യുവന്റസിന് ഞെട്ടിക്കുന്ന തോല്‍വി; മിലാന്റെ ജയം രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം

യുവന്റസിന് ഞെട്ടിക്കുന്ന തോല്‍വി; മിലാന്റെ ജയം രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം

പതിനെട്ട് മിനിറ്റിനുള്ളില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ജയമുറപ്പിച്ച് മത്സരം തുടര്‍ന്ന യുവന്റസിനെ മലര്‍ത്തിയടിച്ച് സീരി എയില്‍ എസി മിലാന്റെ തകര്‍പ്പന്‍ ജയം. മത്സരത്തിന്റെ 62ാം മിനിറ്റ് വരെ രണ്ട് ഗോളിന് പിന്നിലായിരുന്നു എസി മിലാന്‍. എന്നാല്‍ പിന്നീടുള്ള 18 മിനിറ്റിനുള്ളില്‍ നാല് ഗോളുകളാണ് അവര്‍ സ്വന്തമാക്കിയത്

ആറ് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. 47ാം മിനിറ്റില്‍ അഡ്രിയാന്‍ റാബിയോട്ടിലൂടെ യുവെ ലീഡ് സ്വന്തമാക്കി. 53ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ യുവന്റസിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍ 62ാം മിനിറ്റ് മുതല്‍ എസി മിലാന്‍ തങ്ങളുടെ ഗോള്‍വേട്ട ആരംഭിക്കുകയായിരുന്നു

സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിലൂടെ ആദ്യ ഗോള്‍. നാല് മിനിറ്റുകള്‍ക്ക് ശേഷം ഫ്രാങ്ക് കെസ്സയുടെ ഗോളിലൂടെ എസി മിലാന്‍ സമനില സ്വന്തമാക്കി. തൊട്ടടുത്ത നിമിഷം തന്നെ റാഫേല്‍ ലിയോയിലൂടെ മിലാന്റെ ലീഡ്.

ഒരു ഗോളിന് പിന്നിലായതോടെ യുവന്റസ് വീറോടെ പൊരുതിയെങ്കിലും 80ാം മിനിറ്റില്‍ ആന്റെ റെബിക് മിലാന്റെ ലീഡ് 4-2 ആക്കി ഉയര്‍ത്തി. അതേസമയം 75 പോയിന്റുള്ള യുവന്റസ് തന്നെയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. 49 പോയിന്റുള്ള എസി മിലാന്‍ അഞ്ചാം സ്ഥാനത്താണ്‌

Share this story