കൊവിഡ് 19: ഐപിഎൽ റദ്ദാക്കും; അടുത്ത വർഷം മെഗാ ലേലം ഇല്ലെന്ന് റിപ്പോർട്ട്

കൊവിഡ് 19: ഐപിഎൽ റദ്ദാക്കും; അടുത്ത വർഷം മെഗാ ലേലം ഇല്ലെന്ന് റിപ്പോർട്ട്

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐപിഎൽ 2020 റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്. അടുത്ത വർഷം നടത്താനിരുന്ന മെഗാ ലേലവും ടീം പൊളിച്ചെഴുത്തും ഉണ്ടാവില്ലെന്നും റിപ്പോർട്ടുകളുണ്ട്. ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത പുറത്തുവിട്ടത്.

 

“ഐപിഎൽ ഈ വർഷം ഉണ്ടാവില്ല, അടുത്ത വർഷം ഉണ്ടാവും. ഇപ്പോൾ രാജ്യത്തിൻ്റെ അവസ്ഥ എന്താണെന്ന് നമുക്കറിയാം. അതുകൊണ്ട് ആരും റിസ്ക് എടുക്കില്ല. സ്റ്റേഡിയങ്ങളിൽ സാമൂഹ്യ അകലം പാലിക്കാൻ കഴിയില്ല. അടുത്ത വർഷം ഐപിഎൽ കളിക്കുന്നതാണ് നല്ലത്. ഒപ്പം, മെഗാ ലേലവും നടക്കില്ല. കേന്ദ്ര സർക്കാരിൽ നിന്ന് അറിയിപ്പ് ലഭിച്ചു കഴിഞ്ഞാൽ വിവരം ഞങ്ങൾ ഫ്രാഞ്ചസികളെ അറിയിക്കും. ഇക്കൊല്ലം നടക്കാനിരുന്ന സീസൺ അടുത്ത വർഷം നടക്കും”- ബിസിസിഐ പ്രതിനിധി പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഈ മാസം 29നാണ് ഐപിഎൽ നടത്താൻ തീരുമാനിച്ചിരുന്നത്. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇത് ഏപ്രിൽ 15ലേക്ക് മാറ്റിവച്ചിരുന്നു. എന്നാൽ, രാജ്യത്തെ സ്ഥിതി പരിഗണിക്കുമ്പോൾ ആ സമയത്തും ഐപിഎൽ നടക്കാൻ സാധ്യതയില്ല. സീസൺ റദ്ദാക്കിയേക്കും എന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അതിനെ ശരിവക്കുന്ന തരത്തിലാണ് പുതിയ റിപ്പോർട്ടുകൾ.

 

2021 സീസണിനു മുന്നോടിയായി മെഗാ ലേലം സംഘടിപ്പിച്ച് ടീം പൊളിച്ചെഴുതുമെന്നും ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ഒന്നോ രണ്ടോ താരങ്ങളെ മാത്രം ടീമിൽ നിർത്തി മറ്റുള്ളവരെ ലേലത്തിൽ വെക്കുന്ന മെഗാ ലേലം ഈ സീസൺ റദ്ദാക്കുകയാണെങ്കിൽ 2022ലേ ഉണ്ടാവൂ.

Share this story