ധോണി 2023 വരെ ക്രിക്കറ്റ് കളിയ്ക്കും, വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം

ധോണി 2023 വരെ ക്രിക്കറ്റ് കളിയ്ക്കും, വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം

മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കല്‍ തീരുമാനം ഉറ്റുനോക്കുന്ന കായിക ലോകത്തെ ഞെട്ടിച്ച് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണിന്റെ വെളിപ്പടുത്തല്‍. ധോണി രണ്ടോ മൂന്നോ വര്‍ഷം കൂടി ഐ.പി.എല്‍ കളിച്ചതിന് ശേഷം മാത്രമേ രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവെന്നാണ് ലക്ഷ്മണ്‍ പറയുന്നത്.

 

അടുത്ത 2-3 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി തന്നെയാവും ധോണി കളിക്കുകയെന്നും ലക്ഷ്മണ്‍ പറഞ്ഞു. നിലവില്‍ മഹേന്ദ്ര സിംഗ് ധോണി ശാരീരികമായി വളരെയധികം ഫിറ്റ് ആണെന്നും ധോണിക്ക് പ്രായം വെറും ഒരു നമ്പര്‍ മാത്രമാണെന്നും ലക്ഷ്മണ്‍ പറഞ്ഞു. ശാരീരികമായി മാത്രമല്ല ക്യാപ്റ്റന്‍ എന്ന നിലയില്‍ മാനസികമായി ധോണി വളരെ ശക്തനാണെന്നും ലക്ഷ്മണ്‍ പറഞ്ഞു.

 

ഈ വര്‍ഷത്തെ ഐ.പി.എല്ലിലും അടുത്ത 2-3 വര്‍ഷത്തെ ഐ.പി.എല്ലിലും ധോണി കളിക്കുമെന്നും എല്ലാവരും ധോണിയുടെ കളി കാണാന്‍ കാത്തിരിക്കുകയാണെന്നും ലക്ഷ്മണ്‍ പറഞ്ഞു. പുതിയ സെലക്ഷന്‍ കമ്മിറ്റി ധോണിയുടെ ഭാവിയെ പറ്റി താരത്തോട് ചര്‍ച്ച ചെയ്യണമെന്നും എന്നാല്‍ ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ന്നും കളിക്കുമെന്നും ലക്ഷ്മണ്‍ പറഞ്ഞു.

 

നേരത്തെ ധോണിയെ ഇനി ടീം ഇന്ത്യയിലേക്ക് പരിഗണിക്കേണ്ടെന്ന് നിരവധി മുന്‍ താരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. കപില്‍ ദേവ്, സുനില്‍ ഗവാസ്‌ക്കര്‍, വീരേന്ദ്ര സെവാഗ് മുതല്‍ ഗംഭീര്‍ വരെയുളളവരാണ് ധോണിയുടെ കാലം കഴിഞ്ഞതായി പ്രവചിച്ചത്.

Share this story