2016ന് ശേഷം ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു; ഓസീസ് മുന്നിലെത്തി

2016ന് ശേഷം ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു; ഓസീസ് മുന്നിലെത്തി

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. മൂന്ന് വർഷത്തിലധികമായി ഒന്നാം റാങ്കിൽ തുടർന്നിരുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകി ഓസ്‌ട്രേലിയ മുന്നിലെത്തി. പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തു

ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ, ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ന്യൂസിലാൻഡ് രണ്ടാം സ്ഥാനത്തേക്ക് കയറി. 2016 ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒന്നാം റാങ്കിൽ നിന്ന് പുറത്താകുന്നത്.

116 പോയിന്റാണ് ഒന്നാം റാങ്കിലുള്ള ഓസ്‌ട്രേലിയക്കുള്ളത്. 115 പോയിന്റുമായി ന്യൂസിലാൻഡ് രണ്ടാമത് നിൽക്കുന്നു. 114 പോയിന്റാണ് ഇന്ത്യക്കുള്ളത്. വെറും രണ്ട് പോയിന്റിന്റെ വ്യത്യാസത്തിലാണ് ഇന്ത്യക്ക് റാങ്കിംഗിൽ മൂന്നാമത് എത്തിനിൽക്കേണ്ടി വന്നത്.

റാങ്കിംഗിൽ താഴെവീണെങ്കിലും ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. 360 പോയിന്റ് ഇന്ത്യക്കുണ്ട്. ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളിച്ച പരമ്പരകളിൽ ന്യൂസിലാൻഡിനോട് മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്.

ടി20 റാങ്കിംഗിലും ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ഇതാദ്യമാണ് ഓസീസ് ടി20 റാങ്കിംഗിൽ ഒന്നാമത് എത്തുന്നത്. ഇന്ത്യ മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുമാണ്. ഏകദിനത്തിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്.

Share this story