കൊവിഡ് 19: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹോട്ടലുകൾ ആശുപത്രികളാക്കി; ചികിത്സ സൗജന്യമെന്ന് റിപ്പോർട്ട്

കൊവിഡ് 19: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹോട്ടലുകൾ ആശുപത്രികളാക്കി; ചികിത്സ സൗജന്യമെന്ന് റിപ്പോർട്ട്

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തൻ്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ ആശുപത്രികളാക്കി യുവൻ്റസിൻ്റെ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിൽ ക്രിസ്റ്റ്യാനോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനായുള്ള ആശുപത്രികളാക്കി മാറ്റിയ വാർത്ത യുവന്റസ് വെബ്സൈറ്റും സ്പാനിഷ് ദിനപ്പത്രമായ മാർസയുമാണ് റിപ്പോർട്ട് ചെയ്തത്. ആശുപത്രികളിൽ സൗജന്യമായി ചികിത്സ നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

 

തൻ്റെ ബ്രാൻഡായ ‘സിആർ7’ന്റെ പേരിലുള്ള ഹോട്ടലുകളാണ് ക്രിസ്റ്റ്യാനോ ആശുപത്രികളാക്കി മാറ്റിയത്. ഈ ആശുപത്രികളിൽ സേവനം ചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരുമടങ്ങിയ സ്റ്റാഫുകളുടെ ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾ ക്രിസ്റ്റ്യാനോ തന്നെ വഹിക്കും. ആശുപത്രികളിൽ ചികിത്സ പൂർണമായും സൗജന്യവുമായിരിക്കും. അതേ സമയം, ഇത് തെറ്റായ വാർത്തയാണെന്ന റിപ്പോർട്ടുകളും ഉയരുന്നുണ്ട്. പോർച്ചുഗലിൽ ഇതുവരെ 170–ഓളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആരും ഇതുവരെ ഇവിടെ മരണപ്പെട്ടിട്ടില്ല.

 

നിലവിൽ, മെദീരയിലെ തൻ്റെ വീട്ടിൽ സ്വയം ഐസൊലേഷനിൽ കഴിയുകയാണ് ക്രിസ്റ്റ്യാനോ. യുവൻ്റസിൽ ക്രിസ്റ്റ്യാനോയുടെ സഹതാരമായ ഡാനിയേല റുഗാനിക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ടീമിലെ അംഗങ്ങളെല്ലാം സ്വയം ഐസൊലേഷനിൽ കഴിയുകയാണ്. ക്രിസ്റ്റ്യാനോയുടെ ടെസ്റ്റ് റിസൽട്ട് നെഗറ്റീവ് ആയിരുന്നെങ്കിലും അദ്ദേഹം ഐസൊലേഷനിൽ തന്നെ തുടരുമെന്നാണ് റിപ്പോർട്ട്.

 

ഫുട്ബോൾ ലോകത്ത് ചില താരങ്ങൾക്കും പരിശീലകർക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അതിൻ്റെ പശ്ചാത്തലത്തിൽ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ എല്ലാ ഫുട്ബോൾ ലീഗുകളും നിർത്തിവച്ചിരിക്കുകയാണ്. ക്രിക്കറ്റ് ലോകത്തും പൂർണമായ ഷട്ട് ഡൗണാണ് നിലവിൽ ഉള്ളത്. പരമ്പരകളെല്ലാം നിർത്തിവച്ചു. ആഭ്യന്തര മത്സരങ്ങൾ നിർത്തിവെക്കണം എന്ന് ബിസിസിഐ നിർദ്ദേശം നൽകി. ഇന്ത്യൻ പ്രീമിയർ ലീഗും നീട്ടിവച്ചു. ജനങ്ങൾ ഒരുമിച്ച് കൂടുന്ന ഒരു കായിക മത്സരവും നടത്തരുതെന്നും നടത്തുന്ന മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ ആവണമെന്നും കായിക മന്ത്രാലയം രാജ്യത്തെ സ്പോർട്സ് ഫെഡറേഷനുകൾക്ക് നിർദ്ദേശം നൽകിയിരുന്നു.

 

 

Share this story