസമയം, ടി 20 മത്സരങ്ങളിൽ ഇരു ടീമുകളും 19 തവണ നേർക്കുനേർ എത്തിയിട്ടുണ്ട്. ഇതിൽ 13 തവണയും ഓസ്ട്രേലിയക്കായിരുന്നു വിജയം. ആറ് കളികളിൽ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാൻ സാധിച്ചത്.

Share this story