പിഎസ്എൽ നവംബറിൽ; തിരിച്ചടി ഐപിഎല്ലിന്; ബിസിസിഐയുടെ അഭ്യർത്ഥന തള്ളി

പിഎസ്എൽ നവംബറിൽ; തിരിച്ചടി ഐപിഎല്ലിന്; ബിസിസിഐയുടെ അഭ്യർത്ഥന തള്ളി

ബിസിസിഐയുടെ അഭ്യർത്ഥന തള്ളി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. നവംബറിൽ പിഎസ്എൽ നടത്തരുതെന്ന അഭ്യർത്ഥനയാണ് പിസിബി തള്ളിയത്. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ പിഎസ്എൽ നോക്കൗട്ട് മത്സരങ്ങൾ പിസിബി മാറ്റിവച്ചിരുന്നു. ഇത് നവംബറിൽ നടത്തരുതെന്നാണ് ബിസിസിഐ അഭ്യർത്ഥിച്ചത്. ഒക്ടോബർ-നവംബർ വിൻഡോയിൽ ഐപിഎൽ നടത്താൻ ബിസിസിഐ ആലോചിച്ചിരുന്നു. നവംബറിൽ പിഎസ്എൽ തീരുമാനിച്ചതോടെ തിരിച്ചടിയാവുക ഐപിഎല്ലിനാവും.

പിഎസ്എൽ ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് നോക്കൗട്ട് മത്സരങ്ങൾ നവംബറിൽ നടത്താം എന്ന് തീരുമാനിച്ചത്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ലീഗായി പിഎസ്എല്ലിനെ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പിസിബി തലവൻ ഇഹ്സാൻ മാനി പറഞ്ഞു. പാകിസ്താൻ ക്രിക്കറ്റിൻ്റെ താത്പര്യങ്ങൾക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു. മുൻപ് തന്നെ ഐപിഎല്ലിനു വേണ്ടി പിഎസ്എൽ മാറ്റിവെക്കില്ലെന്ന് പിസിബി അറിയിച്ചിരുന്നു.

അതേ സമയം, ഈ ഐപിഎൽ സീസൺ രാജ്യത്തിനു പുറത്ത് സംഘടിപ്പിക്കാൻ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ശ്രീലങ്കയിലോ യുഎഇയിലോ ഐപിഎൽ നടത്താൻ സാധ്യത തേടുന്നുണ്ടെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ചാണ് വാർത്ത. ഇന്ത്യയിൽ തന്നെ നടത്തണമെന്നാണ് കരുതിയതെങ്കിലും രാജ്യത്തെ കൊവിഡ് സാഹചര്യം അനുദിനം വഷളാവുന്നതിൻ്റെ സാഹചര്യത്തിലാണ് ഇത്തരത്തിൽ ആലോചന നടത്തുന്നത്.

ടി-20 ലോകകപ്പിൻ്റെ കാര്യത്തിൽ ഔദ്യോഗിക പ്രതികരണം ലഭിച്ചാൽ ഇക്കാര്യം തീരുമാനിക്കാനാണ് ബിസിസിഐയുടെ നീക്കം. ലോകകപ്പ് മാറ്റിവെക്കുകയാണെങ്കിലും അല്ലെങ്കിലും വേദിയും സൗകര്യവും ലഭ്യമാവുന്നതിന് അനുസരിച്ച് ലീഗ് നടത്താനാണ് ആലോചന. വേദി ഏതായാലും ഇത്രയധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് സുരക്ഷിതമായി കളിക്കാൻ കഴിയുന്ന സ്ഥലമാവണം എന്നതാണ് ക്രിക്കറ്റ് ബോർഡിൻ്റെ നിലപാട്. ഇന്ത്യയിൽ അതിനുള്ള സാഹചര്യം ഇല്ലെന്നും ബിസിസിഐ വിലയിരുത്തുന്നു.

Share this story