ഐ ലീഗ് പൂർത്തിയാക്കില്ല; മോഹൻ ബഗാൻ ചാമ്പ്യൻമാർ

ഐ ലീഗ് പൂർത്തിയാക്കില്ല; മോഹൻ ബഗാൻ ചാമ്പ്യൻമാർ

ഐ ലീഗ് ഫുട്ബോളിൽ അവശേഷിക്കുന്ന മത്സരങ്ങൾ റദ്ദാക്കി കൊൽക്കത്ത ക്ലബ്ബ് മോഹൻ ബഗാനെ ചാമ്പ്യൻമാരായി പ്രഖ്യാപിച്ചേക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ചയുണ്ടാകും. പതിനാറ് മത്സരങ്ങളിൽ നിന്ന് 39 പോയിന്റ് നേടിയാണ് ബഗാൻ മുന്നിലെത്തിയത്. ചാമ്പ്യൻമാർക്ക് ഒരു കോടി ലഭിക്കും. ലോക്ക് ഡൗൺ നീട്ടിയതോടെയാണ് ലീഗ് ഉപേക്ഷിക്കാൻ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചത്.

ക്ലബ്ബ് അധികൃതരുമായി ആലോചിച്ചാണ് തീരുമാനമെടുത്തത്. ഭൂരിഭാഗം ക്ലബ്ബ് മാനേജ്മെന്റുകളും മത്സരം നടത്തേണ്ടതില്ലെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ലീഗ് വീണ്ടും നടത്തുകയാണെങ്കിൽ ക്ലബ്ബുകൾക്ക് കളിക്കാരുടെ കരാർ നീട്ടേണ്ടതായി വരും. അധിക സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാൽ ക്ലബ്ബുകളെല്ലാം ലീഗ് പൂർത്തിയാക്കേണ്ടെന്ന നിലപാടിനോട് യോജിച്ചു. ദേശീയ ലീഗ്ഐലീഗുകളുടെ ചരിത്രത്തിൽ ആദ്യമായിട്ടാകും സീസൺ പൂർത്തിയാക്കാൻ സാധിക്കാതെ പോകുന്നത്.
ബഗാൻ ചാമ്പ്യൻമാരാകുമ്പോൾ മറ്റ്ടീമുകൾക്ക് പോയിന്റുകൾ തുല്യമായി വീതിച്ചു നൽകും. സമ്മാനത്തുകയും സമാനരീതിയിൽ പങ്കുവെക്കും.

രണ്ട് മുതൽ പതിനൊന്ന് വരെ സ്ഥാനങ്ങളുണ്ടാകില്ല. രണ്ടാം സ്ഥാനത്തിന് അറുപത് ലക്ഷവും മൂന്നാം സ്ഥാനത്തിന് നാൽപത് ലക്ഷവും നാലാം സ്ഥാനത്തിന് ഇരുപത്തഞ്ച് ലക്ഷവുമാണ് സമ്മാനത്തുക. ഇതെല്ലാം ചേർത്തുള്ള 1.25 കോടി രൂപ ബാക്കി പത്ത് ടീമുകൾക്കുമായി വീതിച്ചു നൽകും.

Share this story