ഇംഗ്ലണ്ട് 204നു പുറത്ത്; ജേസൻ ഹോൾഡറിന് 6 വിക്കറ്റ്

ഇംഗ്ലണ്ട് 204നു പുറത്ത്; ജേസൻ ഹോൾഡറിന് 6 വിക്കറ്റ്

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 204 റൺസിനു പുറത്ത്. 6 വിക്കറ്റെടുത്ത വിൻഡീസ് ക്യാപ്റ്റൻ ജേശൻ ഹോൾഡറും നാലു വിക്കറ്റ് വീഴ്ത്തിയ ഷാനോൻ ഗബ്രിയേലും ചേർന്നാണ് ഇംഗ്ലണ്ടിനെ തകർത്തത്. 43 റൺസെടുത്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ജോസ് ബട്‌ലർ 35 റൺസെടുത്തു.

മഴയിൽ കുതിർന്ന ആദ്യ ദിനത്തിൽ 17.4 ഓവറുകൾ മാത്രമാണ് എറിയാനായത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് മാത്രമാണ് എടുത്തിരുന്നത്. രണ്ടാം ഓവറിൽ തന്നെ ഡോമിനിക് സിബ്ലിയെ ഷാനോൻ ഗബ്രിയേൽ പുറത്താക്കി. സിബ്ലിയും ഇംഗ്ലണ്ടും ഒരു റൺ പോലും സ്കോർ ചെയ്തിരുന്നില്ല. തുടർന്ന് റോറി ബേൺസ് ജോ ഡെൻലി സഖ്യം ഏറെ നഷ്ടങ്ങളില്ലാതെ പിടിച്ചു നിന്നു. രണ്ടാം ദിനത്തിൻ്റെ തുടക്കത്തിൽ തന്നെ രണ്ടാം വിക്കറ്റ് വീണു. ജോ ഡെൻലിയെ (18) ക്ലീൻ ബൗൾഡാക്കിയ ഗബ്രിയേൽ ഇംഗ്ലണ്ടിനെ വീണ്ടും അപകടത്തിലേക്ക് തള്ളിയിട്ടു. 26ആം ഓവറിൽ റോറി ബേൺസും (30) പുറത്തായി. മികച്ച രീതിയിൽ ബാറ്റ് ചെയ്തു കൊണ്ടിരുന്ന റോറിയെയും ഗബ്രിയേൽ തന്നെയാണ് വീഴ്ത്തിയത്. 34ആം ഓവറിൽ സാക്ക് ക്രോളി (10), 38ആം ഓവറിൽ ഒലി പോപ്പ് (12) എന്നിവരെ പുറത്താക്കിയ ജേസൻ ഹോൾഡറും വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു.

ആറാം വിക്കറ്റിൽ ജോസ് ബട്‌ലറും ബെൻ സ്റ്റോക്സും ചേർന്ന കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 67 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. സ്റ്റോക്സിനെയും ബട്‌ലറിനെയും ഹോൾഡർ വിക്കറ്റ് കീപ്പർ ഷെയിൻ ഡൗറിച്ചിൻ്റെ കൈകളിൽ എത്തിച്ചതോടെ ഇംഗ്ലണ്ട് വീണ്ടും പതറി. ജോഫ്ര ആർച്ചർ (0), മാർക്ക് വുഡ് (5) എന്നിവരെയും ഹോൾഡർ വീഴ്ത്തി. ആർച്ചറിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ ഹോൾഡർ വുഡിനെ ഷായ് ഹോപ്പിൻ്റെ കൈകളിൽ എത്തിച്ചു. അവസാന വിക്കറ്റിൽ ജെയിംസ് ആൻഡേഴ്സണും ഡോം ബെസ്സും ചേർന്ന കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ 200 കടത്തിയത്. ഇരുവരും ചേർന്ന് 30 റൺസ് കൂട്ടിച്ചേർത്തു. ആൻഡേഴ്സണെ ക്ലീൻ ബൗൾഡാക്കിയ ഷാനോൻ ഗബ്രിയേൽ ഇംഗ്ലണ്ട് ഇന്നിംഗ്സിനു തിരശീലയിട്ടു. 31 റൺസെടുത്ത ഡോം ബെസ്സ് പുറത്താവാതെ നിന്നു.

Share this story