2011 ലോകകപ്പ് ഫൈനല്‍ ഒത്തുകളിയെന്ന ആരോപണം; അന്വേഷണം ലങ്കന്‍ പോലീസ് അവസാനിപ്പിച്ചു

2011 ലോകകപ്പ് ഫൈനല്‍ ഒത്തുകളിയെന്ന ആരോപണം; അന്വേഷണം ലങ്കന്‍ പോലീസ് അവസാനിപ്പിച്ചു

2011 ഐസിസി ലോകകപ്പ് ശ്രീലങ്ക ഇന്ത്യക്ക് അറിഞ്ഞു കൊണ്ട് നല്‍കുകയായിരുന്നുവെന്ന ആരോപണത്തെ തുടര്‍ന്നുള്ള അന്വേഷണം ശ്രീലങ്കന്‍ പോലീസ് അവസാനിപ്പിച്ചു. മുന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന അരവിന്ദ ഡിസില്‍വ, മുന്‍ നായകന്‍ കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധന, ഉപുല്‍ തരംഗ എന്നിവരെ പോലീസ് ചോദ്യം ചെയ്തിരുന്നു

ആരോപണം തെളിയിക്കുന്ന യാതൊരു തെളിവുകളും കണ്ടെത്താനായില്ലെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. അന്വേഷണ റിപ്പോര്‍ട്ട് കായിക മന്ത്രാലയത്തിന് നല്‍കും. കളിക്കാരെ ഇനി ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും ടീം അംഗങ്ങളെ മുഴുവനായി വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത് അനാവശ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും അന്വേഷണ സംഘം തലവന്‍ ജഗത് ഫൊന്‍സേക പറഞ്ഞു

മുന്‍ ശ്രീലങ്കന്‍ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജയാണ് ലോകകപ്പ് ശ്രീലങ്ക ഇന്ത്യക്ക് വില്‍ക്കുകയായിരുന്നുവെന്ന് ആരോപിച്ചത്. ഇതേ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Share this story